ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവം

വർഷങ്ങൾകു മുൻപാണു. എനിക്കു ഡൽഹി ഐ ഐ റ്റി യിൽ ഗവേഷണത്തിനു പ്രവേശനം കിട്ടി . ഒന്നിലും രണ്ടിലും പഠിക്കുന്ന കുട്ടികളും ഭാര്യയുമായി തലസ്ഥാനത്തേകു പുറപ്പെട്ടു. ഭാഗ്യത്തിനു എന്റെ സീനിയറ് സഹപ്രവറ്ത്തകൻ എന്റെ കുടുംബത്തിനു വേണ്ടി ഒരു ഒറ്റമുറി അടുക്കള ഐ ഐ റ്റി യുടെ അടുത്തുള്ള ‘ജിയ സരായി‘ എന്ന ഗ്രാമത്തിൽ താമസത്തിനു ശരിയാക്കിയിരുന്നു. അദ്ദേഹം കുട്ടികൾകു മുനീറ്കായിലുള്ള ഒരു സ്കൂളിൽ പ്രവേശനവും വാങ്ങിത്തന്നു. രണ്ടര ദിവസത്തെ ജയന്തി ജനതായിലെ യാത്രക്കു ശേഷം ഞങ്ങൾ ഐ ഐ റ്റി കാമ്പസ്സിലുള്ള അദ്ദേഹത്തിന്റെ ക്വാറ്ട്ടറിൽ എത്തി. വിശ്രമിച്ചു രണ്ടു ദിവസം കഴിഞ്ഞു സ്വന്തം താമസ സ്ഥലത്തേക്കു മാറിയാൽ മതി എന്നുള്ള സ്നേഹപൂർവമായ നിറ്ബന്ധത്തിനു വഴങ്ങി. ഞാൻ ഡിപാറ്ട്ടമെന്റിൽ പോയി , കുട്ടികളെ സ്കൂളിൽ ചേറ്ത്തു. സഹപ്രവറ്ത്തകന്റെ കുട്ടികൾ പോകുന്ന സ്കൂൾ ആയതുകൊണ്ടു അവരുടെ കൂടെ പോകാനും ആട്ടോറിക്ഷായ്കു വേണ്ടതു ചെയ്തു. അടുത്ത ദിവസം മകളെയും മകനെയും സഹപ്രവർത്തകന്റെ കുട്ടികളോടൊപ്പം ആട്ടോയിൽ കയറ്റി അയച്ചു. “മക്കളേ, ഒരുമിച്ചേ വരാവൂ, കൂട്ടം പിരിയരുതു “ എന്നൊക്കെ പറഞ്ഞു അവരെ പറഞ്ഞു ഏല്പിച്ചു.

പക്ഷേ നിർഭാഗ്യവശാൽ സ്കൂൾ വിട്ടു തിരിച്ചു വന്നപ്പോൾ മകൾ ആട്ടോയിൽ ഇല്ല. മറ്റു കുട്ടികളോടു ചോദിച്ചപ്പോൾ അവർ പറഞ്ഞു അവളെ സ്കൂൾ വിട്ടു നോക്കിയപ്പോൾ കണ്ടില്ല എന്നു. ഞങ്ങൾ ആകെ അസ്വസ്ഥരായി. അവൾകു ഹിന്ദി തീരെ അറിയില്ല, അച്ഛന്റെയും അമ്മയുടെയും പേർ അറിയാമെങ്കിലും, അച്ഛൻ ഐ ഐ റ്റി യിൽ പഠിക്കുക ആണെന്നോ എവിടെയാണു താമസിക്കുന്നതെന്നോ പറയാൻ അവൾകു അറിയില്ല. മുനീറ്കയിൽ നിന്നു ഐ ഐ റ്റി യിലേകുള്ള വഴിയും അറിയാൻ സാധ്യതയില്ല. കാരണം തലേ ദിവസം ഞങ്ങൾ ആട്ടോയിൽ ആണു പോയതു. അല്ലെങ്കിലും ഞങ്ങളുടെതുപോലെയുള്ള ഒരു ചെറിയ കാമ്പസ്സിൽ നിന്നു വന്ന കുട്ടികൾകു ഡൽഹി നഗരം തന്നെ ഒരു അത്ഭുതമായിരിക്കുമല്ലോ. നിലവിളിക്കുന്ന അമ്മയെ വീട്ടിൽ നിറുത്തി ഞങ്ങൾ ഒരു വണ്ടി പിടിച്ചു സ്കൂളിൽ എത്തി, അവിടെ ഒരു കുട്ടിയും ഇല്ല. ഏതാനും ദിവസങ്ങൾകു മുൻപാണു ചോപ്പ്ര കുട്ടികളെ ബില്ലയും രങ്കായും കൂടി കൊന്നു കരോൾബാഗിനടുത്ത വനത്തിൽ തള്ളിയതു. ഹൈസ്കൂൾ കുട്ടിയായ സ്വന്തം സഹോദരിയെ ഉപദ്രവിക്കാൻ തുനിഞ്ഞ പോക്ക്രികളെ തടഞ്ഞപ്പോൾ സഹോദരിയെയും സഹോദരനെയും നിർദ്ദയം കൊന്നു കാട്ടിൽ തള്ളിയത്രേ . തിരിച്ചു വന്നപ്പോൾ അമ്മ ബോധം കെടുന്ന നിലയിൽ എത്തി. അറിയാവുന്ന ദൈവങ്ങൾകെല്ലാം വഴിപാടു നേർന്നു. “താമസിക്കുന്ന സ്ഥലത്തിന്റെയും രക്ഷാകറ്ത്താക്കളുടെയും വിവരങ്ങൾ എഴുതി എന്തുകൊണ്ടു നിങ്ങൾ കുഞ്ഞുങ്ങളുടെ പോക്കറ്റിൽ ഇട്ടില്ല?“ എന്നൊക്കെ ആൾകാർ ചോദിക്കുന്നുണ്ടു, തെറ്റു തെറ്റു തന്നെ, ഇതൊന്നും പറഞ്ഞാൽ കുഞ്ഞിനെ കിട്ടുകയില്ലല്ലോ.

ഞങ്ങൾ പോലീസിനെ വിവരം അറിയിക്കാൻ തുടങ്ങുമ്പോഴാണു, ദൂരെ നിന്നു ഏതാനും മുതിർ വിദ്യാർത്ഥികളുമായി ശ്രീമതി കുണുങ്ങി കുണുങ്ങി വരുന്നു. പാവം അവൾ ഒന്നും അറിയുന്നില്ല. മുനീറ്കായിൽ നിന്നു നെരേ വരുന്ന വഴി ജെ എൻ യു വിലേക്കു തിരിയുന്ന സന്ധിയിൽ സംശയിച്ചു നിന്നപ്പോൾ ഞങ്ങളുടെ സ്ഥാപനത്തിലെ കുട്ടികൾ ചോദിച്ചു, “അച്ഛൻ ആരാണു? എവിടെയാണു താമസം? “എന്നൊക്കെ. അവൾ അവൾകറിയാവുന്ന പോലെ ഐ ഐ റ്റി എന്നോ റിസർചു എന്നോ മറ്റോ മറുപടി പറഞ്ഞു പോലും ( അവൾ പിന്നീടു സാവകാശം ചോദിച്ചപ്പോൾ പറഞ്ഞതു). ഭാഷ അറിയാൻ വയ്യാത്തതു കൊണ്ടും ഞങ്ങളെപ്പോലെയുള്ള വയോജന വിദ്യാഭ്യാസത്തിനു വന്ന ആരോടെങ്കിലും അന്വേഷിക്കാം എന്നു കരുതി ഹോസ്റ്റലിലേക്കു വിളിച്ചു കൊണ്ടു വന്നതാണു ആ കുട്ടികൾ . ആ കുട്ടികൾകും ദൈവത്തിനും ആയിരം നന്ദി പറഞ്ഞു കുഞ്ഞിനെ ഞങ്ങൾ വാരി എടുത്തു. പാവം അവൾ ഞങ്ങളുടെ ആർ ഈ സി കാമ്പസ് സ്കൂളിലെപോലെ ക്ലാസ്സു കഴിഞ്ഞു തൊട്ടടുത്തുള്ള വീട്ടിലേക്കു നടന്നു വരുന്നതുപോലെ ഇറങ്ങിനടന്നതാണു, കുറച്ചു കഴിഞ്ഞാണു തെറ്റു മനസ്സിലായതു, എന്തു ചെയ്യണം എന്നറിയാതെ നിൽകുമ്പോഴാണു വിദ്യാർത്ഥികൾ അവളെ കണ്ടു മുട്ടിയതും. ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടു. ഞങ്ങൾകു ഇതു ഒരു മറക്കാൻ വയ്യാത്ത ഒരനുഭവം തന്നെ ആയിരുന്നു. അന്നും ഇന്നും മനുഷ്യരിലെ നന്മയിൽ വിശ്വാസമുള്ള ആളാണു ഞാൻ എങ്കിലും..

Comments

Anonymous said…
തുടരുക