ബാലിയിലേക്ക് - 4 ഉബുദ് നഗരവും നെല്‍വയല്‍ തട്ടുകളും



രാവിലത്തെ ചെറിയ നടപ്പും കഴിഞ്ഞു 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മാക്‌ ഡോനാള്‍ടില്‍ നിന്നും ഒരു കപ്പൂച്ചിനോ കാപ്പി കുടിച്ചു. ശ്രീമതിക്ക് ഒരു ലാറ്റെ കാപ്പിയും വാങ്ങി 45000 IDR കൊടുത്തു മുറിയില്‍ എത്തിയപ്പോള്‍ കുട്ടികള്‍ തയ്യാറായി വരുന്നു. യാത്രാ പരിപാടി സാരതിയുമായി ആലോചിച്ചു ആദ്യം കലാകാരന്മാരുടെയും ശില്പികളുടെയും നാടായ ഉബുദ് എന്ന നഗരത്തിലേക്ക് ആക്കാം എന്ന് തീരുമാനിച്ചു. .

ഉബുദ് നഗരവും ശില്പങ്ങളും

ഉബുദ് എന്ന കരകൌശല വിദഗ്ദ്ധരുടെ നാടാണ്. മരത്തിലും കരിങ്കല്ലിലും ഉണ്ടാക്കിയ കൊത്തുപണികളാണ് മിക്കവാറും എല്ലായിടത്തും. സുന്ദരമായ ശില്പങ്ങള്‍ വഴിയില്‍ എല്ലാം കാണാം. ഉബുദ് ജില്ല കൂടുതലും നെല്‍ കൃഷിയുള്ള വയലുകളും ധാരാളം താഴ്വരകളും ഉള്‍പെട്ട ഭൂഭാഗമാണ്. ഇവിടെ ധാരാളം ഔഷധ സസ്യങ്ങള്‍ ഉണ്ടായിരുന്നു. ഉബുദ് എന്ന പേര് തന്നെ ഇന്തോനേഷ്യന്‍ ഭാഷയില്‍ ഔഷധം എന്നതില്‍ നിന്ന് വന്നതാണ്. എട്ടാം നൂറ്റാണ്ടില്‍ ഇവിടെ ഒരു മഹര്‍ഷി രണ്ടു നദികളുടെ സംഗമ സ്ഥാനത്ത് ഒരു ക്ഷേത്രം സ്ഥാപിച്ചു. പൊതുവേ ഹിന്ദുക്കള്‍ നദികളുടെ സംഗമസ്ഥാനം പവിത്രമായി കണക്കാക്കുന്നു എന്നറിയാമല്ലോ, നമ്മുടെ തൃവേണി സംഗമവും മറ്റും കുംഭമേള സമയത്ത് എത്രയെത്ര ജീവന്‍ അപഹരിച്ചു എന്നത് മറ്റൊരു കാര്യം.


ഉബുദിലെ ടൂറിസം വളരുന്നത്‌ റഷ്യയില്‍ ജീവിച്ചിരുന്ന ഒരു ജര്‍മ്മന്‍ കാരന്‍ അവിടത്തെ കലാകാരന്മാര്‍ക്ക് ശില്പ നിര്‍മാണത്തിലും മറ്റും പരിശീലനം കൊടുത്തതിനു ശേഷമാണ്. 1960 കളില്‍ ഡച്ചുകാരനായ ആരീ സ്മിത്ത് എന്ന കലാകാരന്റെ ശ്രമ ഫലമായി ബാലിയിലെ കലകള്‍ക്ക് ഒരു പുതിയ ഉണര്‍വുണ്ടായി എന്ന് പറയുന്നു. ചെറുപ്പക്കാരായ കലാകാരന്മാരുടെ ഒരു സംഘടന തന്നെ അദ്ദേഹം ഉണ്ടാക്കിയത്രേ. ഇന്ന് ഉബുദിലെ ടൂറിസം ഇന്തോനേഷ്യന്‍ സംസ്കാരം, യോഗ , പ്രകൃതി എന്നിവയെ വളരെ ആശ്രയിച്ചിരിക്കുന്നു. ഇവിടത്തെ 'ടെക് ടോക് ' എന്ന നൃത്ത രൂപം മഹാഭാരത്തിലെ ദ്രൌപദിയുടെ വസ്ത്രാക്ഷേപത്തോടു ബന്ധപ്പെടുത്തിയാണ് ഉണ്ടായത് എന്ന് പറയുന്നു. റോഡുകള്‍ വീതി കുറഞ്ഞതാണ്, രണ്ടു വശത്തും വില്കാന്‍ തയാറാക്കിയ കൂറ്റന്‍ പ്രതിമകള്‍. വച്ചിരിക്കുന്നത് കൊണ്ടു ഉള്ള വീതി പോലും പൂര്‍ണമായും ഉപയോഗിക്കാന്‍ കഴിയുന്നുമില്ല. ഉബുദ് നഗരത്തിലെ റോഡിന്റെ മിക്കവാറും രണ്ടു വശവും വിവിധ തരം ശില്പങ്ങള്‍ വില്‍ക്കുന്ന കടകളാണ് , ഏകദേശം പത്തിലധികം കിലോമീറ്റര്‍ നീളത്തില്‍ ഇത് തന്നെയാണ് കാണുന്നത്. ഇത്രയധികം കൂറ്റന്‍ പ്രതിമകള്‍ ഇവിടെ വില്പന നടക്കുന്നുണ്ടോ എന്ന് സ്വാഭാവികമായും സംശയം തോന്നാം. കടഞ്ഞെടുത്ത പ്രതിമകള്‍ സിംഹങ്ങള്‍, മനുഷ്യ രൂപങ്ങള്‍, കുതിരകള്‍, പോത്ത്, ഡ്രാഗന്‍, കന്ഗാരു , തവള പൂച്ച നായ എന്നിവയുടെതാണ്. സുന്ദരമായ ശില്പങ്ങള്‍ ചെയ്ത വാതിലുകളും ജനാലകളും കട്ടിലും എല്ലാം അവിടെ കാണാം . വിഷ്ണുവിന്റെ വാഹനമായ ഗരുഡന്റെ ശില്‍പം മിക്കവാറും എല്ലായിടത്തും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഉബുദിലെ ഒരു കൊട്ടാരവും ക്ഷേത്രവും കണ്ടു , അവിടെയും കുറെ ഫോട്ടോകള്‍ എടുത്തു.

ഈ മേഖലയിലെ മറ്റൊരു പ്രധാന ടൂറിസ്റ്റ് ആകര്‍ഷണം കുരങ്ങന്മാരുടെ കാട് ആണ്. ഇവിടത്തെ കുരങ്ങന്മാര്‍ നമ്മുടെ ശാസ്താംകോട്ടയിലെ കുരങ്ങന്മാരെ പോലെ ചിലപ്പോള്‍ അക്രമികളാകും കുട്ടികളുടെയും സ്ത്രീകളുടെയും കയ്യില്‍ നിന്ന് ബാഗും ഭക്ഷണ സാധനങ്ങളും തട്ടിപ്പറിച്ചു കൊണ്ടു പോകും എന്ന് ആരോ പറഞ്ഞത് കൊണ്ടും സമയക്കുറവു കൊണ്ടും ഞങ്ങള്‍ കുരങ്ങന്മാരുടെ കാട്ടിലേക്ക് പോയില്ല.

ടെഗലലാന്ഗ് റൈസ് ടെറസ്‌

മലഞ്ചെരിവില്‍ തട്ടുകളായി നെല്‍കൃഷി ചെയ്യുന്ന സ്ഥലമാണ് റെഗലലാന്ഗ് റൈസ് റെരാസ് എന്നറിയപ്പെടുന്നത്. താഴ്വരയുടെ രണ്ടു ഭാഗത്തും തട്ടുകളായി നെല്‍കൃഷി ചെയ്തു വരുന്നു. ഈ കാഴ്ച കാണാനുള്ള പരുവത്തില്‍ ഒരു ഹോട്ടലും അവിടെ ഉണ്ടായിരുന്നു, ഉച്ച ഭക്ഷണ സമയം ആയതുകൊണ്ട് ഫോട്ടോ എടുപ്പും ഭക്ഷണവും ഒരുമിച്ചാവാം എന്ന് കരുതി സാരഥി സുപാര്‍ത്ത അങ്ങോട്ടാണ് ഞങ്ങളെ നയിച്ചത്. നമ്മുടെ നാട്ടിലെ പാളത്തൊപ്പി പോലെയുള്ള ഒരു തൊപ്പിയും വച്ച് കാല്‍നടയായി മത്സ്യം വില്കുന്നയാല്ക്കാര്‍ കൊണ്ടു നടക്കുന്ന ഒരു മുളക്കമ്പ് രണ്ടറ്റത്തും തൂക്കിയിട്ട കുട്ടയുമായി ഒരാള്‍ താഴെ പണിയെടുക്കുന്ന ഭാവത്തില്‍ നില്കുന്നു. ചിലര്‍ അയാളെ നിറുത്തി ഫോട്ടോ എടുക്കുന്നത് കണ്ടപ്പോഴാണ് അയാള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായാണെന്ന് മനസിലായത്. ചില്ലറ തടയാന്നുള്ള കുറുക്കു വഴി തന്നെ , പണിയെടുക്കാതെ , അയാളെ നിറുത്തി ഞങ്ങളും ഏതാനും ഫോട്ടോകള്‍ എടുത്തു. 50000 IDR കൊടുത്തിട്ടു അയാള്‍ക്ക്‌ അത്ര തൃപ്തി ആയില്ല എന്ന് തോന്നി. ഭക്ഷണം വലിയ കുഴപ്പമില്ലായിരുന്നു, ചോറും പച്ചക്കറി വെറും മഞ്ഞളും ഉപ്പും മാത്രം ഇട്ടു പുഴുങ്ങിയ ഒരു കറിയുമായി കഴിച്ചു. . അത്യാവശ്യമുള്ളവര്‍ക്ക് ചിക്കന്‍ കഷണങ്ങള്‍ ഇട്ടതും ലഭ്യമാണ്. സായിപ്പിനെ കരുതിയാണോ അറിയില്ല എരിവും മസാലയും തീരെ ചേര്‍ത്തിട്ടില്ല, അതുകൊണ്ടു തന്നെ കുട്ടികള്‍ക്കും അത് നന്നായി തോന്നി.







Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി