കോടതി   കയറിയ  കഥ 2

ഒരു  വാഹന അപകടവും കുറ്റ വിചാരണയും

ക്ഷമിക്കണം, ഇതും  ആത്മകഥയുടെ  ഒരു ഭാഗം ആണ്. ഞങ്ങളുടെ  കുട്ടനാട്ടില്‍ ഞങ്ങളെല്ലാം  നിശ്ചയമായും ഉപയോഗിക്കാന്‍ അറിയേണ്ട  ഒരു വാഹനമാണ്, വള്ളം. ഒരാള്‍ക്കു  മാത്രം   ഇരിക്കാന്‍  കഴിയുന്ന   കൊതുമ്പു  വള്ളം   മുതല്‍ ടണ്ണുകള്‍  ഭാരം   കയറ്റിക്കൊണ്ടുപോകുന്ന  കേവു വള്ളം (പത്തേമാരി) വരെ കുട്ടനാട്ടില്‍ ഉണ്ടായിരുന്നു.  പണ്ടത്തെ  കുട്ടനാട്ടില്‍ ഒരു കൃഷി മാത്രം  ആയിരുന്നു. പുഞ്ച  കൃഷി കഴിഞ്ഞ് വയലില്‍  വെള്ളം   നിറച്ചിട്ടിരിക്കും. അടുത്ത കൃഷിക്കു   ഈ വെള്ളം   എഞ്ചിനോ മോട്ടോറോ  ഉപയോഗിച്ചു  പമ്പു  ചെയ്തു   പുറത്തേക്ക്   കളഞ്ഞിട്ടാണ്  കൃഷി  ഇറക്കിക്കൊണ്ടിരുന്നത്. എന്‍റെ  വീടിനു  ചുറ്റും വയല്‍ ആയിരുന്നതു കൊണ്ട് പാടത്തു  വെള്ളം  കയറ്റിക്കഴിഞ്ഞാല്‍  വീട്ടില്‍  നിന്നു സ്കൂളിലേക്കോ  കടയില്‍  സാധനം  വാങ്ങാനോ   വള്ളത്തില്‍  പോയാല്‍  മാത്രമേ  കഴിയൂ.  അതുകൊണ്ട്  ഞങ്ങള്‍ക്ക് സ്വന്തമായി ഒരു വള്ളവും വള്ളം  തുഴയാനും അറിയാമായിരുന്നു. വള്ളം  മുങ്ങിയാല്‍  നീന്തി കരയില്‍  എത്താനും  അറിയാത്തവര്‍   കുട്ടനാട്ടില്‍  വിരളമായിരുന്നു.


1963ല്‍  കൊല്ലം  ടി.കെ.എം. എഞ്ചിനീയറിങ്ങ്  കോളെജില്‍   ചേര്‍ന്നപ്പോള്‍ സൈക്കിളോടിക്കാന്‍   പഠിക്കണമെന്ന് തോന്നി. കൂട്ടുകാര്‍ സൈക്കിള്‍  വാടകക്കെടുത്തു   രണ്ടു രാത്രി  ശ്രമിച്ചെങ്കിലും   കാര്യമായ  പുരോഗതി  ഉണ്ടാകാത്തതുകൊണ്ട്  അവരുടെ അടിയും  വായിലെ  തെറിയും  കേട്ടെങ്കിലും ഒരു കൂട്ടുകാരന്‍ ഞങ്ങളുടെ  ലോഡ്ജില്‍ വരുമ്പൊള്‍  അയാളുടെ  സൈക്കിള്‍  അല്‍പ്പം  ഉയരം കൂടിയതായിരുന്നതു  കൊണ്ട് അതിന്‍റെ കാരിയറില്‍  ഇരുന്നു   ഞങ്ങളുടെ ചെറിയ  വോളിബാള്‍  ഗ്രൌണ്ടില്‍ ഉരുട്ടി മെല്ലെ  മെല്ലെ  തനിയെ പഠിച്ചു, പ്രാക്റ്റീസിനു  വേണ്ടി  ഒന്നു   രണ്ടു  പ്രാവശ്യം സൈക്കിള്‍ വാടകക്കെടുത്ത് കൂട്ടുകാരുമൊത്ത്  സെക്കന്‍ഡ്   ഷോ  സിനിമക്കു  പോയപ്പോള്‍ ഒരു  മാതിരി  സൈക്കിള്‍ ഓടിക്കാനും  പഠിച്ചു.


ആര്‍.ഈ.സി. ക്യാമ്പസ്സില്‍  1969 ല്‍  വന്നു താമസം  തുടങ്ങി  എങ്കിലും ആദ്യമായി  ഒരു വാഹനം  വാങ്ങിയത് 80 കളില്‍ ഒരു LML Vespa സ്കൂട്ടര്‍ ആയിരുന്നു. അത് ക്യാമ്പസില്‍ മാത്രമേ ഞാന്‍ ഓടിക്കാറുണ്ടായിരുന്നുള്ളൂ. വല്ലപ്പോഴും പന്ത്രണ്ടാം മൈലിലെ ചിന്മയാക്ഷേത്രത്തില്‍ പോകാനും അല്ലെങ്കില്‍ കട്ടാങ്ങല്‍ വരെ പോകാനും മാത്രം. കുന്നമംഗലം വരെയോ മുക്കം വരെയോ പോലും ഞാന്‍ ആ വാഹനത്തില്‍ പോയിട്ടില്ല. കാരണം പേടി തന്നെ, എന്നെക്കാള്‍ ശ്രീമതിയുടെ പേടി ആയിരുന്നു. അതുകൊണ്ടു ഇതിനിടയില്‍ നാലു വീലുള്ള വാഹനം ഓടിക്കാനുള്ള ലൈസന്സ് എടുക്കുകയും ചെയ്തിരുന്നു. വിദേശത്തു പോകുന്നതിനു മുമ്പ് സ്കൂട്ടര്‍ ഒരു അദ്ധ്യാപകേതര സഹപ്രവര്‍ത്തകന് നിസ്സാരമായ വിലക്ക് വിറ്റിരുന്നു.

തിരിച്ചു വന്നപ്പോള്‍ ഒരു വാഹനം വേണമെന്ന് തോന്നി. വിദേശത്തു ജോലി ചെയ്തതില്‍ നിന്ന് ലാഭിച്ച അല്‍പ്പം പണം കയ്യില്‍ ഉണ്ടായിരുന്നു. അതുകൊണ്ടു ഒരു പഴയ വാഹനം നോക്കാം എന്ന് കരുതി. പുതിയത് വാങ്ങാന്‍ പല കാരണം കൊണ്ടും വേണ്ട എന്ന് വച്ചിരിക്കുമ്പോഴാണ് ബൊംബേയില്‍ ജോലി ചെയ്തിരുന്ന ഒരു കസിന്‍ ജ്യേഷ്ടന് ഞാന്‍ ഒരു വണ്ടി ശരിയാക്കി തരാം എന്ന് പറഞ്ഞത്. ബോംബെയില്‍ ആകുമ്പോള്‍ വില കുറച്ചു കിട്ടുമെന്നും ആള്‍ക്കാര്‍  പറഞ്ഞു. അങ്ങനെ അയാള്‍ അയാളുടെ സുഹൃത്തിന്റെ പഴയ മാരുതി 800 എനിക്ക് വേണ്ടി വില പറഞ്ഞു കച്ചവടം ആക്കി. നാലു  ചക്രം  ഉള്ള  എന്‍റെ  ആദ്യത്തെ  വാഹനം ആയിരുന്നു അത്. ആ  വാഹനം  ആണ്   നമ്മുടെ   കഥയിലെ വാഹനം. ലൈസന്‍സ്  എടുത്തു  വാഹനം  ഓടിക്കാന്‍ ആത്മവിശ്വാസം കിട്ടിക്കഴിഞ്ഞാണ്  കോഴിക്കോട്   നഗരത്തിലേക്ക്  താമസം  മാറ്റിയത്.  ഇനി   നമ്മുടെ കോടതി  കയറിയ  കഥ  പറയാം.

