ഒരു ഓണ്‍ ലയിന്‍ ഓണസദ്യയുടെ കഥ, 2018 ലെ പ്രളയ കാലം കഴിഞ്ഞ്

 


2018  ലെ  പ്രളയ കാലത്ത്  കേരളത്തില്‍   മിക്ക  സ്ഥലങ്ങളിലും  വെള്ളം കയറിയപ്പോള്‍   ഞങ്ങളുടെ കോഴിക്കൊട്ടെ  രാജീവ്  നഗര്‍   കോളനിയിലും  വെള്ളം കയറി .  ആഗസ്റ്റ്   മാസം  12  നു രാത്രിയില്‍  തുടങ്ങിയ    നില്‍ക്കാത്ത  മഴയും  കൂനിന്മേല്‍ കുരു എന്നത് പോലെ വൈകി നിരപ്പായ  സ്ഥലം എല്ലാം വെള്ളം പരന്നു കഴിഞ്ഞ് കേരളത്തിലെ  മിക്കവാറും എല്ലാ  ഡാമുകളും ഒരുമിച്ചു  തുറക്കുകയും   ചെയ്തപ്പോള്‍ ജനങ്ങള്‍  അക്ഷ്രാര്‍ത്ഥത്തില്‍ വെള്ളം കുടിച്ചു. ഞങ്ങള്‍   ഒരു വിധം വീട്ടില്‍  നിന്നു രക്ഷപെട്ട് അനുജത്തിയുടെ  വീട്ടില്‍  അഭയം  പ്രാപിച്ചു.  വെള്ളം ഇറങ്ങിയതിന്‍റെ  ശേഷം  വീട്  വൃത്തിയാക്കുന്നത് തന്നെ  ശ്രമകരമായിരുന്നു. എന്നാലും  ഒരു വിധം വീട് വൃത്തിയാക്കി  കഴിഞ്ഞപ്പൊള്‍   ഓണവും  വരവായി. കുട്ടികള്‍   ആരും  അടുത്തില്ലാത്തതു   കൊണ്ടും വീട്ടില്‍  സഹായി ആയിരുന്നയാള്‍   ഓണം  ആഘോഷിക്കാന്‍   വീട്ടില്‍  പോകുകയും ചെയ്തു.  മലബാറിലെ   ഹോട്ടലുകള്‍   മിക്കതും  ഓണത്തിന്    അവധി ആയിരിക്കും .എന്ന സത്യവും അറിയുന്നതു കൊണ്ട് വിഷമിച്ച് ഇരിക്കുകയായിരുന്നു.

എന്‍റെയും പൂര്‍ണ  ആരോഗ്യവതി അല്ലാത്ത  ഭൈമിയുടെയും  ഉച്ചഭക്ഷണം   എങ്ങനെ  കഴിക്കും  എന്ന്   അലോചിച്ചു   കൊണ്ടിരിക്കുമ്പോള്‍  ആണ് രാവിലെ  ഒരു  അറിയിപ്പു   കേട്ടത്. ഒരു മൊബൈല്‍   നമ്പറില്‍  വിളിച്ചാല്‍ ഓണ  സദ്യ  വീട്ടില്‍  എത്തിച്ചു  തരുമെന്ന്.  ഇതു  തന്നെ  അവസരം എന്ന് മനസ്സിലാക്കി   ഉടനെ  ആ നമ്പറില്‍   വിളിച്ച്   രണ്ട്  പേര്‍ക്കു ഭക്ഷണം    കൊണ്ടുവരാന്‍   പറഞ്ഞു.  പണം അവര്‍ ഭക്ഷണം  കൊണ്ടുവരുമ്പൊള്‍   കൊടുത്താല്‍   മതിയെന്നും   പറഞ്ഞു. ഒരു മണിക്കു  മുമ്പായി   ഭക്ഷണം വീട്ടില്‍  എത്തുമെന്നും  ഉറപ്പു തന്നു.

ഏതായാലും   വീട്ടില്‍  തിളപ്പിച്ച  വെള്ളം മാത്രം   കഴിച്ചു   കാത്തിരുന്നു.  ഒരു മണിയായി , ഒന്നരയായി , മണി  രണ്ടായി , പക്ഷേ  ഭക്ഷണം വരുന്നില്ല. നേരത്തെ  ബുക്കു ചെയ്യാന്‍ വിളിച്ച  നമ്പറില്‍  വിളിച്ചപ്പോള്‍  അത് സ്വിച്  ഓഫ്  എന്നു  പറഞ്ഞു. വീണ്ടും  വീണ്ടും വിളിച്ചിട്ടും  തഥൈവ. 230  കഴിഞ്ഞപ്പൊള്‍  ഇനി  നോക്കിയിട്ടു   കാര്യമില്ല  എന്നു  തീരുമാനിച്ച്   കാറെടുത്ത്  പുറത്തിറങ്ങി, പല ഹോട്ടലുകളും    തുറന്നിട്ടു പോലുമില്ല.   അവസാനം  അരയിടത്ത്   പാലത്ത് ഉള്ള  ബേബി   മേമ്മൊറിയല്‍  ആശുപത്രി   കാന്‍റീനില്‍   ചെന്നപ്പോള്‍   ഊണ്‍   തീര്‍ന്നു. വെജിറ്റബിള്‍  ബിരിയാണി   ഉണ്ടെന്നു  പറഞ്ഞു. അതിനും നീണ്ട ലൈനില്‍  നിന്ന്  രണ്ടെണ്ണം വാങ്ങി മൂന്നു  മണീ കഴിഞ്ഞ്  വീട്ടില്‍ എത്തി   ഞങ്ങള്‍   ഭക്ഷണം കഴിച്ചു.

രാത്രി    നമ്പറില്‍  വിളിച്ചപ്പോള്‍ അവര്‍  പറഞ്ഞത്  അവര്‍ ഉണ്ടാക്കിയ ഭക്ഷണവുമായി  വന്ന  വണ്ടി തൊണ്ടയാട്  വെച്ച്   മറിഞ്ഞു  എന്നും  അതുകൊണ്ടാണ്  ഭക്ഷണം  കൊണ്ടൂവരാന്‍   കഴിയാഞ്ഞത്  എന്നും   എന്തൊ  കഥ  പറഞ്ഞു.  തികച്ചും  വിശ്വസിക്കാന്‍ വയ്യാത്ത  കഥ. ഞാന്‍  മനസിലാക്കിയത്  ഏതോ ചെറുപ്പക്കാര്‍  എളുപ്പത്തില്‍   അല്‍പ്പം പണമുണ്ടാക്കാന്‍   മാര്‍ഗം കണ്ടെത്തി  ശ്രമിച്ചതാണ്  എന്നു തോന്നി. നമ്മുടെ  കേരള  സദ്യയുടെ  15-20 വിഭവങ്ങള്‍ ഉണ്ടാക്കി  അതു നഗരത്തിലെ  വിവിധ ഭാഗങ്ങളില്‍ 2  മണിക്ക് മുമ്പ് എത്തിക്കാനുള്ള  വാഹന സൌകര്യമൊ സഹായികളൊ ഒന്നും ഇല്ലാതെ  തികച്ചും അനവധാനതയൊടെ  ചെയ്ത  കാര്യം  ആണെന്നാണ് തോന്നിയത്.  ഏതായാലും  വെള്ളപ്പൊക്കം  കഴിഞ്ഞ ഓണം   ഇങ്ങനെ  ഓണ്‍ ലയിന്‍ ആയി   ഞങ്ങള്‍   കഴിച്ചു എന്നറിയിക്കാനാണ്   ഈ കുറിപ്പു. ഇപ്പൊള്‍   എല്ലാവരും   ഓണ ഭക്ഷണം  ഓറ്ഡര്‍  ച്യ്തു കാത്തിരിക്കുന്നവര്‍ക്ക്   ഭക്ഷണം  കൃത്യസമയത്ത്   കിട്ടുവാന്‍ വേണ്ടി   പ്രാര്‍ത്ഥിക്കുന്നു.

 

 

 

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി