സ്വാമി ഉദിത് ചൈതന്യജി പറഞ്ഞതു :

ദാനം എന്ന കല
നദികൾ അവയിലെ വെള്ളം കുടിക്കുന്നില്ല, വൃക്ഷങ്ങൾ അവയിലെ പഴങ്ങൾ ഭക്ഷിക്കുന്നില്ല, മഴ മേഘങ്ങൾ അവ മൂലം വളരുന്ന ധാന്യങ്ങൾ ആഹരിക്കുന്നില്ല. മാന്യന്റെ ധനം മറ്റുള്ളവറ്ക്കു വേണ്ടി ഉള്ളതാണു.
ദാനം കൊടുക്കുന്നതു നല്ല കാര്യം ആണെന്നും എല്ലാവരും കൊടുക്കുവാൻ ശീലിക്കണം എന്നും അംഗീകരിച്ചാലും ചില ചോദ്യങ്ങൾക്കു ഉത്തരം കാണേണ്ടതുണ്ടു.

1.എപ്പോഴാണു കൊടുക്കേണ്ടതു?

മഹാഭാരതത്തിലെ കഥ ഓർമിക്കുന്നില്ലേ? യുധിഷ്ടിരന്റെ സമീപം ഒരു യാചകൻ ഭിക്ഷ ചോദിച്ചു ചെല്ലുന്നു. നിങ്ങൾ നാളെ വരൂ എന്നു പറഞ്ഞു യുധിഷ്ടിരൻ അയാളെ മടക്കുന്നു. അപ്പോൾ ഭീമ സേനനൻ ചിരിച്ചു കൊണ്ടു പറയുന്നു “ അല്ല, നമ്മുടെ ജ്യേഷ്ടൻ മരണത്തെ കീഴടക്കി കഴിഞ്ഞല്ലൊ. കാരണം നാളെ ഭിക്ഷ കൊടുക്കാൻ അദ്ദേഹം ജീവിച്ചിരിക്കും എന്നു ഉറപ്പാക്കിയതു പോലെ.”
അതുകൊണ്ടു ഭിക്ഷ കൊടുക്കാൻ സമയം നോക്കെണ്ടതില്ല.

2. എത്രമാത്രം കൊടുക്കാം ?

ചരിത്രത്തിൽൽ നിന്നു ഒരേടു. റാണാ പ്രതാപ് സിങ് മുഗളന്മാരുമായി യുദ്ധത്തിൽ തോറ്റു എല്ലാം നഷ്ടപ്പെട്ടു. ധനവും എല്ലാം, പ്രത്യേകിച്ചു പ്രതീക്ഷ പോലും നഷ്ടമായിരുന്ന സമയത്തു അദ്ദേഹത്തിന്റെ മുൻ മന്ത്രി ഭമാഷ തന്റെ ധനം മുഴുവൻ രാജാവിന്റെ കാൽക്കൽ സമറ്പ്പിച്ചു. ഈ സമറ്പ്പണത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടു റാണാ പ്രതാപ് സിങ് ഒരു സേനയുണ്ടാക്കി വീണ്ടും യുദ്ധത്തിനിറങ്ങി വിജയിച്ചു..

ഉത്തരം ഇതാണു ഒരാളിനു കൊടുക്കാൻ എത്ര മാത്രം കഴിയുമോ അത്ര കൊടുക്കാം.

3. എന്താണു കൊടുക്കുക ?

എന്തും കൊടുക്കാം , പണം മാത്രമല്ല, ഒരു പൂവോ എന്തിനു ഒരു ചെറു പുഞ്ചിരി പോലും കൊടുക്കാം, നിങ്ങൾ ഒരപരിചിതനു ഒരു പുഞ്ചിരി കൊടുക്കുമ്പോൾ ഒരു പക്ഷേ ദിവസങ്ങളായി അയാൾക്കു കിട്ടുന്ന ഒരു സമ്പാദ്യം ആവാം അതു. നിങ്ങൾക്കു എന്തും കൊടുക്കാം, പക്ഷേ അതു നിങ്ങളുടെ ഹൃദയത്തിൽ നിന്നു ആയിരിക്കണം, ആത്മാർത്ഥ തയോടെ ആയിരിക്കണം.

4.ആറ്ക്കാണു കൊടുക്കേണ്ടതു ?

പലപ്പോഴും ഒരാളിനു കൊടുക്കുന്നതിനു മുൻപു അയാളുടെ അർഹതയെപ്പറ്റി നാം നോക്കാറുണ്ടു. അതിന്റെ ആവശ്യമില്ല. ഒരു പക്ഷെ അയാളുടെ അറ്ഹതയെ നാം വിശകലനം ചെയ്യണമെന്നില്ല. ന്യയാന്യായങ്ങൾ നാം ചിന്തിക്കേണ്ടതില്ല.
മുൻ വിധികൾ ഇല്ലാതെ ദാനം ചെയ്യുക.

5.എങ്ങനെയാണു കൊടുക്കേണ്ടതു ?

നിശ:ബ്ദമായി കൊടുക്കുക. വാങ്ങുന്ന ആൾക്കു ലജ്ജ തോന്നുന്ന രീതിയിലാവരുതു, കൊടുക്കുന്ന ആൾക്ക് അഹംകാരം തോന്നുകയും അരുതു. വലതു കൈ കൊണ്ടു കൊടുക്കുന്നതു ഇടതു കൈ അറിയരുതു എന്നു പറയാറില്ലേ? പരസ്യങ്ങളും മറ്റും ഇല്ലാതെ ചെയ്യുന്ന ദാനമേ ദാനം ആയി കണക്കാക്കാൻ കഴിയൂ.
കൊടുക്കുമ്പോൾ വാങ്ങുന്ന ആളിനു ജാള്യം തോന്നരുതു, കൊടുക്കുന്ന ആളിനു അഭിമാനവും.
6.കൊടുത്തതിനു ശേഷം ഒരാളിനു എന്തു തോന്നാം ?
ഏകലവ്യന്റെ കഥ അറിഞ്ഞു കൂടെ. ദ്രോണാചാര്യർ ഗുരുദക്ഷിണ ആയി തന്റെ തള്ള വിരൽ ആവശ്യപ്പെട്ടപ്പോൾ ഏകലവ്യൻ യാതൊരു മടിയും കൂടാതെ തന്റെ വിരൽ മുറിച്ചു ഗുരുവിനു സമറ്പ്പിച്ചു. ഈ കഥയുടെ ബാക്കി കേൾക്കെണ്ടേ , ഏകലവ്യൻ മരിക്കാൻ കിടക്കുമ്പോൾ ആരോ ചോദിച്ചു നിങ്ങൾ ഒരിക്കലെങ്കിലും നിങ്ങളുടെ വിരൽ മുറിച്ചു കൊടുത്തതിൽ ദു:ഖിച്ചിട്ടുണ്ടോ ? എന്നു. അയാൾ പറഞ്ഞു , ഒരിക്കൽ മാത്രം. അശ്വത്ഥാമാ മരിച്ചു എന്ന കളവു കേട്ടു ദു:ഖിതനായി യുദ്ധം ചെയ്യാതെ നിന്ന ദ്രോണാചാര്യരെ കൊല്ലാൻ അറ്ജുനൻ അടുത്തപ്പോൾ, എന്റെ തള്ള വിരൽ നഷ്ടപ്പെട്ടല്ലോ എന്നു ഓർത്തു ദു:ഖിച്ചു. എന്റെ വിരൽ ഉണ്ടായിരുന്നു എങ്കിൽ ആരും എന്റെ ഗുരുവിനെ കൊല്ലുമായിരുന്നില്ല, തീറ്ച.

കൊടുക്കുക, ഒരിക്കലും കൊടുത്തതിനെ ഓറ്ത്തു ദു:ഖിക്കാതിരിക്കുക.

7.അവസാനത്തെ ചോദ്യം ?

എന്റെ അവകാശികൾക്കു ഞാൻ എത്ര ബാക്കി വെക്കണം ?
“ നിങ്ങളുടെ കുട്ടികൾക്കു എന്തെങ്കിലും ചെയ്യാൻ വേണ്ടതു സൂക്ഷിക്കുക, അവർ ഒന്നും ചെയ്യാതിരിക്കാൻ മാത്രം ഇടവരുത്തരുതു “ (വാറെൻ ബഫ്ഫെറ്റ്)
ഭക്ത കബീർ പറഞ്ഞതു ഓറ്ക്കുക: നിങ്ങളുടെ കയ്യിലെ ധനം വറ്ദ്ധിക്കുമ്പോൾ, നിങ്ങളുടെ തോണിയിൽ വെള്ളം നിറയുമ്പോൾ അതു ഒരു നല്ല കാര്യത്തിനു പുറത്തേക്കു ഒഴിച്ചു കളയുക. രണ്ടു കയ്യും നിറച്ചുകോരി ഒഴിക്കുക. .

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി