കുട്ടനാട്ടിലെ വള്ളംകളി - ജലോത്സവങ്ങൾ
വള്ളം കളി കുട്ടനാടിന്റെ അനുപേക്ഷണീയമായ ഭാഗം ആണു. പലപ്പോഴും അതു ‘വെള്ളം‘ കളി ആയി മാറാറുണ്ടെങ്കിലും. മഴക്കാലത്തു പ്രത്യേകിച്ചു കൃഷിയും മറ്റും ചെയ്യാനില്ലാത്ത കാലത്താണു പണ്ടു
വള്ളം കളി നടന്നിരുന്നതു. കുട്ടനാട്ടു നടക്കാറുള്ള ആദ്യത്തെ വള്ളം കളി ചമ്പക്കുളം മൂലം
വള്ളം കളിയാണു. പിന്നീട് പ്രസിദ്ധമായ ആലപ്പുഴ പുന്നമടക്കായലിലെ നെഹ്രു ട്രോഫി, പായിപ്പാടു വള്ളം കളി, ആറന്മുള ഉത്രട്ടാതി ജലോത്സവം, കൊച്ചിയിലെ ഇന്ദിരാ ഗാന്ധി വള്ളം കളി ഇവയൊക്കെ ഉണ്ടായി.
പ്രധാനമായും നാലു തരം വള്ളങ്ങൾ ആണു മത്സരത്തിൽ പങ്കെടുക്കുന്നത്. ഏറ്റവും വലുതും കാണാൻ ഭംഗിയും ഉള്ളതും ആയ ചുണ്ടൻ വള്ളം, അതിൽ അല്പം ചെറുതു വെപ്പു വള്ളം, കോടിവള്ളം , ഏറ്റവും ചെറിയ ചുരുളൻ വള്ളം എന്നിങ്ങനെ പോകുന്നു ഇവയുടെ പേർ.
ചുണ്ടൻ വള്ളം :
കുട്ടനാട്ടിലെ ഓരോ കരക്കാരുടെയും അഭിമാനമാണു അവരുടെ നാട്ടിലെ ചുണ്ടൻ വള്ളം. ജലോത്സവത്തിനു മാത്രം വെള്ളത്തിൽ ഇറക്കുന്ന ഇവ മറ്റു സമയങ്ങളിൽ കരയ്ക്കു കയറ്റി സൂക്ഷിച്ചു വരുന്നു. ഒരു ക്ഷേത്രത്തിലെ വിഗ്രഹം സൂക്ഷിക്കുന്നതുപോലെ ശ്രദ്ധയൊടെ ആണു ചുണ്ടൻ വള്ളം സൂക്ഷിക്കുക.
രജസ്വലയായ സ്ത്രീകൾ വള്ളത്തിന്റെ അടുത്തു പോകാൻ
പാടില്ല. നായ്ക്കൾ അതിൽ കയ്യറാൻ പാടില്ല എന്നിങ്ങനെ. വള്ളം കളിയുടെ സീസൺ ആകുന്നതിനു ഒന്നൊന്നര മാസം മുമ്പു വള്ളത്തിന്റെ അറ്റകുറ്റ പ്പണികൾ തീർത്തു മീൻ നെയ്യും കോഴിമുട്ടയും മരക്കരിയും
മറ്റും പുരട്ടി ഉണക്കി ചുണ്ടൻ വള്ളത്തിന്റെ തലയ്ക്കൽ ഉള്ള ആഭണങ്ങൾ മിനുക്കി പുതുക്കി ഭംഗി വരുത്തി ആഘോഷത്തൊടെ കരക്കാർ എല്ലാവരും സഹകരിച്ചു വള്ളം വെള്ളത്തിൽ ഇറക്കുന്നു. ഇതൊരു ഉത്സവത്തിന്റെ പ്രതീതി തന്നെ ഉണ്ടാക്കുന്നു. പൂജയും സദ്യയുമൊക്കെ സാധാരണം. ആദ്യകാലത്തു വള്ളത്തിന്റെ പേരുകൾ പോലും ഓരോ കരയുടെ ആയിരുന്നു, ചമ്പക്കുളം, നടുഭാഗം ചേന്നങ്കരി, കാവാലം. തായങ്കരി , എന്നിങ്ങനെ. ആനാരി, സെയിന്റ് ജോർജ് എന്നിങ്ങനെയും വള്ളങ്ങൾ ഉണ്ടു ഓരോ കരയീലും ഇപ്പോൾ സ്ഥിരമായി ബോട്ട് ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. അവരാണു സംഘാടകറ്. പണ്ടു നാട്ടിൻപുറത്തെ പ്രധന ജന്മിമാരായിരുന്നു ഇത്തരം പരിപാടികൾക്കു മുമ്പിൽ നിന്നിരുന്നതു. ഇപ്പോൽ ജന്മിയും ഇല്ല കുടിയാനുമില്ല. നാട്ടുകാർ പണം പിരിച്ചാണു ചിലവുകൾ വഹിക്കുന്നതു. ചുണ്ടൻ വള്ളം നിറ്മിക്കാൻ കൃത്യമായ അളവുകളും അനുപാതങ്ങളും ഉണ്ടു. പഴയ തച്ചന്മാരാണു നിറ്മിച്ചിരുന്നതു. കണക്കു തെറ്റിയാൽ വള്ളം ചിലപ്പോൾ മറിയുക വരെ ചെയ്യും. വള്ളത്തിന്റെ ആനച്ചന്തവും, മത്സരത്തിൽ ജയിക്കാനുള്ള കഴിവും തുഴക്കാരുടെ കഴിവിനെ മാത്രമല്ല ആശ്രയിക്കുന്നതു. ചുണ്ടൻ വള്ളത്തിന്റെ നീളം 30-40 മീറ്റർ വരെ ഉണ്ടാവും.തുഴക്കാർ ചിലപ്പോൾ രണ്ടു വശവുമായി നൂറിലധികവും. ആഞ്ഞിലി എന്ന മരത്തിന്റെ തടിയിൽ ആണു ചുണ്ടൻ വള്ളം ഉണ്ടാക്കുന്നതു. പാമ്പിനെപ്പോലെ വെള്ളം മുറിച്ചു നീങ്ങുന്ന ഈ വള്ളത്തിനു സായിപ്പ് കൊടുത്ത പേരാണു സ്നെയ്ക് ബോട്ട്. വള്ളങ്ങളുടെ പേരുകൾ : കാരിച്ചാൽ, ആനാരി, കല്ലൂപ്പറമ്പൻ, നടുഭാഗം, കാവാലം, ആലപ്പാട്ടു, ചെറുതന, ആയാപറമ്പു, വള്ളംകുളങ്ങര, വലിയ ദിവാഞ്ചി, ശ്രീ ഗണെഷ്, അമ്ബെഡ്കറ്, മുട്ട്യാൽ കൈനകരി, എല്ലിക്കുളം വടക്കേആറ്റുപുറം ദേവാസ് എന്നിങ്ങനെയാണു.
വെപ്പു വള്ളം : ചുണ്ടൻ വള്ളത്തിനെക്കാൾ കുറച്ചു ചെറുതാണു വെപ്പു വള്ളം. തല ഭാഗം ചുണ്ടനെക്കാൾ അല്പം ചെറുതും മുൻഭാഗം ചുണ്ടന്റേതു പൊലെ കൂറ്ത്തതല്ലാത്തതും ആണു വെപ്പു വള്ളം. പൊതുവെ ഇപ്പോൽ വെപ്പു വള്ളങ്ങൾ കുറവാണു.
കോടി വള്ളം: രണ്ടറ്റത്തും ഏകദേശം ഒരേ രീതിയിൽ നിറ്മിച്ച ഒരെ നിരപ്പിൽ ഉള്ള വള്ളമാണു കോടി വള്ളം. പണ്ടു പടയാളികൾക്കു വളരെ വേഗത്തിൽ ഒരു സ്ഥലത്തു നിന്നു മറ്റു സ്ഥലത്തേക്കു പോകാൻ കോടി വള്ളം ഉപയോഗിച്ചിരുന്നവത്രെ.
ചുരുളൻ വള്ളം: രണ്ടറ്റവും ചുരുണ്ടരീതിയിൽ ഉള്ളതാണു ഇതു. മത്സര വള്ളങ്ങളിൽ ഏറ്റവും ചെറുതും കുറച്ചു തുഴക്കാരും ഉള്ളതാണിതു. 20 തുഴക്കാരിൽ കൂടുൽ ഉണ്ടാവില്ല. വിദ്യാറ്ഥികളോ സ്ത്രീകളൊ ആണു ഈ വള്ളം അടുത്തകാലത്തു മത്സരത്തിൽ തുഴയുന്നതു.
ഇപ്പോൾ ജലോത്സവത്തിൽ പങ്കെടുക്കുന്ന എല്ലാ വള്ളങ്ങൾക്കും സറ്ക്കാർ ധനസഹായം നൽകുന്നു വെങ്കിലും ചിലവുമായി താരതമ്യം ചെയ്യുമ്പോൾ അതു വളരെ കുറവാണു. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം കിട്ടുന്നവറ്ക്കു കിട്ടുന്ന ബോണസ്സും പ്രൈസ് മണിയും ആകർഷകമാണു.
ചമ്പക്കുളം വള്ളം കളി :
മാർത്താണ്ഡവറ്മ
ചെറിയ രാജ്യങ്ങളെ യുദ്ധം ചെയ്തു കീഴടക്കി യോജിപ്പിച്ചു
തിരുവിതാം കൂറ് ആക്കുന്നതു വരെ ഇന്നത്തെ ആലപ്പുഴ ജില്ലയുടെ സിംഹഭാഗവും
അമ്പലപ്പുഴ രാജധാനിയായിരുന്ന ചെമ്പകശ്ശേരി രാജാവിന്റെ ഭരണത്തിൽ
ആയിരുന്നു. ചെമ്പകശ്ശേരിരാജാവായിരുന്ന
ദേവനാരായണൻ രാജസഭയിലെ
ഗുരുക്കന്മാരുടെയും ജ്യോത്സ്യന്മാരുടെയും നിറ്ദേശം അനുസരിച്ചു അമ്പലപ്പുഴയിൽ ഒരു ശ്രീകൃഷ്ണ
ക്ഷേത്രം ഉണ്ടാക്കാൻ തീരുമാനിച്ചു. അതിനു വേണ്ടി ഉണ്ടാക്കിയ വിഗ്രഹം
പല പ്രാവശ്യ്യവും ശ്രമിച്ചിട്ടും പ്രതിഷ്ടിക്കാൻ കഴിഞ്ഞില്ല. വിഗ്രഹത്തിനു പൂറ്ണതയില്ല എന്നു പ്രശ്നവശാൽ കണ്ടു, കോട്ടയത്തിനടുത്തു
കുറിച്ചിക്കടുത്തു കരിക്കുളം എന്ന സ്ഥലത്തുള്ള ഒരു ചെറിയ ക്ഷേത്രത്തിലെ വിഗ്രഹം ലക്ഷണയുക്തമാണെന്നു
കണ്ടു. ആ വിഗ്രഹം കുറിച്ചിയിൽ നിന്നു വള്ളത്തിൽ പമ്പയാറ്റിൽ കൂടി
അമ്പലപ്പുഴയ്ക്കു കൊണ്ടു വന്നു. എന്നാൽ ചമ്പക്കുളത്തു എത്തിയപ്പോൾ
നേരം സന്ധ്യയായി. സന്ധ്യാപൂജ മുടങ്ങാതിരിക്കാനായി ചമ്പക്കുളത്തെ അന്നത്തെ പ്രശസ്ത കൃസ്ത്യൻ
തറവാടായ മാപ്പിളശ്ശേരിക്കാരുടെ ഒരു പറമ്പിൽ താൽകാലികമായി വിഗ്രഹം സ്ഥാപിച്ചു പൂജ ചെയ്തു.
മാപ്പിള ശ്ശേരിയിലെ ഇട്ടി തൊമ്മൻ എന്ന കുടുംബ നാഥൻ സന്തോഷ പൂറ്വം വേണ്ട
ഒത്താശ ഇതിനു ചെയ്തുകൊടുത്തു. രാവിലെ പൂജ കഴിഞ്ഞു വിഗ്രഹം ചെറുതും
വലുതുമായ മറ്റു വള്ളങ്ങളൂടെ അകമ്പടിയോടു കൂടി ചമ്പക്കുളത്തു നിന്നു അമ്പലപ്പുഴയ്ക്കു
ജലഘോഷയാത്രയായി കൊണ്ടു പോയി. 1547ൽ ആണിതു നടന്നതു. ചമ്പക്കുളത്തെ കൃസ്ത്യൻ കുടുംബത്തോടും മറ്റു നാട്ടുകാറ്ക്കും വേണ്ടി ഈ വർഷം
മുതൽ അതേ ദിവസം ചമ്പക്കുളം ആറ്റിൽ ഒരു ജല ഘോഷയാത്രയും മത്സര വള്ളം കളിയും നടത്താൻ രാജാവു ഉത്തരവായി. മലയാളം മിഥുനമാസത്തിലെ മൂലം നക്ഷത്രത്തിലാണു വള്ളം കളി നടത്തുക. 1613ൽ മാപ്പിളശ്ശേരി കുടുംബം പഴയ വീടു പൊളിച്ചു പുതിയതൊന്നു ഉണ്ടാക്കാൻ
ആലോചന നടക്കുന്നു എന്നറിഞ്ഞു ദേവനാരായണന്റെ പിൻ ഗാമി ആയിരുന്ന രാജാവു പണ്ടു ശ്രീകൃഷ്ണ
വിഗ്രഹം പൂജിച്ച സ്ഥലം ഒരു ദൈവീക സ്ഥലമായി കണക്കാക്കി മാറ്റിയിടണമെന്നു
ആവശ്യപ്പെട്ടു. അപൂറ്വ
ലോഹങ്ങൾ കൊണ്ടു നിറ്മിച്ച
ഒരു വിളക്കും രാജാവു അവിടെ സ്ഥാപിക്കാൻ കൊടുത്തു വിട്ടു.
ഈ വിളക്കു കെടാവിളക്കായി അവിടെ സ്ഥാപിക്കാനും നിറ്ദേശിച്ചു. ഈ സ്ഥലം ഹിന്ദു
ആചാരങ്ങൾക്കനുസരിച്ചു ഒരു ദേവാലയമായി നിലനിറ്ത്തിപ്പോരുന്നു. മാപ്പിളശ്ശേരി കുടുംബത്തിനു പ്രത്യേക സമ്മാനങ്ങളും കൊടുത്തയച്ചു, രാജാവു. ഇന്നും ആ വിളക്കിൽ നിന്നും
തിരി തെളിയിച്ച ശേഷമാണു ചമ്പക്കുളം വള്ളം കളി തുടങ്ങുന്നതു. വീതി
കുറഞ്ഞ ആറ്റിലായതുകൊണ്ടു മൂന്നോ നാലോ വള്ളങ്ങൾക്കേ ഒരേ സമയം മത്സരിക്കാനാവൂ. അതുകൊണ്ടു
പല വട്ടമായാണു മത്സരം നടത്തുക. വർഷങ്ങളായി കുട്ടനാട്ടിൽ നടന്നു
വന്ന ഒരേ ഒരു വള്ളംകളി ആയിരുന്നു ഇതു.
നെഹ്രു ട്രോഫി
വള്ളം കളി.
ഇന്ത്യയുടെ പ്രധാനമന്ത്രിയായി
ദീർഘ കാലം ഇരുന്ന പണ്ഡിറ്റ് ജവഹറ് ലാൽ നെഹ്രു 1952 ൽ കേരളം സന്ദറ്ശിച്ചു. പ്രധാനമന്ത്രിയെ വരവേൽക്കാൻ ആലപ്പുഴക്കാരു ചുണ്ടൻ വള്ളങ്ങളുടെ ഒരു ഘോഷ യാത്ര ആലപ്പുഴയ്ക്കടുത്തു പുന്നമടക്കായലിൽ ഒരുക്കി.
പണ്ഡിറ്റ്ജിയെ അലംകരിച്ച ഒരു ചുണ്ടൻ വള്ളത്തിൽ കയറ്റി കായലിൽ മറ്റു വള്ളങ്ങളുടെ
അകമ്പടിയോടെ ചുറ്റിനടന്നു. ആവേശ ഭരിതനായ നെഹ്രു എല്ലാ വർഷവും ഇത്തരം ഒരു വള്ളം കളി അവിടെ നടത്താൻ വേണ്ട
സഹായം നൽകി. അദ്ദേഹം മത്സരത്തിൽ ജയിക്കുന്നവറ്ക്കു കൊടുക്കാൻ
വേണ്ടി വെള്ളിയിൽ നിറ്മിച്ച ഒരു ചെറിയ ചുണ്ടൻ വള്ളവും സമ്മാനിച്ചു. അതിൽ “ ഈ വള്ളം കളിയുടെ ജേതാവിനു ; ആലപ്പുഴയിലെ ജനങ്ങളുടെ സാമൂഹ്യ ജീവിതത്തിന്റെ അത്യപൂറ്വമായ പ്രതീകം ആയി “ എന്നു ലിഖിതം ചെയ്തിരുന്നു.
മൂന്നു തവണ തുടർച്ചയായി ജയിക്കുന്ന വള്ളത്തിനു കൊടുക്കാൻ വെണ്ടി ഒരു
റോളിങ് ട്രോഫി ആയിരുന്നു
അതു. അന്നത്തെ ട്രോഫിയുടെ
മാത്രുക ആണു ഇന്നും ഇവിടെ ജയിക്കുന്ന ചുണ്ടൻ വള്ളത്തിനു ഒന്നാം സമ്മാനമായി കൊടുക്കുക. പ്രസിദ്ധമായ കാരിച്ചാൽ ചുണ്ടൻ 14 പ്രാവശ്യം ഈ വള്ളം
കളി ജയിച്ചിട്ടുണ്ടു. ആഗസ്റ്റു മാസത്തിലെ രണ്ടാം ശനിയാഴ്ചയാണു നെഹ്രു ട്രോഫി വള്ളം
കളി എല്ലാ വർഷവും നടത്തുന്നതു.
ആറന്മുള ഉത്രട്ടാതി ജലോത്സവം : ആറന്മുള ഭഗവാന്റെ ഉത്സവത്തോടനുബന്ധിച്ചു നടക്കുന്ന
ജലഘോഷയാത്രയാണു ഇതു. ആറന്മുള ക്ഷേത്രത്തിനു
ചുറ്റുമുള്ള കരക്കാറ്ക്കെല്ലാം അവരുടെതായ ചുണ്ടൻ വള്ളം (പള്ളിയോടം ) ഉണ്ടു. ഇവയെ അലങ്കരിച്ചു
ഭഗവാന്റെ വിഗ്രഹം ഒന്നിൽ വഹിച്ചും മറ്റുള്ളവ അകമ്പടിയായിട്ടും ആറന്മുള ആറ്റിൽ തുഴയുന്നു.
ഇവിടെ മത്സരം ഉണ്ടാവാറില്ല. ഒരു വഴിപാടു എന്ന രീതിയിൽ ആൾക്കാറ് പങ്കുകൊള്ളുന്നു. ഇതോടൊപ്പം
അവിടെ നടക്കുന്ന വള്ള സദ്യ വളരെ കേമമാണു. ജാതി മത ഭേദമെന്യേ എല്ലാവരും ഒത്തൊരുമിച്ചു
പങ്കുകൊള്ളുന്ന ഒരു ഉത്സവം ആണിതു. പമ്പാ തീരത്തു
ആയിരക്കണക്കിനു ആൾക്കാറ്ക്കു ഈ ഉത്സവം ദൃശ്യവിരുന്നു നൽകുന്നു.
പായിപ്പാട് ജലൊത്സവം
ഹരിപ്പാടു പഞ്ചായത്തിലെ
ആൾക്കാർ ശ്രീ അയ്യപ്പന്റെ ഒരു ക്ഷേത്രം ഉണ്ടാക്കാൻ
തീരുമാനിച്ചു. എന്നാൽ ഇതോടൊപ്പം തന്നെ കായംകുളം
പുഴയിൽ ഒരു നീർചുഴിയിൽ നിന്നു കിട്ടുന്ന ഒരു മുരുക വിഗ്രഹവും അവിടെ സ്ഥാപിക്കണമെന്നു പൂജാരിക്കു ഒരു സ്വപ്നം ഉണ്ടായി.
അങ്ങനെ കിട്ടിയ സുബ്രഹ്മണ്യ വിഗ്രഹം ഘോഷയാത്രയായി
ക്ഷേത്രത്തിലേക്കു കൊണ്ടു പോകുന്നതു ഓർമിക്കാനാണു പായിപ്പാട്ടു ജലോത്സവം. ഇതു മൂന്നു
ദിവസം നീണ്ടു നിൽകുന്ന ജലോത്സവം ആണു.
ഇന്ദിരാ ഗാന്ധി ജലോത്സവം.
ഡിസംബർ മാസം അവസാനം കൊച്ചി
കായലിൽ നടത്തുന്ന ഒരു ജലോത്സവം ആണു ഇതു. മത്സരത്തിൽ ജയിക്കുന്ന വള്ളത്തിനു പ്രധാന മന്ത്രി
ഇന്ദിരാ ഗാന്ധിയുടെ പേരിൽ അറിയപ്പെടുന്നു. കൂടുതലും സഞ്ചാരികളെ ഉദ്ദേശിച്ചുള്ള ഒരു
ജലോത്സവം ആണു ഇതു.
ഓണത്തിനോടനുബന്ധിച്ചും
മറ്റും ചെറിയ വള്ളം കളികൾ മറ്റു സ്ഥലത്തും
നടത്തുന്നുണ്ടു. ശ്രീ നാരായണ ഗുരുവിന്റെ ജന്മ നാളായ ചിങ്ങമാസത്തിലെ ചതയം വള്ളം കളി
നടക്കുന്നു.
Comments