സംശയം - Doubt (2008 film): മെറില്‍ സ്ട്രീപിന്റെ മറ്റൊരു നല്ല ചിത്രം
സംശയം ഒരു മഹാരോഗമാണ്,
അതിനോടൊപ്പം അല്പം നുണയും കൂടിയായാലോ? അതാണ് ഈ ചിത്രത്തിന്റെ പ്രമേയം. അസാധാരണമായ അഭിനയ
ശേഷിയുള്ള മെറില്‍ സ്ട്രീപിന്റെ മറ്റൊരു നല്ല ചിത്രമാണ് ഇത്. ഒരു സ്കൂളിലെ പ്രിന്സിപാലും
മദര്‍ സുപീരിയരുമായ കന്യാസ്ത്രീയുടെ സംശയം ഒരു സ്നേഹനിധിയായ വികാരിയെ
വേദനിപ്പിക്കുന്നതാണ് വിