Saturday, February 25, 2012

പുറപ്പാട് – കഥകളി

കഥകളി പൂറ്ണ രൂപത്തിൽ അവതരിപ്പിക്കുമ്പോൾ എട്ടു ഘടകങ്ങൾ ഉണ്ടത്രെ. അതിൽ ആദ്യ ഘട്ടത്തിൽ ഉള്ള കേളികൊട്ട് , പുറപ്പാടു, തോടയം, മേളപ്പദം എന്നിവ ഇന്നത്തെ ക്യാപ്സ്യൂൾ കഥകളിയിൽ നിന്നു തികച്ചും അപ്രത്യക്ഷമായിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് തോടയം കഥകളിയോഗത്തിന്റെയും ചിന്മയാ മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ആട്ടസപ്തകത്തിന്റെ ഭാഗമായി ദുര്യോധന വധം കഥകളി പൂറ്ണ രൂപത്തിൽ അവതരിപ്പിക്കുകയുണ്ടായി. അതിന്റെ പ്രാരംഭത്തിൽ നാലു മുടി വേഷങ്ങൾ ചേറ്ന്നു പുറപ്പാട് അവതരിപ്പിച്ചു.ഇരട്ട ചെണ്ടയും മദ്ദളവും പാട്ടും എല്ലാം കൂടി ഒരു പുതിയ അനുഭവമായി. പുറപ്പാട് കഥയുടെ ഭാഗമല്ല. ദൈവാനുഗ്രഹത്തിനു വേണ്ടിയുള്ള പ്രാറ്ത്ഥനയാണു. കഥാപാത്രങ്ങളുടെ വേഷം തന്നെ ആവണമെന്നില്ല. സാധാരണ മുടി (ശ്രീകൃഷ്ണൻ , ശ്രീരാമൻ എന്നിവരുടെ വേഷം) വേഷമാണു പുറപ്പാട് അവതരിപ്പിക്കുക. ഇവിടെ നാലു മുടി വേഷം ഒന്നിച്ചാണു പുറപ്പാടു അവതരിപ്പിച്ചതു. സദനം ഹരികുമാറിന്റെ സംഗീതവും ഇരട്ട മദ്ദള ചെണ്ട ഇവയും കൂടിയപ്പൊൾ ഗംഭീരമായി.വിഡിയോ കാണുക :

Friday, February 24, 2012

മധ്യമ വ്യായോഗം -

മധ്യമ വ്യായോഗം എന്നതു ഭാസൻ ഏകദേശം രണ്ടായിരം വർഷങ്ങൾക്കു മുമ്പു രചിച്ച ഒരു സംസ്കൃത നാടകമാണു. അതിന്റെ പുനരാഖ്യാനം കാവാലം നാരായണ പണിക്കരുടെ നിറ്ദേശത്തിൽ ചിന്മയാഞ്ജലി ആഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. തോടയം കഥകളി യോഗത്തിന്റെയും ചിന്മയാ മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ആട്ടസപ്തകത്തിന്റെ ഭാഗമായി ആയിരുന്നു ഈ പരിപാടി. ഒരാഴ്ച നീണ്ടു നിന്ന കഥകളി, മോഹിനിയാട്ടം, നൃത്തങ്ങൾ, സെമിനാറുകൾ, പ്രഭാഷണങ്ങൾ എന്നിവയായിരുന്നു ആട്ട സപ്തകത്തിൽ നടന്നതു. മാധ്യമവ്യായോഗത്തിൽ ഒരു മാധ്യമ പുത്രനു വരുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയാണു പ്രതിപാദിക്കുന്നതു. പാണ്ഡവരിൽ മധ്യമനായ ഭീമസേനൻ വനവാസ കാലത്തു ഹിഡുംബി എന്ന കാട്ടാള സ്ത്രീയുമായി പ്രേമത്തിൽ ആകുന്നു. അവർക്കു ഘടോട്കചൻ എന്ന പേരിൽ ഒരു പുത്രനുണ്ടായി. കഥ തുടങ്ങുന്നതിങ്ങനെ. ഹിഡുംബി അവളുടെ വൃതത്തിനു പാരണ വീടുന്നതിനായി ഒരു മനുഷ്യനെ കൊണ്ടുവരാൻ മകനോടു ആവശ്യപ്പെടുന്നു. മകൻ കാട്ടിൽ അന്വേഷിച്ചു നടക്കുമ്പോൾ ഒരു ബ്രാഹ്മണ കുടുംബം അതിലേ പോകുന്നു. അച്ഛനും അമ്മയും മൂന്നു പുത്രന്മാരും. ശരി നിങ്ങളിൽ ആരാണു ഒരാൾ എന്റെ അമ്മക്കു ഭക്ഷണം ആവുക എന്നു ഘടോട്കചൻ ചോദിക്കുന്നു. ആദ്യം അച്ഛൻ പറയുന്നു ഞാനാകാം , എനിക്കു വയസ്സായി, ഇനി ഞാൻ എന്തിനു ജീവിക്കണം? പക്ഷെ മാംസമില്ലാത്ത എല്ലും തോലും ആയ വയസ്സനെ വേണ്ട എന്നു കാട്ടാളൻ. അടുത്തതു അമ്മയുടെ ഊഴം. ‘ ഹൊ സ്ത്രീകളൊ , ഒരിക്കലും പറ്റില്ല“. ആദ്യ പുത്രൻ തയ്യാറാവുന്നു, പക്ഷെ മാതാ പിതാക്കളുടെ മരണശേഷം ക്റ്മങ്ങൾ ചെയ്യാൻ സീമന്ത പുത്രൻ വേണം എന്നു മാതാ പിതാക്കൾ. എന്നാൽ ഏറ്റവും ഇളയവനാകട്ടെ എന്നായി. എന്നാൽ എല്ലാവരുടെയും ഓമനയായ , അവനും ഒഴിവാക്കപ്പെടുന്നു. സ്വാഭാവികമായും മധ്യമനായ പുത്രൻ തയാറായി. നദിയിൽ പോയി കുളിച്ചു പ്രാറ്ത്ഥിച്ചു വരാം എന്നു പറഞ്ഞു അയാൾ പോകുന്നു. അയാൾ വരാൻ താമസിക്കുന്നതു കണ്ടു ഘടോട്കചൻ അക്ഷമനായി “ മധ്യമാ മധ്യമാ“ എന്നു വിളിക്കുന്നു. കാട്ടിൽ വ്യായാമം ചെയ്തു ചുറ്റി നടക്കുകയായിരുന്ന ഭീമൻ ഇതു കേൾക്കുന്നു. ആരാണാവോ എന്നെ വിളിക്കുന്നതു എന്നന്വേഷിച്ച ഭീമൻ കാണുന്നതു ഒരു കാട്ടാളൻ തന്നെ വിളിക്കുന്നതാണു. ഇതെന്താണു എന്നു ചോദിച്ച ഭീമനൊടു തന്റെ അമ്മയ്ക്കു ഭക്ഷണം ആയി മധ്യമ ബ്രാഹ്മണനെ കൊണ്ടു പോകുകയാണു അയാളെയാണു വിളിച്ചതു, നിങ്ങളെ അല്ല എന്നു എന്നു പറയുന്നു. തിരിച്ചെത്തിയ മധ്യമ ബ്രാഹ്മണനെ ഒഴിവാക്കി പകരം തന്നെത്തന്നെ കൊണ്ടു പോകാൻ ഭീമൻ പറയുന്നു. പക്ഷെ ഘടോട്കചൻ അനുസരിക്കുന്നില്ല. അവർ തമ്മിൽ തറ്ക്കമായി യുദ്ധമായി. ഘടോട്കചൻ തോറ്റു , അവർ എല്ലാവരും കൂടി ഹിഡുംബയുടെ അടുത്തേക്കു പോകുന്നു. അമ്മക്കു നല്ല ഭക്ഷണം കൊണ്ടു വന്നിട്ടുണ്ടു , ഇതാ ഇഷ്ടം പോലെ കഴിച്ചുകൊള്ളൂ എന്നു പറഞ്ഞു ഭീമനെ കാണിച്ചു കൊടുക്കുന്നു. തന്റെ പ്രിയതമനെ വളരെ നാളുകൾക്കു ശേഷം കണ്ട ഹിഡുംബ വ്രീളാ വിവശയാകുന്നു. “ഇതാണു നിന്റെ ദൈവം , നിന്റെ പിതാവ് “ എന്നു മകനു കാണിച്ചു കൊടുക്കുന്നു. ഘടോട്കചൻ അച്ചന്റെ കാൽക്കൽ വീണു മാപ്പപേക്ഷിക്കുന്നു. പത്നിയേയും മകനേയും പുണറ്ന്ന ഭീമൻ മകനോടു ബ്രാഹ്മണരോടു മാപ്പു പറയാൻ പറയുന്നു., അവർ മാപ്പു നൽകി ഘടോട്കചനെ അനുഗ്രഹിക്കുന്നു.

Monday, February 20, 2012

അംബയുടെ ചരിത്രം മോഹിനിയാട്ട രൂപത്തിൽ

മഹാഭാരതത്തിലെ അംബയുടെ കഥ പല പ്രത്യേകതകളും ഉള്ളതാണല്ലോ. ശന്തനു പുത്രനായ ഭീഷ്മർ തന്റെ സഹോദരനായ വിചിത്ര വീര്യനു വേണ്ടി സ്വയംവര വേദിയിൽ നിന്നു അംബ, അംബിക, അംബാലിക എന്നീ മൂന്നു സഹോദരിമാരെ ബലം പ്രയോഗിച്ചു കൊണ്ടു പോകുന്നു. അംബയുടെ കാമുകനായ ശാല്യരാജാവു എറ്തിക്കുന്ന്കിലും അയാളെ ഭീഷ്മർ തോല്പിക്കുന്നു. വിചിത്രവീര്യന്റെ അടുക്കൽ എത്തിയ കുമാരിമാരിൽ മൂത്തവളായ അംബ താൻ ശാല്യ രാജാവിനെ പതിയായി മനസാ വരിച്ചതാണെന്നു അറിയിക്കുന്നു. രാജാവു അവളെ തിരിച്ചു പോകാൻ അനുവദിക്കുന്നു. എന്നാൽ തിരിച്ചു ചെന്ന അംബയെ ശാല്യ രാജാവു സ്വീകരിക്കുന്നില്ല. നിന്റെ കൈ ആദ്യം പിടിച്ച ഭീഷ്മർ തന്നെ ആണു നിന്റെ ഭറ്ത്താവു എന്നു പറഞ്ഞു നിരസിക്കുന്നു. അംബ ഭീഷ്മരുടെ അടുത്തു തിരിച്ചെത്തുന്നു. “നിങ്ങൾ ആണു എന്റെ കൈ ആദ്യം പിടിച്ചതു, അതുകൊണ്ടു എന്റെ ഭറ്ത്താവും നിങ്ങൾ തന്നെ.. എനിക്കു ഒരു ജീവിതം തരൂ“ എന്നു അപേക്ഷിക്കുന്നു. എന്നാൽ താൻ നിത്യബ്രഹ്മ ചാരിയാണെന്നും അംബയെ സ്വീകരിക്കാൻ നിവൃത്തി ഇല്ലെന്നും പറയുന്നു. അംബ തന്റെ നിസ്സഹായാവസ്ഥക്കു കാരണമായ ഭീഷ്മരോടു പ്രതികാരം ചെയ്യുവാൻ പ്രതിജ്ഞ എടുക്കുന്നു. പരമശിവനെ തപസ്സു ചെയ്തു അടുത്ത ജന്മം ഭീഷ്മരെ വധിക്കുവാൻ അനുഗ്രഹിക്കണമെന്നു വരം വാങ്ങുന്നു. ദ്രുപദ രാജാവിന്റെ മകൾ ആയി അംബ പുനറ്ജനിക്കുന്നു. ഒരു പുരുഷനായി വളർത്തിയ ശിഖണ്ഡി വലുതായപ്പോൾ വിവാഹം കഴിക്കുന്നു. സ്ത്രീ ആണെന്നുള്ള വിവരം പുറത്തറിഞ്ഞപ്പോൾ പരിഹാസ പാത്രമായ ശിഖണ്ഡി കാട്ടിലേക്കു പോകുന്നു. അവിടെ വച്ചു ഒരു യക്ഷൻ ശിഖണ്ഡിക്കു പുരുഷ രൂപം നൽകുന്നു. തിരിച്ചെത്തിയ ശിഖണ്ഡി ഭാരത യുദ്ധത്തിൽ ഭീഷ്മരെ എതിർക്കുന്നു. നപുംസകമായ ശിഖണ്ഡിയോടു യുദ്ധം ചെയ്യാൻ വിസമ്മതിക്കുന്ന ശിഖണ്ഡിയുടെ അസ്ത്രം ഏറ്റു ഭീഷ്മരുടെ മാറു പിളറ്ക്കുന്നു. തനിക്കു ഇഷ്ടമുള്ളപ്പോൾ മാത്രം മരിക്കാം (സ്വച്ഛന്ദ മൃത്യു) എന്ന അനുഗ്രഹം കിട്ടിയ ഭീഷ്മർ അറ്ജുനൻ നിറ്മ്മിച്ച ശരശയ്യയിൽ മരണം കാത്തു കിടക്കുന്നു. ഈ പ്രതികാരത്തിന്റെ കഥ മോഹിനിയാട്ടരൂപത്തിൽ കലാമണ്ഡലം സരസ്വതിയുടെ നൃത്താലയ കോഴിക്കോട് എന്ന സംഘം ചിന്മയാഞ്ജലി ആഡി റ്റോറിയത്തിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. സ്ത്രീ കഥാപാത്രങ്ങൾ മാത്രം ഉള്ള മോഹിനിയാട്ടത്തിൽ ചില പരിഷ്കാരം വരുത്തി ഹൃദ്യമായി അവതരിപ്പിച്ചു. കഥകളിയിൽ നിന്നു കടം വാങ്ങിയ ആട്ടക്കഥ ഭാഗം സമന്വസമായി ഇതോടൊപ്പം വിന്യസിപ്പിച്ചു. കലാമണ്ഡലം സരസ്വതിയുടെ ഭീഷ്മർ ഗംഭീരം ആയി. മറ്റു അഭിനേതാക്കളും അവരവരുടെ ഭാഗം നന്നാക്കി. ആട്ടസപ്തകം എന്ന പേരിൽ തോടയം കഥകളിയോഗവും ചിന്മയാ മിഷനും ചേർന്നു നടത്തിയ ഒരാഴ്ചത്തെ പരിപാടിയിൽ അവസാന ദിവസത്തെ പരിപാടിയിൽ ഒന്നായിരുന്നു ഇതു. അതിന്റെ ചില ഭാഗങ്ങൾ വിഡിയോയിൽ കാണുക.

Friday, February 3, 2012

കാരട്ടും കോഴിമുട്ടയും കാപ്പിക്കുരുവും : ഒരു കഥ ( സ്വാമി ഉദിത് ചൈതന്യജി പറഞ്ഞതു)

ഒരു യുവതി തന്റെ അമ്മയുടെ അടുത്തെത്തി തന്റെ ജീവിതം വളരെ കഷ്ടത്തിൽ ആണെന്നും ഈ ജീവിതം തനിക്കു മതിയായി എന്നു പറഞ്ഞു. ‘അമ്മേ എനിക്കിതു മതിയായി, ഞാൻ ഇതു അവസാനിപ്പിക്കുകയാണു. ഒരു പ്രശ്നത്തിനു പരിഹാരം കാണുമ്പോൾ മറ്റൊന്നു ഉണ്ടാകുന്നു.എനിക്കു വയ്യ.“
അമ്മ മകളെ അടുക്കളയിലേക്കു കൊണ്ടു പോയി. അവിടെ മൂന്നു പാത്രങ്ങൾ എടുത്തു മൂന്നിലും വെള്ളം നിറച്ചു അടുപ്പത്തു വച്ചു. ആദ്യത്തേതിൽ അമ്മ കുറച്ചു കാരട്ടു ഇട്ടു. രണ്ടാമത്തെതിൽ ഒരു കോഴിമുട്ടയും മൂന്നാമത്തെതിൽ കുറച്ചു കാപ്പിക്കുരുവും . ഇരുപതു മിനുട്ടു എല്ലാ പാത്രവും തിളപ്പിച്ചു. പാത്രങ്ങൾ വാങ്ങി വച്ചു. ആദ്യത്തെ പാത്രത്തിൽ നിന്നു കാരട്ടു ഒരു പ്ലേറ്റിൽ എടുത്തു വച്ചു., രണ്ടാമത്തെ പാത്രത്തിൽ നിന്നു മുട്ടയും എടുതു വച്ചു. മൂന്നാമത്തെ പാത്രത്തിൽ നിന്നു കാപ്പി ഒരു കപ്പിൽ ഒഴിച്ചു വച്ചു.
മകളോടു ചോദിച്ചു, നീ എന്താണു കാണുന്നതു?
മകൾ; കാരട്ടും മുട്ടയും കാപ്പിയും.
അമ്മ മകളെ അടുത്തു വിളിച്ചു ആദ്യം കാരട്ടു തൊട്ടു നോക്കുവാൻ പറഞ്ഞു. കാരട്ടു നല്ലവണ്ണം വെന്തിരുന്നു. അതു കൊണ്ടു നല്ല മാറ്ദവം ഉള്ളതായി മാറിയിരുന്നു.
അമ്മ രണ്ടാമത്തെ പാത്രത്തിലെ മുട്ട പൊട്ടിച്ചു നോക്കാൻ പറഞ്ഞു. മുട്ടയുടെ തോടു പൊളിച്ചപ്പോൾ അതു നല്ലവണ്ണം പുഴുങ്ങി കട്ടി കൂടിയിരുന്നു.
അവസാനം അവളോടു കാപ്പി രുചിച്ചു നോക്കാൻ പറഞ്ഞു. മകൾ പറഞ്ഞു “നല്ല ഒന്നാം തരം കാപ്പി“.
അമ്മ പറഞ്ഞു: മകളേ, ഈ മൂന്നു സാധനങ്ങൾക്കും ഒരേ രീതിയിൽ ഉള്ള പ്രതികൂല സാഹചര്യമാണു കിട്ടിയതു. തിളപ്പിച്ച വെള്ളം. എന്നാൽ അവ മൂന്നും മൂന്നു രീതിയിൽ ആണു പ്രതികരിച്ചതു. പാവം കാരട്ടു സ്വയം വെന്തു പോയി, അതിനു ചൂടിനെ തടുത്തു നിറ്ത്താൻ കഴിഞ്ഞില്ല. മുട്ടയ്ക്കു അതിനുള്ളിലുള്ള മഞ്ഞക്കരുവിനെയും വെള്ളക്കരുവിനെയും രക്ഷിക്കാൻ ഒരു തോടുണ്ടായിരുന്നു. എന്നിട്ടും പുറത്തു നിന്നു കിട്ടിയ ചൂടു കൊണ്ടു മുട്ട നല്ല കട്ടിയുള്ളതായി മാറി. മൂന്നാമത്തെ കാപ്പിക്കുരു ചൂടു സ്വീകരിച്ച് സ്വയം അലിഞ്ഞു തന്റെ ഉള്ളിൽ ഉള്ള കാപ്പി ആ ചൂടു വെള്ളത്തിൽ അലിയിച്ചു ചൂടു വെള്ളത്തെ ഒന്നാം തരം കാപ്പി ആക്കി മാറ്റി.
ഇതിൽ ഏതാണു നീ ? ഒരു ദുരവസ്ത ഉണ്ടാകുമ്പോൾ പ്രത്യക്ഷമായി ഉറപ്പും ഭംഗിയും ഉള്ളതായി കാണുന്ന കാരട്ടു പോലെ നീ അലിഞ്ഞു പോകുമോ? അതോ , കോഴിമുട്ടയുടെ ഉള്ളിലെ കരുക്കൾ കട്ടപിടിച്ചതുപോലെ കൂടുതൽ കട്ടി ഉള്ളതായി മാറുമോ? അതോ കാപ്പിക്കുരു പോലെ പ്രതികൂല സാഹചര്യം മുതലെടുത്തു ചൂടു സ്വീകരിച്ചു സ്വയം അലിഞ്ഞു മറ്റുള്ളവർക്കു ഗുണം ചെയ്യാൻ കഴിയുന്ന രീതിയിലേക്കു മാറുമോ?അങ്ങനെ നീ ഉയറ്ന്ന നിലയിലേക്കു ഉയരുമോ ?
ചിന്തിക്കൂ, പ്രതികൂല സാഹചര്യത്തിൽ നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു, കാരട്ടായാണൊ, കോഴിമുട്ടയാണോ അതോ കാപ്പിക്കുരുവായൊ?
നിങ്ങൾ തന്നെ തീരുമാനിക്കുക.

Followers

Blog Archive

About Me

Basically a teacher in Engineering for the last 43 years , teaching B Tech , M Tech classes and guiding research on Electrical Engineering with specialty Control and Systems Theory. Interested in travelling  and sharing experience and knowledge (whatever little I know) with others.