ബാലിയിലേക്ക് - 2 ആദ്യ ദിവസം ബീച്ചും പാര്‍ക്കും


ബാലി എന്ന ദ്വീപ് ഇന്തോനേഷ്യയിലെ ഒരു ചെറിയ ദ്വീപാണ്. ബാലി എന്ന പ്രവിശ്യയില്‍ സമീപത്തുള്ള ചെറിയ ചില ദ്വീപുകളും ഉള്‍പ്പെടുന്നു. പൊതുവേ മുസ്ലിങ്ങള്‍ കൂടുതലുള്ള ഇന്തോനേഷ്യയിലെ ഹിന്ദുക്കള്‍ കൂടുതല്‍ താമസിക്കുന്ന ജില്ലയാണ് ബാലി. 2014 ലെ സെന്‍സസ് അനുസരിച്ച്, ബാലിയിലെ ജനസംഖ്യ 4,225,000 ആയിരുന്നു , അതില്‍ ഹിന്ദുക്കള്‍ 83.5% , മുസ്ലിങ്ങള്‍ 13.4% , കൃസ്ത്യന്‍സ് 2.5% ബുദ്ധമതാനുയായികള്‍ 0.5% എന്നിങ്ങനെ പോകുന്നു. കോലാലംപൂരില്‍ നിന്ന് മൂന്നു മണിക്കൂറില്‍ താഴെ മാത്രമേ വിമാനത്തില്‍ യാത്ര ചെയ്‌താല്‍ മതി. ഭൂമദ്ധ്യ രേഖയ്ക്ക് 8 ഡിഗ്രി തെക്കായുള്ള ബാലിയില്‍ പൊതുവേ നമ്മുടെ കേരളത്തിലെ കാലാവസ്ഥ തന്നെ. മഴ ധാരാളം, അതുകൊണ്ടു നമ്മുടെ നാട്ടിലെ പോലെ നല്ല പച്ചപ്പ്‌ എല്ലായിടത്തും കാണാം. പൊതുവേ ടൂറിസ്റ്റ് വ്യവസായം തന്നെ വരുമാനം. ധാരാളം മരത്തിലും കല്ലിലും കൊത്തിയെടുത്ത ശില്പങ്ങള്‍ എല്ലായിടത്തും കാണാം. റോഡുകള്‍ പൊതുവേ വീതി കുറഞ്ഞവയാണ് എന്നാല്‍ നല്ലത് , നമ്മുടെ നാട്ടിലെപോലെ കുന്നും കുഴിയും തീരെ കാണാനില്ല. പല ഇടങ്ങളിലും ട്രാഫിക് നല്ലതു പോലെ ഉള്ളതുകൊണ്ട് പലപ്പോഴും തിരക്കുള്ള സമയത്ത് അധികം വേഗത്തില്‍ യാത്ര ചെയ്യാന്‍ വിഷമമാണ്.



ഞങ്ങള്‍ താമസം ബുക്ക് ചെയ്തിരുന്നത് വിമാനത്താവളത്തില്‍ നിന്ന് പതിനഞ്ചു മിനിട്ടു യാത്ര ചെയ്തു കുട്ട ബീചിനടുത്തുള്ള ഒരു Kutta Sea View Resorts ആയിരുന്നു. അല്പം പഴയതാണെങ്കിലും വൃത്തിയും സൌകര്യവും ഉള്ള മുറികള്‍, മൂന്നു നിലകള്‍ മാത്രമേ ഉള്ളൂ. അതുകൊണ്ടു ലിഫ്റ്റ്‌ ഇല്ല. ഞങ്ങള്‍ സീനിയേര്‍സ് താഴെയുള്ള മുറിയിലും കുട്ടികള്‍ക്ക് മൂന്നാം നിലയിലും ആയി മുറി കിട്ടി. ഹോട്ടലില്‍ സ്വിമ്മിംഗ് പൂള്‍ ആയുര്‍വേദ ചികിത്സയ്ക്കും (Spa ) എല്ലാ സൌകര്യങ്ങളും ഉണ്ട്, എല്ലാത്തിനും രേറ്റ് അല്പം കൂടുതലാണോ എന്ന് എനിക്കു തോന്നി. കഷ്ടിച്ച് നൂറു മീറ്റര്‍ നടന്നാല്‍
കടല്‍ തീരം ആയി. അതുകൊണ്ടു കുട്ടികള്‍ക്ക് ഉത്സാഹം ആയി. പൊതുവേ റോഡുകള്‍ പോലെ അല്ലെങ്കിലും സാമാന്യം വൃത്തിയുള്ള ബീച്ച് . കഴിക്കാന്‍ മാക്‌ ഡോനാള്‍ട് അടുത്തു തന്നെ ഉണ്ട്. എരിവും പുളിയും കുറഞ്ഞ ഭക്ഷണം കഴിച്ചു ശീലമായ കുഞ്ഞുങ്ങള്‍ക്ക്‌ അത് തന്നെ പഥ്യം. നമ്മുടെ മീനും ചോറും ദോശയും സാമ്പാറും കിട്ടാനില്ല. കാലിഫോര്‍ണിയയില്‍ പോലും ഗൂഗിള്‍ സെര്‍ച്ച് ചെയ്‌താല്‍ അഞ്ചിലധികം ഇന്ത്യന്‍ രേസ്റ്റൊരന്ടുകല്‍ വിളിപ്പാടകലെ കിട്ടുമെന്നത് വേറെ . നമ്മുടെ ആള്‍ക്കാര്‍ അവിടെ തട്ട് കട തുടങ്ങിയാല്‍ നല്ല വരുമാനം ഉണ്ടാക്കാം എന്ന് തോന്നുന്നു.

കുറച്ചു സമയം വിശ്രമിച്ചതിനു ശേഷം അധികം ദൂരെ അല്ലാത്ത മറ്റൊരു ബീച്ചിലേക്ക് യാത്രയായി. കടലിലേക്ക് തള്ളി നില്‍കുന്ന മറ്റൊരു ബീച്ച്. ആള്‍ക്കാര്‍ ശാന്തമായ കടല്‍ ഉള്ള ഭാഗത്ത്‌ കുഞ്ഞുങ്ങളുമായി കുളിക്കുന്നു. തിരമാലകളെ മുറിച്ചു സര്‍ഫ് ചെയ്യുന്ന സാഹസികര്‍ ചിലര്‍. ഓല മേഞ്ഞ കുടിലുകളും എല്ലാം ധാരാളം. നമ്മുടെ നാട്ടിലെ കൈതചെടികള്‍ വേരോടെ ബീച്ചില്‍ നിലനിര്‍ത്തിയിട്ടുണ്ട്. കുട്ടനാട്ടിലെ മെത്തപ്പായ ഉണ്ടാക്കുന്ന തരാം കൈത ചെടികള്‍.
അവിടെ ഒരു പുല്‍ത്തകിടി വച്ച് പിടിപ്പിച്ച പാര്‍ക്കും ആള്‍ക്കാര്‍ക്ക് നടക്കാനും ഓടാനും മറ്റും സൌകര്യമുള്ള പാതയും സുലഭം. അതിന്റെ നടുവില്‍ നല്ല ഉയരത്തില്‍ ഒരു പ്രതിമയും. കാവലിനെന്നോണം സാക്ഷാല്‍ ഗണപതിയുടെ പ്രതിമകള്‍. ഈ പിക്നിക് സ്പോട്ടിന്റെ പേര്‍ : Nusa Dua Peninsula. എന്നാണ്.

തിരിച്ചു പോകുന്ന വഴി ബാലിയിലെ കര കൌശല വസ്തുക്കള്‍ വില്കുന്ന ഒരു ഷോപ്പിംഗ്‌ കോമ്പ്ലെക്സില്‍ നിര്‍ത്തി. നമ്മുടെ സാരഥി സുപാര്‍ത്ത മുമ്പ് ജോലി ചെയ്തിരുന്ന ഒരു റെസ്റ്റൊരന്റില്‍ നിന്നും ആഹാരവും കഴിച്ചു ഹോട്ടലില്‍ വിശ്രമം. ആദ്യത്തെ ദിവസം കഴിഞ്ഞു.






Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

മധ്യമ വ്യായോഗം -

കീചക വധം കഥകളി