ബാലിയിലേക്ക് - 5 കിന്താമണി അഗ്നിപര്‍വതവും ബാതുര്‍ തടാകവും
ഉബുദും നെല്‍വയല്‍ തട്ടുകളും കണ്ടു കഴിഞ്ഞു അടുത്തു എവിടെ ആണ് പോകേണ്ട തെന്നായി . വുലവാട്ടിയിലെ സൂര്യാസ്തമനം കാണണമെന്ന് ആഗ്രഹമുണ്ട് , പക്ഷെ വിപരീത ദിശയില്‍ വളരെ ദൂരെ ആയതു കൊണ്ട് , ഏറ്റവും അടുത്തുള്ള കിന്റാമണി അഗ്നിപര്‍വതം കാണാന്‍ പോകാമെന്ന് തീരുമാനിച്ചു . പൊതുവേ കുന്നുകളും താഴ്വരകളും നിറഞ്ഞ ഭൂവിഭാഗമാണ് ബാലിയുടെ ഈ ഭാഗം . ഇന്നും സജീവമായ ഒരു അഗ്നിപര്‍വതമാണ് കിന്റാമണി . 1804 കഴിഞ്ഞു 20 ലധികം പ്ര്രാവശ്യം ലാവ തുപ്പി അടുത്തു താമസിക്കുന്ന ഗ്രാമവാസികളെ കണ്ണീര്‍ കുടിപ്പിച്ച അഗ്നിപര്‍വതം , ഏറ്റവും അടുത്തു 2000 ല്‍ ആണ് തീ തുപ്പിയത് . ബാതൂര്‍ പര്‍വതവും തടാകവും ഉള്‍പെട്ട ഏകദേശം 13 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഭൂപ്രദേശമാണിത് . ബാതൂര്‍ പര്‍വതവും കിന്റാമണി അഗ്നി പര്‍വതവും ബാതുര്‍ തടാകവും എല്ലാം കൂടി പ്രകൃതി രമണീയമായ ഈ സ്ഥലം തന്നെ . ഈ കാരണത്താല്‍ ബാലി കാണാന്‍ വരുന്നവര്‍ ഒരിക്കലും കിന്റാമണി കാണാതെ പോകുകയില്ല . ഇപ്പോഴും തുറന്നിരിക്കുന്ന ഒന്നിന് ചുറ്റും മറ്റൊന്നായി രണ്ടു അഗ്നിപര്‍വത ഗര്തമാണ് പര്‍വതത്തിന്റെ ഭാഗമായി ഉള്ളത്...