ബാലിയിലേക്ക് ഒരു യാത്ര

1: കോഴിക്കോട്ടു നിന്ന് ബാലിയിലേക്ക്

കംബോഡിയാ യാത്ര പ്ലാന്‍ ചെയ്തു സഹയാത്ര ചെയ്ത പഴയ കാല സഹപ്രവര്‍ത്തകന്റെ മകന്‍ ടെറി തന്നെയാണ് ഈ യാത്രക്കും പ്രചോദനം ആയതു. ഏപ്രില്‍ മാസത്തില്‍ ഒരു യാത്രക്ക് ആഗ്രഹം പ്രകടിപ്പിച്ചിരുന്നപ്പോള്‍ ആണ് സ്കൊട്ട്ലന്റില്‍ നിന്നും മകന്‍ കുടുംബ സമേതം സിങ്കപൂരില്‍ ഒരു കൊണ്ഫെറന്സിനു വരുന്നു എന്ന് അറിഞ്ഞത് . "അച്ഛനും അമ്മയും വരുന്നോ കുറച്ചു ദിവസം ഒരുമിച്ചു കഴിയാം " എന്നറിയിച്ചത്. പക്ഷെ ഏതാനും മാസങ്ങള്‍ അവിടെ ജോലി ചെയ്തു താമസിച്ച ഞങ്ങള്‍ അതില്‍ അത്ര താല്പര്യം പ്രകടിപ്പിച്ചില്ല, ബാലി യാത്രയെ പറ്റി സൂചിപ്പിച്ചപ്പോള്‍ അവര്‍ ബാലിയില്‍ വരാം. ഒരുമിച്ചു ബാലി സന്ദര്‍ശിക്കാം എന്നായി. അങ്ങനെയാണ് ഈ യാത്രക്ക് തുടങ്ങിയത്. എയര്‍ ഏഷ്യാ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തു. കൊച്ചിയില്‍ നിന്ന് കൊലാലമ്പൂര്‍ വഴി വഴി ബാലിയിലെ ഡെന്‍പാസര്‍ വിമാനത്താവളത്തില്‍ വച്ച് കണ്ടു മുട്ടി , നാല് ദിവസം ബാലിയില്‍ , വരുന്നതും പോകുന്നതുമായ ദിവസം ഉള്‍പ്പെടെ. രണ്ടു ദിവസം അവിടെ ചുറ്റി കാണാന്‍ അവസരം കിട്ടും. മകന്‍ ഹോട്ടലില്‍ മുറി ബുക്ക് ചെയ്തു, ടെറിയുടെ സുഹൃത്തായ ഡ്രൈവര്‍ ഞങ്ങളെ ബാലി കാണിക്കാം എന്ന് ഉറപ്പു തന്നു, ന്യായമായ തുകയ്ക്ക് വണ്ടിയും കൊണ്ടു അയാള്‍ വിമാനത്താവളത്തില്‍ എത്താം എന്നുറപ്പുതന്നു.

