വൃദ്ധ ദമ്പതികളുടെ പ്രളയ കാല ( 2018 ആഗസ്ത് 14-15) ദുരിത കഥ

 പക്ഷെ അന്ന് രാത്രി പെയ്ത  മഴ ശക്തിയായി. മലയോര പ്രദേശത്ത് ഉരുള്‍പൊട്ടി എന്ന് ടി.വി.യില്‍ കണ്ടു. (കക്കയം ഡാമും രാത്രിയില്‍ തന്നെ തുറന്നു എന്ന് പിന്നീടറിഞ്ഞു). വെള്ളം  മിനിട്ടിനു മിനിട്ടിനു ഉയര്‍ന്നു കൊണ്ടിരുന്നു. രാത്രിയില്‍  വീടിനുള്ളില്‍ തന്നെ അരയറ്റം വെള്ളം ഉയര്‍ന്നു. അസമയത്ത് പ്രായമായ രണ്ടു സ്ത്രീകളോടൊപ്പം 70 വയസ്സായ  നിസ്സഹായനായി ഇത് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു.. ഓരോ അര മണിക്കൂറും ഞാന്‍ താഴ വന്നു വെള്ളത്തിന്റെ നില നോക്കി വന്നു. കംപ്യുട്ടര്‍ , ടി.വി , അലമാരയുടെ താഴത്തെ തട്ടിലുള്ള കുറെ വസ്ത്രങ്ങള്‍ എല്ലാം മുകളിലേക്ക് എത്തിച്ചു. ഏതായാലും നേരം വെളുത്തപ്പോള്‍ ഇനി  ഭാഗ്യം പരീക്ഷിക്കാതെ ഭാര്യാ സഹോദരിയുടെ വെങ്ങേരിയിലുള്ള വീട്ടിലേക്കുക്ക് പോകുക തന്നെ. എന്ന് തീരുമാനിച്ചു. ആഗസ്റ്റ്‌ 15  സ്വാതന്ത്ര്യം കിട്ടിയ ദിവസം രാവിലെ തന്നെ ശ്രീമതിയെ വെള്ളത്തില്‍ നിന്ന്  കരയിലേക്ക് എത്തിക്കാന്‍ സഹായം  ഫയര്‍ സ്റ്റേഷനില്‍  വിളിച്ചു, മീഞ്ചന്ത വിളിച്ചപ്പോള്‍ അവരുടെ   പക്കല്‍ ഉള്ള രണ്ടു ഫയര്‍ എഞ്ചിനും പുറത്താണ്  അല്‍പ്പം വൈകും എന്നറിയിച്ചു. വീണ്ടും വീണ്ടും വിളിച്ചപ്പോള്‍ കാത്തിരിക്കാന്‍ പറഞ്ഞു. ഏതായാലും  അവര്‍  ബീച്ചില്‍ ഉള്ള ഫയര്‍ സ്റ്റെഷനിലേക്ക് പറഞ്ഞത് കൊണ്ടാണ് എന്ന് തോന്നുന്നു  അവര്‍ എന്നെ വിളിച്ചു. ഞാന്‍ പറഞ്ഞു  നടക്കാന്‍  വയ്യാത്ത ശ്രീമതിയെ വീട്ടില്‍ നിന്ന് ആംബുലന്‍സിലേക്ക് എത്തിക്കണം എന്ന്. അവരുടെ  പക്കല്‍  സ്ട്രെച്ചര്‍  ഇല്ല,   കസേരയില്‍ ഇരുത്തി കൊണ്ടു പോകാന്‍ കഴിയുമോ എന്ന് ചോദിച്ചു. ഏതായാലും  നിങ്ങള്‍ വരൂ എന്നപേക്ഷിച്ചു. അവര്‍ വന്ന വഴി അരയിടത്തുപാലത്ത് ബേബി  മെമ്മോറിയല്‍ ആശുപത്രിയുടെ അടുത്തു റോഡില്‍ കിടന്ന  ഒരു ആംബുലന്‍സ് വിളിച്ചു സരോവരത്തിനു മുമ്പില്‍  വണ്ടികള്‍  പാര്‍ക്ക് ചെയ്തു സ്ട്രെച്ചറുമായി അരയറ്റം വെള്ളത്തില്‍ അവര്‍ നാലുപേര്‍ നീന്തി  വീട്ടില്‍ എത്തി. ഒന്നാം നിലയില്‍ എത്തി ശ്രീമതിയെ സ്ട്രെച്ചറില്‍ കിടത്തി രണ്ടു തോര്‍ത്ത്‌ കൊണ്ടു  കെട്ടി അത്യാവശ്യ  വസ്ത്രങ്ങളും  ആയി ഞാനും സഹായിയും കൂടെ  നീന്തി മിനി ബൈപാസ് റോഡില്‍ കിടന്ന ആംബുലന്‍സില്‍ എത്തി. കുറച്ചു  പൈസ എടുത്തു  വെച്ചിരുന്നത് പോലും എടുക്കാന്‍ മറന്നു , പര്സില്‍ ഉള്ള  ആയിരം രൂപയില്‍ നിന്ന്   അവര്‍ക്ക്  എന്തെങ്കിലും കൊടുക്കാന്‍ നോക്കി. ചായക്കാശു പോലും അവര്‍ വാങ്ങിയില്ല.  ആംബുലന്‍സ് ഡ്രൈവര്‍  ഏതോ   ചാരിറ്റെബിള്‍  ട്രസ്റ്റിന്റെ (വഹാബി ഫൌന്ഡേഷന്‍  തുടങ്ങുന്ന പേര്‍ എന്നാണോര്‍മ്മ ) ആയിരുന്നത് കൊണ്ടു ആയാലും  പണം കൊടുത്തത് സ്നേഹപൂര്‍വ്വം നിരസിച്ചു. തൊണ്ടയാടു വഴി കോഴിക്കോട് ബൈപാസില്‍ കൂടി  വേങ്ങേരി  സഹോദരിയുടെ വീട്ടില്‍ രാവിലെ പതിനൊന്നു മണിയോടു കൂടി എത്തി. അജ്ഞാതരായ  ഫയര്‍ സര്‍വീസ്   സുഹൃത്തുക്കള്‍ക്കും   ആംബുലന്‍സ് സാരഥിക്കും   നന്ദി  മനസ്സില്‍  പറഞ്ഞു  കൊണ്ടു സ്വാതന്ത്ര്യ  ദിവസം കൊണ്ടാടി.  ഇതിനിടയില്‍ വയനാട്ടില്‍ നിന്ന് വന്ന സഹായിയായ സ്ത്രീയെ വീട്ടില്‍ ഇട്ടിരുന്ന വേഷത്തില്‍ തന്നെ KSRTC ബസ്സില്‍ കയറ്റി അവരുടെ ആവശ്യപ്രകാരം നാട്ടില്‍ പോകാന്‍ അയച്ചു. അധികം ബുദ്ധിമുട്ട് കൂടാതെ അവര്‍ക്ക് കുട്ടികളുടെ വീട്ടില്‍ എത്താന്‍ കഴിഞ്ഞു. വിഷമ കാലത്ത് കൂടെ നിന്ന് സഹായിച്ച അവര്‍ക്കും നന്ദി.

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

മധ്യമ വ്യായോഗം -

കീചക വധം കഥകളി