ബാലിയിലേക്ക് - 7 ബാലിയിലെ നൃത്തം - കെചക് കെചക്

ദേവേന്ദ്ര നിര്‍മ്മിതമായ തീര്‍ഥജലകുളത്തില്‍ കുളിച്ചില്ലെങ്കിലും കണ്ണും മുഖവും കഴുകി യപ്പോള്‍ ഒരുന്മേഷം കിട്ടിയതായി തോന്നി. തിരിച്ചു ഹോട്ടലില്‍ എത്തുന്നതിനു മുമ്പ് ബാലിയിലെ തനതു നൃത്തകലയായ കെചക് എന്ന പേരില്‍ അറിയപ്പെടുന്ന നൃത്തം കാണാന്‍ ഒരു ആഡിറ്റോറിയത്തിലേക്കാണ് നീങ്ങിയത്. സാമാന്യം മോശമല്ലാത്ത പ്രവേശന ഫീസ്‌ കൊടുത്തു അകത്തു കടന്നു. ആഡിറ്റൊറിയതിന്റെ മുമ്പില്‍ തന്നെ രണ്ടു നര്‍ത്തകിമാര്‍ നൃത്തം ചെയ്യുന്ന വേഷത്തില്‍ സ്വീകരിക്കാന്‍ നില്കുന്നുണ്ട്. ആവശ്യമുള്ളവര്‍ക്ക് അവരോടൊപ്പം ഫോട്ടോയും എടുക്കാം.
കെചക് നൃത്തം ബാലിയിലെ തന്നെ ഉണ്ടായ തനതു നൃത്ത രൂപമാണ്, നമ്മുടെ കഥകളി പോലെ, രാമായണത്തിലെ കഥയാണ് നൃത്ത രൂപത്തില്‍ അവതരിപ്പിക്കുന്നത്‌ . എന്നാല്‍ നമ്മുടെ നൃത്ത സങ്കല്‍പ്പവുമായി വളരെ അന്തരം ഉണ്ടെന്നു തോന്നി. ഒന്നാമതായി കലാകാരന്മാരുടെ എണ്ണം. മുപ്പതില്‍ കുറയാത്ത എണ്ണം കലാകാരന്മാര്‍ നൃത്തം അവതരിപ്പിക്കുന്ന പ്രധാന കലാകാരന്മാര്‍ക്ക് ചുറ്റും കൂടുതല്‍ സമയവും ഇരിക്കുന്നു, “കെചക്" “കെചക്" എന്ന് താളാത്മകമായി പറഞ്ഞുകൊണ്ടു. ക്ഷേത്രങ്ങളിലെ പ്രതിമകളില്‍ കാണുന്നത് പോലെ അരയ്ക്കു താഴെ ഒരു കള്ളിമുണ്ടും ചുറ്റിയാണ്‌ അവരുടെ ഇരുപ്പു. ഇടയ്ക്ക് ഒന്നെഴുനേറ്റ് കറങ്ങിയിട്ട് വീണ്ടും ഇരിക്കും. ഇത്രയധികം കലാകാരന്മാര്‍ ഒരുമിച്ചു രംഗത്ത്‌ വരുന്നതു റഷ്യന്‍ ബാലെയിലോ സര്‍ക്കസിന്റെ തുടക്കത്തിലോ അവസാനത്തിലോ മാത്രമേ കണ്ടിട്ടുള്ളൂ.

ഈ നൃത്ത രൂപം എങ്ങനെയാണ് ഉണ്ടായതെന്നു പലര്‍ക്കും അറിയില്ല. എങ്കിലും ബോണ ഗിയാന്യര്‍ എന്ന ഗ്രമത്തിലാണ് കെചക് ഒരു സംഗീത രൂപമായി തുടങ്ങിയത്. സംഘ്യാന്ഗ് എന്നറിയപ്പെടുന്ന ക്ഷേത്ര കലയുമായി ഇതിനു ബന്ധമുണ്ട്. ആദ്യകാലത്ത് ഈ നൃത്തം ക്ഷേത്രങ്ങളില്‍ മാത്രമേ അവതരിപ്പിക്കുമായിരുന്നുള്ളൂ. എന്നാല്‍ 1930 ല്‍ മേല്പറഞ്ഞ ഗ്രാമത്തിലെ കെചക് നൃത്തകലാകാരന്മാര്‍ രാമായണ കഥയെ കെചക് നൃത്ത രൂപത്തി ലവതരിപ്പിച്ചു അംഗീകരിക്കപ്പെട്ടു. ഇങ്ങനെയാണ് കെചക് ഒരു രംഗത്തവതരിപ്പിക്കുന്ന നൃത്തരൂപമായി മാറിയത്. സീതാപഹരണ കഥയാണ് ആദ്യം അവതരിപ്പിച്ചത് , ആ രീതി ഇപ്പോഴും തുടരുന്നു.

കൈകേയിയുടെ കപട തന്ത്രത്താല്‍ നാട്ടില്‍ നിന്നും ബഹിഷ്ക്രുതനായ രാമന്‍ ദണ്ടക വനത്തില്‍ ലക്ഷ്മണനോടും സീതയോടും കൂടി താമസിക്കുന്നു. സുന്ദരിയായ സീതയെപറ്റി കേട്ടറിഞ്ഞ രാക്ഷസ രാജാവായ രാവണന്‍ സീതയെ സ്വന്തമാക്കാന്‍ ശ്രമം തുടങ്ങി. അയാള്‍ തന്റെ ആശ്രിതനായ മാരീചനോടു ഒരു സ്വര്‍ണ വര്‍ണത്തിലുള്ള മാനായി സീതയെ മോഹിപ്പിക്കാന്‍ അയക്കുന്നു. അത്യപൂര്‍വമായ മാനെ കണ്ടു അതിനെ സ്വന്തമാക്കാന്‍ സീത ആഗ്രഹിക്കുന്നു. അതിനെ പിടിച്ചു കൊടുക്കാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെടുന്നു. ശ്രീരാമന്‍ ലക്ഷ്മണനോടു സീതയെ സംരക്ഷിക്കാന്‍ ഏല്പിച്ചു മാനിനെ പിടിക്കാന്‍ ശ്രമിക്കുന്നു. മാരീചന്‍ വിദഗ്ദ്ധമായി ശ്രീരാമനെ ദൂരത്തേക്കു നയിക്കുന്നു. പെട്ടെന്ന് " അയ്യോ എന്നെ രക്ഷിക്കണേ " എന്ന ശബ്ദം മാറ്റി നിലവിളിക്കുന്നു. സീത ഇത് കേട്ട്‌ രാമന്‍ അപകടത്തിലാണ് അദ്ദേഹത്തെ രക്ഷിക്കാന്‍ ലക്ഷ്മണനോടു ആവശ്യപ്പെടുന്നു. ചതി മനസിലാക്കിയ ലക്ഷ്മണന്‍ തന്റെ സ്വാമിയെ ആര്‍ക്കും അപകടത്തില്‍ പെടുത്താന്‍ കഴിയില്ല എന്ന് ഉറപ്പായി പറയുന്നു. എന്നാല്‍ സീത ലക്ഷ്മണനെ ശകാരിക്കുന്നു. ജ്യേഷ്ടനെ രക്ഷിക്കാതെ തന്നെ സ്വന്തമാക്കാന്‍ ശ്രമിക്കുകയാണോ എന്ന് വരെ ചോദിക്കുന്നു. താന്‍ മനസില്പോലും വിചാരിക്കാത്ത ആരോപണം കേട്ട ലക്ഷ്മണന്‍ സീതയ്ക്ക് ചുറ്റും ഒരു വൃത്തം വരച്ചു അതിനു പുറത്തു കടക്കരുത് എന്ന് പറഞ്ഞു രാമന്റെ പുറകെ പോകുന്നു. ഈ തക്കത്തില്‍ രാവണന്‍ ഒരു സന്യാസിയുടെ വേഷത്തില്‍ അവിടെ എത്തി സീതയോട് ദാഹജലം ചോദിക്കുന്നു. സന്യാസിക്കു കുടിക്കാന്‍ വെള്ളം കൊടുക്കാന്‍ പുറത്തു വന്ന സീതയെ സ്വന്തം രൂപം വീണ്ടെടുത്ത രാവണന്‍ ബലം പ്രയോഗിച്ചു രഥത്തില്‍ കയറ്റിക്കൊണ്ടു പോകുന്നു. തന്റെ രാജധാനിയായ ശീലന്കയില്‍ കൊണ്ടു പോയി തന്റെ ഭാര്യയാകാന്‍ അപേക്ഷിക്കുന്നു. എന്നാല്‍ സീത വഴങ്ങുന്നില്ല. കുറച്ചു നാള്‍ കഴിഞ്ഞു ശ്രീരാമന്റെ ദൂതനായ ഹനുമാന്‍ ശ്രീലങ്കയിലെത്തി സീതയെ കാണുന്നു, ശ്രീരാമന്‍ കൊടുത്ത അടയാളം സീതയെ ഏല്പിച്ചു താമസിയാതെ ശ്രീരാമന്‍ രാവണനെ തോല്‍പ്പിച്ച് സീതയെ കൂട്ടിക്കൊണ്ടു പോകുമെന്നുറപ്പു കൊടുക്കുന്നു. അധികം താമസിയാതെ രാമന്‍ രാവണനെ വധിച്ചു സീതയെ വീണ്ടെടുക്കുന്നു. ഈ കഥയിലെ പ്രധാന ചില രംഗങ്ങള്‍ ആണ് കചക് നൃത്തത്തില്‍ അവതരിപ്പിക്കുന്നത്‌.
ആദ്യ രംഗത്തില്‍ രാമന്‍ സീത ലക്ഷ്മണന്‍ , മാരീചന്‍ മാനായി വന്നു സീതയെ പ്രലോഭിപ്പിക്കുന്നു. രാമന്‍ മാനെ പിടിക്കാന്‍ പുറപ്പെടുന്നു. രണ്ടാമത്തെ രംഗത്തില്‍ " രക്ഷിക്കണേ" എന്നുള്ള നിലവിളി കേട്ട്‌ രാമനെ രക്ഷിക്കാന്‍ സീത ലക്ഷ്മണനെ നിര്‍ബന്ധിച്ചു അയക്കുന്നു. അടുത്ത രംഗത്തില്‍ രാവണന്‍ സീതയെ അപഹരിക്കുന്നു. നാലാമത്തെ രംഗത്തില്‍ ഹനുമാന്‍ ത്രുഗര്തയുടെ സംരക്ഷണത്തില്‍ അശോക വനത്തില്‍ കഴിയുന്ന സീതയെ കണ്ടു സമാധാനിപ്പിക്കുന്നു. അവസാന രംഗത്തില്‍ രാവണന്റെ മകനായ മേഘനാദന്‍ യുദ്ധത്തില്‍ ലക്ഷമണനെ തോല്‍പ്പിച്ച് മോഹാലസ്യപ്പെടുത്തുന്നു. രാമനെയും ലക്ഷ്മണനെയും ബന്ധനസ്ഥരാക്കുന്നു. ദശരഥന്റെ സുഹൃത്തും വിഷ്ണുവിന്റെ വാഹനവുമായ ഗരുഡന്‍ എന്ന വലിയ പക്ഷി രാമലക്ഷ്മണന്മാരെ സ്വതന്ത്രരാക്കുന്നു. വര്‍ധിത ശക്തിയോടെ രാമന്‍ രാവണനെ വധിക്കുന്നു, സീതയുമായി ചേരുന്നു.
കഥാവസാനം അഗ്നിയില്‍ എല്ലാം ചാമ്പലാക്കുന്നു. ഒരു അഗ്നി നൃത്തം അവസാനം അവതരിപ്പിക്കുന്നു. നമ്മുടെ നാട്ടിലെ അയ്യപ്പന്‍ വിളക്കിന്റെ അവസാനം തീയില്‍ ചാടി തീക്കനല്‍ വാരി എരിയുന്ന പോലെ ഒരു നൃത്തം. മുഴുവന്‍ സമയവും പ്രധാന പിന്നണി സംഗീതമം 'കേചാക് കേചാക് ' തന്നെ. പതിഞ്ഞ സ്വരത്തില്‍ അല്പം സംഗീതവും കേള്‍ക്കാം.

താല്പര്യമുള്ളവര്‍ക്ക് യുട്യുബില്‍ ഇട്ട വിഡിയോകള്‍ കാണാം
3.https://youtu.be/rqsLBM8DFRI
5.https://youtu.be/rxdbzp1jJwM
7.https://youtu.be/hD3hzEeJVUY
8.https://youtu.be/Gw_dYP4sGWA










Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി