രാവണ വിജയം കഥകളി കോഴിക്കോട്ട്

രാജരാജവറ്മ കോയിതമ്പുരാന് രചിച്ച രാവണ വിജയം കഥകളി കഴിഞ്ഞ ദിവസം തോടയം കഥകളി യോഗത്തിന്റെ ആഭിമുഖ്യത്തില് തളി ഗായത്രികല്യാണമണ്ഡപത്തില് അവതരിപ്പിച്ചു. കലാമണ്ഡലം വാസു പിഷാരടി രാവണനായും കലാമണ്ഡലം രാജശേഖരന് രംഭയായും കലാമണ്ഡലം ഹരിനാരായണന് ദൂതനായും വേഷമിട്ടു. കോട്ടക്കല് മധുവിന്റെയും സന്തോഷിന്റെയും സംഗീതവും കലാമണ്ഡലം ബലരാമന്റെ ചെണ്ടയും കോട്ടക്കല് രവിയുടെ മദ്ദളവും അകമ്പടിയായി ഉണ്ടായിരുന്നു. ആറരക്കു തുടങ്ങിയ കളി എട്ടരക്കു കഴിഞ്ഞപ്പോള് അല്പ്പം അത്ഭുതം തോന്നി എങ്കിലും ഇന്നത്തെ തിരക്കിട്ട ജീവിതത്തില് ചില അപ്രധാന രംഗങ്ങള് ഒഴിവാക്കിയതു ശരിയോ തെറ്റോ? ചെറുപ്പത്തില് രാത്രി മുഴുവന് ഉറക്കം ഒഴിച്ചു കണ്ടതു കൊണ്ടോ എന്തോ എനിക്കത്ര സുഖമായി തോന്നിയില്ല.
ഏതായാലും പിഷരടിയുടെ രാവണനും രാജശേഖരന്റെ രംഭയും ഗംഭീരമായി. ഉള്ള സമയത്തിനിടയില് അവരവരുടെ മനോധര്മ്മവും അഭിനയ ശേഷിയും അവറ്ക്കു പ്രകടിപ്പിക്കാന് അവസരം കിട്ടി. അതിലെ ചില രംഗങ്ങള് വിഡിയോയില് പകറ്ത്തിയതു കാണുക.

രംഗം ഒന്നു


മൂന്നു ലോകങ്ങളെയും കീഴടക്കി വിജയ ശ്രീലാളിതനായി ലങ്കയില് ഭാര്യ മണ്ഡോദരിയു യുമായി രമിച്ചിരിക്കുന്ന രാവണനെ കാണാന് സഹോദരന് വൈശ്രവണന് അയച്ച ഒരു ദൂതന് സന്ദേശവുമായി എത്തുന്നു. ആദ്യം രാവണന്റെ വിജയത്തില് അഭിനന്ദിച്ച ശേഷം, അഹംകാരം ആപത്താണെന്നും അനീതിയും അക്രമവും ഇനിയെന്കിലും അവസാനിപ്പിക്കണമെന്നും ദൂതന് സന്ദേശമായി പറയുന്നു. എന്നാല് വിജയത്തില് മത്തു പിടിച്ചവനായ രാവണന് ദൂതനെ നിഷ്കരുണം തന്റെ വാള് കൊണ്ടു വധിക്കുന്നു. ഇത്രമാത്രം ധിക്കാരം കാണിച്ച വൈശ്രവണനെ ആക്രമിക്കാന് സൈന്യ സമേതം പുറപ്പെടുന്നു.

രംഗം രണ്ടു
അളകാപുരിയിലേക്കുള്ള വഴിയില് ഹിമവല് സാനുക്കളില് വിശ്രമിക്കുന്ന രാവണനെ കൈലാസ സാമീപ്യ്വും, മനോഹരമായ വസന്ത കാല പ്രകൃതി സൌന്ദര്യവും കാമാതുരനാക്കുന്നു. എങ്ങിനെ കാമസമ്പൂറ്ത്തി വരുത്തും എന്നു വിചാരിച്ചിരിക്കെ സര്വ്വലോക സുന്ദരിയും നീല മൂടുപടം അണിഞ്ഞവളും ആയ രംഭ അവിടേക്കു വരുന്നു. മദനപരവശനായ രാവണന്റെ മുന്പില് എത്തിയ രംഭ അയാളുടെ കാമത്തെ ജ്വലിപ്പിക്കുന്നു. അവളോടു രാവണന് കാമാഭ്യ്ര്ത്ഥന നടത്തുന്നു. ആരാണെന്നറിയാതെ വിനയപുരസ്സരം വന്ദിച്ച ആള് പതിന്നാലു ലോകത്തിനും അധിപന് ആയ രാവണന് ആണു താന് എന്നും തന്നോടൊപ്പം കാമകേളിക്കു വരണമെന്നും രംഭയോടു അഭ്യറ്ത്ഥിക്കുന്നു. രാക്ഷസേന്ദ്രനായ രാവണന്റെ മുന്നില് ആണു താന് അകപ്പെട്ടതെന്നു രംഭ മനസ്സിലാക്കുന്നു. കുബേര തനയനായ നളകുബേരനാണു തന്റെ ഇന്നത്തെ പ്രാണനാഥന് എന്നും തന്നെ അദ്ദേഹത്തിന്റെ അടുത്തേക്കു പോകാന് അനുവദിക്കണമെന്നും രംഭ കാലില് വീണു അപേക്ഷിക്കുന്നു. തന്നെ പുത്ര ഭാര്യക്കു സമമായി കണക്കാക്കുകയാണു വേണ്ടതെന്നും അറിയിക്കുന്നു. ഇതൊന്നും മദാന്ധനായ രാവണന്റെ ചെവിയില് കൊള്ളുന്നില്ല. തനിക്കു വന്ന സൌഭാഗ്യത്തെ സ്വയം പുകഴ്ത്തി കാമലോലുപനായി രംഭയെ സമീപിക്കുന്നു. കന്ദ ബാണ ലീലക്ക് ചെയ്വാന് കുഞ്ജ സദനത്തിലേക്കു ക്ഷണിക്കുന്നു. രക്ഷപെടാന് ശ്രമിക്കുന്ന രംഭയെ രാവണന് ബലാല്കാരമായി വള്ളിക്കുടിലിലേക്കു കൂട്ടിക്കൊണ്ടു പോയി ഇഷ്ടപൂറ്ത്തി വരുത്തുന്നു. രാവണന് സുരതക്ഷീണം കാട്ടി പുറത്തു വരുന്നു. രംഭയാകട്ടെ വിവശയായി മോഹഭംഗത്തില് “ഇനി ഒരിക്കലെങ്കിലും നീ ഒരു സ്ത്രീയുടെ ശരീരത്തില് അവരുടെ അനുവാദം ഇല്ലാതെ സ്പറ്ശിച്ചാല് നിന്റെ പത്തു തലയും പൊട്ടിത്തെറിച്ചു പോകട്ടെ“ എന്നു രാവണനെ ശപിച്ചു രംഗം വിടുന്നു. രാവണന് യുദ്ധോദ്യുക്തനായി വൈശ്രവണ രാജധാനിയിലേക്കു യാത്രയാവുന്നു.
ഇതില് നിസ്സഹായ ആയ ഒരു സ്ത്രീയുടെ കഷ്ടപ്പാടു അഭിനയ മികവിലൂടെയും മനോധറ്മത്തിലൂടെയും കലാമണ്ഡലം രാജശേഖരന് കാണിച്ചുതന്നു. അതുപോലെ കാമാതുരനായ രാവണനെയും പിഷാരടി ഗംഭീരമാക്കി. ആംഗ്യ ഭാഷയില് കൂടി ഇന്നത്തെ ഊഴം എനിക്കും നാളെ വേണമെങ്കില് നളകുബേരനും ആയിക്കൊള്ളട്ടെ എന്നും മറ്റും രാവണന് കാണിക്കുന്നതു സദസ്സില് ചിരി ഉയറ്ത്തിയതില് അത്ഭുതം ഇല്ലല്ലോ. കുറഞ്ഞ സമയമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും, ഹൃദ്യമായ അനുഭവം ആയി ഈ കഥകളി.

Comments

കഥകളി വീഡിയോവിനു നന്ദി .

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി