മധ്യമ വ്യായോഗം -
മധ്യമ വ്യായോഗം എന്നതു ഭാസൻ ഏകദേശം രണ്ടായിരം വർഷങ്ങൾക്കു മുമ്പു രചിച്ച ഒരു സംസ്കൃത നാടകമാണു. അതിന്റെ പുനരാഖ്യാനം കാവാലം നാരായണ പണിക്കരുടെ നിറ്ദേശത്തിൽ ചിന്മയാഞ്ജലി ആഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. തോടയം കഥകളി യോഗത്തിന്റെയും ചിന്മയാ മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ആട്ടസപ്തകത്തിന്റെ ഭാഗമായി ആയിരുന്നു ഈ പരിപാടി. ഒരാഴ്ച നീണ്ടു നിന്ന കഥകളി, മോഹിനിയാട്ടം, നൃത്തങ്ങൾ, സെമിനാറുകൾ, പ്രഭാഷണങ്ങൾ എന്നിവയായിരുന്നു ആട്ട സപ്തകത്തിൽ നടന്നതു.
മാധ്യമവ്യായോഗത്തിൽ ഒരു മാധ്യമ പുത്രനു വരുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയാണു പ്രതിപാദിക്കുന്നതു. പാണ്ഡവരിൽ മധ്യമനായ ഭീമസേനൻ വനവാസ കാലത്തു ഹിഡുംബി എന്ന കാട്ടാള സ്ത്രീയുമായി പ്രേമത്തിൽ ആകുന്നു. അവർക്കു ഘടോട്കചൻ എന്ന പേരിൽ ഒരു പുത്രനുണ്ടായി.
കഥ തുടങ്ങുന്നതിങ്ങനെ. ഹിഡുംബി അവളുടെ വൃതത്തിനു പാരണ വീടുന്നതിനായി ഒരു മനുഷ്യനെ കൊണ്ടുവരാൻ മകനോടു ആവശ്യപ്പെടുന്നു. മകൻ കാട്ടിൽ അന്വേഷിച്ചു നടക്കുമ്പോൾ ഒരു ബ്രാഹ്മണ കുടുംബം അതിലേ പോകുന്നു. അച്ഛനും അമ്മയും മൂന്നു പുത്രന്മാരും. ശരി നിങ്ങളിൽ ആരാണു ഒരാൾ എന്റെ അമ്മക്കു ഭക്ഷണം ആവുക എന്നു ഘടോട്കചൻ ചോദിക്കുന്നു. ആദ്യം അച്ഛൻ പറയുന്നു ഞാനാകാം , എനിക്കു വയസ്സായി, ഇനി ഞാൻ എന്തിനു ജീവിക്കണം? പക്ഷെ മാംസമില്ലാത്ത എല്ലും തോലും ആയ വയസ്സനെ വേണ്ട എന്നു കാട്ടാളൻ. അടുത്തതു അമ്മയുടെ ഊഴം. ‘ ഹൊ സ്ത്രീകളൊ , ഒരിക്കലും പറ്റില്ല“. ആദ്യ പുത്രൻ തയ്യാറാവുന്നു, പക്ഷെ മാതാ പിതാക്കളുടെ മരണശേഷം ക്റ്മങ്ങൾ ചെയ്യാൻ സീമന്ത പുത്രൻ വേണം എന്നു മാതാ പിതാക്കൾ. എന്നാൽ ഏറ്റവും ഇളയവനാകട്ടെ എന്നായി. എന്നാൽ എല്ലാവരുടെയും ഓമനയായ , അവനും ഒഴിവാക്കപ്പെടുന്നു. സ്വാഭാവികമായും മധ്യമനായ പുത്രൻ തയാറായി. നദിയിൽ പോയി കുളിച്ചു പ്രാറ്ത്ഥിച്ചു വരാം എന്നു പറഞ്ഞു അയാൾ പോകുന്നു. അയാൾ വരാൻ താമസിക്കുന്നതു കണ്ടു ഘടോട്കചൻ അക്ഷമനായി “ മധ്യമാ മധ്യമാ“ എന്നു വിളിക്കുന്നു. കാട്ടിൽ വ്യായാമം ചെയ്തു ചുറ്റി നടക്കുകയായിരുന്ന ഭീമൻ ഇതു കേൾക്കുന്നു. ആരാണാവോ എന്നെ വിളിക്കുന്നതു എന്നന്വേഷിച്ച ഭീമൻ കാണുന്നതു ഒരു കാട്ടാളൻ തന്നെ വിളിക്കുന്നതാണു. ഇതെന്താണു എന്നു ചോദിച്ച ഭീമനൊടു തന്റെ അമ്മയ്ക്കു ഭക്ഷണം ആയി മധ്യമ ബ്രാഹ്മണനെ കൊണ്ടു പോകുകയാണു അയാളെയാണു വിളിച്ചതു, നിങ്ങളെ അല്ല എന്നു എന്നു പറയുന്നു. തിരിച്ചെത്തിയ മധ്യമ ബ്രാഹ്മണനെ ഒഴിവാക്കി പകരം തന്നെത്തന്നെ കൊണ്ടു പോകാൻ ഭീമൻ പറയുന്നു. പക്ഷെ ഘടോട്കചൻ അനുസരിക്കുന്നില്ല. അവർ തമ്മിൽ തറ്ക്കമായി യുദ്ധമായി. ഘടോട്കചൻ തോറ്റു , അവർ എല്ലാവരും കൂടി ഹിഡുംബയുടെ അടുത്തേക്കു പോകുന്നു. അമ്മക്കു നല്ല ഭക്ഷണം കൊണ്ടു വന്നിട്ടുണ്ടു , ഇതാ ഇഷ്ടം പോലെ കഴിച്ചുകൊള്ളൂ എന്നു പറഞ്ഞു ഭീമനെ കാണിച്ചു കൊടുക്കുന്നു. തന്റെ പ്രിയതമനെ വളരെ നാളുകൾക്കു ശേഷം കണ്ട ഹിഡുംബ വ്രീളാ വിവശയാകുന്നു. “ഇതാണു നിന്റെ ദൈവം , നിന്റെ പിതാവ് “ എന്നു മകനു കാണിച്ചു കൊടുക്കുന്നു. ഘടോട്കചൻ അച്ചന്റെ കാൽക്കൽ വീണു മാപ്പപേക്ഷിക്കുന്നു. പത്നിയേയും മകനേയും പുണറ്ന്ന ഭീമൻ മകനോടു ബ്രാഹ്മണരോടു മാപ്പു പറയാൻ പറയുന്നു., അവർ മാപ്പു നൽകി ഘടോട്കചനെ അനുഗ്രഹിക്കുന്നു.
Comments