കോടതി
കയറിയ കഥകള്‍ - 1
ഒരു പഴയ വാച്ചിന്‍റെ കഥ
എന്റെ അച്ഛന്‍ ജോലി
കഴിഞ്ഞു വരുമ്പോള്‍ ചില പഴയ സാധനങ്ങള്‍ ചുരുങ്ങിയ വിലയ്ക്ക് വാങ്ങിക്കൊണ്ടു
വരുമായിരുന്നു. നല്ലയിനം നായക്കുട്ടികളെ, പഴയ വാച്ച്,
പേന തുടങ്ങിയവ.
നായക്കുട്ടികളെ ചങ്ങലയ്ക്കിടാതെ വളര്‍ത്തും, പലപ്പോഴും അവന്റെ കുര കൊണ്ടു തന്നെ ആള്‍ക്കാര്‍ ഭയന്നു പോകും. ഞങ്ങള്‍ സ്കൂളില്‍ പോകുമ്പോള്‍ മങ്കൊമ്പ്
തെക്കേക്കര കടത്തുകടവ് വരെ ഞങ്ങളെ ബോഡി ഗാര്‍ഡായി അനുഗമിക്കും. അതുകഴിഞ്ഞ്
തിരിച്ചു വീട്ടിലെത്തും. കുറച്ചു വലുതായി കഴിയുമ്പോള്‍ കോഴിയെ ഓടിക്കലും
മറ്റുള്ളവരെ ഉപദ്രവിക്കാനും മറ്റും
തുടങ്ങുമ്പോള്‍ ഞങ്ങള്‍ ഒഴിവാക്കാന്‍
ശ്രമിക്കും. വള്ളത്തില്‍ കയറ്റി മൂന്നു നാലു മൈല്‍ അകലെ കൊണ്ടു പോയി വിടും. ഞങ്ങള്‍
തിരിച്ചെത്തുന്നതിനു മുമ്പ് തന്നെ അവന്‍
തിരിച്ചു വീട്ടിലെത്തിയിട്ടുണ്ടാവും . അവസാനം ശല്യം സഹിക്കാതെ നാട്ടുകാര്‍ വിഷം കൊടുത്തു കൊല്ലുകയോ മറ്റോ ചെയ്യും.
ഏതായാലും ഞങ്ങളുടെ നാട്ടില്‍ പേപ്പട്ടി ശല്യം ഉണ്ടായിട്ടില്ല. ചിലപ്പോള്‍ പ്രായാധിക്യം മൂലം
മരിക്കുന്നതുവരെ വീട്ടില്‍ കാണും, ഞങ്ങളുടെ വിശ്വസ്തനായ
കൂട്ടുകാരനായി.
വാച്ച്, പേന ഇവ ഞങ്ങള്‍ മക്കള്‍ക്ക് ട്രയല്‍ ആയി ഉപയോഗിക്കാനാണ്. മഷിപ്പേനയാണ്,
അച്ഛന്റെ ബ്ലാക്ക് ബേര്‍ഡ്
പേന തൊടാന്‍ സമ്മതിക്കുകയില്ല. ആരെങ്കിലും അതെടുത്തെഴുതിയാല്‍ അച്ഛന് അറിയാം,
തല്ലുറപ്പാണ് അന്ന്. അങ്ങനെ
കിട്ടിയ ഒരു വാച്ചുമായാണ് ഞാന്‍ കൊല്ലത്തു
ടി.കെ.എം.കൊളേജില്‍ പഠിക്കാന്‍ വന്നത്. ചെറിയ ചുറ്റളവുള്ള ഒരു ലേഡീസ് വാച്ച്. ആദ്യം ഉപയോഗിക്കുന്ന വാച്ച്. സമയം കൃത്യമായി
കാണിക്കും, ഫാഷനല്ല എന്ന് മാത്രം. സ്റ്റീല്‍ ചെയിന്‍ ആണ് സ്ട്രാപ് അല്ല.
അന്നത്തെ ടി.കെ.എം.ഹോസ്റ്റല്‍ അനെക്സിനടുത് കുറ്റിച്ചിറയ്ക്ക് പോകുന്ന വഴിയില്‍
റോഡരികിലുള്ള ഒരു ലോഡ്ജില്‍ ആണ് താമസം. ഒരു ദിവസം രാത്രി ഭക്ഷണം കഴിച്ചു തിരിച്ചു
വന്നു, പരീക്ഷാ സമയം ആണ്. രാത്രിയില്‍ ചെറിയ
മഴയുണ്ടായിരുന്നു. വൈകിയാണ് ഉറങ്ങിയത്. ഉറങ്ങുന്നതിനു മുമ്പ് വാച്ച് മേശപ്പുറത്തു
വച്ചിരുന്നു. രാവിലെ നോക്കുമ്പോള്‍ വാച്ചില്ല. ചൂടു കൂടുതല്‍ ആയതുകൊണ്ടു ജനാല
തുറന്നിട്ടിരുന്നു, ആരോ രാത്രിയില്‍ ജനാലയില്‍ കൂടി
എടുത്തതാണ്. സുഹൃത്തുക്കളോട് ചോദിച്ചു. ആരും കണ്ടിട്ടില്ല. കൂട്ടത്തില്‍ ഒരു ഷെര്‍ലൊക്ക്
ഹോംസാണെന്ന് സ്വയം അവകാശപ്പെടുന്ന ആള്‍ എന്റെ മുറിയുടെ ജനാലയുടെ താഴെ മഴപെയ്ത മണ്ണില്‍ ഒരു കാല്‍പാദം കണ്ടു
പിടിച്ചു. പോലീസില്‍ പരാതി കൊടുക്കാനുള്ള മുതലൊന്നും അല്ലാത്തതുകൊണ്ട് അത്
ചെയ്തില്ല. കൃസ്തുമസ് പരീക്ഷയ്കടുത്താണ് ഈ
സംഭവം നടക്കുന്നത്.
കുറച്ചുനാള്‍
കഴിഞ്ഞു വര്‍ഷാവസാനപരീക്ഷ നടക്കുന്ന സമയം.
തിരുവനന്തപുരം സിറ്റി പോലീസിന്റെ ഒരു ഇടി(പോലീസ്)വണ്ടി ഞങ്ങളുടെ ലോഡ്ജിന്റെ മുന്‍പില്‍
വന്നു നിര്‍ത്തി. ആരുടെയെങ്കിലും ഒരു വാച്ച് മോഷണം പോയിട്ടുണ്ടോ എന്നന്വേഷിച്ചു.
ഞാന്‍ കോളേജില്‍ ആയിരുന്നു, അവര്‍ കോളേജില്‍ എത്തി. പരീക്ഷ
കഴിഞ്ഞിറങ്ങി വന്ന എന്നെ വാച്ച് കാണിച്ചു, എന്‍റെതു തന്നെ
എന്നുറപ്പു വരുത്തി. വേറെ എന്തെങ്കിലും പോയിട്ടുണ്ടോ എന്നന്വേഷിച്ചു. ഇല്ല എന്ന്
പറഞ്ഞപ്പോള്‍ ഇത്ര നിസ്സാരമായ വാച്ചിന് വേണ്ടി ഇവിടംവരെ വണ്ടി ഓടിച്ചു വന്നതിന്റെ
പുച്ഛം പോലീസുകാരുടെ മുഖത്ത് കണ്ടു. വണ്ടിയില്‍
ഒരു മദ്ധ്യ വയസ്കന്‍ കിടക്കുന്നുണ്ടായിരുന്നു. കടയ്ക്കാവൂര്‍കാരന്‍ ഒരു
സ്ഥിരം കള്ളനായിരുന്ന ( കെ.ഡി) അയാള്‍ തിരുവനന്തപുരത്ത് വച്ച് മറ്റൊരു മോഷണ
ശ്രമത്തിനിടയില്‍ സിറ്റി പോലീസ് പിടിച്ചു.
സാധാരണ പോലീസ് മുറ പ്രയോഗിച്ചപ്പോള്‍ കൊല്ലത്ത് ഒരു വനിതാഹോസ്റ്റലിലും ടി.കെ.എം.കോളേജിനടുത്ത് ഒരു ലോഡ്ജിലും നിന്നും
മോഷ്ടിച്ച സാധനങ്ങള്‍ വീണ്ടെടുത്തുകൊടുത്തു. സാധനങ്ങളുടെ ഉടമസ്ഥരെ അന്വേഷിച്ചു
വന്നതാണ്. ചില കടലാസുകളില്‍ ഒപ്പിടുവിച്ചു. തൊണ്ടി മുതലും മറ്റുമായി കോടതിയില്‍
ഇയാളെ ഹാജരാക്കും. അയാള്‍ കുറ്റം സമ്മതിച്ചാല്‍ കോടതിയില്‍ വന്നു സാധനം
നിങ്ങളുടെതാണ് എന്ന് പറയണം. അയാളെ ശിക്ഷിച്ചു കഴിഞ്ഞാല്‍ അടുത്തുള്ള പോലീസ്
സ്റ്റേഷനില്‍ നിന്ന് മോഷണം പോയ വാച്ച്
വാങ്ങാം എന്ന് പറഞ്ഞു. ഒരു ദിവസം കൊല്ലം
മുന്‍സിഫ് കോടതിയില്‍ പോയി. പിന്നെയും മൂന്നു മാസം കഴിഞ്ഞു കുണ്ടറ പോലീസ്
സ്റ്റേഷനില്‍ നിന്ന് കത്ത് കിട്ടിയതനുസരിച്ചു ഞാന്‍ അവിടെ എത്തി വാച്ച് വാങ്ങി.
ഇത്രയും പഴയ വാച്ച് തുരുമ്പിച്ചു കേടായിട്ടുണ്ടാവുമെന്നു
കരുതി ഞാന്‍ ഏതായാലും അതിനു ചാവി കൊടുത്തു . എന്തത്ഭുതം വാച്ച് സുന്ദരമായി പ്രവര്‍ത്തിക്കുന്നു. ഞങ്ങളുടെ വിശ്വസ്തനായ നായയെപ്പോലെ ആ വാച്ചും ഞങ്ങളെ ചതിച്ചില്ല. “ ഓള്‍ഡ് ഈസ്
ഗോള്‍ഡ് “ എന്ന ചൊല്ലാണ് എനിക്കു ഓര്‍മ്മ വന്നത്.
Comments