കംബോഡിയാ 5 – കൂട്ടക്കൊലയ്ക്ക് ശേഷം മെക്കോന്ഗ് നദിയില്‍ കൂടി ബോട്ടുയാത്ര

വിമാനത്തില്‍ പ്നോം പെന്‍ നഗരത്തിലേക്ക് ഇറങ്ങിയപ്പോള്‍ ചുവപ്പ് നാട പോലെ താഴെക്കണ്ട മേക്കൊന്ഗ് നദിയില്‍ കൂടിയുള്ള ഒരു ബോട്ടുയാത്ര ആയിരുന്നു അടുത്ത പരിപാടി. കുട്ടനാട്ടുകാരായ എനിക്കും ശ്രീമതിക്കും  ബോട്ട് യാത്രയില്‍ അത്ര പുതുമയൊന്നും തോന്നിയില്ല എങ്കിലും കൂട്ടുകാര്‍ ബോട്ടിന്റെ മുകളില്‍ ഇരുന്നു നന്നായി ആസ്വദിച്ചു എന്ന് തോന്നി.

മെക്കോന്ഗ് നദി ടിബറ്റില്‍ നിന്ന് പുറപ്പെട്ടു ചൈനയുടെ യൂനാന്‍ പ്രവിശ്യയില്‍ കൂടി മിയാന്മര്‍, തായ് ലണ്ട്, ലാവോസ്, കംബോഡിയാ എന്നീ രാജ്യങ്ങളില്‍ കൂടി ഒഴുകി വിയറ്റ്നാമില്‍ വച്ച് സമുദ്രത്തില്‍ പതിക്കുന്നു. പല കാര്യത്തിലും പ്രത്യേകതയുള്ളതാണ് ഈ നദി. നീളത്തില്‍ ലോകത്തിലെ പന്ത്രണ്ടാമത്, ഏഷ്യയില്‍ ഏഴാമത് നില്‍കുന്നു ഈ നദി. ദൈര്ഘ്യം 4350 കി മീ. 795,000 ച; കി മീ വിസ്തീര്‍ണമുള്ള സ്ഥലം ഫലഭൂയിഷ്ടമാക്കുന്നു, ശരാശരി 457 ക്യുബിക്‌ മീടര്‍ വെള്ളം ഒരു വര്‍ഷത്തില്‍ ഒഴുക്കുന്ന നദി..ഈ ദക്ഷിണ ഏഷ്യയില്‍ പ്രധാനമായും വാണിജ്യാവശ്യത്തിന് പ്രയോജനപ്പെട്ട നദിയാണിത്. എല്ലാ നദികളെയും പോലെ രണ്ടു ഭാഗത്തെയും കൃഷിക്കും ജനങ്ങളുടെ ജീവിതത്തിനും അനുഗ്രഹമായ നദി. പക്ഷെ ഈ നദിയിലെ യാത്ര ചില കാലങ്ങളില്‍ അത്ര സുഖകരമല്ലത്രേ. കാരണം പലയിടങ്ങളിലും പെട്ടെന്നുള്ള ആഴത്തിലെ ഏറ്റക്കുറച്ചിലും ചില സ്ഥലങ്ങളിലെ അസാധാരണമായ ഒഴുക്കും ആണിതിന് കാരണം. ചില കാലങ്ങളില്‍ ജല നിരപ്പ് താഴുന്നതുകൊണ്ട് ഗതാഗതം സുഗമമല്ല.  


ഈ നദിയുടെ പേര് ഇന്ഗ്ലീഷില്‍ മെക്കൊന്ഗ് ആണെങ്കിലും തായി ലാവോ ഭാഷകളില്‍ നിന്നും വന്ന ‘മായ്‌ നാം ഖോന്ഗ്’ എന്നതില്‍ നിന്നാണ് ഈ പേര് വന്നത്. ‘ജലത്തിന്റെ മാതാവ്’ എന്ന് അര്‍ത്ഥം വരുന്നു. ഖോന്ഗ് എന്ന പേര് സംസ്കൃതത്തിലെ ഗംഗ എന്ന വാക്കില്‍ നിന്നാണ് എന്നതും രസകരമാണ് , നമ്മുടെ ഗംഗയുടെ ഒരു വിദൂര സഹോദരി തന്നെയാണ് ഈ നദിയും, ഹിമാലയത്തിന്റെ മറുഭാഗത്ത്‌ നിന്ന് പുറപ്പെടുന്നു എന്ന് മാത്രം. ഈ നദിയുടെ തീരം ആമസോണ്‍ നദിയുടെ തീരം കഴിഞ്ഞാല്‍ ജൈവ വൈവിദ്ധ്യത്തില്‍ രണ്ടാമതാണ്.
ഇങ്ങനെയൊക്കെ ആണെങ്കിലും പ്നോം പെന്നില്‍ എത്തുമ്പോള്‍ ഈ നദി ശാന്തമായി ഒഴുകുന്നു. നദിയില്‍ കൂടിയുള്ള യാത്രയില്‍ നഗരത്തിന്റെ നല്ല ഒരു കാഴ്ച തന്നെയാണ്. രാജ കൊട്ടാരതിന്റെയും രജത പഗോഡായുടെയും കാഴ്ച ഗംഭീരം തന്നെ. നഗരത്തിന്റെ എതിര്‍ തീരത്ത് ചില വലിയ ഫ്ലാറ്റ് സമുച്ചയങ്ങള്‍ കാണാം. അപൂര്‍വം ഫാക്ടരികളുടെ രൂപവും കാണാം.


ഞങ്ങളുടെ വാഹനം റോഡില്‍ നിര്‍ത്തിയപ്പോള്‍ തന്നെ ബോട്ട് യാത്രക്ക് ഞങ്ങളെ സ്വീകരിക്കാന്‍ ഒരു സ്ത്രീ കാത്തു നില്കുന്നുണ്ടായിരുന്നു, അവര്‍ ചെറിയ ഒരു പലക പാലമായി ഉപയോഗിച്ച് ഞങ്ങളെ ബോട്ടിലേക്ക് നയിച്ചു. ബോട്ട് ഓടിച്ചതും ആ സ്ത്രീ തന്നെ, പ്രത്യേകിച്ച് പറയാനൊന്നും ഇല്ല എന്ന് തോന്നിയതുകൊണ്ടാവാം കൃത്യം  അര മണിക്കൂര്‍ യാത്ര കഴിഞ്ഞു ഞങ്ങളെ തിരിച്ചു ജെട്ടിയിലെത്തിച്ചു.
തീരത്ത് കൂടെ അല്പം  നടന്നപ്പോള്‍ ഒരു മൈതാനത്തില്‍ നല്ലൊരു ആള്‍ക്കൂട്ടം കണ്ടു. രാവിലെയും വൈകുന്നേരവും അവിടെ എയരോബിക്‌ വ്യായാമത്തിന് ആള്‍ക്കാര്‍ കൂടുന്നു, അവരുടെ സംഗീതാത്മകമായ വ്യായാമം കാണാന്‍ ആളുകള്‍ കൂടിയതാണ്, ആര്‍ക്കു വേണമെങ്കിലും  അവരുടെ കൂടെ കൂടാം. പകല്‍ സമയം മുഴുവന്‍ അലഞ്ഞു നടന്നതുകൊണ്ടു ഞങ്ങള്‍ അല്പം സമയം അവിടെ നിന്നതിനു ശേഷം ഭക്ഷണം അന്വേഷിച്ചു നടന്നു, അധികം നടക്കാതെ തന്നെ ഒരു ഉത്തരേന്ത്യന്‍ രേസ്റ്റൊരന്ടു കണ്ടെത്തി . നമ്മുടെ ചപ്പാത്തിയും  പച്ചക്കറിയുമായി നല്ല ഭക്ഷണം കഴിച്ചു. ഒരാളിന് പത്തു ഡോളറോളം ചിലവായി എങ്കിലും, ഉച്ചയ്ക്ക് വെറും സാന്‍ഡ് വിച്ചു മാത്രമായിരുന്നത്  കൊണ്ടു ഭക്ഷണത്തിന് കൂടുതല്‍ രുചി തോന്നി.
അല്‍പ നേരം രാജകൊട്ടാരത്തിന്റെ മുന്‍പില്‍ ഉള്ള മൈതാനത്ത്  പുല്‍ത്തകിടിയില്‍ ഇരുന്നു വിശ്രമിച്ചു. അവിടെയും വ്യാപാരതിനു കൊച്ചു കുട്ടികള്‍ എത്തി. കയ്യില്‍ കെട്ടുന്ന വള പോലെയുള്ള ഒരു സാധനം ഞങ്ങളെ ഏല്പിക്കാന്‍ പല കുട്ടികളും മാറിമാറി  ശ്രമിച്ചു. അവരെ ഓടിക്കാന്‍ പോലീസ്‌ വരുന്നുണ്ട്, അവരില്‍ നിന്ന് ഒരു വിധം രക്ഷപെട്ടു ഹോട്ടലിലേക്ക് നീങ്ങി.

ഹോട്ടലില്‍ ഞങ്ങളുടെ മുറി മൂന്നാം നിലയിലായിരുന്നു.  വളരെ ചെറിയ ഇടുങ്ങിയ കോണിപ്പടികള്‍ വഴി ഒരു വിധം  ഞങ്ങള്‍ മുറിയില്‍ എത്തി, കട്ടിലില്‍ കിടന്നത് മാത്രം ഓര്‍മ്മയുണ്ട്, ക്ഷീണം കൊണ്ടു നിമിഷങ്ങള്‍ക്കകം തന്നെ ഉറങ്ങിപ്പോയി.

See video of Mekong cruise :


Comments