ടോണ്‍ ലെ സാപ് തടാകവും ഒഴുകുന്ന ഗ്രാമങ്ങളും:കംബോഡിയ

ഈ യാത്രാകുറിപ്പുകളില്‍   മുമ്പൊരിക്കല്‍  കംബോഡിയാ  എന്ന രാജ്യത്തിന്റെ  പിറവിയെപ്പറ്റി സൂചിപ്പിച്ചിരുന്നു.  ഒരു കാലത്ത് ഇപ്പോള്‍ കംബോഡിയ  എന്നറിയപ്പെട്ടിരുന്ന ഭൂവിഭാഗം മുഴുവന്‍  വെള്ളത്തിലായിരുന്നു എന്നും   സുന്ദരിയായ നാഗരാജാവിന്റെ മകളുമായി പ്രേമം ആയെങ്കിലും  വിവാഹം കഴിക്കുവാന്‍ സ്രീധനമായി   ഒരു രാജ്യം ആവശ്യപ്പെട്ടപ്പോള്‍  ഈ ടോണ്‍ ലെ  സാപ് എന്ന തടാകത്തിന്റെ ഒരു ഭാഗം  സര്‍പ്പരാജാവ്  വെള്ളം കുടിച്ചു  വറ്റിച്ചു   ജാമാതാവിനു കൊടുത്തു എന്നുമാണു കഥ. ഏതായാലും ഇപ്പോഴും  കമ്പോഡിയായിലെ  ഒരു പ്രധാന  ഭൂവിഭാഗം ആണ്  ടോണ്‍ ലെ  സാപ്  എന്നറിയപ്പെടുന്ന ഈ തടാകം. ടോണ്‍ ലെ സാപ്  എന്നത് ‘വലിയ  തടാകം ‘  എന്ന് ഏകദേശം  വിവര്ത്തനം  ചെയ്യാം എന്ന് തോന്നുന്നു. ഈ തടാകത്തില്‍  കുറെ  ഗ്രാമങ്ങളും  അതില്‍ താമസിക്കുന്ന കുറെ ആള്‍ക്കാരും ഉണ്ട്. ഞങ്ങളുടെ അടുത്ത യാത്ര   ആ തടാകവും  ഒഴുകുന്ന ഗ്രാമങ്ങളും കാണാന്‍ ആയിരുന്നു.
ടോണ്‍ ലെ സാപ്  തടാകം
വേനല്‍ കാലത്ത് 2,500  ച. കി. മീ   വിസ്തൃതി യുള്ളതും  മഴക്കാലത്ത്  വെള്ളപ്പൊക്ക  സമയത്ത്  13,000  ച. കി മി. വരെ   വളരുന്നതുമായ  ഒരു തടാകമാണിതു. ദക്ഷിണ  പൂര്‍വ ഏഷ്യയിലെ  ഏറ്റവും വലിയശുദ്ധ ജല തടാകമാണിത്. മേക്കൊന്ഗ് നദിയുമായി  കൂടി ചേര്‍ന്ന് ഇതൊരു അപൂര്‍വ  പ്രതിഭാസം തന്നെയാണ്. തടാകത്തിന്റെ ചുറ്റും ഉള്ള നല്ലൊരു ഭാഗത്തെ  സസ്യലതാദികളും വൃക്ഷങ്ങളും  വെള്ളപ്പൊക്ക കാലത്ത് വെള്ളത്തിനടിയില്‍ ആകുന്നു. ഇക്കാരണത്താല്‍ ഇവയെ ഒരു മുങ്ങിക്കിടക്കുന്ന  കാടു  എന്ന് തന്നെ വിളിക്കുന്നു.
 വെള്ളപ്പൊക്കവും വേനലും മാറി മാറി വരുന്നതുകൊണ്ട് ഇവിടെ പ്രത്യേക ജൈവ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ലോകത്തിലെ ഏറ്റവും കൂടുതല്‍ മത്സ്യ സമ്പത്തുള്ള  ഒരു തടാകം ആകുന്നു ഇത്. 200 ലധികം വിവിധ തരം മത്സ്യങ്ങള്‍ ഇവിടെ ഉണ്ട്. വൈവിധ്യമാര്‍ന്ന  വിവിധ ജലപക്ഷികളുടെയും   പാമ്പുകളുടെയും ആവാസ കേന്ദ്രമായി തീര്‍ന്നു. ഒരു കണക്കനുസരിച്ച്   അമ്പത് ലക്ഷം പാമ്പുകളെ  ഇവിടെ നിന്ന് പിടിക്കുന്നുണ്ടത്രേ. ഇവയെ മുതലകള്‍ക്ക് ഭക്ഷണമായി കൊടുക്കാന്‍ വേണ്ടിയാണ്  പിടിക്കുന്നതു.  മുപ്പതു ലക്ഷം കംബോഡിയാക്കാര്‍ ഈ തടാകത്തില്‍ നിന്നുള്ള  വിഭവങ്ങള്‍ കൊണ്ടു ഉപജീവനം കഴിക്കുന്നു. അവരുടെ ഭക്ഷണത്തില്‍  70  ശതമാനത്തോളം മത്സ്യവുമായിരിക്കും. ഇത്ര അപൂര്‍വമായ ഈ ഈ തടാകത്തെ   യുനെസ്കോയുടെ   ജൈവ വൈവിധ്യ  സമ്പത്തായി 1997 ല്‍  പ്രഖ്യാപിക്കപ്പെട്ടു. 

സയാം റീപ്  നഗരത്തില്‍ നിന്ന്  17  കി മീ ദൂരത്തിലാണ്   ഈ തടാകം സ്ഥിതി ചെയ്യുന്നത്. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും ഒഴുക്കിന്റെ  ദിശ മാറി വരുന്ന ഈ തടാകം അസാധാരണമായ മത്സ്യ സമ്പത്തുകൊണ്ടു അനുഗൃഹീതമാണ്.  മത്സ്യം പിടിക്കലും മുതല വളര്‍ത്തലും കൊണ്ടു ഉപജീവനം കഴിക്കുന്നവരാണിവിടെ ഉള്ളത്. കലക്ക വെള്ളം ആണ് തടാകത്തില്‍ മിക്കവാറും എല്ലാ കാലാവസ്ഥയിലും ഉണ്ടാവുക. മേയ് മാസം പകുതി  മുതല്‍ ഒക്ടോബര്‍ ആദ്യം വരെ  മേക്കൊന്ഗ് നദിയില്‍  നിന്ന് വെള്ളം സ്വീകരിച്ചു ഈ തടാകം വളര്‍ന്നു കൊണ്ടിരിക്കും.2500  ച കി മീറ്ററില്‍ നിന്ന് 13000  ച. കി മീ വരെ  വിസ്തൃതിയില്‍  വ്യതാസം വരാം.  ഒക്ടോബര്‍ പകുതിയാകുമ്പോള്‍  തടാകത്തിന്റെ  വിസ്തൃതി ചുരുങ്ങുന്നു.  ഇതൊക്കയാനെങ്കിലും   സഞ്ചാരികള്‍ക്കുള്ള പ്രധാന ആകര്‍ഷണം     ഒഴുകുന്ന ഗ്രാമങ്ങള്‍ തന്നെ, സംശയമില്ല. മഴക്കാലത്ത് മെക്കൊന്ഗ് നദിക്കു  തന്നെ 20  കി മീ ലധികം നീളം വര്‍ധിക്കുന്നു.  രണ്ടു മുതല്‍ പത്തു  മീറ്റര്‍ വരെ ആഴവും വര്‍ദ്ധിക്കുന്നു.

ഒഴുകുന്ന ഗ്രാമങ്ങള്‍


ടോണ്‍ ലെ സാപ്  തടാകത്തില്‍ പ്രധാനമായും മൂന്നു  ഗ്രാമങ്ങളാനുള്ളത്  , ചോന്ഗ് ക്നിയാസ്, കംപോന്ഗ് ഫ്ലുക് , കംപോന്ഗ് ക്ലിയാന്ഗ്  എന്നിവയാണിവ. വിയറ്റ്നാമില്‍ നിന്ന്  കുടിയേറിപ്പാര്‍ത്ത  അഭയാര്‍ഥികള്‍ ആണ് ഇവടെ ആദ്യം ഒഴുക്കുന്ന  ഗ്രാമങ്ങള്‍ ഉണ്ടാക്കിയത്. സയാം രീപിനു ഏറ്റവും അടുത്തുള്ള ഗ്രാമം കംപോന്ഗ് ഫ്ലുക്  തന്നെയാണ്. വെള്ളത്തില്‍ നാട്ടിയ കാലുകളില്‍ 6 മീറ്ററോളം ഉയര്‍ത്തിയാണ്  ഇവിടെ വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ  ഒഴുകുന്ന ഗ്രാമം കാണാന്   ഒരു ബോട്ടില്‍ ഒരാളിന് പത്തു  ഡോളര്‍ വരെ കൊടുക്കേണ്ടി വരും.  കണ്ടല്‍ക്കാടുകളും വെള്ളത്തില്‍  ഉയര്‍ന്നു നില്ക്കുന്ന  വീടുകളും സ്കൂളുകളും എന്തിനു ആശുപത്രിയും  ബാസ്കറ്റ് ബോള്‍  കോര്‍ട്ടും വരെ  വെള്ളത്തിന്‌ മുകളില്‍  കെട്ടി ഉണ്ടാക്കിയിരിക്കുന്നു. .
.കുട്ടനാട്ടുകാരായ  എനിക്കും ശ്രീമതിക്കും വെള്ളത്തില്‍  ബോട്ടില്‍ കൂടിയുള്ള യാത്ര  സുപരിചിതമായിരുന്നു എങ്കിലും  നമ്മുടെ സഹായാത്രികര്‍ ബോട്ടില്‍   ആദ്യം കയറിയവരെപ്പോലെ  അല്‍പ്പം ഭയമുള്ളവരായിരുന്നു. സാമാന്യം നല്ലവേഗത്തില്‍ തന്നെ  ബോട്ട് ഓടിച്ചു കൊണ്ടു  അവര്‍ പോയിരുന്നു. പോയ വഴിയില്‍ ഒരു  വീട്ടില്‍ ബോട്ടടുപ്പിച്ചു. അവിടെ ഒരു മരക്കൂട്ടില്‍ മുതലയെ  വളര്‍ത്തുന്നു. അവയ്ക്ക് വേണ്ട  മത്സ്യം  പിടിച്ചു കൊടുക്കും. കുറെ  ആള്‍ക്കാര്‍  മത്സ്യം പിടിച്ചു   നഗരത്തില്‍ നിന്ന് വരുന്ന കച്ചവടക്കാര്‍ക്ക് വില്‍ക്കുന്നു. കൂടുതല്‍ മത്സ്യം കിട്ടിയാല്‍ വേനല്‍ക്കാലത്ത്  നമ്മുടെ നാട്ടിലെ പോലെ  ഉണക്കി സൂക്ഷിക്കുകയും ചെയ്യുന്നു. പണ്ടു കാലത്തെ  കുട്ടനാട്ടിലെ പോലെ വെള്ളത്തില്‍ ജീവിച്ചു   ആ വെള്ളത്തില്‍ തന്നെ  മല വിസര്‍ജനവും മറ്റും  നടത്തി   ആ വെള്ളം തന്നെ  കുടിച്ചു  ജീവിക്കുന്നവരാകുന്നു  ഈ ഗ്രാമ വാസികള്‍. ഇപ്പോഴും  ഇവരുടെ ജീവിത രീതിയില്‍  വലിയ  മാറ്റമൊന്നും വന്നിട്ടില്ല. 


http://www.travelfreak.net/chongknease-floating-village-poverty-in-siem-reap-cambodia/

Comments