രണ്ട് നഷ്ട പ്രണയത്തിന്‍റെയും ഒരു ദീര്‍ഘകാല പ്രണയത്തിന്‍റെയും ഓര്‍മ്മകള്‍

 മെസ്സിലെ മസാല ദോശയും വിവാഹ നിശ്ചയവും)

കഴിഞ്ഞ  ദിവസം ഞങ്ങളുടെ  എറ്ണാകുളം  “സായന്തനം”  എന്ന   വയോജന  വെള്ളിയാഴ്ച  കൂട്ടായ്മ്മയില്‍   ഞങ്ങളുടെ  ഒരംഗവും എന്‍റെ  സുഹ്റുത്തുമായ  ശ്റീമതി   ധീരാത്മജ പ്രണയ  ഹാര്‍മ്മോണുകള്‍ എന്ന  വിഷയത്തെ  കുറിച്ച്   പ്രൌഢ ഗംഭീരമായ  ഒരു   ലഘുപ്രഭാഷണം  അവതരിപ്പിച്ചു. അതു കേട്ടപ്പോള്‍   എന്‍റെ  ജീവിതത്തിലെ  ചില  പ്രണയങ്ങളെ  കുറിച്ച്   ഓര്‍മ്മ  വന്നു.അത്  ഇവിടെ  കുറിക്കുന്നു.


എന്‍റെ  ജീവിതത്തില്‍  മൂന്നു  പ്രണയങ്ങള്‍   ആണ്  ഓര്‍മ്മ  വരുന്നത്. ആദ്യത്തെ  രണ്ടും  കൌമാരകൌതുകം  എന്നു  പറയാവുന്ന   അനുരാഗം (infatuation)  എന്നു പറയാം എങ്കിലും  ഇന്നും  തുടര്‍ന്നു വരുന്ന  മൂന്നാമത്തെ  പ്രണയവും ഉണ്ട്.

ആദ്യത്തെ  പ്രണയം  പതിവുപോലെ  സ്കൂളില്‍  വെച്ചു തന്നെ. ഞങ്ങള്‍  ആണ്കുട്ടികള്‍   മാത്രമുള്ള  ഏ  ഡിവിഷനിലും  പെണ്കുട്ടികള്‍   ബി  ഡിവിഷനിലും  ആയിരുന്നു. ആ പെണ്‍കുട്ടികളില്‍  ഒരാള്‍ എന്‍റെ  ശ്രദ്ധയില്‍  പെട്ടു. കാണാന്‍ അത്ര മോശമല്ലാത്ത  കിട്ടി , പഠിക്കാനും  മിടുക്കി , എസ്.എസ്.എല്‍.സി.ക്കു  ഞങ്ങളുടെ  സ്കൂളില്‍ നിന്നു   കിട്ടിയ  ഏഴു  ഫസ്റ്റ്  ക്ലാസ്സില്‍  ഏറ്റവും  മാര്‍ക്കു  കുറഞ്ഞ അയാളും  ഏറ്റവും  കൂടിയ  മാര്‍ക്കു വാങ്ങിയ  ഞാനും ആയിരുന്നു. എന്നാല്‍  ഈ  പ്രണയം തികച്ചും ഏകപക്ഷീയം  തന്നെ  ആയിരുന്നു. ഞാന്‍   അയാളോട്  ഇക്കാര്യം  പറയുകയോ   അയാള്‍ക്ക്  എന്നൊട്  എന്തെങ്കിലും തോന്നല്‍  ഉണ്ടായിരുന്നുവോ എന്ന്  60 വര്‍ഷം  കഴിഞ്ഞ  ഇന്നും  അറിയില്ല,. അതുകഴിഞ്ഞ്   ഉപരി പഠനത്തിനു  പാലക്കാട്ടേക്ക്  പോയപ്പോള്‍  ആ പ്രണയം  മറന്നു. 

അടുത്തത്   പാലക്കാട്  വിക്ടോറിയാ  കോളെജില്‍  പ്രീയൂണിവേര്‍സിറ്റിക്കു പഠിക്കുമ്പൊള്‍ ഉണ്ടായതാണ്  രണ്ടാമത്തെ  പ്രണയം. ജ്യേഷ്ടനും  കുടുംബവും ആയി  പുത്തൂര്‍  കാവിന്‍റെ  കുളത്തിനരികില്‍ ഉള്ള ഒരു  വീട്ടില്‍  ആയിരുന്നു  താമസം. പ്രായം  അറിയാമല്ലോ. കാവില കുളത്തില്‍ മാറു മറക്കാതെ  കുളിക്കുന്ന  തരുണീമണികളുടെ  വക്ഷോജം  ഒളിച്ചു  നിന്നു കാണുവാന്‍ ഞങ്ങളുടെ  വീടിന്‍റെ  മുകളിലെത്തെ  നിലയില്‍  ഏട്ടത്തിയമ്മ  കാണാതെ ഇടക്കിടക്കു പോയിരുന്ന  ഞാന്‍   എന്നൊടൊപ്പം   കോളേജിലേക്ക്   നടന്നു വരുമായിരുന്ന  ഒരു   കുട്ടിയെ  ശ്റദ്ധിച്ചു  തുടങ്ങി. ഇതും ചെറിയ  ഒരു  കുട്ടി,  ധാവണി  ഇട്ടു  തുടങ്ങിയിട്ടില്ല  എങ്കിലും  കാണാന്‍ മോശമല്ല. ഏതാനും  മാസം   ഈ  ‘പ്രണയ’വും  ഏകപക്ഷീയമായി  കൊണ്ടു  നടന്നു. അവസാനം  സുഹൃത്തുക്കളില്‍   ആരോ  പറഞ്ഞു  ആ കുട്ടിക്ക്   മുഴുവന്‍  വെപ്പുപല്ലാണെന്ന് . അതോടുകൂടി  രണ്ടാമത്തെ  പ്രണയവും  അവസാനിച്ചു.  


ഇനി  മൂന്നാമത്തേത്. നമ്മുടെ നാട്ടില്‍ എല്ലാ ചെറുപ്പക്കാര്‍ക്കും പഠനം കഴിഞ്ഞു ജോലി കിട്ടി കഴിഞ്ഞാല്‍ അടുത്ത പടി വിവാഹം ആണല്ലോ. കൊല്ലത്തു ടി കെ എം എഞ്ചിനീയറിംഗ് കോളേജില്‍ ആദ്യം ജോലി കിട്ടി, ഏകദേശം ഒരു വര്‍ഷം കഴിഞ്ഞു ആര്‍ ഈ സി യിലേക്ക് മാറി. പതിവ് പോലെ എനിക്കും വീട്ടില്‍ വിവാഹാലോചന തുടങ്ങിയെങ്കിലും എനിക്ക് ഉടനെ വിവാഹം കഴിക്കാന്‍ തീരെ താല്പര്യം ഇല്ല എന്ന് ജ്യേഷ്ടനോടും അച്ഛനോടും ഉറപ്പായി പറഞ്ഞിരുന്നു. ‘കാള കളിച്ചു’ നടക്കാനുള്ള താല്പര്യത്തെക്കാള്‍ വിവാഹം ഉപരിപഠനം കഴിഞ്ഞു മതി , പെണ്ണും പ്രാരബ്ധവും ഒക്കെ അതിനു പ്രതിബന്ധമാവും എന്നുള്ള ഭയം ആയിരുന്നു പ്രധാന കാരണം.

ആ അവസരത്തിലാണ് ഞങ്ങളുടെ ഒരു ബന്ധുവിന്റെ വീട്ടില്‍ നിന്ന് ആലോചന വന്നത്. അകന്ന ഒരമ്മാവന്റെ മകള്‍ തന്നെ, പതിവ് മുറപ്പെണ്ണ്അല്ല എന്ന് മാത്രം. വളരെ അടുത്തറിയാവുന്ന മങ്കൊമ്പ് തെക്കെക്കരയില്‍ നിന്ന് തന്നെ. പല കാരണങ്ങളും കൊണ്ടു ജ്യേഷ്ടനും അച്ഛനും അല്പം താല്പര്യം കാണിച്ചു എങ്കിലും എന്റെ മുമ്പ് പറഞ്ഞ എതൃപ്പ് കാരണം എന്നോടു പറയാന്‍ അവര്‍ വൈമനസ്യം കാട്ടി. പെട്ടെന്നൊരു ദിവസം ഒരു ഞായറാഴ്ച ഈ പെണ്‍കുട്ടിയുടെ അച്ഛന്‍ (എന്റെ ഒരകന്ന അമ്മാവന്‍) പുലര്ച്ചെ മലബാര്‍ എക്സ്പ്രെസ്സില്‍ ഞാന്‍ താമസിക്കുന്ന ആര്‍ ഈ സി യിലെ E ഹോസ്റ്റലില്‍ തിരഞ്ഞു പിടിച്ചെത്തി.(ഞാന്‍ അന്ന് E ഹോസ്റ്റലിലെ റെസിഡണ്ട് വാര്ഡവന്‍ ആയിരുന്നു) രാവിലെ കുളിയും മറ്റും കഴിച്ചു ഞങ്ങള്‍ രണ്ടു പേരും കൂടി D ഹോസ്റ്റലിലെ മെസ്സില്‍ പ്രാതല്‍ കഴിക്കാന്‍ എത്തി. അവിടെ ഞായറാഴ്ച മസാല ദോശയാണ് പ്രാതലിനു പലഹാരം. സ്വാഭാവികമായും ദോശ വരാന്‍ കുറച്ചു സമയം കൂടുതല്‍ എടുത്തു. ദോശക്കു വേണ്ടി കാത്തിരുന്ന സമയത്ത് അമ്മാവന്‍ വിവാഹകാര്യം എടുത്തിട്ടു. “നിനക്ക് എന്റെ മകളെ ഇഷ്ടമാണോ?“ ഇതാണ് ആദ്യത്തെ ചോദ്യം. ചെറുപ്പം മുതല്‍ കാണുന്ന കുട്ടി, കാണാനും മോശമല്ല. നാടന്‍ ഭാഷയില്‍ അടക്കവും ഒതുക്കവും ഐശ്വര്യവും ഉള്ള കുട്ടി. സ്വാഭാവികമായും എന്റെ ഉത്തരം “അതെ” എന്ന് തന്നെ. പക്ഷെ അടുത്ത ചോദ്യം എന്നെ കുഴപ്പത്തിലാക്കി . “എങ്കില്‍ അവളെ നിനക്ക് വിവാഹം കഴിച്ചു കൂടെ? “എന്നായി. “ഇഷ്ടം  തോന്നുന്ന  പെണ്‍കുട്ടികളെ  എല്ലാം   വിവാഹം  കഴിക്കാന്‍ പറ്റുമോ?”  എന്ന് നേരിട്ടു  ചോദിച്ചാല്‍   അധികപ്രസംഗം  ആവുമെന്ന് അറിയാവുന്നതു കൊണ്ട് ഉടനെ വിവാഹം കഴിക്കാന്‍ ഞാന്‍ തയാറല്ല എന്നതിന് കാര്യകാരണങ്ങള്‍ അവതരിപ്പിച്ചു ഞാന്‍ വാചാലനായി. അപ്പോള്‍ അമ്മാവന്‍ അടവ് മാറ്റി “ നിനക്ക് ഉന്നത വിദ്യാഭ്യാസത്തിനു പോകാന്‍ വിവാഹം കഴിഞ്ഞാലും ആയിക്കൂടെ, സാമ്പത്തികം ആണെങ്കില്‍ ഞാന്‍ വേണ്ടത് ചെയ്തു കൊള്ളാം?” വിവാഹം കഴിക്കാം, എന്റെ പഠനം കഴിഞ്ഞു മതി  എന്നൊക്കെ പറഞ്ഞു നോക്കി, പ്രായം തികഞ്ഞ പെണ്കുട്ടിയെ വീട്ടില്‍ നിര്‍ത്തുന്ന മാതാപിതാക്കളുടെ വിഷമങ്ങള്‍ ആയി അപ്പോള്‍. ചുരുക്കത്തില്‍ അമ്മാവന്റെ പ്രലോഭനം കൊണ്ടോ മസാലദോശ വരാന്‍ താമസിച്ചത് കൊണ്ടോ, കാരണം അറിയില്ല ഒരു ദുര്‍ബ്ബല നിമിഷത്തില്‍ ചൂട്  മസാല ദോശ സാക്ഷിയായിരിക്കെ ഞാന്‍ വിവാഹത്തിന് പകുതി സമ്മതം മൂളി എന്ന് തന്നെ പറയാം. വിജയശ്രീലാളിതനായി അമ്മാവന്‍ മസാല  ദോശയും  കാപ്പിയും   ഒരു  വിധത്തില്‍ വേഗത്തില്‍  അകത്താക്കി,  ഞാന്‍ അഭിപ്രായം മാറുന്നതിനു മുമ്പ് തന്നെ,  സ്ഥലം വിട്ടു.

അങ്ങനെയാണ് 1969ല്‍ ഡിസംബറില്‍ ഞങ്ങളുടെ വിവാഹം ഗുരുവായൂരില്‍ വച്ചു നടന്നത്. കോഴിക്കോട്ടു റീജിയണല്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ ജോലിക്ക് ചേര്‍ന്നത്  സെപ്റ്റംബറില്‍ , ഏതാനും മാസങ്ങള്‍ മാത്രമേ ആയിരുന്നുള്ളൂ. കാഷ്വല്‍ അവധി മാസത്തില്‍ ഒന്നര വച്ചു ബാക്കി ഉണ്ടായിരുന്ന ഒരു ദിവസം മാത്രം. ഉള്ള ഒരു ദിവസം അവധിയെടുത്ത് കോഴിക്കോട്ടു നിന്ന് ഞാന്‍ പാലക്കാട്ടെത്തി ജ്യേഷ്ഠനോടും കുടുംബത്തോടും ഒപ്പം രാവിലെ ഗുരുവായൂരിലെത്തി. മങ്കൊമ്പില്‍ നിന്ന് ശ്രീമതിയും ഞങ്ങളുടെ രണ്ടു കുടുംബങ്ങളിലെയും ബന്ധുക്കളും ആയി ഒരേ ബസ്സില്‍ പുലര്‍ച്ചെ തന്നെ അവിടെ എത്തിയിരുന്നു. കോഴിക്കോട്ടു നിന്ന് ഭരതന്‍ സാര്‍, വാസു, ജോസഫ്‌, ഐസക്, രഘുരാമി റെഡ്ഡി, കേശവ കൈമള്‍, രാമലിംഗം, അവസാന വര്‍ഷവിദ്യാര്‍ഥി സുധാകര മേനോന്‍, തുടങ്ങി പലരും വിവാഹത്തിന് വന്നു. എല്ലാവരും മുണ്ടുടുത്ത് നേര്യതു ചുറ്റി ക്ഷേത്രത്തിനുള്ളില്‍ കയറി ( അന്ന് വിവാഹം ക്ഷേത്ര മതില്ക്കു ള്ളില്‍ ആനക്കൊട്ടിലില്‍ വച്ച് ആയിരുന്നു ). അകത്തു കയറിയപ്പോള്‍ മാത്രം ജോസഫ്‌ കൃഷ്ണനും ഐസക് രാമനും ആയി എന്ന് മാത്രം. അറിയാതെ ശരിയായ പേര് വിളിച്ചാല്‍ ശുദ്ധികലശം കഴിക്കാന്‍ രൂപ അയ്യായിരം കരുതിക്കൊള്ളൂ എന്ന് നേരത്തെ അവരോടു പറഞ്ഞിരുന്നു. അത് കൊണ്ടു ആരും സാക്ഷാല്‍ പേര് വിളിച്ചില്ല. കൊല്ലത്തു നിന്ന് എന്റെ സുഹൃത്തുക്കളായ മുരളീധരനും ( മാവേലിക്കര) മുരളീധരന്‍ പിള്ളയും ( പാലാ) വന്നിരുന്നു വിവാഹ ചടങ്ങില്‍ പങ്കു കൊള്ളാന്‍.

വിവാഹം കഴിഞ്ഞ് ഞങ്ങള്‍ ജ്യെഷ്ടത്തിയോടും ജ്യെഷ്ടനോടും കൂടി ഒരു അമ്പാസഡര്‍ കാറില്‍ പാലക്കാട്ടേക്കു പുറപ്പെട്ടു. റോഡില്‍ കൂടിയുള്ള യാത്രയില്‍ ബുദ്ധിമുട്ടുള്ള ശ്രീമതി പിന്സീറ്റില്‍ ജ്യെഷ്ടത്തിയോടൊപ്പം ഇരിക്കുകയായിരുന്നു എങ്കിലും നാണം മറന്നു എന്റെ തോളില്‍ കിടന്നു ഒരു വിധം പാലക്കാട്ടെത്തി. സുല്ത്താന്‍ പേട്ടയില്‍ ഉദയാ ബുക്ക് സ്റ്റാളിന്റെ പുറകില്‍ ഉള്ള വാടക വീട്ടില്‍ എത്തി. വിക്ടോറിയ കോളേജിലെയും പാലക്കാട്ടെയും ജ്യേഷ്ടന്റെ മറ്റു സുഹൃത്തു ക്കള്ക്കും പാര്ട്ടി് നല്കി്യത് ഈ വീട്ടില്‍ വച്ചായിരുന്നു.


                                                                    അന്ന്   (1969) 

വിവാഹം വെള്ളിയാഴ്ച, പാര്‍ട്ടി ശനിയാഴ്ച, ഞായറാഴ്ച ഒരു ദിവസം കഴിഞ്ഞു തിങ്കളാഴ്ച പുലര്‍ച്ചെ ആറു മണിക്ക് തന്നെ ആര്‍ ഈ സി യിലേക്ക് പുറപ്പെട്ടു.. വഴിയില്‍ ബസ്സ് കേടായിപ്പോയത് കൊണ്ടു കോളേജില്‍ എത്തിയപ്പോള്‍ മണി പതിനൊന്നര. അര ദിവസം പോലും അവധി ഇല്ല, പിന്നെ തലവന്‍ ചാര്‍ലൂസാറിന്റെ കാലു പിടിച്ചു, ശമ്പളം പോകുന്നത് പോരാഞ്ഞു ടി കെ എമ്മില്‍ നിന്ന് വിട്ടു ആര്‍ ഈ സി യില്‍ ചേര്‍ന്നപ്പോള്‍ പോലും ഒരു ദിവസം പോലും സര്‍വീസ്  ബ്രേക്കില്ലാത്ത എനിക്ക് സര്‍വീസ്  ബ്രേക്കൊഴിവാക്കാനായി അപേക്ഷിച്ചു. അദ്ദേഹം കനിവ് കാണിച്ചു ഹാജര്‍ ബുക്കില്‍ ഒപ്പിടുവാന്‍ സമ്മതിച്ചു. ഹണിമൂണിന്റെ ബാക്കി അടുത്ത ശനി ഞായര്‍ ദിവസങ്ങളിലേക്ക് മാറ്റി വച്ചു. ശരിക്കും പത്തു ദിവസം കൃസ്തുമസ് അവധി കിട്ടിയപ്പോഴാണ് ശ്രീമതിയുമായി മനസ്സ് തുറന്നു സംസാരിക്കാന്‍ തന്നെ സമയം കിട്ടിയത്.

അങ്ങനെ  ആദ്യത്തെ  ഏകപക്ഷീയമായ  രണ്ട്  നഷ്ടപ്രണയത്തിനു  ശേഷം  വിവാഹ ശേഷമുള്ള  നീണ്ട  പ്രണയത്തില്‍  ആണ്  ഞങ്ങള്‍  രണ്ടു  പേരും .  1969 ല്‍  ഒന്നായി  ചേര്‍ന്ന  ഞങ്ങള്‍ ഇപ്പോഴും പ്രണയത്തില്‍  ആണ്. വാര്‍ദ്ധക്യസഹജമായ  അസുഖങ്ങള്‍ക്ക്   ഒരു  കുറവും  ഇല്ല  എങ്കിലും ഇപ്പോഴും  ആ  പ്രണയം  അനുസ്യൂതം  തുടരുന്നു. ഗുരുവായൂരപ്പനും  ഞങ്ങളെ ഒന്നാക്കാന്‍  സഹായിച്ച  ദിവംഗതരായ  മാതാ പിതാക്കള്‍ക്കും  നന്ദി  . 


                                                                         2010ല്‍  

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി