ഒരു രാഷ്ട്രത്തിന്‍റെ പൈതൃകവും കെട്ടിടങ്ങളും : നാട്ടിലും വിദേശത്തും
ഒരു പക്ഷേ നിങ്ങളില്‍ പലര്‍ക്കും അറിയാമായിരിക്കും ഞാനും എന്‍റെ കുടുംബവും ധാരാളം യാത്ര ചെയ്തിരുന്നു, ഇപ്പോഴും യാത്ര ചെയ്തുകൊണ്ടും ഇരിക്കുന്നു. ഈ യാത്രയില്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള പല കാര്യങ്ങളില്‍ ഒന്ന് ഇന്നിവിടെ അവതരിപ്പിക്കുന്നു.
എന്‍റെ നിരീക്ഷണത്തില്‍ ഒരു രാജ്യത്തിലെ
പ്രധാന നഗരങ്ങളിലെ പ്രധാന
കെട്ടിടങ്ങള്‍, പ്രത്യെകിച്ചും വിമാന താവളങ്ങള്‍ റെയില്വേ സ്ടെഷനുകള്‍ , പ്രധാന
ഓഫീസ് കെട്ടിടങ്ങള്‍ എന്നിവ ആ രാജ്യത്തിന്‍റെ പൈതൃകവും
പാരമ്പര്യവും മറ്റുള്ളവര്‍ക്ക് കാണിച്ചു
കൊടുക്കുന്ന രീതിയില്‍ ഉള്ളത് ആവേണ്ടതല്ലേ.
എന്നാല്‍ നമ്മുടെ രാജ്യത്ത് പലപ്പോഴും ഇത്തരം കെട്ടിടങ്ങള്‍ വെറും കോണ്‍ ക്രീറ്റ് ചതുരങ്ങളായി അല്ലേ നിര്‍മ്മിക്കുന്നത്.
ഒരു പക്ഷേ ബാംഗളൂരിലെ
വിധാന്‍ സൌധമൊ മദിരാശി സെന്‍റ്രല്‍
റെയില്വേ സ്ടെഷന്‍റെ രൂപമോ കൊച്ചി
വിമാനത്താവളത്തിന്‍റെയോ പോലെ ഏതാനും കെട്ടിടങ്ങള്‍ ചൂണ്ടി കാണിക്കാന്‍ ഉണ്ടാവാം ,
എങ്കിലും നമ്മുടെ കെട്ടിടങ്ങള്‍
അപൂര്‍വമായി മാത്രമേ നമ്മുടെ പൈതൃകം വിളിച്ചോതുന്നുള്ളൂ എന്നത്
സത്യമാണ്. എന്നാല്‍ അടുത്ത് നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കുന്ന
ചില കെട്ടിടങ്ങള്‍ ആധുനിക സൌകര്യങ്ങള്‍ ഉള്ളില്‍ ഒരുക്കുന്നതിനോടൊപ്പം പുറത്തു
നിന്നു നോക്കിയാല്‍ നമ്മുടെ പാരമ്പര്യം
വിളിച്ച് ഓതുന്നവയാണ് എന്നത്
ആശ്വാസകരമാണ്.
ഞങ്ങള്‍ വിദേശത്ത്
കണ്ടിട്ടുള്ള നഗരങ്ങളില്‍ ഞങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് പാരീസ് നഗരം
ആയിരുന്നു. പാരീസിലെ പഴയ നഗരം.
അവിടെ ചെന്നപ്പൊള്‍ ആദ്യത്തെ പ്രാവശ്യം ഞങ്ങള്‍ക്ക് പാരീസില്‍
കൂടി ഒഴുകുന്ന സീന്‍ നദിയില്‍ കൂടി
ഒരു ബോട്ടു യാത്രയില്‍ നഗരത്തിന്‍റെ മിക്ക
ഭാഗങ്ങളും കാണാന്‍ കഴിഞ്ഞു. ഏതാണ്ട് ഒന്നര
മണിക്കൂര്‍ യാത്ര
ഇങ്ലീഷിലുള്ള കമന്‍ററിയോടു കൂടി കഴിഞ്ഞപ്പൊള്‍ പാരീസിലെ പ്രധാന കാഴ്ചകളുടെ ഒരു ഏകദേശ രൂപം കിട്ടി. മിക്കവാറും
കെട്ടിടങ്ങള്‍ പഴയ രാജാക്കന്‍മാരുടെയും പ്രഭുക്കന്‍മാരുടെയും കൊട്ടാരങ്ങള്‍ ആയിരുന്നു. ഇവയൊന്നും പുറത്ത് നിന്ന് വലിയ രൂപമാറ്റം വരാതെ തന്നെ നില നിര്‍ത്തിയിരിക്കുനു. അന്നു രാത്രി
അവിടെ താമസം ആയിരുന്നതു കൊണ്ട്
രാത്രിയില്‍ ഐഫല്‍ ടവര്‍
അസംഖ്യം സോഡിയം ബാഷ്പവിളക്കുകള്‍ മിന്നി തെളിയിച്ച്
കാണാനും പറ്റി, പിറ്റേ ദിവസം ഐഫല്‍ ടവറിന്‍റെ രണ്ടാം നില
വരെ കയറി നഗരത്തിന്‍റെ
ഒരു വിഹഗ വീക്ഷണം മാത്രമേ സാധിച്ചുള്ളു. ആദ്യത്തെ യാത്ര
ഞങ്ങള്‍ക്ക് തീരെ മതിയായില്ല എന്നതായിരുന്നു സത്യം . അതുകൊണ്ട് അടുത്ത പ്രാവശ്യം
മകന്‍റെ
അടുത്ത് പോയപ്പൊള്‍ പാരീസില്‍ ഒരാഴ്ച താമസിച്ച്
എല്ലാം വിശദമായി കാണാന്‍ കഴിഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമായ ലൂവ്റെ
മ്യൂസിയവും വേറേ കുറെയേറെ മ്യുസിയങ്ങളും ഗ്രാന്‍ഡ് ഓപീറായും
ബാസ്റ്റീല്‍ എല്ലാം കാണാന്‍ കഴിഞ്ഞു.
പാരീസിലെ ഏറ്റവും വലിയ
തെരുവായ ചാമ്പ് എലിസീ എന്ന
തെരുവു റെസ്റ്റോറന്‍റുകളുടെയും
ഷൊപ്പിങ് കേന്ദ്രങ്ങളുടെയും ഒരു പറുദീസ തന്നെ ആയിരുന്നു. അവിടെ വാങ്ങാന്‍
പറ്റാത്ത, കിട്ടാത്ത
ഒരു സാധനവും ഇല്ല എന്നത്
സത്യം ആയിരുന്നു. ഞങ്ങള്‍ അവിടെ
ഒരു രാത്രി സമയം ആണ് പോയത്. അവിടെ വിവിധ കടകളിലെ
പുറത്തുള്ള പ്രകാശ വിന്യാസം പോലും
സര്‍ക്കാര്‍ നിയന്ത്രിക്കുന്നു. ഏതു നിറത്തില്‍ ഉള്ള വലിപ്പത്തില്‍ ഉള്ള വിളക്കുകള്‍
എങ്ങനെ വെക്കണമെന്ന് കൃത്യമായി നിയന്ത്രിക്കപ്പെടുന്നു.
നിരത്തുകളുടെ ഭംഗി ഒട്ടും നഷ്ടപ്പെടാത്ത
രീതിയില്‍ വിളക്കുകള്‍ വിന്യസിക്കുന്നു.
കയ്യില്‍ പണം ഉണ്ടെന്നു കണ്ട് ആള്‍ക്കാരെ ആകര്‍ഷിക്കാന്‍ ഏതു തോന്ന്യവാസവും കാണിക്കാനും
ആഡംബര വിളക്കുകള്‍ കത്തിക്കാനും
അനുവാദമില്ല. നഗരത്തില്‍ ഏറ്റവും കൂടുതള്‍ ആള്‍ക്കാര്‍ വന്നുപോകുന്ന
സ്ഥലം ആയതു കൊണ്ട് അവിടം ഭംഗി ആയിരിക്കണം എന്ന് അവര്‍ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. അതു കൊണ്ട് പാരീസ് നഗരം
വളരെ ആക്ര്‍ഷകമായി തോന്നി.
അതു പോലെ ഇങ്ലണ്ടിലെ
നാട്ടിന്‍ പുറങ്ങളിലെ കെട്ടിടങ്ങള്‍ക്കും തനതായ
ഒരു ശൈലി ഉണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നി. കൂടുതല്‍ പണം മുടക്കി
ആഡംബരം കാണിക്കുവാന്‍ പറ്റിയതിനെക്കാള്‍ ആവശ്യത്തിനുപകരിക്കുന്ന ഭംഗിയുള്ള
വീടുകള്‍ , കൂറ്റന്‍ മതിലും ഗെയ്റ്റും ഒന്നും
ഇല്ലാതെ , കഷ്ടിച്ച് ഒരു വേലിമാത്രം അതൃത്തി
തിരിച്ചറിയാന്‍ വെണ്ടി മാത്രം
ഉള്ള വേലി മാത്രമേ
പലയിടത്തും ഉള്ളു, അമേരിക്കയില്‍
ഞങ്ങളുടെ മകള്‍ താമസിക്കുന്ന ന്യൂ ഇങ്ലണ്ട്
മേഖലയില്‍ ഉള്ള
സംസ്ഥാനങ്ങളിലും നഗരത്തില്‍ നിന്നു
മാറിയാല്‍ വീടുകള്‍ ഇങ്ലണ്ടിലെ പോലെ
ആയിരുന്നു. ബോസ്റ്റണ്‍ മേഖലയിലെ ആദ്യകാല കുയിയേറ്റക്കാര്‍ ഇങ്ലണ്ടില്‍
നിന്നായിരുന്നതു കൊണ്ടാവാം. എന്നാല്‍
അമേരിക്കയിലെ നഗരങ്ങള്‍ തികച്ചും കോണ്‍ക്രീറ്റ് കാടുകള്‍ തന്നെയാണ്. ന്യൂയോറ്ക്ക്
പോലെയുള്ള നഗരങ്ങള്‍ അക്ഷ്രരാര്‍ത്ഥത്തില്‍ അംബര ചുംബികളുടെ നഗരം തന്നെ. ഒരു
പക്ഷേ അമേരിക്കക്ക് തനതായ
ഒരു പാരമ്പര്യ ശില്‍പ്പകല ഇല്ലാത്തതാവാം ഇതിനു കാരണം. അവിടെ
ഉണ്ടായിരുന്ന റെഡ് ഇന്ത്യന്സിന്‍റെ
രീതികള്‍ ഒന്നും ആരും
ശ്രദ്ധിച്ചു കാണില്ല. ബോസ്റ്റണില്‍ വാമ്പനാങ്ങ്
എന്ന ഒരു ഗ്രാമത്തില്‍
ആദ്യത്തെ കുടിയേറ്റക്കാര്‍ ഉപയോഗിച്ച രീതിയില്‍ ഉള്ള മരക്കുടിലുകളും പഴയ രീതിയില്‍
വസ്ത്രങ്ങള്‍ ധരിച്ച കുറെ ആള്‍ക്കാരെയും
കാണാന്‍ കഴിഞ്ഞു എന്നു മാത്രം
. അമേരിക്കയുടെ പൈതൃകം
അങ്ങനെ ഒരു പ്രദര്‍ശന ഗ്രാമത്തില്‍
അവര്‍ ഒതുക്കി എന്നു പറയുകയായിരിക്കും നല്ലത്.
ഞങ്ങള്‍ ഏറ്റവും അടുത്തു പോയ
ഇറ്റലിയില്‍ റോമിലും വെനീസിലും
മിലാനിലും എല്ലാം 8ആം നൂറ്റാണ്ട് മുതല്‍ ഉണ്ടാക്കിയ കെട്ടിടങ്ങള്‍
കഴിവതും ബാഹ്യമായ അവയുടെ
തനതായ ആദ്യകാല ഭംഗി നഷ്ടപ്പെടുത്താതെ നിലനിര്‍ത്തിയിട്ടുണ്ട്.അക്കാലത്ത് ഇന്നത്തെപ്പോലെ ആധുനിക ക്രെയിനുകളും മറ്റും ഇല്ലാത്ത കാലത്ത് ടണ്ണുകള്‍
ഭാരമുള്ള ഒറ്റ മാര്‍ബിള്‍ കല്ലില്‍ നിര്‍മ്മിച്ച
പിയാറ്റാ പൊലെയുള്ള കൂറ്റന്‍ പതിമകള്‍
എങ്ങനെ അവിടെയൊക്കെ
സ്ഥാപിച്ചു എന്ന് നമുക്ക് അത്ഭുതം തോന്നാം. എങ്കിലും കെട്ടിടങ്ങളുടെ പൈതൃകത്തിന്‍റെ മഹിമ ഒട്ടും
നഷ്ടപ്പെടുത്താതെ അവക്കുള്ളില്‍ ആധുനിക
സൌകര്യങ്ങള്‍ ഒരുക്കിയിരികുന്നു. കയറില്‍
തൂങ്ങി കിടന്നു മാസങ്ങള്‍ കൊണ്ട് ആദിമ സൃഷ്ടിയില്‍
ആദമിനെയും ദൈവത്തെയും തുടര്‍ന്ന് ആദമിനെയും ഹവ്വയെയും എല്ലാം ചുവര്‍ചിത്രങ്ങളായി
വരച്ചു ചേര്‍ത്ത മൈക്കേല്‍
ആഞ്ചെലൊയെ പൊലെയുള്ള കലാകാരന്മാരെ ഒരിക്കലും
മറക്കാനാവില്ല. ആ ചുവര്‍ ചിത്രങ്ങള്‍ 500 - 600 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവയുടെ ഭംഗി നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതില്‍ അസൂയ
തന്നെ തോന്നിപ്പോകുന്നു. വെനീസിലെ
പരിസ്ഥിതി പ്രശ്നങ്ങള്‍ ജനങ്ങളുടെ
സഹായത്തോടെ പരിഹരിച്ചത് ഞാന്‍ സൂചിപ്പിച്ചിരുന്നു.
അതേ സമയം നമ്മുടെ നാട്ടില്‍
കോടികള്‍ മുടക്കി ഉദ്ഘാടനം നടത്തിയ പല
പ്രദര്‍ശന വസ്തുക്കളും ഏതാനും മാസ ങ്ങള്‍
കഴിഞ്ഞ് നശിച്ചു പോകുന്ന കാര്യവും
ഉദാഹരണ സഹിതം ഞാന്‍
മുമ്പൊരിക്കല്‍ സൂചിപ്പിച്ചിരുന്നു.
ഏറ്റവും അവസാനം
ഞങ്ങള്‍ പോയ മിലാന്‍ നഗരത്തിലെ
റെയില്‍വേ സ്റ്റേഷന്‍ ഞങ്ങളെ അത്ഭുതപ്പെടുത്തി. അകത്ത് വെച്ച് ഒരു ചെറിയ
ചാറ്റല്‍ മഴ പെയ്ത വെള്ളം പ്ലാറ്റ്ഫോമില്‍ നിന്ന്
അപ്പൊള്‍ തന്നെ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ ഒപ്പി എടുക്കുന്നതിനുള്ള യന്ത്രം ഏതാനും മിനുട്ടുകള്‍
കൊണ്ട് പ്രവര്‍ത്തന നിരതമായി. ഉള്ളില്‍ അത്യന്താധുനിക സൌകര്യങ്ങള്‍
എല്ലാം ഒരുക്കിയിട്ടുണ്ടായിരുന്നു. പുറത്തിറങ്ങി
തിരിഞ്ഞു നോക്കിയപ്പൊള്‍ റെയില്വേ സ്റ്റേഷന്‍ കെട്ടിടത്തിന്‍റെ ഭംഗി
ഞങ്ങള്‍ക്ക് അത്യാകര്‍ഷകമായി
തോന്നി. പഴയ ഒരു കൊട്ടാരത്തിന്‍റെയോ പള്ളിയുടെയൊ രൂപം ആയി തോന്നി.
ചുരുക്കത്തില്‍ എന്‍റെ
അഭിപ്രായത്തില്‍ നമ്മുടെ നാട്ടിലും
ഇത്തരം നമ്മുടെ പൈതൃകവും
പാരമ്പര്യവും വിളിച്ചറിയിക്കുന്ന
കെട്ടിടങ്ങള്‍ ഭാവിയില്‍ എങ്കിലും
ഉണ്ടാകുമെന്ന് നമുക്ക്
പ്രതീക്ഷിക്കാം.
Comments