കേരളാ സദ്യ വിളമ്പാനും ഉണ്ണാനും !

മലയാളികള്‍ സദ്യ ഉണ്ണുന്നത് വാഴയിലയില്‍ ആണ്. വാഴയിലയില്‍ ചൂടുള്ള ഭക്ഷണം വിളമ്പി കഴിക്കുമ്പോള്‍ പോഷക ഗുണം കൂടുതല്‍ ഉണ്ടെന്നു പറയുന്നു. ഏതായാലും നമ്മുടെ ഓണത്തിനും വിഷുവിനും പിറന്നാളിനും ഉണ്ടാക്കുന്ന 25 ഓളം വിഭവങ്ങള്‍ വിളമ്പാന്‍ വാഴയില തന്നെ വേണം. എന്നാല്‍ ഇന്നത്തെ കുട്ടികള്‍ക്ക്, സദ്യ വിളമ്പാന്‍ സന്നദ്ധരായി വരുന്ന ആണ്കുട്ടികള്ക്കും വളരെ ബുദ്ധിമുട്ടി പാകം ചെയ്യുന്ന പെണ്കുട്ടികള്ക്കും, ഇവ എല്ലാം ഇലയില്‍ എങ്ങനെ വിളമ്പാം എന്നറിയില്ല എന്നതൊരു സത്യമാണ്. വാഴയിലയില്‍ നമ്മുടെ കറികള്‍ യഥാസ്ഥാനത്തു വിളമ്പിയാല്‍ കഴിക്കാന്‍ ആസ്വാദ്യത കൂടുന്നു, കാണാനും ഭംഗി ആയിരിക്കും.
സദ്യയ്ക്ക് എല്ലാ കറികളും വിളമ്പിയതിനു ശേഷമേ ആള്ക്കാരെ ഇരുത്താവൂ.
കറികള്‍ വിവിധ തരം :
1.പെറുക്കി തിന്നുന്നവ: ഉപ്പേരി, ശര്ക്കര(ഉപ്പേരി)പിരട്ടി, പപ്പടം ,
2.തൊട്ടു കൂട്ടുന്നവ : പ്രധാനമായും വിവിധ തരം അച്ചാറുകള്‍ ആണിവ: ഇഞ്ചിക്കറി, പുളിയിഞ്ചി , നാരങ്ങാ അച്ചാര്‍, മാങ്ങാ അച്ചാര്‍ എന്നിവ .
3.കൂടുതല്‍ കഴിക്കുന്ന കറികള്‍ : അവിയല്‍ , തോരന്‍, കിച്ചടി , ഓലന്‍ , കൂട്ടുകറി, സ്ട്യൂ മുതലായവ .
4.ഒഴിച്ചുകറികള്‍: പരിപ്പ്, സാമ്പാര്‍, പുളിശ്ശേരി( കാളന്‍) രസം, മോര്
വിളമ്പുന്ന വിധം
വാഴയിലയുടെ വീതി കൂടിയ ഭാഗം വലത്തു ഭാഗത്ത്‌ വരുന്ന രീതിയിലാണ് ഇടുന്നത്.
ഇതില്‍ ഏറ്റവും ഇടത്ത് ഭാഗത്ത്‌ ഒന്നാം നമ്പര്‍ ഐറ്റവും , അതിനു വലതു ഭാഗത്തായി അച്ചാറുകളും ( ഐറ്റം 2 ) , അതിനും വലതു മൂന്നാം തരവും വിളമ്പുന്നു. തൊട്ടു കൂട്ടുന്നവ താരതമ്യേന കൈ എത്താത്ത ഇടത്തെ അറ്റതാണ് വിളമ്പുക. കൂടുതല്‍ കഴിക്കുന്ന അവിയല്‍ തോരന്‍ കൂട്ടുകറി ഇവ വലതു ഭാഗത്തും . നന്നായി വിളമ്പിയാല്‍ ഇല കാണാന്‍ തന്നെ ഒരു ചിത്രം പോലെ മനോഹരം ആയിരിക്കും.
ഒഴിച്ച് കറികളില്‍ പരിപ്പാണ് ആദ്യം, പുറമേ അല്പം നെയ്യും ആവാം. പലര്ക്കും പരിപ്പിന്റെ കൂടെ പപ്പടം പൊടിച്ചു കഴിക്കുന്നത്‌ ഇഷ്ടമാണ്. അത് കഴിഞ്ഞു സാമ്പാര്‍. ചിലര്ക്ക് സാമ്പാറിന്റെ കഷണങ്ങള്‍ ഇഷ്ടമല്ല, ചിലര്ക്ക് ഇഷ്ടവും അത് നോക്കി വിളമ്പണം.
അതിനു ശേഷം കാളന്‍ അഥവാ പുളിശ്ശേരി വിളമ്പുന്നു. പുളി കൂടുതല്‍ ഉള്ള കാളനോടൊപ്പം കൂട്ടാനാണ് പുളി തീരെ ഇല്ലാത്ത ഓലന്‍ വിളമ്പുന്നത്.
ഇതു കഴിഞ്ഞാണ് സാധാരണ സദ്യയില്‍ പായസം വിളമ്പുന്നത്. ചൂട് അടപ്രഥമനും മറ്റും ഇലയില്‍ വിളമ്പിയാല്‍ ചൂട് മാറ്റി കഴിക്കാം, കൈ കൊണ്ടു പ്രഥമന്‍ കോരി കുടിക്കാന്‍ അല്പം പ്രാക്ടീസ് വേണമെന്ന് മാത്രം. ആദ്യം ശര്ക്കര പായസം, പിന്നീട് പാല്പാ്യസം ഇങ്ങനെയാണ് വിളമ്പുക. ഇതിന്റെ കൂടെ ബോളിയോ പപ്പടമോ ആവാം.
ഇതു കഴിഞ്ഞു അവസാനം ആണ് മോര് കൂട്ടി അല്പം ചോറ് ഉണ്ണുന്നത്. ഇടയ്ക്കോ ആദ്യമോ അവസാനമോ ആവാം ഉപ്പേരി കഴിക്കുന്നത്‌ . പഴം അവസാനം ഒരടപ്പിട്ടു കഴിക്കുന്നു. തെക്കും വടക്കും വിളമ്പുന്ന രീതിയില്‍ അല്പം വ്യത്യാസം കാണാം എങ്കിലും സാമാനയമായ രീതി ഇങ്ങനെയാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
1. ഇലയില്‍ കുറവുള്ള സാധനങ്ങള്‍ വിളമ്പണം, ചോര്‍ രണ്ടോ മൂന്നോ പ്രാവശ്യം ആവാം. ഇല അറിഞ്ഞു വിളമ്പണം എന്ന് പഴയ ആള്ക്കാ ര്‍ .
2. കറികള്‍ അവിയല്‍ തോരന്‍ കൂട്ട് കറി ഇവ രണ്ടാമതും വിളമ്പാന്‍ തയാറാവണം.
3. പരിപ്പ് കൂട്ടി ഉണ്ടതിന് ശേഷം മാത്രം സാമ്പാര്‍ വിളമ്പുക. എല്ലാം ഒരുമിച്ചു വിളമ്പരുതു. , മലബാറിലെ ചില ഹോട്ടലുകളിലെപ്പോലെ.
4. പായസം ഒന്നോ രണ്ടോ പ്രാവശ്യം ആവാം, പ്രത്യേകിച്ചും ശര്ക്കര പായസം. കൂടെ അല്പം നാരങ്ങാ അച്ചാര്‍ ബഹു കേമം.
5. പായസം വിളമ്പി കഴിഞ്ഞു അല്പം ചോറ് വേണ്ടവര്ക്ക് മോരിനു വേണ്ടി മാത്രം അല്പം വിളമ്പാം.


വിളമ്പുന്നവര്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന കാര്യം വിളമ്പുന്ന സാധനത്തെക്കാള്‍ വിളമ്പുന്ന രീതിയാണ് പ്രധാനം എന്നത് . ഇലയില്‍ ബാക്കി വരാതെ വിളമ്പണം.

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി