ബാലിയിലേക്ക് - 5 കിന്താമണി അഗ്നിപര്‍വതവും ബാതുര്‍ തടാകവും


ഉബുദും നെല്‍വയല്‍ തട്ടുകളും കണ്ടു കഴിഞ്ഞു അടുത്തു എവിടെ ആണ് പോകേണ്ട തെന്നായി . വുലവാട്ടിയിലെ സൂര്യാസ്തമനം കാണണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ വിപരീത ദിശയില്‍ വളരെ ദൂരെ ആയതു കൊണ്ട്, ഏറ്റവും അടുത്തുള്ള കിന്റാമണി അഗ്നിപര്‍വതം കാണാന്‍ പോകാമെന്ന് തീരുമാനിച്ചു. പൊതുവേ കുന്നുകളും താഴ്വരകളും നിറഞ്ഞ ഭൂവിഭാഗമാണ് ബാലിയുടെ ഈ ഭാഗം. ഇന്നും സജീവമായ ഒരു അഗ്നിപര്‍വതമാണ് കിന്റാമണി. 1804 കഴിഞ്ഞു 20 ലധികം പ്ര്രാവശ്യം ലാവ തുപ്പി അടുത്തു താമസിക്കുന്ന ഗ്രാമവാസികളെ കണ്ണീര്‍ കുടിപ്പിച്ച അഗ്നിപര്‍വതം, ഏറ്റവും അടുത്തു 2000 ല്‍ ആണ് തീ തുപ്പിയത്. ബാതൂര്‍ പര്‍വതവും തടാകവും ഉള്‍പെട്ട ഏകദേശം 13 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഭൂപ്രദേശമാണിത്. ബാതൂര്‍ പര്‍വതവും കിന്റാമണി അഗ്നി പര്‍വതവും ബാതുര്‍ തടാകവും എല്ലാം കൂടി പ്രകൃതി രമണീയമായ ഈ സ്ഥലം തന്നെ. ഈ കാരണത്താല്‍ ബാലി കാണാന്‍ വരുന്നവര്‍ ഒരിക്കലും കിന്റാമണി കാണാതെ പോകുകയില്ല. ഇപ്പോഴും തുറന്നിരിക്കുന്ന ഒന്നിന് ചുറ്റും മറ്റൊന്നായി രണ്ടു അഗ്നിപര്‍വത ഗര്തമാണ് പര്‍വതത്തിന്റെ ഭാഗമായി ഉള്ളത്, ദൂരെ നിന്ന് തന്നെ ഇവ രണ്ടും കാണാം. അഗ്നിപര്‍വതത്തിന്റെ മുഖത്തുനിന്നും വീണ കറുത്ത ലാവ വീണ ഭാഗം വ്യക്തമായി കാണാം. അതോടു തൊട്ടു തന്നെ മൂന്നു നാല് ഗ്രാമങ്ങള്‍ ഉണ്ട്, ജനങ്ങള്‍ താമസിക്കുന്ന ഗ്രാമങ്ങള്‍. ഓരോ പ്രാവശ്യവും കിന്റാമണി ക്ഷോഭിക്കുമ്പോള്‍ വീടും സ്വത്തും സമ്പാദ്യങ്ങളും ഉപേക്ഷിച്ചു ജീവനും കൊണ്ടോടി പോകുന്ന പാവങ്ങള്‍. പര്‍വതം ശാന്തമായി ഉരുകിയ ലാവ തണുത്തുറഞ്ഞു കഴിയുമ്പോള്‍ തിരിച്ചു വന് വീണ്ടും എല്ലാം പുനര്‍ നിര്‍മ്മിച്ച്‌ അവര്‍ അടുത്ത അഗ്നിപര്‍വത ക്ഷോഭം വരെ ജീവിക്കുന്നു. ലാവയില്‍ നിന്നും ഉണ്ടാകുന്ന ധാതുക്കളും മറ്റും വീണു ഫല ഭൂയിഷ്ടമായ ഭൂമിയാണ്‌ ഈ ഗ്രാമങ്ങളില്‍ ഉള്ളത്. പനെകൂര്‍, ബത്തൂര്‍ , കിന്റാമണി എന്നീ മൂന്നു ഗ്രാമങ്ങളാണിവിടെ ഉള്ളത്. ബാതുര്‍ തടാകത്തിന്റെ പ്രാന്ത പ്രദേശത്ത് ചില പുരാതന ഗ്രാമങ്ങള്‍ കൂടി ഉണ്ട്.


അഗ്നിപര്‍വതവും ബാതുര്‍ പര്‍വതവും കാണത്തക്ക വിധത്തില്‍ നിര്‍മിച്ച ചെറുതും ഇടത്തരവും ആയ റെസ്റ്റൊരന്റുകളും ഹോട്ടലുകളും ഇവിടെ ഉണ്ടാക്കിയിരിക്കുന്നു. . അതിന്റെ ടെറസില്‍ നിന്ന് നോക്കിയാല്‍ രമണീയമായ പ്രകൃതി ദൃശ്യം കാണാം. ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് മുമ്പായി അവിടെ എത്തുകയാണ് നല്ലത്. മഴ മേഘങ്ങള്‍ കൊണ്ടു പര്‍വത ഭാഗങ്ങള്‍ മൂടി പ്പോയാല്‍ ഭാഗ്യ ദോഷം എന്നെ പറയാവൂ. ഏതായാലും ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ നല്ല തെളിഞ്ഞ കാലാവസ്ഥയായിരുന്നു. അതുകൊണ്ടു ഫോട്ടോ എടുക്കാന്‍ ബുദ്ധിമുട്ടിയില്ല. ഒരു രേസ്റൊരന്റിനിറെ ടെറസില്‍ കയറി ഫോട്ടോ എടുത്തു.

കിന്റാമണിയില്‍ അഗ്നിപര്‍വതത്തിന്റെ തൊട്ടടുത്ത് പോകേണ്ടവര്‍ക്ക് രണ്ടു മണിക്കൂര്‍ മല കയറി അവിടെ എത്താം. ഗ്രാമീണരായ വഴികാട്ടികള്‍ സഹായത്തിനു കിട്ടും. നാല് പേര് കൂടിയ ഒരു സംഘത്തിനു 300,000 – 400,000 IDR കൊടുത്താല്‍ മതി. സാഹസികരായ പലരും (എന്റെ സുഹൃത്ത്‌ ടെറി ഉള്‍പ്പെടെ ) അവിടെ ചെന്ന് ഫോട്ടോ എടുത്തിട്ടുണ്ടു. അഗ്നിപര്‍വതം ബോംബു പൊട്ടുന്നതുപോലെ പെട്ടെന്ന് പൊട്ടിത്തെറിക്കുകയില്ലല്ലോ , ആദ്യം പുകഞ്ഞു പുകഞ്ഞു മെല്ലെ മെല്ലെ ഉരുകിയ ലാവ പുറത്തെക്ക് ഒഴുകുകയാണല്ലോ പതിവ്. അതുകൊണ്ടു സൂചനകള്‍ ഉണ്ടെങ്കില്‍ അങ്ങോട്ടുള്ള സാഹസിക യാത്ര ഒഴിവാക്കേണ്ടി വരും. ഞങ്ങള്‍ ഏതായാലും സമയക്കുറവു കൊണ്ടും ആരോഗ്യ സ്ഥിതി കൊണ്ടും അങ്ങോട്ട്‌ നീങ്ങിയില്ല.







സ്വന്തം അച്ഛന്‍ വരച്ചതാണെന്നു പറഞ്ഞു ചിത്രങ്ങള്‍ വില്‍ക്കാന്‍ ഒരു സ്ത്രീ പുറകെ കൂടി. അതില്‍ ഒരു ചിത്രം എനിക്കു വളരെ ഇഷ്ടപ്പെട്ടു, തന്റെ ജീവിതം മുഴുവന്‍ പുകയില്‍ കൂടി ഹോമിക്കുന്ന ഒരു വൃദ്ധന്റെ. ഇവിടെ നമ്മുടെ നാട്ടിലെപ്പോലെ എല്ലാ സാധനങ്ങള്‍ക്കും വില പേശല്‍ ഇല്ലാതെ പറ്റുകയില്ല. അല്പം വില പേശി തന്നെ മൂന്നു ചിത്രങ്ങള്‍ വാങ്ങി, 8 ഡോളര്‍ (സുമാര്‍ അഞ്ഞൂറ് രൂപ) കൊടുത്തു.

ബത്തൂര്‍ തടാകം അടുത്തുള്ള കൃഷി സ്ഥലങ്ങളിലേക്ക് വെള്ളം എത്തിക്കുന്നു, നെല്ല് തെങ്ങ്, പഴ വര്‍ഗങ്ങള്‍ എല്ലാം ഈ ഭാഗത്ത്‌ കൃഷി ചെയ്യുന്നുണ്ട്, വഴിയില്‍ പുതിയ പാകമായ പഴങ്ങള്‍ വില്പനയ്ക്കും വച്ചിട്ടുണ്ട്. ഒരു കിലോ ഒരന്ചിനു 30,൦൦൦ IDR കൊടുത്തു വാങ്ങി. നല്ല സ്വാദുള്ള ഓറഞ്ചു. പേരക്കയും സീതപ്പഴവും രമ്പുട്ടാനും എല്ലാം അവിടെ ഉണ്ട് വില്പനയ്ക്ക്.

ഏതായാലും മറ്റൊരു അവിസ്മരണീയമായ അനുഭവമായി ഈ അഗ്നിപര്‍വത സന്ദര്‍ശനം .




Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

മധ്യമ വ്യായോഗം -

കീചക വധം കഥകളി