ഒരു പൂര്‍വ വിദ്യാര്‍ത്ഥിയുമായി പുന:സമാഗമം

 ദീര്‍ഘകാലം എഞ്ചിനീയറിങ്ങ്  കോളേജില്‍  അദ്ധ്യാപകനായിരുന്ന  എനിക്ക്  വിദ്യാര്‍ത്ഥികള്‍ക്കിടയില്‍  അധികം  സുഹൃത്തുകളില്ല.  അപൂര്‍വം ഉള്ളവര്‍ ആത്മാര്‍ത്ഥ സുഹൃത്തുകളും  ആണ്.സാധാരണ  അദ്ധ്യാപകര്‍   കുട്ടികളെ  നല്ല  ജോലി കിട്ടാന്‍ സഹായിക്കാറുണ്ടല്ലൊ. എന്നാല്‍ എന്‍റെ  സുഹൃത്തായ  ഒരു വിദ്യാര്‍ത്ഥി എന്‍റെ ആദ്യത്തെ വിദേശജോലിക്ക് വഴിയൊരുക്കി എന്ന്  രേഖപ്പെടുത്താന്‍ സന്തോഷം ഉണ്ട്.   കുറെ  വര്‍ഷങ്ങള്‍ക്ക്  ശേഷം  അയാളെയും  പത്നിയെയും കഴിഞ്ഞ ദിവസം  കാണാന്‍  കഴിഞ്ഞതിനെ  കുറിച്ചാണ് ഈ  കുറിപ്പ്,

 ഞാന്‍ ഐ.ഐ.ടി. ഡല്‍ഹിയില്‍  നിന്ന് 1981 ല്‍ പി.എച്ഡി.  ബിരുദം  നേടിയതിനു  ശേഷം വിദേശത്ത്  പൊസ്റ്റ്  ഡോക്ടോറല്‍ ഗവേഷണം  നടത്താന്‍  പല ശ്രമങ്ങളും  നടത്തി  പരാജയപ്പെട്ട് ഇരിക്കുകയായിരുന്നു. ക്രമേണ കുട്ടികള്‍   രണ്ടു പേരും  ഹൈസ്കൂളിലായി . അവരുടെ ഭാവി വിദ്യാഭ്യാസത്തിനു  ആവശ്യമായ  മാര്‍ഗ നിര്‍ദ്ദേശം  കൊടുക്കാന്‍  ശ്റീമതിക്ക്  തനിയെ ആവില്ല  എന്നു തോന്നിയതു കൊണ്ട് അത്തരം ആഗ്രഹങ്ങളെല്ലാം ഉറക്കി കിടത്തിയിരിക്കുകയായിരുന്നു. അങ്ങനെ  ഇരിക്കുമ്പോഴാണ്  1998 ല്‍ സിംഗപ്പൂര്‍ ഡാറ്റാ സ്റ്റോറേജ്  ഇന്സ്റ്റിറ്റ്യൂട്ടില്‍ ജോലി  ചെയ്തിരുന്ന എന്റെ പൂര്‍വ വിദ്യാര്‍ത്ഥി ശ്രീ ശിവദാസിന്‍റെ   ഒരു ഈ മെയില്‍  സന്ദേശം കിട്ടിയത്. സാര്‍, ഞങ്ങളുടെ സ്ഥാപനത്തില്‍   കണ്ട്റോള്‍ സിസ്റ്റത്തില്‍  വിദഗ്ദ്ധനായ   ഒരാളെ കുറച്ചു  കാലത്തേക്ക് വിസിറ്റിങ്ങ്  പ്രൊഫസറായി   നിയമിക്കാന്‍ ആലോചിക്കുന്നു, സാറിനു താല്‍പര്യം ഉണ്ടെങ്കില്‍ വിശദമായ  ഒരു  ബയോഡാറ്റ അയക്കൂ. ശരിയായാല്‍ സാറിന് ഇവിടെ  വന്നു  കുറച്ചു നാള്‍  ജോലി ചെയ്യാന്‍ കഴിയും. വലിയ പ്രതീക്ഷ ഒന്നുമില്ലായിരുന്നു എങ്കിലും ഞാന്‍ ബയോഡാറ്റ  ഉണ്ടാക്കി അയച്ചു. അവര്‍ നോക്കി ഒരു വര്‍ഷത്തെ  കരാര്‍  വ്യവസ്ഥയില്‍ ജോലി തരാമെന്ന് പറഞ്ഞു.  പക്ഷേ  ഒരു  ഇന്‍റെര്‍വ്യൂവിനു വരാമോ എന്നായി. ഭാഗ്യവശാല്‍ ഞാന്‍ ആയിടെ ഹവായിയില്‍  ഒരു കൊണ്ഫെറന്സിനു  പോകുന്നുണ്ടായിരുന്നു. കോണ്ഫെറന്സ്  കഴിഞ്ഞു വരുന്ന  വഴി  അവിടെ പോയി ഇന്‍റെര്വ്യൂവും കഴിച്ചു, ജോലി ഉറപ്പാക്കി. അങ്ങനെ ഞാനും ശ്രീമതിയും കൂടെ ഒരു വര്‍ഷത്തെ  അവധി എടുത്ത്  സിംഗപ്പൂരില്‍  എത്തി.

കുറച്ചു   നാളത്തെ  ജോലി  ആയതുകൊണ്ട്  താമസസൌകര്യം  ഒരു പ്രശ്നം ആയിരുനു. അപ്പൊഴാണ്  ശിവദാസ്  പറയുന്നത്  സാറിനു  താല്‍പര്യം ഉണ്ടെങ്കില്‍ എന്‍റെ  ഫ്ലാറ്റില്‍  പേയിങ്  ഗസ്റ്റായി   കൂടാം. എന്ന്. അന്നത്തെ  സാധാരണ  നിരക്കില്‍  താമസത്തിനും  ഭക്ഷണത്തിനും ഉള്ള  പണം  വാങ്ങിക്കൊള്ളാം എന്ന  വ്യവസ്ഥയില്‍ ഞാന്‍ അതു സ്വീകരിച്ചു. ശിവദാസിന്റെ വീട്ടില്‍ ഭാര്യ പ്രിയയും മകള്‍ അഞ്ചു വയസ്സുള്ള ഗായത്രിയും (അമ്മു) യും ആയിരുന്നു താമസം. രണ്ടു ബെഡ് റൂം ഉള്ള ഏഴാം നിലയിലെ ഫ്ലാറ്റ്. നല്ല സൌകര്യമുള്ള ഫ്ലാറ്റ്. ഞങ്ങള്‍ക്ക്, ഭാര്യക്കും എനിക്കും, താമസിക്കാന്‍ ധാരാളം സൗകര്യം. അമ്മുവിന്റെ കൂട്ടും. ഞങ്ങള്‍ അവളുടെ അപ്പുപ്പനും അമ്മുമ്മയുമായി ( ഞങ്ങളുടെ മകള്‍ക്ക്  അന്ന് കുട്ടികള്‍ ആയിട്ടില്ല). എല്ലാകാര്യത്തിലും ഭക്ഷണ കാര്യത്തില്‍ ഉള്‍പ്പെടെ ഏകദേശം ഒരേ ചിന്താഗതിയുള്ള കുടുംബം. രാവിലെ ഒരുമിച്ചു ജോലിക്ക് പോകാം ഒരുമിച്ചു തിരിച്ചു വരാം അങ്ങനെ. വീട്ടു ജോലിക്കായി ഒരു ശ്രീലങ്കന്‍ തമിഴത്തി  പെണ്കു്ട്ടിയും ഉണ്ട്. പ്രിയക്ക്   ഒരു എംബസിയില്‍ ജോലി ഉണ്ടായിരുന്നു. ആ സമയത്ത് ശ്രീമതിക്ക് കൂട്ടായി ഈ പെണ്കുട്ടിയുമായി. അവരുടെ  കുട്ടി ഗായത്രിയെ  പ്ലേ സ്കൂളില്‍ ആക്കാനും മറ്റും  എന്‍റെ  ശ്രീമതിയാണ്  പൊയ്ക്കൊണ്ടിരുത്. എല്ലാം നല്ലത്  തന്നെ.  ഞങ്ങള്‍  അങ്ങനെ  ആറുമാസം സിംഗപ്പൂരില്‍  അടിച്ചു  പൊളിച്ചു  ജീവിച്ചു.  

 

ശിവദാസും  പ്രിയയും   ഞങ്ങള്‍   തിരിച്ചു പോന്ന് ഏതാനും  വര്‍ഷം കഴിഞ്ഞ് അമേരിക്കയില്‍ കാലിഫോറ്ണിയായില്‍ ജോലിയായി പോയി. അതിനു ശേഷം   വല്ലപ്പോഴും  വാട്ട്സാപ്പില്‍  സന്ദേശം അയക്കുന്നതു മാത്രം  ആയിരുനു  ബന്ധം. ഇതിനിടക്ക്  ഞങ്ങളെ  അപ്പുപ്പനും  അമ്മുമ്മയും ആയി  വിളിച്ച മോള്‍ വലുതായി രണ്ട് വര്‍ഷം മുമ്പ് വിവാഹം കഴിഞ്ഞ് കഴിഞ്ഞ് ഭര്‍ത്താവും ആയി ജോലിയില്‍  കയറി .

 

ശിവദാസിനെയും പ്രിയയെയും കാണാന്‍ കഴിഞ്ഞ  ദിവസം ഒരവസരം  ഉണ്ടായി.  ശിവദാസിന് അല്‍പ്പം ആയുര്‍വേദ സുഖചികിത്സക്കായി  അവര്‍ രണ്ട് പേരും പൊന്‍ കുന്നത്തുള്ള   ഒരു  ആയുര്‍വേദ ചികിത്സാലയത്തില്‍  എതാനും ആഴ്ചകള്‍ക്ക്  മുമ്പ് വന്നു എന്നറിഞ്ഞു. എന്‍റെ   ഭാര്യാ സഹോദരന്‍   പൊന്‍ കുന്നത്ത്   താമസമാണ്. അപ്പോള്‍   ശിവദാസിനെയും   അളിയനെയും  കാണാം  എന്നു കരുതി  ഇന്നലെ   ഞാന്‍ അവിടെ പോയിരുന്നു. പഴയ  ഓര്‍മ്മകള്‍  അയവിറക്കി  രണ്ട് മണിക്കൂര്‍  അവരുടെ  കൂടെ  കഴിയാന്‍ കഴിഞ്ഞു.  ഏതാണ്ട്  25 വര്‍ഷം മുമ്പ്   ഒരുമിച്ച്   കഴിഞ്ഞ  നാളുകള്‍.   ശിവദാസ്  ജോലിയില്‍  നിന്നു വിരമിച്ചു  എങ്കിലും  പ്രിയ  ഇപ്പൊഴും  ജോലി ചെയ്യുന്നുണ്ട്.  ശിവദാസും  പ്രിയയും  ചികിത്സ  പൂര്‍ത്തിയാക്കി  ഇന്ന്   തിരിച്ച്  കാലിഫോറ്ണിയായിലേക്ക്   പറക്കുകയാണ്.  അവര്‍ക്ക്  ശുഭയാത്ര  പറഞ്ഞ്  ഈ കുരീപ്പ് അവസാനിപ്പിക്കുന്നു.

Bon Voyage  Siva and  Priya

 

 

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി