ഓണക്കളികള്‍ - 1 : പകിടകളി

 ഓണം വന്നാല്‍ പുതുവസ്ത്രം ഉടുത്തു  പരിപ്പും പായസവും ഉപ്പേരിയും ഉപ്പിലിട്ടതും ആയി സദ്യയുണ്ടു കഴിയുമ്പോള്‍ എന്തെങ്കിലും കളിക്കാതെ വയ്യ. ഓരോരുത്തരുടെയും പ്രായത്തിനനുസരിച്ച് ഞങ്ങളുടെ കുട്ടനാട്ടില്‍ വിവിധതരം കളികള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഇതില്‍ പലതും അന്യം നിന്നുപോയി എന്നുള്ളത്  ശരിയാണ്. ഇപ്പോള്‍ ഓണക്കളികള്‍ പലപ്പോഴും പണം വച്ചും അല്ലാതെയും ഉള്ള ചീട്ടുകളിയില്‍ മാത്രം ഒതുങ്ങി വരുന്നു എന്നത് വേദന ഉണ്ടാക്കുന്നു.

 

ഞങ്ങളുടെ നാട്ടില്‍ ഏറ്റവും കൂടുതലാള്‍ക്കാര്‍ ഓണത്തിന് കളിച്ചുകൊണ്ടിരുന്ന കളി ആണ് പകിടകളി. രണ്ടു പേര്‍ മുതല്‍ 6 പേര്‍ക്ക് വരെ കളിക്കാം. നാലുപേരാണെങ്കില്‍  രണ്ടു പേര്‍ ഓരോ ടീമില്‍, ആറുപേര്‍ ആണെങ്കില്‍ മൂന്നു പേര്‍  ഒരു ടീമില്‍. അഞ്ചു, ഏഴു, ഒമ്പത് കളങ്ങള്‍ വരച്ചു കളിക്കാം. രണ്ടു പേര്‍ക്ക് കളിക്കാന്‍  സാധാരണ (5X5) ചതുരവും നാലു പേര്‍ക്ക്7X7  ചതുരവും ആറുപേര്‍ക്ക്  (9X9) ചതുരവുമാണ്. നാല് പേര്‍ ഇരിക്കുമ്പോള്‍ കൂട്ടുകാര്‍ പരസ്പരം അഭിമുഖീകരിച്ചു രണ്ടു വശത്തും ഇരിക്കം. ആറുപേര്‍ ആകുമ്പോള്‍ ഒരു വശത്ത് രണ്ടുപേരും എതിര്‍വശത്ത് ഒരാളും ( സാധാരണ മൂന്നുപേരില്‍ കൂടുതല്‍ കേമന്‍) ഇരിക്കുന്നു. ഓരോ ടീമിനും നാലു കരുക്കള്‍ ഉണ്ടാവും.

 




പകിട 3 - 4 ഇഞ്ച് നീളമുള്ള നാലുവശമുള്ള ഒരു ചതുര കോലാണ്. നാലുവശവും അല്പം മിനുസപ്പെടുത്തി അഗ്രങ്ങളിലേക്ക് വണ്ണം കുറച്ചു രണ്ടറ്റത്തും ഭംഗിയാക്കി വെച്ചിട്ടുണ്ടാവും. ഓടുകൊണ്ടും മരത്തിലും പകിട ഉണ്ടാക്കാം. ഓരോ വശത്തെയും അക്കങ്ങള്‍ മരത്തിലാണെങ്കില്‍ കാരീയം കൊണ്ടു കുഴിയില്‍ ഇറക്കിയാണ് ഉറപ്പിക്കുക. ഓട്ടുപകിടയില്‍  ദ്വാരം ഇട്ടിരിക്കും. വിപരീത വശങ്ങളില്‍ 1,6  2,4 എന്നും 3,5 കണ്ണുകള്‍ ഉണ്ടാവും. ഓരോ പ്രാവശ്യവും ഒരു ജോടി പകിടയാണ് ഉരുട്ടുന്നത്. ഉരുട്ടി പകിട നിശ്ചലമാകുമ്പോള്‍  രണ്ടു പകിടമേലും തെളിയുന്ന അക്കങ്ങളുടെ തുക കണക്കാക്കി കളിച്ച ആളിന്റെ ഒന്നോ രണ്ടോ കരുക്കള്‍ മുന്നോട്ടു നീക്കാം.   രണ്ടു പകിടകളിലും ഒരേ നമ്പര്‍ വന്നാല്‍ അതെ ആളിന് വീണ്ടും കളിക്കാം. ഉദാഹരണത്തിന് രണ്ടു പകിടയിലും 6  മുകളില്‍ വന്നാല്‍, 12  കളങ്ങള്‍ മുന്നോട്ടു പ്രദക്ഷിണ വഴിയില്‍ നീങ്ങാം. വീണ്ടും കളിച്ചാല്‍ കിട്ടുന്ന  രണ്ടു പകിടകളില്‍ വീഴുന്ന എണ്ണവും ഉപയോഗിച്ച് മുന്നോട്ടു നീങ്ങാം.

 

ഓരോ കരുവും തുടക്കത്തില്‍ കളത്തില്‍ കയറാന്‍ ഒറ്റ അക്കം വീഴണം. നാലു കരുക്കളെയും തുടക്കക്കളത്തില്‍ നിന്ന്  കളിച്ചു കളിച്ചു കളത്തിന്റെ കേന്ദ്രത്തില്‍ ഉള്ള ചതുരത്തില്‍ എത്തിച്ചു പുറകോട്ടിറങ്ങി തിരികെ ആരംഭസ്ഥാനത്തെത്തി പുറത്തു വരുമ്പോള്‍ ആ കരു  കളിച്ചയാള്‍  ജയിച്ചതായി കണക്കാക്കുന്നു. ആദ്യം ടീമില്‍ ഉള്ള എല്ലാവരും ജയിച്ചാല്‍ ആ ടീം കളി ജയിക്കും. ഒരാള്‍ ജയിച്ചു കഴിഞ്ഞാല്‍ അയാള്‍ പകിടയുരുട്ടി കിട്ടുന്ന എണ്ണം കൂടി ഉപയോഗിച്ച് ടീമിലുള്ള മറ്റെയാളിനു  മുന്നോട്ട്‌ നീങ്ങാം. അങ്ങനെ  അയാള്‍ക്ക് കൂടെയുള്ള അംഗത്തെ സഹായിക്കാം, അതായതു ഒരാള്‍ക്ക്‌ പകരം രണ്ടുപേര്‍ കളിക്കുന്നതിന്റെ പ്രയോജനം കിട്ടും. അതുകൊണ്ടു ആദ്യം ഒരാളെങ്കിലും കേന്ദ്രത്തില്‍ എത്തുകയാണ് ലക്‌ഷ്യം. മൂന്നു പേര്‍ കളിക്കുമ്പോള്‍ ഒരു വശത്തുള്ള രണ്ടു പേര്‍ക്കും കൂടി ഒരു സെറ്റ് കരുക്കള്‍ മാത്രമേ ഉള്ളൂ. അവരുടെ കരു നാലും കേന്ദ്രത്തിലെത്തി തിരിച്ചു പുറത്തു വന്നാല്‍ അവര്‍ക്ക് കൂട്ടുകാരനെ സഹായിക്കാം.

 എതിരാളിയുടെ  കരു  ഇരിക്കുന്ന കളത്തില്‍ കയറാന്‍ കഴിഞ്ഞാല്‍ എതിരാളിയുടെ കരുവിനെ, വെട്ടി പുറത്താക്കാം. എതിരാളികളില്‍ രണ്ടു പേരുടെ കരു  ഒരുമിച്ചിരിക്കുന്നത് വെട്ടണമെങ്കില്‍  മറ്റേ ടീമിന്റെ രണ്ടു കരുക്കളും ഒരുമിച്ചു അവിടെ വരണം.  ഇങ്ങനെ പരസ്പരം യുദ്ധം ചെയ്തു മുന്നേറണം. ആദ്യം കേന്ദ്രത്തിലെത്തിക്കഴിഞ്ഞാല്‍ കളിച്ചു കിട്ടുന്ന സംഖ്യ അനുസരിച്ച് പുറകോട്ടിറങ്ങണം.  തിരിച്ചു തുടങ്ങിയ കളത്തിലെത്തി പുറത്തായാല്‍ അയാള്‍ കളി ജയിച്ചു. ടീമിലുള്ളവര്‍ എല്ലാവരും ആദ്യം കേന്ദ്രത്തിലെത്തി തിരിച്ചിറങ്ങി പുറത്തു വരുന്നത് ആ ടീമാണ് ജയിക്കുക. പന്തയം വെക്കുന്നത് എന്താണെങ്കിലും അവര്‍ക്ക് കിട്ടും. സാധാരണ പണമാണ് പന്തയം. കാണികളും വാതുവെക്കുക പതിവുണ്ട്.  ആര് ജയിക്കുമെന്നും മറ്റും അല്ലാതെ ഒരാള്‍ കളിച്ചാല്‍ രണ്ടു പകിടകളിലും കൂടി എത്ര സംഖ്യ വരുമെന്ന് വരെ ( ക്രിക്കറ്റില്‍ ഒരു ബാളില്‍ എത്ര റണ്സ് എടുക്കുമെന്ന് വാതു വെക്കുന്നത് പോലെ)  വളരെ ആവേശം ഉണ്ടാക്കുന്ന കളിയാണ്, പലപ്പോഴും വാശി മൂത്ത് തല്ലില്‍ അവസാനിക്കാന്‍ സാദ്ധ്യതയും  ഇല്ലാതില്ല.  ഒരു കളിയില്‍ എതിരാളിയുടെ കരു വെട്ടാനും മറ്റും വേണ്ട കൃത്യമായ എണ്ണം കളിക്കുക ശ്രമകരമാണ്, ചാന്സാനെങ്കിലും ചിലര്‍ മന്ത്രവിദ്യ പോലെ പകിടയെ പറയുന്ന നമ്പരില്‍ എത്തിക്കും. ഇതിലാണ് കഴിവ്. കാണികളുടെ ആര്‍പ്പും വിളിയും ആവേശം കൂട്ടും.

 

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി