
കോടതി കയറിയ കഥ – 2 ഒരു വാഹന അപകടവും കുറ്റ വിചാരണയും ക്ഷമിക്കണം , ഇതും ആത്മകഥയുടെ ഒരു ഭാഗം ആണ്. ഞങ്ങളുടെ കുട്ടനാട്ടില്‍ ഞങ്ങളെല്ലാം നിശ്ചയമായും ഉപയോഗിക്കാന്‍ അറിയേണ്ട ഒരു വാഹനമാണ് , വള്ളം. ഒരാള്‍ക്കു മാത്രം ഇരിക്കാന്‍ കഴിയുന്ന കൊതുമ്പു വള്ളം മുതല്‍ ടണ്ണുകള്‍ ഭാരം കയറ്റിക്കൊണ്ടുപോകുന്ന കേവു വള്ളം (പത്തേമാരി) വരെ കുട്ടനാട്ടില്‍ ഉണ്ടായിരുന്നു. പണ്ടത്തെ കുട്ടനാട്ടില്‍ ഒരു കൃഷി മാത്രം ആയിരുന്നു. പുഞ്ച കൃഷി കഴിഞ്ഞ് വയലില്‍ വെള്ളം നിറച്ചിട്ടിരിക്കും. അടുത്ത കൃഷിക്കു ഈ വെള്ളം എഞ്ചിനോ മോട്ടോറോ ഉപയോഗിച്ചു പമ്പു ചെയ്തു പുറത്തേക്ക് കളഞ്ഞിട്ടാണ് കൃഷി ഇറക്കിക്കൊണ്ടിരുന്നത്. എന്‍റെ വീടിനു ചുറ്റും വയല്‍ ആയിരുന്നതു കൊണ്ട് പാടത്തു വെള്ളം കയറ്റിക്കഴിഞ്ഞാല്‍ വീട്ടില്‍ നിന്നു സ്...