ആദ്യത്തെ കടമ്പ കൊച്ചി വിമാനത്താവളത്തില്‍ ഫെബ് 15 നു രാത്രിയില്‍ എത്തുക എന്നതായിരുന്നു. കോഴിക്കോട്ടു നിന്ന് സൌകര്യമായ ട്രെയിന്‍ കണ്ണൂര്‍ എറണാകുളം സിറ്റി തന്നെ, അങ്കമാലിയില്‍ സ്റ്റോപ്പുള്ള അപൂര്‍വ്വം ട്രെയിനുകളില്‍ ഒന്നാണ് അത്. ചെയര്‍ കാറില്‍ സീറ്റില്ല, രണ്ടാം ക്ലാസിലും. അതുകൊണ്ടു തത്കാല്‍ എന്ന ഭാഗ്യക്കുറിയില്‍ ടിക്കറ്റ് വാങ്ങാമെന്നു കരുതി. റെയില്‍വേ നിയമം അനുസരിച്ച് 14 നു 10 മണിക്ക് ഇന്റര്‍നെറ്റ്‌ തുറന്നു തയാറായി നിന്നു. രണ്ടു മിനുട്ട് കൊണ്ടു സീറ്റ് ഉറപ്പായി എന്ന് വിശ്വസിച്ചു യാത്രയ്ക്ക് തയാറായി. കുഞ്ഞുങ്ങള്‍ക്ക്‌ ഇഷ്ടമായ കിന്നത്തപ്പവും കായ വറുത്തതും അലുവയും വാങ്ങി പെട്ടിയിലാക്കി വണ്ടിയില്‍ കയറി. ടിക്കറ്റ് ഉണ്ടല്ലോ എന്ന് കരുതി ചെയര്‍ കാറില്‍ തന്നെ കയറി. വണ്ടിയില്‍ നല്ല തിരക്ക്. സീറ്റില്‍ എത്തിയപ്പോള്‍ അവിടെ ആള്‍ക്കാര്‍ ഇരിപ്പുണ്ട്, ടി ടി വന്നപ്പോള്‍ ഞങ്ങളുടെ സീറ്റ് വെയിറ്റിംഗ് ലിസ്റ്റില്‍ ആണ് (CKWL 14,15) നിങ്ങള്‍ അടുത്ത സ്റ്റേഷനില്‍ ഇറങ്ങണം എന്നായി ടി ടി. ആരോ പറഞ്ഞു എന്തെങ്കിലും കൊടുത്തു അഡജസ്റ്റ് ചെയ്യാന്‍ പറ്റുമോ എന്ന് നോക്ക് , പക്ഷെ അതിനോടുള്ള വൈമുഖ്യം കൊണ്ടു ഒരു വിധം അടുത്തുള്ള ജനറല്‍ കംപര്ട്ട്മെന്റില്‍ കയറാന്‍ തിരൂരില്‍ നിന്ന് ശ്രമിച്ചു. ഒരു വിധം ശ്രീമതിയെ കയറ്റി രണ്ടു ക്യാബിന്‍ ട്രോളിയും ഒരു ബാക്ക് പാക്കുമായി ഞാന്‍ പുറകെ കയറി. ഇടനാഴിയില്‍ കൂടി നില്‍ക്കാന്‍ ഇടമില്ല. പൂര്‍ണആരോഗ്യവതി അല്ലാത്ത ശ്രീമതിക്ക് എന്റെ കൊച്ചുമകന്റെ പ്രായമുള്ള ഒരു കുട്ടി എഴുനേറ്റു കൊടുത്ത സീറ്റില്‍ അയാളെ ഇരുത്തി,നന്മ ഇപ്പോഴും ബാക്കി ഉള്ളവര്‍ ഉണ്ടെന്നതിനു ദൈവത്തിനു നന്ദി പറഞ്ഞു ഞാന്‍ ബാഗുമായി ഒരു വിധം ഷോരനൂര്‍ വരെ നിന്നു. വളരെ വിഷമിച്ചു പെട്ടി രണ്ടും സീറ്റിനടിയില്‍ കയറ്റി വച്ച് വളരെ പ്രധാനപ്പെട്ട പാസ്പോര്‍ട്ടും മറ്റും അടങ്ങിയ പാക്ക് തോളത്ത് തന്നെ വച്ച് ഒരു വിധം അങ്കമാലിയില്‍ എത്തി. വഴിയില്‍ നിന്ന് ജനറല്‍ ടിക്കറ്റ് എടുക്കാന്‍ കഴിഞ്ഞില്ല, ആദ്യമായി കുറ്റബോധത്തോടെ ടിക്കറ്റില്ലാതെ തന്നെ യാത്ര ചെയ്യേണ്ടി വന്നു.

നേരത്തെ വിളിച്ചു പറഞ്ഞത് കൊണ്ടു നെടുമ്പാശ്ശേരി വിമാനതാവളത്തിനടുത് താമസിക്കുന്ന അനന്തിരവന്‍ കാറുമായി വന്നു, അവന്റെ വീട്ടില്‍ പോയി സഹോദരിയുമായി അല്‍പസമയം കഴിഞ്ഞു, അവിടെ നിന്ന് അത്താഴവും കഴിച്ചു വിമാനത്താവളത്തില്‍ എത്തി. ലോകത്തിലെ ആദ്യത്തെ പൂര്‍ണ സൌരോര്‍ജ വിമാനത്താവളത്തില്‍ എത്തി. അവിടെയും എന്റെ ഒരു സഹപ്രവര്‍ത്തകന്റെ മകന്‍ എഞ്ചിനീയര്‍ ആയി പ്രവര്‍ത്തിക്കുന്നു എന്ന അഭിമാനത്തോടെ വിമാനത്തില്‍ കയറി. എയര്‍ ഏഷ്യ വിമാനം കൃത്യ സമയത്ത് തന്നെ പുറപ്പെട്ടു. ബട്ജറ്റ് വിമാനം ആയതുകൊണ്ട് ഭക്ഷണം ഇല്ല, കുടിക്കാന്‍ ഒരു ചെറിയ കുപ്പി വെള്ളത്തിന്‌ അഞ്ചു രിന്കിറ്റ് ( ഏകദേശം എന്പതു രൂപ ) കൊടുക്കണം. ഞങ്ങള്‍ കയ്യില്‍ കരുതിയിരുന്ന വെള്ളം സെക്യുരിറ്റി പരിശോധനയില്‍ മാറ്റി. രാത്രി ആയതു കൊണ്ടു അല്പം ഉറങ്ങാന്‍ ശ്രമിച്ചു രാവിലെ 6 മണിക്ക് കൊലാലമ്പൂറിലെ രണ്ടാമത്തെ വിമാനത്താവളത്തില്‍ ഇറങ്ങി. ലഗേജ് നേരിട്ട് ബാലിയിലേക്ക് ബുക്ക് ചെയ്തത് കൊണ്ടു ബാക്ക് പാക്ക് മാത്രം കയ്യില് ഉണ്ട്. ബാലിയിലേക്ക് വിമാനം പത്തര മണിക്കേ ഉള്ളൂ. അതുകൊണ്ടു ട്രാന്‍സിറ്റ് ലോഞ്ചില്‍ പല്ല് തേച്ചു മുഖം കഴുകി അല്പം ഭക്ഷണം അന്വേഷിച്ചു. മാക്‌ ഡോണാള്‍ഡിന്റെ ബ്രേക്ക് ഫാസ്റ്റു തന്നെ ശരണം. രണ്ടു പേര്‍ക്ക് മുപ്പതു റിങ്കിറ്റ് കൊടുത്തപ്പോള്‍ കഴിക്കാനുള്ളതും കാപ്പിയും കിട്ടി, തല്‍ക്കാലം വിശപ്പടങ്ങി. വിമാനത്തില്‍ കയറി.

ഒന്നര മണിക്ക് വിമാനം ബാലിയിലെ ഡെന്‍പാസര്‍ വിമാനത്താവളത്തില്‍ എത്തി. അവിടെ വച്ച് തന്നെ കിട്ടുന്ന വിസയ്ക്ക് കരുതിയ എഴുപതു ഡോളറുമായി വിസ കൌണ്ടറില്‍ എത്തി. അവര്‍ ഹാര്ദമായി സ്വാഗതം ചെയ്തു, ഇന്ത്യക്കാര്‍ക്ക് ഫ്രീ വിസ ആണെന്നരിയിച്ചു, പുറത്തിറ ങ്ങിയപോള്‍ മകനും കുടുംബവും ടെറി ഏര്‍പ്പെടുത്തിയ ഡ്രൈവര്‍ സുപാര്തായുമായി നില്കുന്നു, ബോര്‍ഡില്‍ എന്റെ പേരാണ് എഴിയിരുന്നത് അവര്‍ മുമ്പേ തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. മൂന്നു മണിക്ക് ഹോട്ടലില്‍ എത്തി.







Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി