പ്രതികാരത്തിന്റെ മുന്തിരി (Grapes of Wrath): പഴയ നോവലും ചിത്രവും

ജോണ് സ്റ്റീന്‍ന്ബക്കിന്റെ പ്രഖ്യാതമായ നോവലാണ്  Grapes of Wrath . പ്രതികാരത്തിന്റെ മുന്തിരി എന്ന് തര്ജ്ജമ ചെയ്യാമെന്ന് തോന്നുന്നു. പുലിസ്റ്റര്‍ സമ്മാനം നേടിയ ഈ നോവല്‍ പ്രസിദ്ധീകരിച്ചത്1930 ഇലാണ്. 1940 നു മുമ്പ് തന്നെ 4,30,000 കോപ്പികള്‍ വിറ്റഴിഞ്ഞ ഈ പുസ്തകം 1940ല്‍ തന്നെ ചലച്ചിത്രമാക്കുകയും ചെയ്തു. സ്റ്റീന്‍ന്ബക്കിനു  1962 ല്‍ നോബല്‍ സമ്മാനവും നേടിക്കൊടുത്തു.
1930 ല്‍ ഉണ്ടായ കടുത്ത സാമ്പത്തിക മാന്ദ്യവും പ്രതികൂല കാലാവസ്ഥയും കാരണം കടം കേറി കൃഷിഭൂമിയും ജീവിതമാര്‍ഗവും നഷ്ടപ്പെട്ട ഒക്ലഹോമാ സംസ്ഥാനം പോലുള്ള അമേരിക്കയിലെ ഉള്നാടുകളില്‍നിന്നു കാലിഫോര്‍ണിയായിലേക്ക്  ജോലി തേടി പോകുന്നവരുടെ കഷ്ടപ്പാടുകളാണ് പ്രതിപാദ്യ വിഷയം. 1989 ല്‍ ഈ ചിത്രം അമേരിക്കന്‍ ജനതയുടെ സാംസ്കാരിക, ചരിത്ര, കലാ സംഹിതയെ കാണിക്കുന്ന ചിത്രങ്ങളില്‍ ഒന്നായി അമേരിക്കന്‍ നിയമസഭ തിരഞ്ഞെടുത്തു സൂക്ഷിക്കുകയുണ്ടായി. ഞാന്‍ ലൈബ്രറിയില്‍ നിന്ന് ഈ ചിത്രം തെരഞ്ഞെടുത്തപ്പോള്‍ കുട്ടികള്‍ക്ക് അത്ഭുതം തോന്നി, പണ്ടു കേട്ട ഒരു നോവലിന്റെ അടുത്ത കാലത്തെ ചലച്ചിത്രാവിഷ്കാരം ആണെന്നാണ് വിചാരിച്ചത്. പഴയ ബ്ലാക്ക് & വൈറ്റ് ചിത്രമാണെന്നു കണ്ടുതുടങ്ങിയപ്പോഴാണ് മനസിലായത്. നമ്മുടെ എഴുപതുകളിലെ മലയാള സിനിമകളെപ്പോലെ പച്ചയായ ജീവിതം പകര്‍ത്തിവച്ച ഒരു സിനിമ.  ഹൃദ്യമായി തോന്നി, അതുകൊണ്ടു ഈ കുറിപ്പെഴുതുന്നു.

കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ടു ജെയിലില്‍ നിന്ന് പരോളില്‍ ഇറങ്ങിയ ടോം ജോഡ് (Henry Fonda) തന്റെ വീട്ടിലേക്കുള്ള യാത്രയില്‍ നിന്നാണ് തുടക്കം. ഒരു ലോറിഡ്രൈവറെ അല്പം ഭീഷണിപ്പെടുത്തി ലോറിയില്‍ കയറികൂടി അയാള്‍ നാട്ടിലെത്തുന്നു. വീട്ടിലേക്കു പോകും വഴി പൊതുവേ വിജനമായ തെരുവുകളില്‍ ഒന്നില്‍ വച്ച് പഴയ വികാരിയച്ചനെ കാണുന്നു, തന്നെ മാമോദിസ മുക്കിയ വികാരിയായ ജിം കേസി (John Carradine) എന്നയാള്‍. താന്‍ വികാരിയുടെ ജോലി നിറുത്തി എന്നും  തന്റെ ദൈവവിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്നും ദൈവത്തിനു പകരം മനുഷ്യന്റെ  മനസ്സിലെ നന്മയില്‍ മാത്രം വിശ്വസിക്കുന്നു എന്നും പറയുന്നു. നാട്ടില്‍ ആകെ അരക്ഷിതാവസ്ഥ ആണെന്നും ജനങ്ങളെല്ലാം വല്ലാതെ കഷ്ടപ്പെടുന്നു എന്നും അയാള്‍  പറയുന്നു. രണ്ടു പേരും കൂടി ജോഡിന്റെ വീട്ടില്‍ എത്തി, അവിടെ ആരും താമസമില്ല. അയല്‍പക്കത്തു   ഒളിവില്‍ എന്ന പോലെ താമസിക്കുന്ന മ്യൂളി (John Qualen) എന്ന നാട്ടുകാരനെ കാണുന്നു, ഇവിടെനിന്ന് എല്ലാവരും നാടുവിട്ടു പോകുകയാണ്, ഞാന്‍ മാത്രം പോകുകയില്ല, എന്റെ അച്ഛനും മുത്തച്ചനും വളര്‍ന്ന എന്റെ ഈ മണ്ണില്‍ നിന്ന് ഞാന്‍ എവിടെയും പോകുകയില്ല എന്ന് വേദനയോടെ അയാള്‍ പറയുന്നു. വന്‍കിട കൃഷിക്കാര്‍ ട്രാക്ടറും മറ്റു യന്ത്രങ്ങളുമായി വന്നു അവരുടെ കൃഷിഭൂമി പിടിച്ചെടുക്കുകയായിരുന്നു. പൊടിക്കാറ്റും പ്രതികൂല കാലാവസ്ഥയുമായി കൃഷി ഇറക്കാന്‍ പോലും മാര്‍ഗമില്ലാതെ എല്ലാവരും കിട്ടുന്നതെല്ലാം പെറുക്കി നാട് വിടുകയാണ് അയാള്‍ അറിയിച്ചു. ജോഡിന്റെ കുടുംബം അമ്മാവന്റെ വീട്ടില്‍ ഉണ്ടാവാന്‍ സാദ്ധ്യതയുണ്ടെന്നയാള്‍ പറയുന്നു. ഇവര്‍ സംസാരിച്ചുകൊണ്ടിരി ക്കുന്നതിനിടയില്‍ തന്നെ വന്‍കിടക്കാര്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന ഒരു നാട്ടുകാരന്‍  ബുള്‍ഡോസറില്‍  വന്നു മ്യൂളിയുടെ വീട് ഇടിച്ചു നിരപ്പാക്കുന്നത് ഒളിച്ചു നിന്ന് അവര്‍ മൂന്നുപേരും കാണുന്നു, മ്യൂളിയുടെ ദീനരോദനം കേട്ടുകൊണ്ട് അവര്‍ ജോഡിന്റെ കുടുംബത്തെ തേടി അമ്മാവന്‍ ജോണിന്റെ വീട്ടില്‍ എത്തുന്നു.
.അമ്മാവന്റെ വീട്ടില്‍ എത്തിയ ജോഡിനെ കാണുന്നവര്‍ എല്ലാവരും അവന്റെ ശിക്ഷ കഴിഞ്ഞു വന്നു എന്ന് കരുതുന്നു. അമ്മയോട് മാത്രം അവന്‍ പരോളില്‍ ഇറങ്ങിയതാണെന്ന് പറയുന്നു. പ്രായാധിക്യം കൊണ്ടു പൂര്‍ണബോധം ഇല്ലാത്ത മുത്തച്ചനും മുത്തശ്ശിയും അമ്മയും അച്ഛനും രണ്ടു ചെറിയ കുട്ടികളും ഗര്‍ഭിണിയായ സഹോദരിയും ഭര്‍ത്താവും അമ്മാവനും ഭാര്യയും അടങ്ങുന്ന ഈ കുടുംബവും എല്ലാം കൂടി  പന്ത്രണ്ടു പേര്‍  ട്രക്ക് ആക്കി മാറ്റിയ  ഒരു പഴയ ഹഡസന്‍ സെഡാന്‍ കാറില്‍ കയറിക്കൂടുന്നു. വിപ്ലവകാരിയായി മാറിയ വികാരിയച്ചനും കൂടെയുണ്ട്, കാലിഫോര്‍ണിയായിലെക്കുള്ള നീണ്ട യാത്രയില്‍..
66 ആം നമ്പര്‍ ഹൈവേയില്‍ കൂടി കാലിഫോര്‍ണിയായിലേക്കുള്ള യാത്ര വളരെ ദുഷ്കരമായിരുന്നു. യാത്രക്കിടയില്‍ മുത്തച്ഛന്‍(Charley Grapewin) മരിക്കുന്നു, അയാള്‍ക്ക്‌ മാന്യമായ ശവസംസ്കാരം പോലും കൊടുക്കാന്‍ ആവാതെ ഒരു കുഴി കുഴിച്ചു അയാളുടെ ശവം മറവു ചെയ്യുന്നു. പഴയ വികാരി അന്ത്യ കൂദാശ ചൊല്ലുന്നു. പോലീസ് അന്വേഷണം ഉണ്ടാവാതിരിക്കാന്‍ അയാള്‍ സ്ട്രോക്ക് വന്നു മരിച്ചതാണ് അപകടമരണമൊ കൊലപാതകമോ അല്ല എന്ന് ഒരു കുറിപ്പും എഴുതി വച്ച് അവര്‍ യാത്ര തുടരുന്നു. ഇടയ്ക്കുള്ള ഒരു താവളത്തില്‍ മറ്റുള്ളവരുടെ കൂടെ കൂടുന്നു. അവിടെ വച്ച് അവര്‍ പരിചയപ്പെടുന്ന ഒരാള്‍ അവരുടെ കാലിഫോര്‍ണിയായെ കുറിച്ചുള്ള സ്വപ്നം കേട്ടു ചിരിച്ചു തള്ളുന്നു. അവിടെ 800 പേര്‍ക്ക് ജോലിയുണ്ട് എന്ന നോട്ടീസ് കണ്ട വിവരം പറയുമ്പോള്‍ അതുപോലെ ആയിരം നോട്ടീസുകള്‍ പരസ്യപ്പെടുത്തിയിട്ടുന്റെന്നും  അത് കണ്ടു അവരെപ്പോലെ പതിനായിരങ്ങള്‍ ഇത് പോലെ കാലിഫോര്‍ണിയായിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു എന്നും പറയുന്നു. തനിക്കുണ്ടായ അനുഭവം വളരെ മോശമായിരുന്നു എന്ന് പറയുന്നു.

ആശ കൈവെടിയാതെ അവര്‍ മുന്നോട്ടു തന്നെ നീങ്ങുന്നു. ജോലിക്ക് വേണ്ടി കുടിയേറാന്‍ വന്നവരുടെ ആദ്യത്തെ കാമ്പില്‍ എത്തിച്ചേരുന്നു. അവിടെയുള്ളവര്‍ മിക്കവരും തൊഴില്‍ ഒന്നും ലഭിക്കാതെ പട്ടിണിയില്‍ ആണെന്നുള്ള സത്യം മനസിലാക്കുന്നു. അഴുക്കു നിറഞ്ഞ നിരത്തില്‍ കൂടി ക്യാമ്പിലെ റോഡില്‍ ചുറ്റും കാണുന്ന കീറിയ പടുതായിട്ട ടെന്റില്‍ പട്ടിണി കിടക്കുന്ന കുഞ്ഞുങ്ങളെയും മറ്റുള്ളവരെയും ആണ് അവര്‍ കാണുന്നത്. “ അത്ര ശുഭകരമായ കാഴ്ച്ചയല്ലല്ലോ ഇത്” എന്ന് ടോം പറയുന്നു. അമ്മ കൊണ്ടു വന്ന അരി വച്ചുണ്ടാക്കിയ കഞ്ഞി കുറച്ചു കുട്ടികള്‍ക്ക് വേണ്ടി അവര്‍ കൊടുക്കുന്നു, പട്ടിണി കിടക്കുന്ന കുഞ്ഞുങ്ങള്‍ അതിനു വേണ്ടി കാണിക്കുന്ന വെപ്രാളം മനസ്സലിയിക്കുന്നതായിരുന്നു. അവിടെ ക്യാമ്പില്‍ വച്ച് ചെറിയ തോതില്‍ വഴക്കുണ്ടാവുന്നു. പോലീസ് വരുമെന്ന് ഭയന്നവര്‍ വീണ്ടും യാത്രയാകുന്നു. ഈ യാത്രയില്‍ മുത്തശ്ശിയും മരിക്കുന്നു. മൃത ദേഹവുമായി അവര്‍ മറ്റൊരു ക്യാമ്പില്‍ എത്തുന്നു, കീന്‍ റാഞ്ചു എന്ന പേരില്‍ ഉള്ള ഇവിടെ എല്ലാവര്ക്കും ജോലി കിട്ടുന്നു, പക്ഷേ നിസ്സാരമായ കൂലി.  വൈകുന്നേരംവരെ ജോലി ചെയ്തു കിട്ടിയ തുക കൊണ്ടു വിശപ്പടക്കാനുള്ള   ആഹാരം പോലും ക്യാമ്പില്‍ ഉള്ള ഒരേ ഒരു കടയില്‍ നിന്നും വാങ്ങാന്‍ കഴിയുന്നില്ല. മാംസത്തിനും മറ്റും തീപിടിച്ച വിലയായതുകൊണ്ടു മാംസാഹാരത്തെപറ്റി ചിന്തിക്കാന്‍ പോലും വയ്യ.  ഇതിനിടയില്‍ അവിടെയുള്ള ജോലിക്കാരില്‍ ചിലര്‍ കൂലി വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി സമരം ചെയ്യാന്‍ ആലോചിക്കുന്നു. ജോഡും കേസിയും സമരം ചെയ്യാന്‍ ആലോചിക്കുന്ന തൊഴിലാളികളെ കാണാന്‍ ഒളിച്ചു പുറത്തിറങ്ങുന്നു. ക്യാമ്പിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇവരുടെ  ആലോചന കാണുന്നു , വാഗ്വാദത്തിനിടയില്‍ കേസി  അയാളെ കൊല്ലുന്നു, പോലീസ് കേസിയെ അറസ്റ്റു ചെയ്തു കൊണ്ടു പോകുന്നു. കേസിയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ജോഡിന്റെ കയ്യാല്‍ മറ്റൊരു ഗാര്‍ഡും അബദ്ധത്തില്‍ കൊല്ലുന്നു. അയാളുടെ മുഖത്ത് വലിയ ഒരു മുറിവും ഉണ്ടാകുന്നു. അന്ന് രാത്രി ജോഡിനെ വണ്ടിയുടെ  സീറ്റിനടിയില്‍ വീട്ടുകാര്‍ ഒളിപ്പിക്കുന്നു, അവനെ അന്വേഷിച്ചു ഗാര്‍ഡുകള്‍ എല്ലായിടത്തും തിരഞ്ഞു നടക്കുന്നു. ഒരിക്കല്‍ കൂടി കുടുംബം ക്യാമ്പില്‍ നിന്ന് വിടുന്നു.പോകുന്നതിനിടയില്‍ ഒരു കുന്നിന്റെ കയറ്റം കേരിക്കഴിഞ്ഞപ്പോള്‍ പെട്രോള്‍ തീര്‍ന്നു വണ്ടി നില്കുന്നു, എങ്കിലും കുന്നിറങ്ങാന്‍ അവര്‍ തീരുമാനിക്കുന്നു.

മറ്റൊരു ക്യാമ്പിലാണ് അവരെത്തിയത്, കൃഷിപ്പണിക്കാരുടെ ക്യാമ്പ് സര്‍ക്കാര്‍ കൃഷി വകുപ്പ് വക. വൃത്തിയും വെടുപ്പും  ഉള്ള ക്യാമ്പ്. നല്ല കക്കൂസും കുളിമുറിയും മറ്റെല്ലാ സൌകര്യങ്ങളും ഉള്ള സ്ഥലം, അവരുടെ കുട്ടികള്‍ അങ്ങനെ ഒരു സ്ഥലം കാണുന്നതുതന്നെ ആദ്യമാണ്. ടോം ജോര്‍ഡ പല ക്യാമ്പിലും നടക്കുന്ന ചൂഷണത്തിനെതിരെ പ്രതികരിക്കുവാന്‍ തയാറെടുക്കുന്നു. മരണപ്പെട്ട കേയ്സിയുടെ സാമൂഹ്യ നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടര്‍ന്നു മുന്നോട്ടു പോകാന്‍ അയാള്‍ കുടുംബത്തില്‍ നിന്ന് വിട്ടു പോകുന്നു, പോലീസിന്റെ  പിടിയിലാകുന്നതിന് മുമ്പുതന്നെ അമ്മയോട് യാത്ര പറഞ്ഞു പുറപ്പെടുന്നു.  “എന്നാണു നിന്നെ വീണ്ടും കാണാന്‍ കഴിയുക” എന്ന് ചോദിക്കുന്ന അമ്മയോട് അയാള്‍ പറയുന്നു : ഞാന്‍ , ഇരുട്ടില്‍ ഇവിടൊക്കെ തന്നെ ഉണ്ടാവും , ഇവിടെയും എവിടെയും. നിങ്ങള്‍ നോക്കുന്നയിടതെല്ലാം, എവിടെ പട്ടിണി കിടക്കുന്ന ജനങ്ങള്‍ സമരം ചെയ്യ്യുന്നോ അവിടെ ഞാന്‍ ഉണ്ടാവും,ഒരു തൊഴിലാളിയെ മര്‍ദ്ദിക്കുന്ന പോലീസുകാരനെ തടയാന് ഞാനുണ്ടാവും, പാവപ്പെട്ടവരെ ഭീഷണിപ്പെടുത്തി ഭ്രാന്തു പിടിപ്പിക്കുന്നവരെ നേരിടാന്‍ ഞാനുണ്ടാവും. വിശപ്പുകൊണ്ടു കരയുന്ന കുഞ്ഞുങ്ങള്‍ക്ക്‌ തുണയായി ഞാന്‍ ഉണ്ടാവും, സ്വന്തം പരിശ്രമത്തിന്റെ ഫലമായി അവര്‍ക്ക് സുഖമായി അത്താഴം കഴിക്കാന്‍, അവരുടെ സ്വന്തം വീടുകളില്‍ ഭയം അറിയാതെ താമസിക്കാന്‍ കഴിയുന്നതുവരെ ഞാന്‍ അവരോടൊപ്പം ഉണ്ടാവും, തീര്‍ച്ച".  

കുടുംബം വീണ്ടും മുന്നോട്ടു നീങ്ങുന്നതിനിടയില്‍ ജോഡിന്റെ അമ്മ പറയുന്നു, “ഞാന്‍ ഇവന്മാരെ ഒരിക്കലും ഭയക്കുകയില്ല, ഞങ്ങള്‍ തോറ്റുപോകുമെന്നു ഒരു ഇടക്ക് ഞങ്ങള്‍ക്ക് തോന്നി, ഈ ഭൂമിയില്‍ ഞങ്ങള്‍ക്ക് തുണ ആരുമില്ല, എല്ലാവരും ഞങ്ങളുടെ ശത്രുക്കളായി തോന്നി, ആരും ഞങ്ങളുടെ സുഹൃത്തുക്കളായിട്ടില്ല എന്നും തോന്നി. പണക്കാര്‍ പലരും വരുന്നു, ചാകുന്നു, അവരുടെ മക്കളെല്ലാം ചീത്തയാണ്, അവരും ചത്തടിയട്ടെ. എന്നാല്‍ ഞങ്ങള്‍ മുന്നോട്ടു തന്നെ നീങ്ങും, ഞങ്ങളാണ് ജീവിക്കുന്നത്, ഞങ്ങളെ ആര്‍ക്കും നശിപ്പിക്കാന്‍ കഴിയുകയില്ല, അവര്‍ക്ക് ഞങ്ങളെ തൊടാന്‍ പോലും കഴിയുകയില്ല, ഞങ്ങള്‍ എന്നും നിലനില്‍ക്കും, കാരണം ഞങ്ങളാണ് ശരിയായ ജനങ്ങള്‍, ഞങ്ങള്‍ക്ക് പരാജയം ഇല്ല, ഒരിക്കലും, ഒരു നാളും.”  

Images from Google
Reference : Wikipedia




Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി