ചക്കയും ബുക്കും

ഞങ്ങള്‍   കോഴിക്കോട്ടുകാര്‍  പല രീതിയിലും പ്രതേകതകള്‍  ഉള്ളവരാണെന്നറിയാമല്ലോ. ബിരിയാണിയും  അലുവയും മാത്രമല്ല, ഒരു തെരുവ് തന്നെ മുട്ടായി തെരുവാക്കിയവരാണ് ഞങ്ങള്‍.  രാവിലെ  കോഴിക്കോടന്‍   സുലൈമാനിയും ഉണക്കയല  പൊരിച്ചതും  പ്രാതലാക്കുന്നതും ഞങ്ങളില്‍  ചിലര്‍ക്കെങ്കിലും   പ്രിയം. കോഴിക്കോടന്‍ കുലുക്ക്(ക്കി) സര്‍ബത്തും പൊറോട്ടയും  ഇപ്പോള്‍ കേരളത്തില്‍ എല്ലാവര്‍ക്കും   എല്ലായിടത്തും കിട്ടുമെങ്കിലും.  പക്ഷെ  ഇതാണ് ഞങ്ങളുടെ   ഏറ്റവും  നൂതനമായത് : ചക്കയും ബുക്കും .



ചക്കയും ബുക്കും നല്ല കൂട്ട് അല്ലെ?  ഞങ്ങളുടെ വീട്ടില്‍ നിന്ന് ഏതാനും മീറ്റര്‍ ദൂരത്തില്‍  സരോവരം ബയോപാര്‍ക്കിന്റെ  എതിര്‍ വശം  കുറച്ചു ദിവസമായി നടക്കുന്ന ഒരു ഉത്സവം ആണ്  ചക്കയും ബുക്കും ഉത്സവം. ഒലിവ് ബുക്ക്സിന്റെ ബിബ്ലിയോ  എന്ന് വിളിക്കുന്ന ബുക്ക്   പ്രദര്ശനവും  അതോടൊപ്പം  ചക്ക മഹോത്സവവും. ഒരു വശത്തു   പുസ്തക പ്രദര്ശനവും എംടിയെയും മുകുന്ദനെയും പോലുള്ള മഹാരഥന്മാരായ  പുസ്തക രചയിതാക്കള്‍  പങ്കെടുക്കുന്ന ചര്‍ച്ചകളും  പുസ്തക പ്രകാശനവും മറ്റും. മറ്റൊരു ഭാഗത്ത്‌ കുടുംബ ശ്രീയിലെ  സഹോദരിമാര്‍  ഉണ്ടാക്കിയ  ചക്ക വിഭവങ്ങളും ഫുഡ്കോര്‍ട്ടും . ചക്ക വിഭവങ്ങളെ ന്തൊക്കെയെന്നറിയണമെങ്കില്‍  ഇതോടൊപ്പം ഉള്ള   ഫോട്ടോ നോക്കുക വിശദമായ   മെനു കാണാം  ചക്ക പ്രഥമന്‍, ചക്ക കറ്റ്ലെറ്റ്‌ , ചക്ക ഉണ്ണിയപ്പം  എന്തിനു ചക്കചിക്കനും  ചക്ക ബിരിയാണിയും  വരെ.




 ചക്കയായതു കൊണ്ടു  വില കുറവൊന്നും ഇല്ല കേട്ടോ , എന്നാലും സ്വാദിഷ്ടമായ  ചക്ക വിഭവങ്ങള്‍  കഴിക്കാം . എന്താ നോക്കുന്നോ, പ്രദര്ശനം തീരാറായി , ഉടന്‍ വന്നോളൂ. 

P.S. അല്പം വൈകിയാലും കുഴപ്പമില്ല, ഇപ്പോള്‍ ഇത്  മാനാഞ്ചിറയിലെ   മോഡല്‍ സ്ക്കൂലിലേക്ക്  മാറ്റിയെന്നു കേള്‍ക്കുന്നു. 

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി