കള്ളന്‍മാരുടെ വഴികളും ചില ഒരനുഭവങ്ങളും
കഴിഞ്ഞ ദിവസം കുന്നംകുളത്ത് ഏതാനും കടകളില്‍ ഒരു കള്ളന്‍ കയറി. ആദ്യത്തെ കടയില്‍ നിന്നു 12000 രൂപ കിട്ടി, അടുത്ത കടയില്‍ നിന്നു 500 രൂപയും . മൂന്നാമത്തെ കട കണ്ടപ്പോല്‍ തന്നെ അയാള്‍ സന്തോഷിച്ചു. നല്ല ആഡംബര രീതിയില്‍ നിര്‍മ്മിച്ചത്. ഒന്നാം തരം ഗ്ലാസ്സ് വാതില്‍ വളരെ ബുദ്ധിമുട്ടിയാണ് അയാള്‍ പൊളിച്ചത് . ഏതായാലും അകത്തു നിന്നു കിട്ടാന്‍ പോകുന്ന നിധി ഓര്‍ത്ത് അയാള്‍ ആശയൊടെ അകത്തു കയറി, പണമായി ഒരൊറ്റ പൈസ കിട്ടിയില്ല , നിരാശനായി അയാള്‍ ഒരു ഡ്രെസ്സ് മാത്രം എടുത്തു. കണ്ണാടി ഭിത്തിയില്‍ എഴുതി വെച്ച് “ എടാ നാറീ, നിന്‍റെ കയ്യില്‍ ഒരു പൈസ പോലും ഇല്ലെങ്കില്‍ എന്തിനാടാ ഇത്തരം ഗ്ലാസ്സ് വാതില്‍കൊണ്ട് പൂട്ടി വെച്ചെക്കുന്നെ? “ ഇതു വായിച്ചപ്പൊള്‍ ഞാന്‍ കേട്ടതും അനുഭവിച്ചതും ആയ രണ്ട് സംഭവങ്ങള്‍ ഓര്‍മ്മ വന്നു . അതു നിങ്ങളുമായി പങ്കുവെക്കുന്നു.
1.
ഞങ്ങളുടെ
റീജിയണല്‍ എഞ്ചിനീയറിങ്ങ് കോളെജ്
ഇപ്പോഴത്തെ ചാത്തമംഗലം ക്യാമ്പസ്സിലേക്ക് മാറിയിട്ട്
അധികം ആയില്ല. അദ്ധ്യാപകര്‍ക്കും മറ്റും
താമസിക്കാന്‍ ഇന്നത്തെപ്പോലെ ക്വാര്‍ട്ടേര്‍സ് ഒന്നും
ആയിട്ടില്ല. മിക്കവാറും എല്ലാവരും വാടക വീട്ടില്‍
ആയിരുന്നു താമസം , കൂട്ടത്തില്‍ ഒരു അദ്ധ്യപകന്‍റെ വീട്ടില്‍
അവര്‍ നാട്ടില്‍ പോയ സമയത്ത് കള്ളന്‍ കയറി. അയാള്‍ എല്ലായിടവും
നോക്കി, ഒന്നും
കിട്ടിയില്ല, ഏതാനും പഴയ വസ്ത്രങ്ങളും
പാത്രങ്ങളും മാത്രമേ അയാള്‍ക്ക്
കാണാന്‍ കഴിഞ്ഞുള്ളു. രാത്രി ആയതുകൊണ്ട് ഒരു പാക്കറ്റ് മെഴുകുതിരിയുമായി ആയിരുന്നു
അയാള്‍ വീട്ടില്‍ കയറിയത്. ഒന്നും കിട്ടാത്ത ദ്വേഷ്യത്തില്‍ അയാള്‍
മുന്നിലെ വലിയ ഹാളിന്‍റെ
നടുക്കു തറയില്‍ മല വിസര്‍ജ്ജനം നടത്തി. അതിനു ചുറ്റും ബാക്കിയുള്ള
മെഴുകുതിരിയും ഭംഗിയായി കത്തിച്ചു
വെച്ചിട്ടു പോയി.
2.
ഇനി ഞങ്ങളുടെ
അനുഭവം : ഞാന്‍ എന്‍.ഐ.റ്റി.യില്‍ നിന്നു
2011 ല്‍ പിരിഞ്ഞതിനു ശേഷം എന്‍റെ
ടി.കെ.എമ്മിലെ പ്രൊഫസര്‍ ജമാലുദ്ദീന്‍ ലെബ്ബ സാര്‍
പ്രത്യേകം പറഞ്ഞതനുസരിച്ച് ഏതാനും വര്‍ഷം കുറ്റിപ്പുറം എം.ഈ.എസ്. കോളെജില്‍ ജോലി ചെയ്യുകയുണ്ടായി.
ആദ്യമാദ്യം ദിവസേന നഗരത്തിലെ
വീട്ടില്‍ നിന്ന് രാവിലത്തെ ട്റെയിനില്‍
പോയി വൈകുന്നേരം കോഴിക്കോട്ട് തിരിച്ചു
വരുകയായിരുന്നു. എന്നും ഉള്ള യാത്ര ബുദ്ധിമുട്ടായി തോന്നിയതു
കൊണ്ടും വീട്ടില്‍ ശ്രീമതി പകല്‍ മുഴുവന്‍
തനിച്ചായതു കൊണ്ടും ലെബ്ബ സാറിന്‍റെ ദയ കൊണ്ട് ഞങ്ങള്‍ക്ക്
കൊളേജ് പുതിയതായി വാങ്ങിയ സ്ഥലത്ത് കുറെ നാള്‍ മുമ്പ് എം.ടി.വാസുദേവന്‍ നായര്‍ ഉണ്ടാക്കിയിരുന്ന ഒരു റിസോര്‍ട്ടിലെ ഒരു ചെറിയ കെട്ടിടം
സാര്‍ ഞങ്ങള്‍ക്ക് താമസിക്കാന്‍ ശരിയാക്കി തന്നു. ഭാരതപ്പുഴയുടെ തീരത്ത്
പ്രകൃതി സുന്ദരമായ സ്ഥലം . ഞങ്ങള്‍ തിങ്കളാഴ്ച്ച അതിരാവിലെ
ഞങ്ങളുടെ വാഹനത്തില്‍ പുറപ്പെട്ട് 8 മണിക്കു
മുമ്പ് കുറ്റിപ്പുറം താമസ സ്ഥലത്ത്
എത്തുമായിരുന്നു. വെള്ളിയാഴ്ച മൂന്നു മണിയോടെ
തിരിച്ചും പോന്നു വന്നു. വാരാന്ത്യത്തില്‍
വീട്ടില്‍ കഴിഞ്ഞു വന്നു. നഗര കേന്ദ്രത്തില്‍ ഉള്ള വീട്ടില്‍
കള്ളന്‍ കയറുമോ എന്ന ഭയം ഉള്ളതു കൊണ്ട് ഇതു
പതിവാക്കി . എന്നാല്‍ എന്തോ കാരണവശാല്‍
ഒരു വാരാന്ത്യത്തില്‍ ഞങ്ങള്‍ക്ക് വീട്ടില്‍
എത്താന്‍ കഴിഞ്ഞില്ല. അടുത്ത
വാരാന്ത്യത്തില്‍ വീട്ടില്‍ എത്തിയപ്പോള്‍
ഞങ്ങളുടെ വീടിന്‍റെ ഒന്നാം തരം
തേക്കിന്‍റെ മുന്‍ വാതില്‍ മുറിച്ച് കള്ളന്‍
അകത്തു കയറി എന്നു കണ്ടു. അകത്തു
കയറി നോക്കിയപ്പോള്‍ വീട്ടിലെ അലമാര ഒന്നും
പൂട്ടിയിട്ടില്ലാതിരുന്നതു കൊണ്ട് അതിനകത്തെ സാധനങ്ങള്‍ എല്ലാം, ബാങ്കിലെ പാസ്സ് ബുക്കും സ്ഥിര നിക്ഷേപ രസീതു മൊക്കെ വാരി വലിച്ചു
വെളിയില്‍ ഇട്ടിരിക്കുന്നു. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ശ്രീമതിയുടെ ഏതാനും
ഓട്ടുപാത്രങ്ങള്‍ പോയി എന്നയാള്‍ പറഞ്ഞു. പക്ഷേ ഈ കള്ളനും ഒന്നും
കിട്ടാത്ത വിഷമത്തില്‍ ഞങ്ങളുടെ
താഴത്തെ കിടപ്പുമുറിയുടെ കക്കൂസില്‍
നിലത്ത് വിശദമായി മല വിസര്‍ജ്ജനം നടത്തി വെച്ചിരുന്നു. മെഴുകുതിരി ഇല്ലായിരുന്നു എന്നു മാത്രം.
ഒന്നും കിട്ടാത്ത നിരാശയില്‍ അയാള്‍
ഇത്രയൊക്കെയേ ചെയ്തുള്ളു എന്നതു
സമാധാനം ആയി തോന്നി. മുന്‍ വാതില്‍
മോര്‍ട്ടിസ് ലോക്ക് ഉള്‍പ്പെടെ ശരിയാക്കാന്‍
മൂവായിരത്തോളം രൂപ മുടക്കിയതു
മിച്ചം .
കുറ്റാന്വേഷകരായ ചില പോലീസ്
കാര്‍ പറയാറുണ്ട് , ഓരൊ കള്ളനും
അവന്‍റേതായ ചില അടയാളങ്ങള്‍ ബാക്കി വെക്കാറുണ്ട് എന്നു. ഈ രണ്ട് കള്ളന്‍മാരും
അങ്ങനെ
ആണെങ്കില്‍ ഒരാള്‍ തന്നെ ആയിരുന്നോ
, ആവോ.
Comments