ഒരു  മദ്ധ്യവേനല്‍  അവധിക്കാലം  ആയിരുന്നു. ഒരു ദിവസം ഞാന്‍ ജോലി കഴിഞ്ഞു എന്റെ മാരുതി  800 വാഹനത്തില്‍ വരുമ്പോള്‍ ഒരു തിരക്കേറിയ കുന്നമംഗലം ജങ്ക്ഷനില്‍ വച്ചു ഒരു കുട്ടി എന്റെ വണ്ടിയുടെ മുന്നില്‍ ചാടി. വണ്ടി വളരെ വേഗം കുറച്ച് ആയിരുന്നതു കൊണ്ടും ഇറക്കത്തിലായിരുന്നതു കൊണ്ട് പെട്ടെന്നു ബ്രേക്കു ചവിട്ടി നിറുത്തിയെങ്കിലും കുട്ടിയുടെ കാലിനു മാത്രം അല്പം പരുക്കു പറ്റി. കക്ഷി താഴെ വീണു. ഞാന്‍ കുട്ടിയെ വാരി എടുത്തു അടുത്തുകണ്ട ആരെയോ കൂട്ടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. കുട്ടി ആയതുകൊണ്ടു IMCH ഇല്‍ അഡ്മിറ്റു ചെയ്തു. മെഡിക്കല്‍ കോളെജില്‍ പി.ജി.ക്ക് പഠിച്ചുകൊണ്ടിരുന്ന എന്റെ മരുമകളെ വിളിച്ചു പ്രത്യേക ശ്റദ്ധ കൊടുക്കാന്‍ ഏര്‍പ്പാടു ചെയ്തു.  ഈ സമയം കൊണ്ടു കുട്ടിയുടെ കൊച്ചച്ചന്‍ അവിടെ എത്തി. എന്റെ കയ്യില്‍ ഉണ്ടായിരുന്ന അഞ്ഞൂറു രൂപ അയാളുടെ  കയ്യില്‍ കൊടുത്തു. അയാള്‍ എന്നോടു ചോദിച്ചു " സാറിന്നു വീട്ടില്‍ പോകാന്‍ പൈസ വേണ്ടേ?" . സാരമില്ല വണ്ടിയില്‍ പെട്രോള്‍ ഉണ്ടു. എന്നു പറഞ്ഞു.

 തൊട്ടടുത്തുള്ള മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ ചെന്ന് വിവരം പറഞ്ഞു. അവര്‍ പറഞ്ഞു സിറ്റി ട്രാഫിക് സ്റ്റേഷനില്‍ ആണ് വിവരം പറയേണ്ടത്. ഞാന്‍ വീട്ടിലേക്കു പോകാതെ കസബ സ്റ്റേഷനില്‍ എത്തി. അവിടെ വിവരം പറഞ്ഞു. അവിടെ വൈദ്യുതി ഇല്ലാതെ മെഴുകുതിരി വെളിച്ചത്തില്‍ ഇരുന്ന പോലീസുകാരന്‍ പറഞ്ഞു നിങ്ങള്‍ രാവിലെ വന്നാല്‍ മതി. ജാമ്യം എടുക്കാന്‍ ഒരാളെ കൂട്ടി കൊണ്ടു പോരെ. വണ്ടി എടുക്കാന്‍ പാടില്ലാത്തതാണ്, എന്നാലും രാവിലെ വണ്ടിയുമായി വന്നാല്‍ മതി. രാവിലെ ഞാന്‍ അളിയനുമായി ചെന്ന് ജാമ്യം എടുത്തു, വണ്ടിയും അവിടെ ഇട്ടു. രണ്ടു ദിവസം കഴിഞ്ഞ്  ബ്രേക്ക് ടെസ്റ്റ്‌ കഴിഞ്ഞു വണ്ടി ഏറ്റുവാങ്ങി.

അപകടം നടന്നതിന്റെ പിറ്റേ ദിവസം ബസ്സില്‍ ഞാന്‍ കുട്ടിയുടെ വിവരം അന്വേഷിക്കാന്‍ മെഡിക്കല്‍  കോളേജില്‍ ചെന്നപ്പോള്‍ കുട്ടിയുടെ കൊച്ചച്ചന്‍ പറഞ്ഞു " സാറെ , സാറു ഒരു പതിനായിരം എങ്കിലും തരണം, കുട്ടിയുടെ ഒരു പല്ലു പോയി." ഞാന്‍ പറഞ്ഞു " സുഹൃത്തേ, എന്റെ വണ്ടിക്ക് പൂര്‍ണമായ ഇന്ഷുറന്സ് ഉള്ളതാണ്. നിങ്ങള്‍ക്ക്  കിട്ടാനുള്ളത് ഇന്ഷുറന്സ് കമ്പനിയില്‍ നിന്നു  വാങ്ങിക്കൊ. എന്റെ കുറ്റം കൊണ്ടല്ല കുട്ടിക്കപകടം വന്നതു. ഭാഷ പോലും അറിയാത്ത (മഹാരാഷ്ട്റക്കാരനായിരുന്ന. സ്വര്‍ണപ്പണിക്കാരനായ കൊച്ചച്ചന്റെ ജോലി സ്ഥലത്തു കറങ്ങാന്‍ വന്നതായിരുന്നു കുട്ടി) കുട്ടിയെ ഞാന്‍ ഇത്രയും  സഹായിച്ചതു എന്റെ മനുഷ്യത്വം കൊണ്ടു് മാത്രമാണു.". കുട്ടിയുടെ   ബന്ധുവിന്‍റെ  ഈ മനം  മാറ്റത്തിനു കാരണം എനിക്കു പിന്നീടാണു മനസ്സിലായതു. വൈകുന്നേരം അയാളുടെ വീട്ടില്‍ ഇത്തരം വാഹനക്കേസ് എടുക്കുന്ന ഒരു വക്കീല്‍  ചെന്നിരുന്നു. ഒരു പല്ലിനു കുറഞ്ഞതു പതിനായിരം വാങ്ങിത്തരാം എന്നു പറഞ്ഞു. നമ്മുടെ അച്ചുവിന്‍റെ  അമ്മ  എന്ന സിനിമയിലെ നായകന്‍  വക്കീലിലെപ്പോലെയുള്ള അയാളെ  അവര്‍  വിശ്വസിച്ചു.

 

ഏതാണ്ട് എട്ടു വര്‍ഷം കഴിഞ്ഞ് കുന്നമംഗലം കോടതിയില്‍ നിന്ന്  എനിക്കു സമന്സ്  വന്നു. കോടതിയില്‍ കുറ്റവിചാരണ ചെയ്യാന്‍ വിളിച്ചു.എനിക്കാണെങ്കില്‍  കോടതിയിലെ  രീതികള്‍  ഒന്നും അറിയില്ല.  എന്‍റെ  ഒരു  സഹപ്രവര്‍ത്തകന്‍റെ പരിചയക്കാരനായ  ഒരു  സാധു  വക്കീലിനെ സമീപിച്ചു. അയാള്‍  ശുദ്ധഗതിക്കാരനായതു കൊണ്ട്  പറഞ്ഞു സാറെ  രണ്ട്  കുറ്റം ആണ് , ആദ്യം  അശ്രദ്ധയായി  വണ്ടി  ഓടിച്ചു  എന്നത് , രണ്ടാമത് വണ്ടി ഓടിച്ച് കാല്‍നടക്കാരന്  മുറിവ്   ഉണ്ടാക്കി  എന്നത്.  കുറ്റം   ഏറ്റു പറഞ്ഞാല്‍     ഒരോന്നിനും  1000  രൂപ  വെച്ച്  പിഴ  ഒടുക്കിയാല്‍ കേസ് വിളിക്കുന്ന  അന്നു തന്നെ   തീര്‍പ്പാകും. അല്ലെങ്കില്‍   സാറ്  മന:പൂര്‍വം ചെയ്തതല്ല  എന്ന്   തെളിയിക്കാന്‍   സാക്ഷികളെ  ഹാജരാക്കാന്‍ കഴിയുമെങ്കില്‍  നമുക്ക്   കേസ്  വാദിക്കാം . ഇതു  കേട്ടു  നിന്ന    വക്കീലിന്‍റെ  ഗുമസ്തന്‍  പറഞ്ഞു  സാറെ  വിഷമിക്കണ്ട, സാക്ഷിയെയൊക്കെ നമുക്ക്  ഉണ്ടാക്കാം , നമുക്ക്   കേസു   വാദിക്കാം.  അയാള്‍ക്ക്  കേസ്  കുറച്ചു  നാള്‍ നടത്തിയാലേ     ഗുണം ഉണ്ടാവൂ  എന്നു  വ്യക്തമായി.

 ഏതായാലും  ഞാന്‍   വക്കീലിനൊട്  പറഞ്ഞു എനിക്കു  കേസ്  എത്രയും  വേഗം  ഒഴിവാക്കിയാല്‍ മതി, ഇതിന്‍റെ  പുറമേ  നടക്കാന്‍ നേരമില്ല. അടുത്ത  ദിവസം  കേസ്  വിളിച്ചപ്പോള്‍ വക്കീല്‍  പറഞ്ഞു  മജിസ്റ്റ്റേറ്റ് കുറ്റപത്രം  വായിച്ചിട്ട്   താങ്കള്‍  കുറ്റം  ചെയ്തോ  എന്നു  ചോദിക്കും. അപ്പോള്‍  സംശയം കൂടാതെ  ചെയ്തു എന്ന് പറയണം . പക്ഷേ കോടതി മുറിയില്‍  മജിസ്ട്രേറ്റിന്റെ ചോദ്യത്തിന് തൃപ്തികരമായ മറുപടി കൊടുക്കാന്‍   എനിക്ക്   കഴിഞ്ഞില്ല.  ചെയ്യാത്ത കുറ്റം ചെയ്തു എന്ന് പറയാന്‍ മന:സാക്ഷി അനുവദിക്കാത്തതു കൊണ്ട്  അല്‍പ്പം ശങ്കിച്ചു നിന്നു. മജിസ്ട്റേറ്റ് ദ്വേഷ്യത്തില്‍ ഉം  എന്ന്  മൂളിയപ്പോള്‍   എന്‍റെ  വക്കീല്‍  എഴുനേറ്റ്  പറഞ്ഞു  സാര്‍  ഇയാള്‍ ചെയ്തു  എന്നു തന്നെ  ആണ്  പറഞ്ഞത്. കോടതിയിലെ  രീതികള്‍   പരിചയം  ഇല്ലാത്തതു  കൊണ്ടാണ്  എന്നു പറഞ്ഞു  രക്ഷിച്ചു. വക്കീല്‍  പറഞ്ഞതു പോലെ രണ്ടായിരം രൂപ പിഴ അടച്ച് കേസ് തീര്‍ന്നു .ഇതായിരുന്നു  എന്‍റെ  രണ്ടാമത്തെ  കോടതി  കയറ്റം .

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

മധ്യമ വ്യായോഗം -

കീചക വധം കഥകളി