ബാലിയിലേക്ക് - 6 ഉഷ്ണ ജല തീര്‍ത്ഥം - ടെമ്പാക് സൈരിംഗ്

അഗ്നിപര്‍വതം കണ്ടു മടങ്ങും വഴി വഴിയോര കടകളില്‍ നല്ല ഫ്രെഷ് ആയ പഴങ്ങള്‍ കണ്ടു, അവിടെ തന്നെ ഉണ്ടായ ഓറഞ്ചും പേരക്കയും സീതാപഴവും എല്ലാമുണ്ട് . കുറച്ചു നല്ല ഓറഞ്ചു വാങ്ങി യാത്ര തുടര്‍ന്നു.

തിരിച്ചു പോകുന്ന വഴിയില്‍ ഒരു ഉഷ്ണ ജല തീര്‍ത്ഥം ഉണ്ട് അത് കണ്ടു പോകാം എന്ന് തീരുമാനിച്ചു.രണ്ടു കുന്നുകള്‍ക്കിടയില്‍ ഉള്ള താഴ്വാരത്തിലാണ് ഈ ഹിന്ദു ക്ഷേത്രം . നാട്ടുകാര്‍ വളരെയധികം പരിപാവനമായി കരുതുന്ന ഇവിടെ ഒരു ശക്തിയേറിയ ഒരു തീര്‍ത്ഥജല പ്രവാഹം ഉണ്ട്. ഒരാളിന്റെ ജീവിതത്തിലെ മാലിന്യങ്ങള്‍ കഴുകിക്കളഞ്ഞു സ്വയം ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന തീര്‍ത്ഥജലമാണ് ഇതെന്നു നാട്ടുകാര്‍ വിശ്വസിക്കുന്നു. തീര്‍ത്ഥജല പ്രവാഹത്തില്‍ നിന്ന് വരുന്ന ജലം കുറെയധികം ഷവറുകള്‍ വഴി ഒരു കുളത്തിലേക്ക്‌ എത്തിച്ചിരിക്കുന്നു. ഈ കുളത്തില്‍ ആള്‍ക്കാര്‍ ഷവറിന്റെ താഴെ നിന്ന് കുളിച്ചു സ്വയം ശുദ്ധീകരിക്കുന്നു. ഈ ജലത്തില്‍ കുളിച്ചാല്‍ പല തരത്തിലുള്ള മാറാ രോഗങ്ങള്‍ മാറുമെന്നും മാനസികമായും ശാരീരികമായും സ്വയം ശുദ്ധീകരിക്കാന്‍ കഴിയുമെന്നും ഇവര്‍ കരുതുന്നു.







ഭൂമിയില്‍ നിന്നും ഉണ്ടാകുന്ന തീര്‍ത്ഥ ജല പ്രവാഹം ദൈവനിര്‍മ്മിതമാണ് എന്ന് ബാലിയിലുള്ളവര്‍ വിശ്വസിക്കുന്നു. തീര്‍ത്ഥക്കുളത്തിന്റെയും ഷവരിന്റെയും മുകള്‍ ഭാഗത്താണ് ക്ഷേത്രം. ക്ഷേത്രത്തിന്റെ നടുക്ക് ഒരു ലിംഗയോനി ഉണ്ട്. ശിവ പാര്‍വതീ സംഗംസ്ഥാനമായി കണക്കാക്കപ്പെടുന്ന ഇവിടെ പ്രാര്‍ഥിച്ചാല്‍ വന്ധ്യത മാറുമെന്നും കൃഷിയില്‍ വിജയം വരിക്കാനാവുമെന്നും വിശ്വസിക്കപ്പെടുന്നു. ദുര്‍ഗാദേവിയുടെ വാഹനമായി കരുതുന്ന സിംഹത്തിന്റെ പ്രതിമ പല ഭാഗത്തും പ്രതിഷ്ടിച്ചിരിക്കുന്നു. പ്രാര്‍ഥിക്കാന്‍ വേണ്ടി ഒരു മണ്ഡപവും തീര്‍ത്തിരിക്കുന്നു, പഴയത് പുതുക്കി പണികഴിച്ചത് 1067 ല്‍ ആണ്. കുളവും ഷവറുകളും പുതുക്കി പണിതത് 960 ലാണ്.

ഈ തീര്‍ത്ഥ ജല പ്രവാഹത്തെ കുറിച്ച് ഒരു കഥ വായിച്ചു. ദേവേന്ദ്രന്‍ ബദാഹുലു എന്ന ഒരു രാജാവുമായി യുദ്ധത്തിലെര്‍പ്പെട്ടതിനിടയ്ക്ക് നിര്‍മ്മിച്ചതായി വിശ്വസിക്കപ്പെടുന്നു. ഈ രാജാവിന് യഥേഷ്ടം അപ്രത്യക്ഷമാവാനും രൂപം മാറാനും കഴിയുമായിരുന്നുവത്രേ. ഈ അസാമാന്യ കഴിവുള്ളതു കൊണ്ടു അയാള്‍ അഹങ്കാരിയും അക്രമിയുമായി തീര്‍ന്നു. അയാള്‍ സ്വയം ദൈവമായി പ്രഖ്യാപിച്ചു. ഈ രാജാവിന് കുലവോന്ഗ് എന്ന പേരില്‍ ഒരു സഹായി ഉണ്ടായിരുന്നു. ദൈവത്തെ പ്രാര്‍ഥിച്ചു ചില അനുഷ്ടാനങ്ങള്‍ നാടുകാര്‍ ചെയ്യുന്നത് ഇവര്‍ വിലക്കി, കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ക്ഷോഭങ്ങളും അവിടെ പതിവായി.

ഇന്ദ്രന്‍ ഈ രാജാവിനെയും സഹായിയെയും വക വരുത്തുവാന്‍ യുദ്ധം പ്രഖ്യാപിച്ചു. യുദ്ധത്തിനിടയില്‍ രാജാവ് ഇപ്പോള്‍ തീര്‍ത്ഥ ജല പ്രവാഹം നില്‍കുന്ന ഭൂഭാഗത്തില്‍ ഒരു കുളം ഉണ്ടാക്കി അതില്‍ വിഷ ജലം നിറച്ചു. യുദ്ധത്തില്‍ ക്ഷീണിതരായ ഇന്ദ്രന്റെ പടയാളികള്‍ ഈ വിഷ ജലം കുടിച്ചു മരണപ്പെടുമെന്നാണ് അയാള്‍ കരുതിയത്‌. എന്നാല്‍ ഈ അപകടം അറിഞ്ഞ ഇന്ദ്രന്‍ ഉമ്പുല്‍ എന്ന ഒരു മരുന്ന് ഭൂമിയില്‍ ഈ കുളത്തില്‍ നിക്ഷേപിച്ചു. ഒരു ജല പ്രവാഹവും നിര്‍മ്മിച്ചു ഇതില്‍ നിന്ന് വന്ന പുണ്യ ജലം പ്രവഹിച്ചു വിഷജലം കുടിച്ച യോദ്ധാക്കളെ പുനര്‍ ജീവിപ്പിച്ചു. അങ്ങനെ മരിച്ചവരെ വരെ ജീവിപ്പിക്കാന്‍ കഴിയുന്ന പുണ്യ തീര്‍ത്ഥമായി ഇത് മാറി. യുദ്ധത്തില്‍ പരാജിതനായ രാജാവ് ഉത്തര ഭാഗത്തുള്ള കുന്നുകളിലേക്ക്‌ ഒരു വലിയ പക്ഷിയുടെ രൂപത്തില്‍ പലായനം ചെയ്തു. ഇങ്ങനെ അയാള്‍ ഒളിച്ചു താമസിച്ച സ്ഥലം മനുകാവ ( അര്‍ഥം ബാലിയില്‍ മനുക് = പക്ഷി , ആവ =വലുത്) എന്നറിയപ്പെടുന്നു. ഇന്ദ്രന്‍ അയാളെ അവിടെ നിന്നും തുരത്തുന്നു. അയാള്‍ പിന്നീട് ഒരു പാറയുടെ മറവില്‍ ഒളിച്ചെങ്കിലും ഇന്ദ്രന്‍ അയാളെ പിന്തുടര്‍ന്നു വധിക്കുന്നു. അയാളുടെ ശരീരത്തില്‍ നിന്നൊഴുകിയ രക്തം കൊണ്ടുണ്ടായ നദിയാണത്രേ പെറ്റാനു നദി.




Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

മധ്യമ വ്യായോഗം -

കീചക വധം കഥകളി