ദാരിദ്ര്യം അമേരിക്കയില്‍: ബി പി എല്ലും ഏ പി എല്ലും

നമ്മുടെ നാട്ടില്‍ ജനങ്ങളെ  ഏ പി എല്‍ , (ദാരിദ്ര്യ രേഖയ്ക്ക് മുകളില്‍ ) ഉള്ളവര്‍,  ബി പി എല്‍ (ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ ) എന്ന് തരം തിരിക്കുകയാണല്ലോ പതിവ്. നമ്മുടെ ചില നേതാക്കന്‍മാര്‍  "ദാരിദ്ര്യം ഒരു മനോഭാവം" ആണെന്ന് പറയുന്നുണ്ട് എങ്കിലും ഇന്ത്യയില്‍ അതൊരു യാഥാര്‍ത്ഥ്യം തന്നെയാണ്. നമ്മുടെ നാട്ടില്‍ ഇങ്ങനെ തരം തിരിക്കുന്നത്  കുടുംബത്തിന്റെ  ആകെ വരുമാനം നോക്കി മാത്രമാണെന്ന് നമുക്കെല്ലാം അറിയാം. ദാരിദ്ര്യം അമേരിക്കയിലും ഉണ്ട്. പക്ഷെ കണക്കാക്കുന്ന രീതിയില്‍ കാര്യമായ വ്യത്യാസമുണ്ട്.

ആദ്യമായി ഒരു കുടുംബത്തില്‍ ഉള്ള അംഗങ്ങള്‍ക്ക് ആവശ്യമായ  ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, മറ്റവശ്യ സാധനങ്ങള്‍ എന്നിവയ്ക്ക് ഒരു വര്ഷം എന്ത് ചിലവാകുന്നു  എന്ന് കണക്കാക്കുന്നു. അതേപോലെ തന്നെ കുടുംബത്തിലെ അംഗങ്ങള്‍ക്കുള്ള ആകെ വരുമാനം എന്ത് എന്നും  കണക്കാക്കുന്നു. വാര്‍ഷിക വരുമാനം മുമ്പ് കണക്കാക്കിയ ചിലവുകള്‍ക്ക് വേണ്ട തുകയില്‍ കൂടുതല്‍ ആണെങ്കില്‍ അവര്‍ ദാരിദ്ര്യരേഖയ്ക്ക് മുകളില്‍ (ഏ പി എല്‍)  ആവും, മറിച്ചാണെങ്കില്‍  ബി പി എല്ലിലും. തികച്ചും ന്യായമായ കണക്കാക്കല്‍. നമ്മുടെ ആദായ നികുതി കണക്കാക്കുന്നത് പോലും വരുമാനം മാത്രം നോക്കി ആണെന്ന് കാണുമ്പോള്‍  അത് അന്യായം അല്ലേ എന്ന് തോന്നിപ്പോകും. ഒരാള്‍ക്ക്‌ മാത്രം വരുമാനമുള്ള വലിയ എത്രയോ  കുടുംബങ്ങള്‍  നമ്മുടെ ഇടയില്‍ തന്നെ ഉണ്ട്? ഒരു കുടുംബത്തിന്റെ അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള ചിലവുകള്‍ കണക്കാതെ നികുതി കണക്കാക്കുന്ന സമ്പ്രദായം തികച്ചും ന്യായീകരിക്കാന്‍ വിഷമമാണ്.

ഇനി അമേരിക്കയിലെ ദാരിദ്ര്യരേഖ എത്രയെന്നറിയാമോ? 2013 ലെ കണക്കനുരിച്ചു നാല് പേരുള്ള ഒരു കുടുംബത്തിന്റെ വാര്‍ഷിക ചെലവ് 23,850 ഡോളര്‍ ആയി കണക്കാകിയിരിക്കുന്നു. ഇപ്പോഴത്തെ വിനിമയ നിരക്കനുസരിച്ചു ( ഒരു ഡോളര്‍ 61 രൂപാ) സുമാര്‍ 14  ലക്ഷം രൂപാ.    ഇത് അടിസ്ഥാനമാക്കി അമേരിക്കയിലെ 15.4%  ആള്‍ക്കാര്‍ 2013 ല്‍  ദാരിദ്ര്യ രേഖയ്ക്ക് താഴെ ആയിരുന്നു. അന്ന്  460 മില്യന്‍ ( 460,00,000) ആള്‍ക്കാര്‍ ഇതില്‍ ഉണ്ടായിരുന്നുവത്രേ. പൊതുവേ  1967  മുതല്‍ 2013 വരെ ഈ നിലയില്‍  വലിയ മാറ്റം ഒന്നും ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ കൊടുക്കുന്ന ധനസഹായവും മറ്റു സൌജന്യങ്ങളും കൂട്ടി കണക്കാക്കിയാല്‍ ഇത്  നേരിയ തോതില്‍ കുറഞ്ഞിട്ടുണ്ട് എന്ന്  കൊളംബിയാ യൂണിവേര്സിറ്റിയില്  നടന്ന ഒരു പഠനത്തില്‍ അവകാശപ്പെടുന്നു, 

ആരൊക്കെയാണ്  അമേരിക്കയിലെ  ബി പി എല്‍ വിഭാഗത്തില്‍ പെടുന്നത് ? സര്‍ക്കാര്‍ ബ്യുറോ പറയുന്നത് ബി പി എല്ലില്‍ 20.5 മില്യന്‍ (44.6%) വെള്ളക്കാരും   12.5  (27.17%)ഹിസ്പാനിക് ( സ്പാനിഷ് സംസാരിക്കുന്നവര്‍) 10.2 മില്യന്‍ (22.17%)  ആഫ്രിക്കന്‍ അമേരിക്കക്കാരും 1.9 മില്യന്‍  (4.13%) ഏഷ്യക്കാരും ആണത്രേ. ഇവരില്‍ പകുതിയിലധികം സ്ത്രീകളും, പതിനെട്ടു വയസില്‍ താഴെയുള്ളവരും ഹൈസ്കൂള്‍  വിദ്യാഭ്യാസം പോലും ലഭിക്കാത്തവരും ആകുന്നു.

പ്രസിഡണ്ട് ലിന്‍ഡന്‍ ജോന്സന്‍ ആണ് "ദാരിദ്ര്യത്തിനെതിരെ  യുദ്ധം" പ്രഖ്യാപിച്ചത്. കുട്ടികള്‍ക്ക് നിര്‍ബന്ധമായ വിദ്യാഭ്യാസം, സാമ്പത്തിക സഹായങ്ങള്‍ എന്നിവ അദ്ദേഹം തുടങ്ങി വച്ചതാണ്. ആയിരക്കണക്കിനു ആള്‍ക്കാര്‍ക്ക് ഇതില്‍ ഇന്ന് പ്രയോജനം സിദ്ധിച്ചു, ഇപ്പോഴത്തെ പ്രസി. ഒബാമയുടെ കുടുംബവും ഈ ആനുകൂല്യങ്ങള്‍ അനുഭവിച്ചവരാണത്രേ. ഇവരുടെ നിലയില്‍ ഗണ്യമായ പുരോഗതി ഉണ്ടായി.

വളരെയധികം നിര്‍ഭാഗ്യകരമായ മറ്റൊരു വസ്തുത  സര്‍ക്കാര്‍ വക സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളില്‍ പകുതിയിലധികവും സൌജന്യമായ ഉച്ചഭക്ഷണത്തെ ആശ്രയിക്കുന്നവരാണ് എന്നതാണ് (നമ്മുടെ ഉച്ചക്കഞ്ഞി പോലെ).  അമേരിക്കന്‍ കൊണ്ഗ്രെസ്സില്‍ ഭൂരിപക്ഷം ഉള്ള ഇന്നത്തെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുകൂലികള്‍ നികുതി കുറച്ചു  രാഷ്ട്രത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തി  ദാരിദ്ര്യം കുറയ്ക്കാന്‍ ആവശ്യപ്പെടുമ്പോള്  ഡെമോക്രാറ്റുകള്‍ ഉയര്‍ന്ന വരുമാനം ഉള്ളവര്‍ മാത്രം കൂടിയ നികുതി നല്‍കണമെന്ന് ആവശ്യപ്പെടുന്നു, പ്രത്യേകിച്ചും ഇക്കഴിഞ്ഞ ആറുവര്ഷം ഗണ്യമായ സാമ്പത്തിക പുരോഗതി ഉണ്ടാക്കിയവര്‍. 1960 നു മുമ്പ് അമേരികയില്‍  ദാരിദ്യം എന്നതിനെ പറ്റി  ആരും പറഞ്ഞു പോലും  കേട്ടിട്ടില്ല എന്ന് അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ  ഒരു ഭാരതീയന്‍  പറയുന്നു.

References:
1.        M C Madhavan, Povery and Electoral Priorties, Hindu Daily, 29th Jan 2015


Comments

വീകെ said…
നമ്മൾ ഏതു കാര്യത്തിലും വ്യത്യസ്തരല്ലെ....
വളരെ ശരി , പ്രത്യേകിച്ചും യുക്തിക്ക് നിരക്കാത്ത കാര്യങ്ങളില്‍. സായിപ്പിന്റെ മദേര്‍സ് ഡേയും ഫാ തെര്സ്‌ ഡേയും ആഘോഷിക്കാം, മാതാ പിതാക്കളെ അനാഥാലയത്തില്‍ ആക്കാം , അങ്ങനെ .... അങ്ങനെ

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി