കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാ മസ്ജിദ് സന്ദര്‍ശനം
ഞാന്‍ എം.ഈ.എസ്. എഞ്ചിനീയറിങ്ങ് കോളെജില്‍ ജോലി ചെയ്യുമ്പോള്‍ പ്രസിദ്ധ ചരിത്രകാരനായ ശ്രീ.എം.ജി.എസ്.നാരായണന്‍ ഞങ്ങളുടെ കോളെജില്‍ വന്നു ഒരു പ്രഭാഷണം നടത്തുകയുണ്ടായി. വാസ്കോ ഡ ഗാമാ കോഴിക്കോട് കാപ്പാട് കടപ്പുറത്തല്ല വന്നിറങ്ങിയത് എന്നു തുടങ്ങി മുമ്പ് കേട്ടറിഞ്ഞ പല കാര്യങ്ങളും തെറ്റാണ് എന്നു അദ്ദേഹം സ്ഥാപിച്ചു. കൂട്ടത്തില്‍ കേരളത്തില്‍ ആദ്യമായി സ്ഥാപിച്ച മുസ്ലീം പള്ളിയെപ്പറ്റിയും പറയുകയുണ്ടായി. കൊടുങ്ങല്ലൂരില്‍ മാലിക് ദിനാര്‍ എന്നയാള്‍ ആയിരുന്നു കേരളത്തിലെ മാത്രമല്ല ഭാരതത്തിലെ തന്നെ ആദ്യത്തെ മുസ്ലീം പള്ളി സ്ഥാപിച്ചത് എന്നും അദ്ദേഹം പ്രസ്താവിക്കുകയുണ്ടയി. തന്‍റെ ഏതാനും അനുചരന്മാരൊടൊപ്പം അറബി നാട്ടില്‍ നിന്നു പ്രവാചകന്‍ മുഹമ്മദിന്‍റെ നിര്‍ദ്ദേശ പ്രകാരം വിവിധ നാടുകളില്‍ മുസ്ലീം മതപ്രചാരണത്തിനും പള്ളികള്‍ ഉണ്ടാക്കാനും വന്നതായിരുന്നു അവര്‍. പക്ഷേ അവര്‍ക്ക് ചേരമാന്‍ പെരുമാളിനോട് ഉള്ള ബന്ധം വ്യക്തമായിരുന്നില്ല..
കഴിഞ്ഞ ദിവസം
ഞാനും എന്‍റെ മകനും
കുടുംബവുമായി കൊച്ചിയില്‍ നിന്ന്
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോയി ദര്‍ശനം നടത്തി അടുത്ത ദിവസം തിരിച്ചു വരുന്ന വഴി ചെറായി
ബീച്ച് കാണണമെന്ന് കുട്ടികള്‍ക്ക് താല്‍പര്യം ഉണ്ടായി.
കൊടുങ്ങല്ലൂര്‍ എത്തിയപ്പോള്‍ ചേരമാന്‍ ജുമാ
മസ്ജിദ് എന്ന ബോര്‍ഡ് കണ്ടപ്പോള്‍ അവിടെ വാഹനം നിര്‍ത്തി ചരിത്ര
പ്രസിദ്ധമായ ആ പള്ളി കാണാന്‍ ശ്രമിച്ചു.
പള്ളി പുറത്തു നിന്നു നോക്കിയാല്‍
നമ്മുടെ കേരള ശില്‍പ്പകലാ രീതിയില്‍ ക്ഷേത്രങ്ങളുടെ സമാനമായ രൂപത്തില്‍ ആണ്
നിര്‍മ്മിച്ചിരിക്കുന്നത് എന്നു
കണ്ടൂ. മാലിക് ദിനാര്‍ ആദ്യം
ഉണ്ടാക്കിയ പള്ളി പല പല പ്രാവശ്യം പുതുക്കി പണീതിട്ടുമുണ്ട് എന്നു വായിച്ചു. പതിവുപോലെ ഈ ബ്ലോഗ്ഗ്
എഴുതുന്നതിനു വേണ്ടി അല്‍പ്പം അന്വേഷണം നടത്തി കിട്ടിയ
വിവരങ്ങള്‍ സംക്ഷിപ്തമായി ഇവിടെ
കുറിക്കുന്നു.
ചേരവംശ ഭരണം
ക്രിസ്തുവിനു മുമ്പ്
അഞ്ചാം നൂറ്റാണ്ടു മുതല്‍ കൃസ്തുവിനു ശേഷം 12 ആം നൂറ്റാണ്ടു
വരെ കേരളത്തിന്‍റെ ചില
ഭാഗങ്ങള്‍ ഭരിച്ചിരുന്ന
ക്ഷത്രിയര്‍ ആയിരുന്നു. ചേരമര്‍ എന്നറിയപ്പെട്ടവര്‍. ഇവരുടെ ഭരണകാലം രണ്ടുഘട്ടത്തില്‍ ആയിരുന്നു
എന്നു കാണുന്നു. ആദ്യഘട്ടം ഏ.ഡി. 8ആം നൂറ്റാണ്ടു വരെയും രണ്ടാം ഘട്ടം അതിനു ശേഷവും ആയിരുന്നു. ഇതേ സമയത്ത് ദക്ഷിണ ഇന്ത്യയിലെ മറ്റു രണ്ട് രാജവംശങ്ങള്‍ ആയിരുന്നു ചോഴരും
പാണ്ഡ്യരും. ആദ്യകാല ചേരര്‍ ഭരിച്ചിരുന്നത് മലബാര്‍ തീരം മദ്ധ്യ കേരളം കോയമ്പത്തൂര്‍, സേലം എന്നീ ഭാഗങ്ങളായിരുന്നു. ചേരരാജാക്കന്‍മാരെ
പൊതുവെ പെരുമാള്‍ എന്നായിരുന്നു വിളിച്ചിരുന്നത്. ആദ്യഘട്ടത്തില്‍ അവസാനം ഭരണത്തിലിരുന്ന ഒരു ചേരരാജാവിനെ ചേരമാന്‍ പെരുമാള്‍ എന്നും അറിയപ്പെട്ടിരുന്നു. വിക്കിപ്പീഡിയായില്‍ നിന്നു
ചേരമാന്‍ ജുമാ
മസ്ജിദിനെപ്പറ്റി കിട്ടിയ വിവരങ്ങള്‍ അനുസരിച്ചു അന്നത്തെ
ചേര രാജാവായിരുന്ന പെരുമാള്‍ക്ക് ചന്ദ്രബിംബം
രണ്ടായി മുറിഞ്ഞു നില്‍ക്കുന്നതു പോലെ ഒരു സ്വപ്നം
ഉണ്ടായി എന്നു പറയപ്പെടുന്നു. അന്നത്തെ
ചേരരാജ്യത്തിന്‍റെ തലസ്ഥാനം ആയിരുന്ന കൊടുങ്ങല്ലൂരില്‍ മുസിറിസ്
എന്ന തുറമുഖം അറബികളുമായി നമ്മുടെ
സുഗന്ധദ്രവ്യങ്ങളും മറ്റും വിപണനത്തിന് ഉപയോഗിച്ചിരുന്നു. സ്വപ്നത്തിന്‍റെ അര്‍ത്ഥം അറിയാന്‍ പെരുമാള്‍ മുസ്ലിം അനുയായികളായ ചില അറബികളോട് അന്വേഷിച്ചപ്പോള്‍ അവരില്‍ ചിലര്‍ “ഇത്തരം
ഒരു അത്ഭുതം പ്രവാചകന്‍ മുഹമ്മദ് കാണിക്കുകയുണ്ടായി” എന്നു
പറഞ്ഞു. അപ്പോള്‍ ഈ സ്വപ്നം പെരുമാളിനെ
ഇസ്ലാം മതത്തിലേക്ക്
ക്ഷണിക്കുകയാവാം എന്ന് അവര്‍
പറഞ്ഞു. ഏതായാലും ചേരമാന്‍
പെരുമാള്‍ ഈ സംഭവത്തില്‍ കൂടി ഇസ്ലാം മതത്തില്‍ ആകൃഷ്ടനായി എന്നു തോന്നുന്നു. അദ്ദേഹം
രാജ്യത്തെ മേഖലകളാക്കി തിരിച്ചു ഓരോന്നും
ഒരോ നാട്ടുപ്രമാണികളെ ഏല്‍പ്പിച്ച ശേഷം
ആരും അറിയാതെ സൌദി അറേബ്യയില്‍ പോയി
പ്രവാചകന്‍ മുഹമ്മദിനെ കണ്ട്
പ്രവാചകനില്‍ നിന്നും ഇസ്ലാം
മതം സ്വീകരിച്ച് താജുദീന്‍ എന്ന പേരും സ്വീകരിച്ചു എന്നു പറയപ്പെടുന്നു. അതിനു
ശേഷം ഏതാനും അറബി സുഹൃത്തുക്കളുമായി തിരിച്ചു കേരളത്തിലേക്ക് പുറപ്പെട്ടു, എന്നാല്‍ വഴി മദ്ധ്യേ അദ്ദേഹം ഒമാനില്‍ വെച്ച് രോഗം
ബാധിച്ചു മരിച്ചു. എന്നാല്‍
മരിക്കുന്നതിനു മുമ്പ് തന്‍റെ ചേരരാജ്യത്തിലെ മേഖലകളുടെ ഭരണം ഏല്‍പ്പിച്ചവര്‍ക്ക് ഒരു കത്തെഴുതുകയും
അതില്‍ മുസ്ലിം പള്ളികള്‍ എല്ലാ മേഖലയിലും സ്ഥാപിക്കണം എന്നും ആവശ്യപ്പെട്ടു
എന്ന് പറയപ്പെടുന്നു. മാലിക് ദിനാര്‍
ചേരമാന്‍ പെരുമാളിന്‍റെ കൂടെ യാത്ര ചെയ്ത
പ്രധാന സഹായി ആയിരുന്നു.
അയാളാണ് കൊടുങ്ങല്ലൂരില്‍
അന്നത്തെ ആദ്യത്തെ മുസ്ലീം പള്ളി സ്ഥാപിച്ചത്.
എം.ജി.എസ്.നാരായണന്‍
കൊടുങ്ങല്ലൂര്‍ ഭാഗത്തു നടത്തിയ ചില
ഭൂഗര്‍ഭ പര്യവേക്ഷണത്തിനിടയില്‍ ഈ
ആദ്യത്തെ പള്ളി സ്ഥാപിക്കാന്‍
അവിടത്തെ പ്രമാണിമാരായ ഹിന്ദുക്കളുടെയും കൃസ്ത്യാനികളുടെയും മറ്റും പേരു രേഖപ്പെടുത്തിയ ഒരു ചെമ്പു ഫലകം കണ്ടെത്തി എന്നും
പറയുകയുണ്ടായി. പള്ളിയുടെ നിര്‍മ്മാണത്തിനു അവിടെ ഉണ്ടാക്കാന്‍ തീരുമാനിച്ചിരുന്ന ഒരു ഹിന്ദു
ക്ഷേത്രത്തിനു വേണ്ടി മരം കൊണ്ട് തീര്‍ത്ത
ചില ഭാഗങ്ങള്‍ കൊടുക്കുകയും
ഉണ്ടായി എന്നും പറയപ്പെടുന്നു. അറബികള്‍
വന്നവരില്‍ സ്ത്രീകള്‍ ആരുമില്ലായിരുന്നു. അതുകൊണ്ട് ഇവിടെ
സ്ഥിര താമസം ആക്കാന്‍ തീരുമാനിച്ച അവര്‍ക്ക് ഹിന്ദു കുടുംബങ്ങളില്‍ നിന്നു
പെണ്‍കുട്ടികളെ വിവാഹം
ചെയ്തു കൊടുക്കുകയും ചെയ്തുവത്രെ. അങ്ങനെ ആദ്യത്തെ
മത പരിവര്‍ത്തനം ആയി ഇതിനെ
വ്യാഖ്യാനിക്കുന്നതില്‍ തെറ്റില്ലയെന്ന് തോന്നുന്നു.
അങ്ങനെ കേരള ശില്‍പകലാ
രീതിയില്‍ ഏ.ഡി, 629 ല്‍ നിര്‍മ്മിച്ച ചേരമാന്‍ പള്ളി
1100 ലും 1400 ലും പുതുക്കി പണിയുകയുണ്ടായി. 1400 ല്‍ പുതുക്കിപ്പണിയുന്നതിനു മുമ്പ് പോറ്ട്ടുഗീസുകാര്‍ കൊടുങ്ങല്ലൂര്‍ തുറമുഖം യുദ്ധത്തില്‍ പിടിച്ചടക്കി എന്നും ചേരമാന്‍ പള്ളിയുടെ ഭാഗങ്ങള്‍ നശിപ്പിക്കുകയും ചെയ്തുവത്രെ. പിന്നീട് വളരെക്കാലം കഴിഞ്ഞ് 1974 ലാണ്
പുതുക്കിപ്പണിതത്. ഇപ്പൊഴും പുറത്തു നിന്നു നോക്കിയാല്‍ ഒരു ക്ഷേത്രത്തിന്‍റെ
രൂപത്തില്‍ ആണ് പള്ളി കാണപ്പെടുന്നത്.
1994 ല്‍ മറ്റൊരു ഭാഗം കൂടി കൂടിച്ചേര്‍ക്കുകയുണ്ടായി.
2001 ല്‍ പള്ളിയിലെ സൌകര്യം
വര്‍ദ്ധിപ്പിക്കാന്‍ വീണ്ടും കെട്ടിടം ഉണ്ടാക്കിയപ്പൊള്‍ കഴിവതും പഴയ
പള്ളിയുടെ രൂപത്തില്‍ വേണം എന്നു
ഭരണ സമിതി തീരുമാനിച്ചു.
ഏതായാലും ഇപ്പോഴും
ഈ പള്ളി ഹിന്ദു മുസ്ലീം
മതക്കാരുടെ സംയുക്ത സംരക്ഷണത്തില്‍ ആണ്. മുസ്ലീങ്ങള്‍ അല്ലാത്ത ഭക്തന്മാര്‍ക്കും അവിടെ പ്രവേശനം ഉണ്ട്. റമദാന്‍
സമയത്തെ ഇഫ്ദാര്‍ വിരുന്നും മറ്റും ഹിന്ദുക്കളും മുസ്‌ലീങ്ങളും ഒരുമിച്ചു
നടത്തി വരുന്നു. മുസ്‌ലീങ്ങളും
ഹിന്ദുക്കളും അവിടെ വെച്ചു കുട്ടികള്‍ക്ക് വിദ്യാരംഭം നടത്താന്‍ തയ്യാറാവുന്നു. ഏതാണ്ട് 1500
മുസ്ലീം കുടുംബങ്ങളും 10000 അംഗങ്ങളും മഹലില്‍ അംഗങ്ങളാണ്. ഇവരില്‍
നിന്ന് ആണ് മഹല്‍ കമ്മറ്റിയെ തിരഞ്ഞെടുക്കുന്നത്. രണ്ട് വര്‍ഷത്തെ കാലാവധി കഴിയുമ്പോള്‍ പുതിയ
തിരഞ്ഞെടുപ്പു നടത്തുന്നു.
മകന്‍ പള്ളി
കാണാന്‍ വലിയ താല്‍പ്പര്യം
കാണിച്ചില്ല എങ്കിലും ഞാന്‍
അകത്തു കയറാന്‍ ശ്രമിച്ചപ്പോള്‍ കാല്‍
കഴുകി പോകണം പ്രാര്‍ത്ഥിക്കാന്‍
എന്നു അവിടെ നിന്നയാള്‍ പറഞ്ഞു. പ്രാര്‍ത്ഥിക്കാനല്ല പഴയ പള്ളിയുടെ
അവശിഷ്ടങ്ങള്‍ ഉള്ളില്‍ ഉള്ളത്
കാണാനും അനുവദിച്ചാല്‍ ഫോട്ടൊ എടുക്കാനും
ആണെന്ന് പറഞ്ഞപ്പൊള്‍ അതിന് അനുവാദമില്ല, പ്രാര്‍ത്ഥിക്കാന്‍
വരുന്നവര്‍ക്ക് മാത്രമേ പ്രവേശനം ഉള്ളു എന്നു
പറഞ്ഞു.
അവലംബം
1.
https://ml.wikipedia.org/wiki/ചേരസാമ്രാജ്യം
2. https://www.cheramanmosque.com/history.php
Comments