മിസ്റ്റിക് തുറമുഖ മ്യൂസിയം (Mystic Seaport Museum)





















അമേരിക്കയിലെ ന്യൂ ഇങ്ളണ്ട് മേഖലയില് ഉള്ള  മസ്സാചുസെറ്റ്സ് സംസ്ഥാനത്തിലാണല്ലോ ഞങ്ങളുടെ കുട്ടികൾ താമസിക്കുന്ന ബോസ്റ്റണ് നഗരം.  വാരാന്ത്യം ആയപ്പോള് ഇവിടെ  എവിടെയെങ്കിലും   പോകാം എന്നു കുട്ടികള്  പറഞ്ഞതനുസരിച്ച് ഇന്നലെ  അടുത്ത സംസ്ഥാനമായ കണക്റ്റിക്കറ്റ്  സംസ്ഥാനത്തിലെ മിസ്റ്റിക് നഗരത്തിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ സമുദ്രപൈതൃക മ്യൂസിയത്തില്   പോകാം എന്ന പരിപാടി ഇട്ടു. ഞങ്ങള് താമസിക്കുന്ന ഹോപ്കിൻടണ് ടൌണില് നിന്ന് ഒന്നര മണിക്കൂര് കാറില് യാത്രയുണ്ട് എന്നു  പറഞ്ഞു. ഒരു മണിക്ക്  യാത്ര  പുറപ്പെടാന് തയാറായി വന്നപ്പോള് മണി 2 കഴിഞ്ഞു. മരുമകനും മകളും കൊച്ചുമകളുമായി പുറപ്പെട്ടു. ശനിയാഴ്ച ആയതുകൊണ്ട് ട്രാഫിക് മോശമായിരുന്നില്ല എങ്കിലും 345  ആയപ്പോള് അവിടെ എത്തി. ഇങ്ങനെയുള്ള  അവസരത്തില് തിരക്കുള്ള   നഗരത്തില് വാഹനം പാര്ക്ക്  ചെയ്യുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ളത് 20 മിനിറ്റോളം കറങ്ങി നടന്ന് വണ്ടി  പാര്ക്ക് ചെയത് 4 മണിയോടെ മ്യൂസിയത്തില് എത്തി.

1929-ൽ സ്ഥാപിതമായ ഈ മ്യൂസിയം അമേരിക്കയുടെ സമുദ്രചരിത്ര വും കപ്പൽനിർമ്മാണപാരമ്പര്യവും സംരക്ഷിക്കുന്നതിനും അവയെപ്പറ്റി പൊതുജനങ്ങളെ പരിചയപ്പെടുത്തുന്നതിനുമായി പ്രവർത്തിക്കുന്നു  മ്യൂസിയത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ചരിത്രപ്രസിദ്ധമായ കപ്പലുകൾ, പത്തൊമ്പതാം നൂറ്റാണ്ടിലെ കടൽത്തീരഗ്രാമത്തിന്റെ പുനർനിർമ്മിത മാതൃക, നാവിഗേഷൻ ഉപകരണങ്ങൾ, മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ എന്നിവ ഉൾപ്പെടുന്നു. സന്ദർശകർക്ക് പഴയകാല കപ്പലുകളുടെ നിർമ്മാണരീതികളും കടൽജീവിതവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളും അടുത്തറിയാൻ ഇവിടെ അവസരം ലഭിക്കുന്നു.

വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ചരിത്രപ്രേമികൾക്കും ഏറെ പ്രയോജനകരമായ വിദ്യാഭ്യാസ പരിപാടികളും പ്രദർശനങ്ങളും മ്യൂസിയത്തിൽ സംഘടിപ്പിക്കപ്പെടുന്നുണ്ട്. അമേരിക്കയുടെ സമുദ്ര പൈതൃകത്തെ ജീവനോടെ നിലനിർത്തുന്നതിൽ ഈ മ്യൂസിയം നിർണായക പങ്ക് വഹിക്കുന്നു. മ്യൂസിയത്തിന്റെ  പ്രധാന ഭാഗങ്ങള്   5 മണി വരെയേ പ്രവർത്തിക്കുന്നുള്ളൂ എന്നു കണ്ട് അല്പ്പം തിരക്കില് അകത്തു കയറാന് പാസ് വാങ്ങി . ദൈനം ദിന  പാസ്സിന് 35 ഡോളര് , എന്നെപ്പോലെ വയോധികർക്ക് 33 ഡോളര്12  വയസ്സില്  താഴെ ഉള്ള കുട്ടികള്ക്ക് 20 ഡോളര് ആയിരുന്നു. പ്രവേശനഫീസ്. ഞങ്ങള് വൈകി വന്നതുകൊണ്ട് ടിക്കറ്റ്   ചാര്ജ്  പകുതിയാക്കി  അവര് കുറച്ചുതന്നു. അങ്ങനെ  അകത്തു കയറി.

മിസ്റ്റിക് തുറമുഖ മ്യൂസിയം ഒരു വിനോദസഞ്ചാര കേന്ദ്രം മാത്രമല്ല, സമുദ്രചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും അമൂല്യമായ ഒരു വിജ്ഞാനഭണ്ഡാരവുമാണ്.

ഇവടത്തെ പ്രധാന ആകർഷണങ്ങൾ താഴെപ്പറയുന്നവ ആണ്.

1. ചരിത്രപ്രസിദ്ധമായ കപ്പലുകൾ 

o 1841-ൽ നിർമ്മിച്ച തിമിംഗല വേട്ടക്കപ്പലായ Charles W. Morgan.

o മറ്റു പുരാതന കപ്പലുകളും ബോട്ടുകളും. 

2. 19ആം  നൂറ്റാണ്ടിലെ കടൽത്തീര ഗ്രാമം 

o പഴയ വീടുകൾ, കടകൾ, അച്ചടിശാല, കപ്പൽനിർമാണശാല എന്നിവയുടെ പുനർനിർമ്മിത മാതൃക. 

o ആ കാലഘട്ടത്തിലെ ആളുകളുടെ ജീവിതരീതി അവതരിപ്പിക്കുന്ന പ്രദർശനങ്ങൾ. 

3. സമുദ്രചരിത്ര പ്രദർശനങ്ങൾ 

o നാവിഗേഷൻ ഉപകരണങ്ങൾ, ഭൂപടങ്ങൾ, ചിത്രങ്ങൾ, മത്സ്യബന്ധന ഉപകരണങ്ങൾ. 

o അമേരിക്കൻ സമുദ്രവ്യാപാരത്തിന്റെയും കപ്പൽനിർമ്മാണത്തിന്റെയും ചരിത്രം. 

4. പ്ലാനറ്റേറിയം 

o നക്ഷത്രങ്ങളെ ആശ്രയിച്ചുള്ള നാവിഗേഷനെക്കുറിച്ചും ആകാശഗോളത്തെക്കുറിച്ചും പഠിക്കാനുള്ള പരിപാടികൾ. 

5. ചെറിയ ബോട്ടുകളുടെ ശേഖരം 

o ലോകത്തിലെ ഏറ്റവും വലിയ ചെറുകപ്പൽ ശേഖരങ്ങളിലൊന്ന് ഇവിടെ സൂക്ഷിച്ചിരിക്കുന്നു. 

6. പ്രത്യേക പരിപാടികൾ 

o കപ്പൽയാത്രകൾ, കലാപരിപാടികൾ, കുടുംബങ്ങൾക്കായുള്ള വിദ്യാഭ്യാസ പരിപാടികൾ, കാലാവസ്ഥാനുസൃത ഉത്സവങ്ങൾ. 

7. മിസ്റ്റിക് നദിക്കരയുടെ മനോഹര കാഴ്ചകൾ 

o നടപ്പാതകൾ, ഫോട്ടോഗ്രഫിക്ക് അനുയോജ്യമായ ഇടങ്ങൾ, വിശ്രമ സൗകര്യങ്ങൾ. 

