ഒരു വൃദ്ധ ദമ്പതികളുടെ പ്രളയകാല (2018 ആഗസ്റ്റ് 12 -13 ) ദുരിത കഥ -1
ഞങ്ങള്‍, ഞാനും ഭാര്യയും 1991 മുതല്‍ താമസിക്കുന്നത് കോഴിക്കോട് നഗര മദ്ധ്യത്തില്‍ മാവൂര്‍ റോഡില്‍ നിന്ന് കഷ്ടിച്ച് പത്തു മിനുട്ട് നടന്നാല്‍ എത്തുന്ന ഒരു കോളനിയില്‍ ആണ്. പണ്ടു കാലത്ത് പാഴ്വയല്‍ ആയി കിടന്ന സ്ഥലം. ഒരു PWD എഞ്ചിനീയര്‍ നിസ്സാര വിലയ്ക്ക് വാങ്ങിയ ചള്ളിവയലെന്ന സ്ഥലം . കോഴിക്കോട് ഡവലപ്മെന്‍റ് അതോറിറ്റി അക്വയര്‍ ചെയ്യാന്‍ തുടങ്ങുന്നു എന്ന് കേട്ടപ്പോള്‍ സ്ഥലം ഉടമയും ഭാര്യയും മറ്റൊരു സഹായിയുമായി ഈ താഴ്ന്നസ്ഥലം നികത്തി പ്ലോട്ടുകള്‍ ആയി വേര്‍തിരിച്ചു റോഡും വെള്ളം ഒഴിഞ്ഞുപോകാനുള്ള ഓടയും ഉണ്ടാക്കി റോഡും ഓടയും കോര്‍പ്പൊറേഷനെ ഏല്‍പ്പിച്ചു കൊള്ളാം എന്ന് സമ്മതപത്രം കൊടുത്തതനുസരിച്ചു പ്ലോട്ടുകള്‍ വില്‍ക്കാന്‍ CDA അനുവാദം വാങ്ങി. അങ്ങനെ പ്ലോട്ടുകള്‍ അദ്ദേഹം തന്റെ സുഹൃത്തുക്കള്‍ക്കും മറ്റും വില്‍പ്പന നടത്തിയ സ്ഥലം. അവിടെയാണ് ഞങ്ങള്‍ 6 സെന്‍റുള്ള രണ്ട് അടുത്തടുത്ത 12 സെന്റു സ്ഥലം വാങ്ങി ഒരു വീട് വെച്ചതു . താഴ്ന്ന സ്ഥലം ആയതു കൊണ്ടു വില കുറവായിരുന്നു എന്നാലും ആ ലാഭം കെട്ടിടത്തിന്റെ അസ്ഥിവാരം ഉണ്ടാക്കുന്നതില്‍ തന്നെ കഴിഞ്ഞു. വയനാട് റോഡിനു കിഴക്കുള്ള മിക്കവാറും സ്ഥലങ്ങള്‍ ഇങ്ങനെ നികത്തി എടുത്തതാണെന്നു ആള്‍ക്കാര്‍ പറയുന്നു.
ഞങ്ങള്‍
താമസം തുടങ്ങി ഒന്നോരണ്ടോ വര്‍ഷം കഴിഞ്ഞു
ഒരു വെള്ളപ്പൊക്കത്തില്‍ വീടിനകത്ത് ചെറിയ തോതില്‍ വെള്ളം കയറിയിരുന്നു, എന്നാല്‍ അതിനു ശേഷം കനോലി കനാല്‍ പല വര്‍ഷങ്ങളായി പല
ഘട്ടങ്ങളിലായി കുറേശ്ശെ ആഴം കൂട്ടിയത് കൊണ്ടു ഇക്കഴിഞ്ഞ വര്‍ഷം വരെ യാതൊരു
പ്രശ്നവും ഉണ്ടായിരുന്നില്ല, മഴക്കാലത്ത് വല്ലപ്പോഴും കോളനി റോഡില്‍
ചിലയിടങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നതല്ലാതെ.
പക്ഷെ
2018 അഗസ്റ്റ് മാസം 12 മുതല്‍ തുടങ്ങിയ മഴ പ്രശ്നം ഉണ്ടാക്കുമെന്ന് തോന്നി.
ആഗസ്റ്റ് 13 നു മുന്‍വശത്തെ റോഡില്‍ അല്‍പ്പം വെള്ളം കെട്ടിക്കിടക്കുന്നു ണ്ടായിരുന്നു.
ഞങ്ങള്‍ കുട്ടനാട്ടുകാര്‍ ആയതു കൊണ്ടു വെള്ളം കണ്ടാല്‍ ഭയം ഒന്നുമില്ല
എങ്കിലും ചെറിയ ആശങ്ക ഉണ്ടായിരുന്നു,
പ്രത്യേകിച്ചും ശ്രീമതി പൂര്‍ണ ആരോഗ്യം ഉള്ള
അവസ്ഥയില്‍ അല്ലാതിരുന്നത് കൊണ്ടു. എന്നാല്‍ ആഗസ്റ്റ് 13 രാത്രി ആയപ്പോള്‍ സംഗതി കൂടുതല്‍ വഷളായി. റോഡില്‍ വെള്ളം ഉയര്‍ന്നു , ചില ഭാഗങ്ങളില്‍ മുട്ടിനു മുകളില്‍ വെള്ളം ആയി. 13 ആം തീയതി രാത്രി
ആയപ്പോള്‍ കാര്യങ്ങള്‍ ആകെ മാറി. മഴ ശക്തിയായി. എനിക്കും ഭാര്യക്കും രാത്രി മൂന്നു
നാല് പ്രാവശ്യം മൂത്ര ശങ്ക തീര്‍ക്കുന്ന പതിവുണ്ട്. രാത്രി 12 മണിക്ക് എഴുനേറ്റപ്പോഴും ഒരു വെള്ളപ്പൊക്കത്തിന്റെ
ലക്ഷണം ഒന്നും കണ്ടില്ല. പുറത്തെ
വെള്ളത്തിന്റെ നില നോക്കിയുമില്ല. രാവിലെ
പതിവ് പോലെ 5 മണിക്ക് എഴുനേറ്റു കട്ടിലില്‍ നിന്ന് കാലു താഴെ ഇട്ടപ്പോള്‍ കാല്‍ മുട്ടിനു തൊട്ടു
താഴെ വരെ വീട്ടിനുള്ളില്‍ വെള്ളം കയറിയിരുന്നു. അല്‍പ്പം പ്രയാസപ്പെട്ടായിരുന്നു
എങ്കിലും ശ്രീമതിയെ മുകളിലത്തെ നിലയിലെ
കിടപ്പ് മുറിയിലേക്ക് ആക്കി
വീട്ടില്‍ താമസിക്കുന്ന സഹായിയെ വിളിച്ചുണര്‍ത്തി താഴത്തെ നിലയില്‍ നിന്ന്
എന്റെ കുറെ പുസ്തകങ്ങളും മറ്റും നനയാത്തതും നനഞ്ഞതും വാരി മുകളില്‍ എത്തിച്ചു.
അപ്പോള്‍ പോര്‍ച്ചില്‍ കിടന്ന കഷ്ടിച്ച്
രണ്ടു വര്ഷം മാത്രം പഴക്കമുള്ള എന്റെ
കാറ് പകുതി ഭാഗം വരെ വെള്ളത്തില്‍
മുങ്ങിയിരുന്നു. വെള്ളത്തില്‍ മുങ്ങിയ കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നത് കൂടുതല്‍ അപകടം ആണെന്ന് എവിടെയോ വായിച്ചിരുന്നത് കൊണ്ടു വണ്ടി മാറ്റിയിടാന്‍
ശ്രമിച്ചില്ല.
വെങ്ങേരിയില്‍ താമസിക്കുന്ന ഭാര്യാ സഹോദരിയും ഭര്‍ത്താവും സാധാരണ ടൂറില്‍ ആയിരിക്കുമെങ്കിലും ഈ ദിവസങ്ങളില്‍ അവിടെ ഉണ്ടായിരുന്നു. അവര്‍ വിവരം അറിഞ്ഞു വന്നു. റോഡില്‍ മുട്ടിനു മുകളില്‍ വെള്ളം നീന്തിയാണ് അവര്‍ രണ്ടു പേരും വന്നത്, ഞങ്ങളെ അവരുടെ വീട്ടിലേക്കു കൂട്ടി ക്കൊണ്ടു പോകാന്‍ തയാറായി വന്നതായിരുന്നു. എന്നാല്‍ അന്ന്14 നു പകല്‍ മഴ കാര്യമായി പെയ്തില്ല, അതുകൊണ്ടു വീണ്ടും വെള്ളം കൂടുമെന്ന് പ്രതീക്ഷ ഇല്ലായിരുന്നു,. ഏതായാലും ഞാനും അളിയനും കൂടി ഫ്രിഡ്ജും വാഷിംഗ് മെഷീനും അടുക്കളയിലെ തട്ടില്‍ ഉയര്‍ത്തിവെച്ചു. സോളാര്‍ ഇന്‍വെര്‍ട്ടറും ബാറ്ററിയും അടങ്ങിയ ഭാരിച്ച പെട്ടി 4 ഇഷ്ടിക വെച്ച് ഉയര്‍ത്തി. മഴ കൂടുതല്‍ ഇല്ലാത്തത് കൊണ്ടു നോക്കാം എന്ന് ഒരു ഒഴുക്കന്‍ മറുപടി പറഞ്ഞു അവരെ വിട്ടു. രാവിലെ തന്നെ പാചക ഗ്യാസ് സിലിണ്ടരും സ്സ്റ്റവ്വും അത്യാവശ്യഭക്ഷണ സാധനങ്ങളും മുകളിലത്തെ നിലയില്‍ ആക്കിയിരുന്നത് കൊണ്ടു ഭക്ഷണം ഉണ്ടാക്കി കഴിച്ചു. (തുടരും )
Comments