ഒരു കറുത്ത പൂച്ചയും ഹോം നര്‍സും സര്‍ക്കാര്‍ ആശുപത്രിയും
കറുത്ത പൂച്ച ശകുനം മുടക്കിയാണ്, യാത്ര തുടങ്ങുമ്പോള്‍ കുറുക്കിനു ചാടിയാല്‍ വഴിയില്‍ അപകടം ഉറപ്പ് . അന്ധവിശ്വാസം ആവാം എങ്കിലും എനിക്കു ഒരു കറുത്ത പൂച്ച ഏതാനുംദിവസങ്ങള്‍ക്ക് മുമ്പു തന്ന എട്ടിന്‍റെ പണി നിങ്ങളും കേള്‍ക്കുക.
ഞങ്ങള്‍ താമസിക്കുന്ന ക്യാമ്പസ്സില്‍ കുറെ പൂച്ചകള്‍ ഭക്ഷണം തേടി നടക്കുന്നുണ്ട് . മെസ്സില്‍ ബാക്കി വരുന്ന ഭക്ഷണം മുമ്പ് ഒരു ബയോഗ്യാസ് പ്ലാന്‍റില്‍ ആയിരുന്നു നിക്ഷേപിച്ചിരുന്നത്. ഇപ്പോള്‍ പ്ലാന്‍റ്റ് പ്രവര്‍ത്തനരഹിതമായതുകൊണ്ട് ഭക്ഷണാവശിഷ്ടങ്ങള്‍ പുറത്ത് ഒന്നു രണ്ട് വീപ്പയില്‍ നിക്ഷേപിക്കുന്നു. ഏതെങ്കിലും സമയത്ത് ലോറിയില്‍ കയറ്റി കൊണ്ടുപോകാന്‍ ചിലര്‍ വരുന്നു. സാധനം കൊണ്ടു പോകുന്നതിനു മുമ്പ് കുറേയൊക്കെ കഴിക്കാന്‍ കിട്ടും എന്നുള്ളതു കൊണ്ട് പൂച്ചകളുടെ എണ്ണം കൂടി വന്നു. അതില്‍ ഒരു കറുത്ത പൂച്ച അടുത്ത് അല്‍പം അസ്വസ്ഥനായിക്കണ്ടു. അവന്‍ “മ്യാവൂ - മ്യാവൂ “ കരഞ്ഞുകൊണ്ട് മെസ്സ് ഹാളിനു താഴെ മുറ്റത്ത് ചുറ്റി നടന്നു. ഒരു ദിവസം എന്‍റെ വീട്ടില്‍ ഭാര്യയെ ശുഷ്രൂഷിക്കാന്‍ നില്‍ക്കുന്ന ഹോം നര്‍സ് ഈ പൂച്ചയുമായി അല്‍പ്പം സ്നേഹം കൂടാന്‍ ചെന്നു എന്നു തോന്നുന്നു. ആ പൂച്ച അയാളുടെ കാലില്‍ ശക്തിയായി ഒന്നു മാന്തി വിട്ടു. കാര്യം അറിഞ്ഞപ്പോള്‍ ഞാന്‍ പുറത്തു പോയി ഒരു ടെറ്റനസ് കുത്തിവെപ്പു മരുന്നു വാങ്ങി. ഞങ്ങളുടെ സ്റ്റാഫ് നര്‍സ് കുത്തിവെപ്പും നടത്തി , മുറിവില്‍ അല്‍പ്പം മരുന്നു പുരട്ടി ആദ്യ ദിവസം കഴിഞ്ഞു. ഞാന്‍ എല്ലാ സംശവും തീര്‍ക്കുന്ന സാക്ഷാല്‍ ഗൂഗിളില്‍ തിരഞ്ഞു നോക്കിയപ്പോള്‍ പൂച്ചയുടെ വായിലെ ഉമിനീര്‍ വീണാല്‍ മാത്രമേ അപകടസാദ്ധ്യതയുള്ളു എന്നു മനസ്സിലാക്കി.
എന്നാല്‍ അടുത്ത
ദിവസം പൂച്ച ആക്രമിച്ച നമ്മുടെ കക്ഷി
അയാളുടെ ഒരു സുഹൃത്ത് നര്‍സിനെ
ഫോണ്‍ ചെയ്തു ചോദിച്ചതില്‍ പേപ്പട്ടി വിഷത്തിനുള്ള
കുത്തി വെപ്പു എടുക്കുകയാണ് നല്ലത്
എന്നു പറഞ്ഞു എന്നെന്നോട് പറഞ്ഞു.
ഏതായാലും നമ്മെ ആത്മാര്‍ത്ഥമായി സഹായിക്കുന്ന ഒരാള്‍ക്ക്
അപകടം ഉണ്ടാവുന്നത് ചിന്തിക്കാന്‍
വയ്യ. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കൊട്
കടപ്പുറത്ത് വീഗാര്‍ഡ് മുതലാളി ചിറ്റിലപ്പള്ളി നടത്തിയ ഏക ദിന
പേപ്പട്ടി വിഷ ബാധ ബോധവത്കരണത്തിനും
മേനകാ ഗാന്ധിയുടെ ABC നിയമത്തിനോട് പ്രതിഷേധിക്കുവാനും
ഒരു ദിവസം മുഴുവന്‍ നിരാഹാര കുത്തിയിരിപ്പു നടത്തുകയും
അവിടെ വെച്ചു കൊച്ചു
കുട്ടികളെയും അന്ധരായവരെയും പേപ്പട്ടി കടിച്ച്
അവരില്‍ ചിലരുടെ അതി ദാരുണമായ
അന്ത്യം വിഡിയോയില്‍ കണ്ട ഭീതിദമായ ഓര്‍മ്മയും വന്നപ്പൊള്‍ കാര്യം കൂടുതല്‍ വഷളാകാന്‍ കാത്തിരിക്കാതെ അയാളെ
കുത്തിവെപ്പിക്കാന്‍ പുറപ്പെട്ടു, ഭാഗ്യത്തിനു മകള്‍
അവധിക്കു വന്നതു കൊണ്ട് അമ്മയെ
അയാളെ ഏല്‍പ്പിച്ചു ഞങ്ങള്‍ ഏതാണ്ട്
6 കി മീ ദൂരത്തില്‍ ഉള്ള
മുളന്തുരുത്തി കമ്മ്യൂണിറ്റി
ആരോഗ്യ കേന്ദ്രത്തില്‍ എത്തി. അല്‍പ്പം നീണ്ട
ക്യൂ വില്‍ നിന്ന് ഓപി ടിക്കറ്റ്
എടുത്തു ഡോക്ടറുടെ അടുത്ത്
എത്തി. അവര്‍ പറഞ്ഞു
ഏതായാലും കുത്തി വെപ്പു തുടങ്ങിക്കോളൂ, എന്നാല്‍ മൂന്നു
ദിവസത്തിനകം IDR എന്ന
പേരില്‍ ഉള്ള മറ്റൊരു
കുത്തിവെപ്പു കൂടി എടുക്കണം. അത് അല്‍പ്പം ചിലവു കൂടിയ മരുന്നായതു കൊണ്ട് എറണാകുളം
ജനറല്‍ ആശുപത്രിയില്‍ പോയാല്‍
മാത്രമേ അതെടുക്കാന്‍ കഴിയൂ
എന്നും പറഞ്ഞു. പ്രൈവറ്റ് ആശുപത്രിയില്‍ കിട്ടാന്‍ വിഷമം ആണ്, കിട്ടിയാല്‍ തന്നെ 2000 മുതല്‍ 5000 വരെ വസൂലാക്കും എന്നും ഡോക്ടര്‍ പറഞ്ഞു.
ഏതായാലും പുറത്തു മെഡിക്കല്‍ ഷോപ്പില്‍
നിന്നു 7 രൂപക്ക്
ഒരു ഇന്സുലിന്‍ കുത്തി വെക്കുന്ന
സിറിഞ്ച് വാങ്ങി വന്ന്
ആദ്യത്തെ കുത്തിവെപ്പ് എടുത്തു. ഞങ്ങള്‍ രണ്ടു പേരും കൂടി എന്‍റെ കാറില്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍ ഉള്ള
ജനറല്‍ ആശുപത്രിയില്‍ എത്തി. അവിടെയും ഓപ്പി
ടിക്കറ്റെടുത്തു കുത്തിവെപ്പിനുള്ള കൌണ്ടറില്‍ എത്തി. ആദ്യം ടെസ്റ്റ് ഡോസ്
എടുത്ത് അരമണിക്കൂര്‍ കാത്തിരുന്നു. ഞങ്ങളുടെ മകന്‍റെ
പേരുള്ള, റഷ്യയില്‍
നിന്നു മെഡിക്കല്‍ ബിരുദം നേടിയ ഡോക്ടര്‍ പ്രശ്നം ഒന്നുമില്ല
എന്നു പറഞ്ഞു. ശരിക്കുള്ള കുത്തിവെപ്പ് എടുത്തു.
പക്ഷേ അതു കഴിഞ്ഞ്
അവര്‍ പറഞ്ഞു രണ്ട് മണിക്കൂര്‍
കഴിഞ്ഞേ പോകാവൂ. ഏതെങ്കിലും അലര്‍ജി പണി തുടങ്ങിയാല്‍ അടിയന്തിരമായി മരുന്നു കേറ്റാന്‍ അയാളുടെ കയ്യില്‍
ഇഞ്ചെക്ഷനു വേണ്ടി ക്യാനുല
പിടിപ്പിച്ചിരുന്നു. ഞങ്ങള്‍ ആകെ
ധര്‍മ്മസങ്കടത്തിലായി. പൂര്‍ണ ആരോഗ്യവതിയല്ലാത്ത ഭാര്യയെ
വീട്ടില്‍ ഇന്നലെ മാത്രം
വിദേശത്തു നിന്നെത്തിയ മകളെ ഏല്‍പ്പിച്ചു
പോന്നിരുന്നതുകൊണ്ട് ഭാര്യക്കു 11 മണിക്കുള്ള
ഭക്ഷണം കൊടുത്തിട്ടില്ല, ഒരു മണിയുടെ ഭക്ഷണവും
കൊടുക്കാന്‍ കഴിയുന്നില്ലല്ലോ എന്നതായിരുന്നു ഞങ്ങളുടെ പ്രശ്നം. “സാറു
പൊയ്ക്കൊള്ളാന്‍” അയാള്‍ എന്നോട് പറഞ്ഞു
എങ്കിലും എന്തെങ്കിലും റിയാക്ഷന്‍ ഉണ്ടായാല്‍
അയാളെ സഹായിക്കാന്‍ ആരും ഇല്ലല്ലോ എന്നു കരുതി .
ഏതായാലും ഞങ്ങള്‍ രണ്ട് പേരും കൂടി വരുന്നിടത്തു വെച്ച് കാണാം എന്നു തീരുമാനിച്ച് വീട്ടിലേക്ക്
പോന്നു. ഭാര്യക്കു ഒരു മണിയുടെ ഭക്ഷണം
1 30 നെങ്കിലും കൊടുക്കാന്‍ കഴിഞ്ഞു. ഭാഗ്യവശാല്‍ അയാള്‍ക്ക്
യാതൊരു റിയാക്ഷനും ഉണ്ടായില്ല.
പൊതുവെ അയാള്‍ക്ക് അലര്‍ജി ഒന്നുമില്ല എന്നു പറഞ്ഞത് സത്യമായി. കയ്യിലെ ക്യാനുല അയാള്‍
തന്നെ കുറെ നേരം അഴിച്ചു വെച്ചു.
എന്നാല്‍ വൈകുന്നേരമായപ്പോള്‍ പൂച്ച
മാന്തിയ , കുത്തി വെച്ച കാലില്‍ നല്ല വേദനയും
നീരുമായി, അയാള്‍ വീണ്ടും
നര്‍സായ സുഹൃത്തിനെ വിളിച്ചു
ചോദിച്ചപ്പോള്‍ അവര്‍ ചോദിച്ചു
“തനിക്ക് ആന്‍റി
ബയോടിക്സ് ഒന്നും ആശുപത്രിയില്‍
നിന്നു തന്നില്ലേ ?”. പക്ഷേ ഞങ്ങള്‍ ചികിത്സ പൂര്‍ത്തിയാക്കാതെ ചാടിപ്പോന്നതാണെന്ന വിവരം അറിയിച്ചപ്പോള്‍ ഒരു കോര്‍സ്
ആന്‍റിബയോടിക്സ് കഴിച്ചു കൊള്ളൂ എന്ന് ഉപദേശിച്ചു. .അത് വാങ്ങി കഴിച്ചു. മൂന്നു ദിവസം ഇടവിട്ട് രണ്ട് കുത്തിവെപ്പുന്‍ കൂടി എടൂത്തു. ഇപ്പോള്‍ എല്ലാം ഒരു മാതിരി നോര്‍മ്മല്‍ ആയി .വരുന്നു. 28 ദിവസം കഴിഞ്ഞ്
അവസാനത്തെ കുത്തിവെപ്പ് കൂടി എടുത്താല്‍
എല്ലാം കഴിയും.ശുഭം ആവും..
ഏതായാലും നമ്മുടെ
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ പണ്ടത്തെ
പോലെയൊന്നും അല്ല എന്ന് രേഖപ്പെടുത്താന്‍ സന്തോഷം ഉണ്ട്. മുളന്തുരുത്തി കമ്മ്യൂണിറ്റി
കേന്ദ്രത്തില്‍ തന്നെ ആവും.ദന്ത രോഗ , പാലിയേറ്റീവ് ചികിത്സിക്കും ഫിസിയോ തെറാപ്പിക്കും വരെ കേന്ദ്രങ്ങള്‍
ഉണ്ട്. ചികിത്സകളെ കുറിച്ച് എല്‍ സി ഡി പരസ്യം
വരെ ഉണ്ടവിടെ. അടിസ്ഥാന
സൌകര്യങ്ങളും ജീവനക്കാരുടെ പെരുമാറ്റവും
തികച്ചും മെച്ചപ്പെട്ടതാണ് എന്നത്
വളരെ ആഹ്ലാദം തരുന്നു. പണ്ട് നമ്മുടെ
പ്രാഥമിക ചികിത്സാ കേബ്ദ്രങ്ങളില്‍
കുറെ ഗര്‍ഭിണികളും അടിപിടി കേസിലെ വീരന്‍മാരും
മാത്രം ആയിരുന്ന കാലം കഴിഞ്ഞു. സൌജന്യ ചികിത്സ
ആയതുകൊണ്ട് അല്‍പ്പം തിരക്കുണ്ടെന്നു മാത്രം. ഞാനും ഭാര്യയും
കോവിഡ് വാക്സിനേഷനു വേണ്ടി പോയ കീച്ചേരി
അരോഗ്യ കേന്ദ്രത്തിലും വൈക്കം പ്രാഥമിക കേന്ദ്രത്തിലും ജീവനക്കാരുടെ ഹൃദ്യമായ പെരുമാറ്റവും അത്യാവശ്യ സൌകര്യങ്ങളുടെ ലഭ്യതയും ശ്ലാഖനീയം തന്നെ.
Comments