ഏതായാലും   ഞങ്ങള്  ആദ്യം  എത്തിയത് ഒരു തിമിംഗലങ്ങളെപറ്റി വിവരിക്കുന്ന  ഒരു മുറിയിലേക്കായിരുന്നു. പുരാതനകാലം മുതല് ഭൂമിയില് ഇന്ന്   ജീവിച്ചിരിക്കുന്നവയില് ഏറ്റവും   വലിയ   ജീവികളായ തിമിംഗലങ്ങളെ വേട്ടയാടി അവയുടെ   ശരീരത്തിലെ നെയ്യ് (blubber) എടുക്കാനുള്ള   സംവിധാനങ്ങള്  ആണ് ആദ്യം കണ്ടെത്തിയത്. അവിടെ ഈ  ഭാഗത്ത് വേട്ടയാടിയിരുന്ന സ്പേമ് തിമിംഗലത്തിന്റെ പല്ലുകള് കീഴ്ത്താടി എല്ലുകള് അവയുടെ നെയ്യ് എടുക്കാന് ഉപയോഗിച്ചിരുന്ന പാത്രങ്ങള് ഇവ   പ്രദർശിപ്പിച്ചിരുന്നു. ഞങ്ങളെ പ്രത്യേകം   ആകർഷിച്ചത്  ചുവരില് ഒരു ഭീമൻ തിമിംഗലത്തിന്റെ ചിത്രം വരച്ച് അതിന്റെ മുകളില്  അമേരിക്കന് ചരിത്രത്തിലെ  പ്രധാന  സംഭവങ്ങള് മ്യൂറല് ചിത്രങ്ങളില് കൂടി വരച്ചതായിരുന്നു. 1952 ൽ ജോസ് സാൻസെസ് എന്നയാളാണ് 14 അടി വീതിയും 51 അടി നീളവും ഉള്ള ഈ ചിത്രം സംവിധാനം ചെയത്   വരച്ചത്. അയാളുടെ   തന്നെ  വാക്കുകളില് ഹെർമൻ മെൽവിൽ  എന്ന സാഹിത്യകാരന് എഴുതിയ  മോബി ഡിക്ക് എന്ന  പ്രസിദ്ധ നോവലില് നിന്ന് പ്രചോദനം  ഉൾക്കൊണ്ടാണ് ഈ ചിത്രം ഇവിടെ  ഉണ്ടാക്കിയത്. തിമിംഗല  വേട്ടകളുടെ   ചരിത്രം പഠിച്ച ഞാന് 1971 ൽ   ഈ വേട്ട  ലോകത്തിലെ   വിവിധഭാഗങ്ങളില്   നടന്ന  തിമിംഗല  വേട്ടകളെ കുറിച്ച് അവലോകനം ചെയത ശേഷം ആണ് ഇതിന്   തുനിഞ്ഞത്. സി എല്. ആര്  ജെയിംസ് എന്ന ആളിന്റെ ഉൾക്കാഴ്ചയും   ഇതിന് പ്രചോദനമായി. 1851   മുതല് ഉള്ള  അമേരിക്കയുടെ   ചരിത്രം ഈ ചിത്റങ്ങളില് കാണാം.   എന്റെ  പേരക്കുട്ടികൾക്ക്  അമേരിക്കന് ചരിത്രം ഒരൊറ്റ  പേജില്   കാണാന് ഇങ്ങനെ  കഴിയട്ടെ എന്ന വിചാരിച്ചു.  മറ്റൊരു കാരണം ഞാന്  നേരിട്ട്  കണ്ടിട്ടുള്ള തിമിംഗലത്തിന്റെ വലിപ്പവും അവയുടെ സ്വതന്ത്ര ജീവിതവും ആയിരുന്നു. മനുഷ്യരുടെ ഇടപെടല് ഇല്ലാതെ സ്വാഭാവികമായി   പ്രകൃതിയിൽ   ജീവിക്കുന്ന ഇവയോട് ഉള്ള സ്നേഹവും കാരണമായി. ഇതോടൊപ്പം   ഉള്ള ചിത്രങ്ങള്  ശ്രദ്ധിക്കുക.  മ്യൂസിയം   ഹാളില് സപേം തിമിംഗലത്തിന്റെ  അവയവ ഭാഗങ്ങള് വിശദീകരണങ്ങളോടെ  നന്നായി    പ്രദർശിപ്പിച്ചിരിക്കുന്നു.

തിമിംഗലങ്ങള് പ്രധാനമായും  രണ്ട് തരം ആണ് . പല്ലുള്ളവയും ഇല്ലാത്തവയും. ഓർക്ക ഇനത്തില് ഉള്ളവ പല്ലുള്ളതാണ്. ഞങ്ങള് കാലിഫോർണിയായില് സാൻഡീഗോ സമുദ്രജീവികളുടെ മ്യൂസിയത്തില് (Sea World)  ഇവയെ   കണ്ടിട്ടുണ്ട്. ബോസ്റ്റണിന് അടത്തുള്ള   കേപ്പ് ആൻ  തീരത്ത് നിന്ന് തിമിംഗലങ്ങളെ കാണാന് പോയപ്പോള് കൂനന് (hump back whales) തിമിംഗലങ്ങളെ ആണ് കൂട്ടമായി  കണ്ടത്. അവ പല്ലില്ലാത്തതാണ്. ചെറിയ  മീനുകളെ ഭക്ഷണം ആക്കാൻ ഭീമന് വായ പൊളിച്ച് കുറെയധികം വെള്ളം അകത്താക്കുന്നു. ഈ വെള്ളം മാത്രം  മൂക്കിൽ കൂടി  പുറത്തേക്ക് ചീറ്റിച്ച് മീന് മാത്രം കഴിക്കുന്നു. ഇവിടെ  കണ്ട  സ്പേം പല്ലുള്ള ഇനമാണ്. പൂർണ വളർച്ച എത്തിയ ഇവയ്ക്ക് 60 അടി (18 മീ ) വരെ നീളവും ഉണ്ട്. ഇവയുടെ  തലച്ചോറില് സ്പെർമാസെറ്റി  എന്ന അവയവം ഉണ്ട്. 17-18 നൂറ്റാണ്ടുകളില് ഈ അവയവം അവയുടെ ബീജം ഉത്പാദിപ്പിക്കുന്നതാണ് എന്നു കരുതിയിരുന്നു. ഇതില് നിന്ന്എടുക്കുന്ന എണ്ണയ്ക്ക് അത്യധികം ആവശ്യക്കാര് ഉണ്ടായിരുന്നു. ഈ തെറ്റിദ്ധാരണയില് നിന്ന്ആണ് ഇവയ്ക്ക് സ്പേം തിമിംഗലം എന്ന പേരു വന്നത്.  ഇവ ഉണ്ടാക്കുന്ന ശബ്ദം വളരെ  വലുതാണ്. 7000  അടി  വരെ  താഴ്ചയില്   നീന്താന്  ഇവയ്ക്ക് കഴിയും. വലുതായ പുരുഷ  തിമിംഗലങ്ങള്  തനിച്ചാണ് ജീവിക്കുന്നത്. കുഞ്ഞുങ്ങളും അമ്മമാരും കൂട്ടമായും. വെളളപ്പാടുകളോട് കൂടിയ ഇളം ചാരനിറമാണ് ഇവയുടെ  പുറം തൊലിക്ക്. കോണാകൃതിയില് ഉള്ള പല്ലുകള്   അവയുടെ താഴത്തെ താടിയെല്ലില് കാണാം. ഭൂമിയില് ഉള്ള ജീവികളില് ഏറ്റവും  വലിയ  തലച്ചോറ് ഇവയ്ക്കാണ്. മനുഷ്യന്റെ തലച്ചോറിന്റെ ഏഴു  ഇരട്ടിയിലധികം വലിപ്പം ഉണ്ടാവുമത്രേ. ഒരു  കാലത്ത് ധാരാളം ഇത്തരം  തിമിംഗലങ്ങളെ വേട്ടയാടിയിരുന്നു. എന്നാല് ഇപ്പോള് ഇവ തീരെ  കുറവല്ല. എന്നാലും വംശനാശം സംഭവിക്കുന്നവയുടെ  കൂട്ടത്തില് ആണ് ഇവയെയും  ഉൾപ്പെടുത്തിയിട്ടുള്ളത്.    

ഹാളില്  നിന്നു   പുറത്തിറങ്ങിയാൽ മിസ്റ്റിക്  നദിയില് ബോട്ടുകള് കാണാം. സഞ്ചാരികൾക്ക് വേണ്ടി കാത്തു കിടക്കുന്ന ബോട്ടുകള്  അസംഖ്യം എണ്ണം  അവിടെ കാണാം. നമ്മുടെ  കൊച്ചി തുറമുഖം പോലെ അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് ഉളളിലോട്ട് കയറിക്കിടക്കുന്ന ഒരു ചെറിയ  ഉൾക്കടലില്  മിസ്റ്റിക് നദി അവസാനിക്കുന്നു. നദിയിൽ തിരമാലശല്യം ഇല്ലാത്തതുകൊണ്ട്  ചെറിയ  ബോട്ടുകളിലും ആൾക്കാർ   കയറി  പോകുന്നത്   കണ്ടു.

പുറത്ത്   ഞങ്ങള്   കണ്ട   മറ്റ്   പ്രധാന   കാഴ്ച്ചകൾ   താഴെ കൊടുക്കുന്നു.

1. റെയിൽ മാതൃക

നാരണഗാനെറ്റ് റെയിൽവേ നാവിഗഷൻ  കമ്പനിയുടെ ഒരു റെയിൽവേ   മാതൃക ഇവീടെ ഉണ്ട്.  റിമോട്ട്   കൺട്രോൾ   വഴി റെയില് ലൈനില് കൂടി  നിയന്ത്രിക്കാവുന്ന ടോയ് ട്രെയിനുകള് ഉൾപ്പെടെ   ആൾക്കാർക്ക് പ്രവർത്തിപ്പിച്ചു നോക്കാം.

2. തിമിംഗലവേട്ടക്കുള്ള കപ്പല്

ചാൾസ് w  മോർഗൻ  എന്ന പേരില് തിമിംഗലവേട്ടക്ക്   ഉപയോഗിച്ചിരുന്ന ഒരു കൂറ്റന്  കപ്പലില്   കയറി   നമുക്ക് ചുറ്റി നടന്നു നോക്കാനുള്ള സൌകര്യം ചെയ്തിട്ടുണ്ട്കപ്പലിന്റെ ഭീമാകാരമായ നങ്കൂരവും  മറ്റും   കാണാം.

3. ചെറിയ ബോട്ടുകളുടെ   പ്രദർശനം

 

500 ൽ അധികം  ചെറിയ  ബോട്ടുകള്  അവിടെ  പ്രദർശിപ്പിച്ചിരിക്കുന്നു. ഇവ ഒരു വലിയ  ഹാളില്  പ്രദർശിപ്പിച്ചിരിക്കുന്നു.

 

4. കടൽത്തീര  ഗ്രാമം

19 ആം നൂറ്റാണ്ടിലെ ഒരു   കടൽത്തീരഗ്രാമത്തിന്റെ മാതൃക അവിടെ നിലനിർത്തിയിരിക്കുന്നു. വീടുകളില്  അടിക്കുന്ന ചായങ്ങള്  പോലും   പഴയ  രീതിയില്  തന്നെ  തനിമ പോകാതെയാണ്  നിലനിര്ത്തിയിരിക്കുന്നത്. ആ വീടുകളുടെ   ഉടമസ്ഥരുടെ ഫോട്ടോയും ലഘു ജീവചരിത്രവും അവിടെ  എഴുതി വെച്ചിട്ടുണ്ട്.

ഇതൊക്കെ  ആയിരുന്നു   ഞങ്ങളുടെ  ഇന്നത്തെ  കാഴ്ച്ച  .

അടിക്കുറിപ്പു.

1851-ൽ ഹെർമൻ മെൽവി എഴുതിയ ഒരു ക്ലാസിക് നോവലാണ് മോബി-ഡിക്ക്എന്ന തിമിംഗലം. ഇസ്മായേൽ എന്ന ആൾ ആണ് ഇതിന്റെ കഥ വിവരിക്കുന്നത്. തന്റെ കാലിൽ കടിച്ച ഭീമൻ വെളുത്ത ബീജത്തിമിംഗലമായ മോബിഡിക്കിനെ വേട്ടയാടി കൊല്ലാനുള്ള ക്യാപ്റ്റൻ ഹാബിന്റെ തീവ്രമായ അന്വേഷണത്തെക്കുറിച്ച് ഇത് വിവരിക്കുന്നു. ഒരു "മഹത്തായ അമേരിക്കൻ നോവൽ" എന്ന് കണക്കാക്കപ്പെടുന്ന ഇതിൽ  വിശദമായ തിമിംഗലവേട്ട, ആസക്തി, പ്രകൃതി, നന്മയും തിന്മയും  തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള തത്വചിന്ത എന്നിവയാണ്  ചര്ച്ച ചെയ്യുന്നത്. "എന്നെ ഇസ്മായേൽ എന്ന് വിളിക്കുക" എന്ന പ്രശസ്തമായ പ്രാരംഭവരികൾ തന്നെ പേരുകേട്ടതാണ്. തുടക്കത്തിൽ വാണിജ്യപരമായി പരാജയപ്പെട്ടെങ്കിലും, അതിന്റെ പ്രശസ്തി വളരെയധികം വളർന്നു, പ്പോൾ ഇത് അമേരിക്കൻ സാഹിത്യത്തിലെ ഒരു മാസ്റ്റർപീസായി പരിഗണീക്കപ്പെടുന്നു.

Reference: https://mysticseaport.org/

Sperm Whales  on Youtube https://youtu.be/EuZtUo5IT7k?si=dKqKIwRJ_m3D7ZTu

 

 

 

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

മധ്യമ വ്യായോഗം -