ഉണ്ണിക്കുട്ടനും ചിത്രശലഭവും മുത്തശ്ശനും

അന്നു ഒരു ശനിയാഴ്ച ആയിരുന്നു. എനിക്ക് കോളേജ് ഇല്ല , മരുമകള്‍ മെഡിക്കല്‍ കോളേജില്‍ പി ജി ക്ലാസ്സില്‍ പോയി. മുത്തശ്ശി അടുക്കളയില്‍ കലശലായി പണി. ഞങ്ങളുടെ പേരക്കുട്ടി, ഉണ്ണിക്കുട്ടന്‍ , പതിവുപോലെ എന്‍റെ അടുത്തു കൂടി. ശനിയാഴ്ച അവന്‍ എന്‍റെ കൂടെയാണ് പകല്‍ മുഴുവന്‍ . മഴക്കാലം ആണെങ്കില്‍ അടുത്തുള്ള തോട്ടില്‍ നിന്ന് മത്സ്യം പിടിക്കുക , ചെറിയ ഡ്രൈവിിനു പോകുക രണ്ടുപേരും കൂടി കാറു കഴുകുക അമ്മുമ്മയുടെ ഫ്റിഡ്ജ് വൃത്തിയാക്കുക ഇതൊക്കെയാണ് ഞങ്ങളുടെ പതിവു പരിപാടി. കുറെ നേരം അയാള്‍ തനിയെ കളിപ്പാട്ടങ്ങളുമായി കളിച്ചു , ക്ഷീണിച്ചപ്പോള്‍ എന്‍റെ അടുത്തു വന്നു. മുത്തശ്ശാ , എനിക്ക് ഒരു സംശയം. എനിക്കു വലുതാകുമ്പോള്‍ വലിയ ഒരാളാകണം , വലിയ ശമ്പളം വാങ്ങി, നല്ല ഒന്നാം തരം കാറു വാങ്ങണം, കണ്ണാടി കൊണ്ട് ഭിത്തി ഉണ്ടാക്കിയ ഒരു വലിയ വീടു വെക്കണം. അങ്ങനെ എനിക്കു സുഖമായി ജീവിക്കണം. മുത്തശ്ശാ അതിന് ഞാന്‍ എന്തു ചെയ്യണം എന്ന് പറഞ്ഞു തരുമോ? ഞാനെന്ന മുത്തശ്ശന്‍ അപ്പോള്‍ അവിടെ പറന്നു വന്ന ഒരു വലിയ ഭംഗിയുള്ള ചിത്രശലഭത്തെ കണ്ടു. കുട്ടനും അതു കണ്ടു. അവന്‍ പറഞ്ഞു “ മുത്തശ്ശാ , എത്ര ഭംഗിയുള്ള ശലഭം , ഞാന്‍ അതിനെ പിടിക്കട്ടെ?” എന്നു പറഞ്ഞു ഞങ്ങളുടെ ചെറിയ പൂന്തോട്ടത്തില്‍ അതിന്‍റെ പുറകെ പോയി. ശലഭം ആണോ പിടികൊടുക്കുന്നു. അത് ഉയര്‍ന്നും താഴ്ന്നും കുട്ടനു പിടികൊടുക്കാതെ പറന്നു കൊണ്ടിരുന്നു. കുറെ നേരം അതിന്‍റെ പുറകെ നടന്ന് അതവന്‍റെ പിടിയില്‍ കിട്ടാത്ത ഉയരത്തിലേക്ക് പറന്നു പോയിക്കഴിഞ്ഞപ്പോള്‍ കുട്ടന്‍ ക്ഷീണിച്ച് എന്‍റെ അടുത്തെത്തി. വിഷമത്തൊടെ പറഞ്ഞൂ , മുത്തശ്ശാ, അതു രക്ഷപെട്ടു, എനിക്ക് അതിനെ പിടിക്കാന്‍ കഴിഞ്ഞില്ല ഞാന്‍ അവന്‍റെ ക്ഷീണം മാറുന്നതു വരെ അല്‍പനേരം കാത്തിരുന്നു. എന്നിട്ടു പറഞ്ഞു: മോനെ ഇന്ന് ഞാന്‍ നിന്നോട് ജീവിതത്തില്‍ പ്രായോഗികമാക്കേണ്ട ചില കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു. മോനേ ചിത്രശലഭത്തിന്‍റെ പുറകേ നടന്നാല്‍ നിനക്ക് അതിനെ പിടിക്കാന്‍ ആവുകയില്ല, എന്നാല്‍ നല്ലൊരു പൂന്തോട്ടം ഉണ്ടാക്കൂ, എത്രയോ ചിത്രശലഭങ്ങള്‍ അവിടെ സ്വയമേവ എത്തും. അവയെ എല്ലാം നിനക്കും മറ്റുള്ളവര്‍ക്കും കാണാം, അവയുടെ ഭംഗി ആസ്വദിക്കാം. ആ ചിത്രശലഭങ്ങള്‍ നിന്‍റെ ജീവിതത്തിലെ ആഗ്രഹങ്ങള്‍ പോലെയാണ്. ഓരോ ആഗ്രഹങ്ങളുടെയും പുറകെ പോയാല്‍ അപ്പപ്പൊള്‍ അവ സാധിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കരുത്. നമ്മള്‍ ഒരു നല്ല പൂന്തോട്ടം പോലെ ശാശ്വതമായ എന്തെങ്കിലും നിര്‍മ്മിക്കാന്‍ ശ്രമിച്ചാല്‍ പല ആഗ്രഹങ്ങളും ഓരോന്നോരോന്നായി സാധിച്ചു കിട്ടും. നമ്മുടെ ഊര്‍ജ്ജം ആദ്യം കാണുന്ന ശലഭത്തിന്‍റെ അല്ലെങ്കില്‍ ആഗ്രഹങ്ങളുടെ പുറകെ ഓടി ഇല്ലാതാക്കാന്‍ ഉള്ളതല്ല. അര്‍ത്ഥവത്തായ ശാശ്വതമായി സമൂഹത്തിനു പ്രയോജനം ഉള്ള എന്തെങ്കിലും ഉണ്ടാക്കാന്‍ നിരന്തരമായി അദ്ധ്വാനിക്കുക. അതിനു വേണ്ടി ഒരു പദ്ധതി , ഒരു പ്രത്യേക കഴിവ് അഥവാ നിപുണത സ്വായത്തമാക്കുക, അപ്പോള്‍ അവസരങ്ങള്‍ സ്വയം മുന്നില്‍ എത്തിക്കൊണ്ടിരിക്കും. അതുകൊണ്ട് പെട്ടെന്ന് കിട്ടുമെന്ന് കരുതുന്ന സൌന്ദര്യം, സ്നേഹം, സമ്പത്ത് എന്നിവയുടെ പുറകേ അന്ധമായി ഓടി നടക്കാതിരിക്കുക. എല്ലാ കാര്യങ്ങളും അവനവന്‍റെ കഴിവിന്‍റെ പരമാവധി ഉപയോഗിച്ചു ആത്മാര്‍ത്ഥമായി ചെയ്യുക. നിന്‍റെ ആഗ്രഹങ്ങള്‍ ഓരോന്നോരോന്നായി മെല്ലെ മെല്ലെ സാധിച്ചു കിട്ടും. സംശയമില്ല. കുട്ടനു വല്ലതും മനസ്സിലായൊ , എനിക്കറിയില്ല, നിങ്ങള്‍ക്കൊ ?
(ഒരു കൂട്ടുകാരന്‍ അയച്ചുതന്ന ഇങ്ലീഷ് കുറിപ്പിന്‍റെ സ്വതന്ത്ര പരിഭാഷ.)

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി