കെ എസ ആര്‍ റ്റി സി ഡ്രൈവറും പോലീസ് G D യും

ഈ സംഭവവും  പോലീസും   അധികം  താമസിയാതെ കട്ടപ്പുറത് കയറാന്‍ സാദ്ധ്യതയുള്ള അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനമായ  കേരള  സംസ്ഥാന ട്രാന്‍സ്പോര്‍ട്ട്   വകുപ്പ്  ബസ്സിലെ  ഡ്രൈവറുമായി ബന്ധപ്പെട്ടതാണ്.

എന്റെ   സഹോദരതുല്യനും നാട്ടുകാരനും   ആയ   ഒരു അനുജന്‍  ( Rajeev Krishna Chaithanya)   വൈകുന്നേരം കോഴിക്കോട്ടു കാരപ്പറമ്പിനടുത്തുള്ള  ഒരു ക്ഷേത്രത്തില്‍ അയാള്‍ തന്നെ  സ്വന്തമായി വികസിപ്പിച്ചെടുത്ത  കലാരൂപമായ :സോപാനനൃത്തം”  അവതരിപ്പി ക്കുന്നു  എന്ന്   വിളിച്ചു  പറഞ്ഞതനുസരിച്ച്   ഒരു വൈകുന്നേരം 6 മണിയോടടുത്തു  ഒരു വര്ഷം മുമ്പ് വാങ്ങിയ i10 കാറില്‍   വീട്ടില്‍ നിന്ന് ഞാന്‍  കാരപ്പറമ്പിലേക്ക്  പോകുകയായിരുന്നു. ഇരഞ്ഞിപ്പാലം ജങ്ക്ഷനില്‍  ട്രാഫിക് സിഗ്നല്‍ ചുവപ്പായിരുന്നത് കൊണ്ടു വണ്ടി  നിറുത്തി  സിഗ്നല്‍  പച്ചയാകാന്‍ കാത്തുകിടന്നു. സ്ഗ്നല്‍  പച്ചയായപോള്‍ ഞാന്‍ മെല്ലെ വണ്ടി മുമ്പോട്ട്‌ എടുത്തു. മൂന്നു ലെയിനിന്‍ പോരാഞ്ഞു രണ്ടു വലിയ വാഹനം പോലും പോകാന്‍ സ്ഥലമില്ലാത്ത ജന്ക്ഷനില്‍ അടുത്ത സെക്കന്റില്‍  പിറകില്‍ നിന്ന് വന്ന ആന വണ്ടി  (KSRTC) ഇടതു  ഭാഗത്ത്‌ കൂടി കയറി വന്നു എന്റെ വണ്ടിയുടെ ഇടതു ഭാഗത്തെ   മിററും തകര്‍ത്തു    മുന്‍ഭാഗത്ത്‌ ഉരസിക്കൊന്ടു  മുമ്പോട്ട്‌ വന്നു വലിയ  വേഗതയില്‍. സിഗ്നല്‍ കാത്തു കിടന്ന  മറ്റു വാഹനങ്ങളെ  ഒഴിവാക്കി  മുമ്പിലെത്താനുള്ള വ്യഗ്രതയില്‍ അശ്രദ്ധ കൊണ്ടും  താന്‍പോരിമ കൊണ്ടും  സംഭവിച്ചതാണ്. ഭാഗ്യത്തിനു  ഒരു ട്രാഫിക് പോലീസുകാരന്‍ തൊട്ടടുത്തു  നിന്ന് ഈ  തെമ്മാടിത്തരം  കണ്ടു കൊണ്ടു നില്‍ക്കുന്നുണ്ടായിരുന്നു. അയാള്‍  വണ്ടി രണ്ടും  നിര്‍ത്തി  മാറ്റിയിടാന്‍ പറഞ്ഞു. എന്നോടു പറഞ്ഞു “സാര്‍ ഇവനെ  വെറുതെ വിടരുത്, എനിക്ക്  ചെയ്യാവുന്ന സഹായം ഞാന്‍ ചെയ്യാം , അവന്റെ ഇത്തരം  തോന്ന്യവാസം അനുവദിക്കാന്‍ വയ്യ “.  വൈകുന്നേരം ജോലി കഴിഞ്ഞും മറ്റും  വീട്ടിലേക്കു പോകുന്ന ബസ്സ് നിറയെ  യാത്രക്കാരുമായി സുല്‍ത്താന്‍ ബത്തെരിക്ക്   പോകുന്ന ബസ്സാണ്. ഡ്രൈവര്‍   വണ്ടി നിര്‍ത്തി  പുറത്തിറങ്ങി. കുറ്റബോധത്തോടെ ഇറങ്ങി വന്നു, എന്നോട് സോറി പറഞ്ഞു നിന്ന്. അയാളുടെ  പേരും  മൊബയില്‍  നമ്പരും വണ്ടി നമ്പര്രും മറ്റും തന്നു. എന്താണ് ചെയ്യേണ്ടത് സാര്‍ വിളിച്ചാല്‍ മതി, ഞാന്‍ വരാം “ എന്ന് പറഞ്ഞു. എന്റെ മര്യാദക്ക് യാത്രക്കാരെ ബുദ്ധിമുട്ടിക്കേണ്ട  എന്ന്  പറഞ്ഞു   ട്രാഫിക് പോലീസുകാരനും അയാളെ  പോകാന്‍ അനുവദിച്ചു. അദ്ദേഹത്തിന്റെ  ഉപദേശം അനുസരിച്ച്   എത്രയും വേഗം  ട്രാഫിക് സ്റ്റേഷനില്‍     വിവരം അറിയിക്കണം . ഇന്ഷുരന്‍സ്  പൈസ കിട്ടണമെങ്കില്‍  പോലും   ട്രാഫിക് സ്റ്റേഷനില്‍     ജനറല്‍ ഡയറി (GD)യില്‍   അപകടം നടന്ന  വിവരം രേഖപ്പെടുത്തി  പകര്‍പ്പ് കൊടുക്കേണ്ടി വരും  എന്ന് പറഞ്ഞു.


അതനുസരിച്ച്   ഞാന്‍   കലാപരിപാടിക്ക് പോക്ക്  റദ്ദാക്കി നേരെ ട്രാഫിക് സ്റ്റേഷനില്‍ എത്തി. വിവരം  എഴുതി  കൊടുത്തു, വൈകിയത് കൊണ്ട്  രാവിലെ വരാന്‍ പറഞ്ഞു അവര്‍. വണ്ടിയുടെ മൂന്നാമത്തെ സര്‍വീസ് കഴിഞ്ഞിട്ടില്ല. സര്‍വ്വീസ് കേന്ദ്രത്തില്‍  വിളിച്ചു പറഞ്ഞപ്പോള്‍  മിക്കവാറും  GD  കോപ്പി വേണ്ടി വരും മേജര്‍  റിപ്പെയര്‍ ആയതു കൊണ്ടു  എന്ന് പറഞ്ഞു. ഞാന്‍ അടുത്ത ദിവസം  സ്റ്റേഷനില്‍ എത്തി. വിവരങ്ങള്‍ വിശദമായി ധരിപ്പിച്ചു.  അവിടെ വച്ചു  ഡ്രൈവറെ   വിളിച്ചു, സംസാരിച്ചു , സാര്‍ ഞാന്‍ തിരുവനന്തപുരത്തെക്കുള്ള  ട്രിപ്പില്‍ ആണ്, തിരിച്ചു വരുന്നത്  അടുത്ത ദിവസം രാവിലെമാത്രമാണ്.  കോഴിക്കോട്ടു വന്നു വേണ്ടത് ചെയ്യാം എന്ന് ഉറപ്പു തന്നു. ട്രാഫിക്  ഇന്‍സ്പെക്ടറും അയാളെ വിളിച്ചു സംസാരിച്ചു  എത്രയും വേഗം ഇവിടെ എത്തണം എന്ന്  നിര്‍ദ്ദേശിച്ചു.  പക്ഷെ അയാള്‍  പിറ്റേ ദിവസവും അടുത്ത ദിവസവും വിളിച്ചപ്പോള്‍   ഫോണ്‍ എടുക്കാതായി. ട്രാഫിക്   SI  വിളിച്ചപ്പോള്‍ പോലും അയാള്‍   ഉഴപ്പ് തുടങ്ങി. എനിക്കാണെങ്കില്‍  പൂര്‍ണ ആരോഗ്യവതിയല്ലാത്ത  എന്റെ ഭാര്യയും ഞാനും മാത്രം വീട്ടല്‍ ഉള്ളതുകൊണ്ടു വണ്ടി ശരിയാക്കാതെ വയ്യ. ഏതായാലും ഞാന്‍ വണ്ടി മടിച്ചാ ണെങ്കിലും  സര്വീസ് കേന്ദ്രത്തില്‍ കൊടുത്തു. പുതിയ  മിറര്‍   കൊച്ചിയില്‍ നിന്ന് വരുത്തിയാല്‍  മാത്രമേ പണി തീര്‍ക്കാന്‍ കഴിയൂ  എന്ന് പറഞ്ഞു വിട്ടു . ഇതിനിടക്ക്   പല പ്രാവശ്യം ട്രാഫിക് സ്റ്റേഷനില്‍ കയറിയിറങ്ങി അന്വേഷിച്ചു, അവിടെ ഒരു പുസ്തകത്തില്‍ അപകടത്തില്‍ പെട്ട  വണ്ടിയുടെ ഡ്രൈവറായ എന്റെയും   മറ്റേ  ഡ്രൈവരുടെയും “കേസ്  ഇല്ല ഒത്തു തീര്‍പ്പായി” എന്ന് എഴുതി ഒപ്പിട്ടു കൊടുക്കണം . ഞാന്‍ ഒപ്പിട്ടു എങ്കിലും  നമ്മുടെ മഹാനായ ആന വണ്ടി ഡ്രൈവര്‍  എത്തുന്ന മട്ടില്ല. ട്രാഫിക് സ്റ്റേഷനിലെ ചില മൂന്നാം കക്ഷികള്  പറഞ്ഞു   ചെറിയ  മാമൂല്‍( ആയിരം ) കൊടുത്താല്‍ GD  കോപ്പി  അവര്‍  ശരിയാക്കി തരും എന്ന്  . ഏതായാലും സര്വീസ് കേന്ദ്രത്തില്‍  ഇന്ഷുറന്‍സ്കാര്‍ വണ്ടി നോക്കി   GD  വേണമെന്ന് നിര്‍ബന്ധം പിടിച്ചില്ല എന്ന് പറഞ്ഞതനുസരിച്ച്  ഞാന്‍ പിന്നീട് സ്റ്റേഷനില്‍ പോയില്ല. ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്‍ എന്റെ വണ്ടിയില്‍  കൊണ്ടിടിക്കാനും അതിന്റെ കടലാസ് ഉണ്ടാക്കാന്‍ വേണ്ടി വേറെ കൈക്കൂലിയും കൊടുക്കാന്‍ ഞാന്‍ തയാറില്ലായിരുന്നു.   ഏതായാലും  GD  കോപ്പിയില്ലാതെ  വണ്ടി ശരിയാക്കി കിട്ടി.  ലേബര്‍  ചാര്‍ജെന്ന പേരില്‍  30൦൦  രൂപ കയ്യില്‍ നിന്ന്  പോയി,  വണ്ടി തിരിച്ചെടുത്തു വീട്ടില്‍ പോന്നു. പലരും പറഞ്ഞു, “ആ ഡ്രൈവറെ   ഒരു പാഠം പഠിപ്പിക്കാതെ വെറുതെ വിടരുത്” എന്ന്. എന്നാല്‍ ജോലിയില്‍ നിന്ന് പിരിഞ്ഞു   ഭാര്യയുമായി  വിശ്രമ ജീവിതം നയിയുന്ന എനിക്ക്   ഇവനെ കോടതിയില്‍ കയറ്റാനും മറ്റും   സമയവും  ക്ഷമയും ഇല്ലായിരുന്നു, ഇതൊക്കെ  തന്നെ അവന്മാരുടെയൊക്കെ  ബലവും . ആന വണ്ടി  എന്ന സ്ഥാപനം എത്രയും മുമ്പേ കട്ടപ്പുറത്താക്കാന്‍ ശ്രമിക്കുന്ന കുറെ ജോലിക്കാരായിരിക്കുന്നു ആ സ്ഥാപനത്തിന്റെ ഏറ്റവും  വലിയ ശത്രുക്കള്‍ എന്നൊരിക്കല്‍ കൂടി  ഉറപ്പായി.  പൊതുജന സേവനത്തിനു  വേണ്ടിയുള്ള   രണ്ടു വകുപ്പുകളും ഞങ്ങളെപ്പോലെയുള്ള   പാവങ്ങള്‍ക്ക്  പാരയാകുന്നതിനു ഇതും മറ്റൊരു   ഉദാഹരണം . 

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി