ഒരു മഹാനായ കലാകാരന്‍ കോഴിക്കോട്ട് - കോട്ടക്കല്‍ ശശിധരന്‍

കോട്ടക്കല്‍ ശശിധരന്‍ എന്ന കഥകളി നടന്‍ ഇന്ന് ( മെയ്‌12 ) കോഴിക്കോട് കേശവ മേനോന്‍ ഹാളില്‍ ഏതാണ്ട് 32 മിനിട്ട് കൊണ്ടു ശ്രീകൃഷ്ണ ചരിതം മറ്റാരുടെയും സഹായമില്ലാതെ (നേരത്തെ റെക്കോര്‍ഡ്‌ ച്യ്ത സംഗീതവും മേളവും ഒഴികെ)

അവതരിപ്പിച്ചു. ശ്രീകൃഷ്ണന്റെ അവതാരം മുതല്‍, ബാല്യകാലം, പൂതനയുമായുള്ള കൂടിക്കാഴ്ച, കാളിയ മര്‍ദ്ദനം , ഗോപസ്ത്രീകളുടെ വസ്ത്രാക്ഷേപം, ദ്രൌപദിയ്ക്ക്  വസ്ത്രം നല്‍കുന്ന അവസരം , കുരുക്ഷേത്ര യുദ്ധത്തില്‍ അര്‍ജുനന് ഗീത ഉപദേശിക്കുന്നത് , അവസാനം ഭീമസേനന്റെ കയ്യാല്‍  ദുശാസനന്റെ മാറ് പിളര്‍ന്നു രക്തം കുടിച്ചു ദ്രൌപദിയുടെ പ്രതിജ്ഞാ പാലനവും വരെയുള്ള രംഗങ്ങള്‍ തനിച്ചു തന്നെ  അദ്ദേഹം അയത്ന ലളിതമായി അവതരിപ്പിച്ചു. അതിനു ശേഷം മറ്റൊരു ഇരുപതു മിനുട്ടില്‍ ഗംഭീരമായി നവരസങ്ങള്‍ ശ്രീരാമന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളില്‍ കൂടിയും അവതരിപ്പിച്ചു. സീതയുമായി ഇരിക്കുമ്പോള്‍  ശ്രുംഗാരം, ഇന്ദ്രപുത്രന്‍ ജയന്തന്‍ സീതയെ കാക്കയുടെ രൂപത്തില്‍ വന്നു ശല്യപ്പെടുത്ത്തിയപ്പോള്‍ തൃണം അമ്പായി അയച്ചു അയാള്‍ രക്ഷ തേടി മൂന്നു ലോകവും അലഞ്ഞു നടന്നു അവസാനം സ്വന്തം കാല്‍ക്കല്‍ വന്നു വീണപ്പോള്‍ ഹാസ്യം, ശൂര്പണഖയെ കാണുമ്പോള്‍ ബീഭത്സം, രാവണനെ വധിക്കുമ്പോള്‍ രൌദ്രം, സന്യാസിമാര്‍ അനുഗ്രഹിക്കുംപോള്‍ ശാന്തം ഇങ്ങനെ വിവിധ കഥാ തന്തുവുമായി ബന്ധിപ്പിച്ചു അതീവ ഹൃദ്യമായി അദ്ദേഹം അവതരിപ്പിച്ചു.  മലപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന KILA  (Kerala Academy of Arts and Literature)  എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ ആയിരുന്നു ഈ പരിപാടി.

അമ്പതു വര്‍ഷമായി കലാ സപര്യയില്‍ തുടര്‍ന്നു അന്‍പതിലധികം വിദേശ രാജ്യങ്ങളില്‍ തനിയെ കേരളത്തിന്റെ തനത് കലയായ കഥകളിയെപറ്റി ക്ലാസുകള്‍ എടുക്കുന്ന അദ്ദേഹം മൃണാളിനീ സാരാഭായി, മല്ലികാ സാരാഭായി , അവരുടെ മകള്‍ അനാഹിതാ എന്ന മൂന്നു പേരുടെയും നായകനായി നൃത്തം അവതരിപ്പിച്ച ആളാണ്‌. അത്യപൂര്‍വം ആയ ആ കലാജീവിതതെപറ്റി അറിയാനും അതില്‍ ഒരംശം ആസ്വദിക്കാനും അങ്ങനെ കോഴിക്കോട്ടെ സഹൃദയര്‍ക്ക് കഴിഞ്ഞു. കിലയ്ക്ക്കും മാതൃഭൂമിക്കും നന്ദി.


സ്വന്തം സതീര്‍ത്ഥ്യനായ മട്ടന്നൂര്‍ ശന്കരന്കുട്ടിയുടെ സാന്നിധ്യം ശശിധരന് ആവേശം പകര്‍ന്നു. പരിപാടിക്ക് ശേഷം തങ്ങളുടെ കുട്ടിക്കാലത്തെ പൊതുവായ കൂട്ടുകാരനായിരുന്ന ദാരിദ്രവും ജീവിതപ്രാരാബ്ധങ്ങളും അവര്‍ നിറഞ്ഞ കണ്ണുകളോടെ സദസ്യരുമായി പങ്കുവെച്ചു. ലോക പ്രസസ്തരായ , കേരളത്തിന്റെ കലയെ ലോകത്തിനു പരിചയപ്പെടുത്തിയ അവരുടെ കലാപ്രകടനതെക്കാള്‍ അതും ഹൃദ്യമായി.  
കോട്ടക്കല്‍ മധുവിന്റെ സംഗീതവും ( റെകോര്‍ഡ് ചെയ്തത്) ഇതിനു മാറ്റുകൂട്ടി. എം പി വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. 

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി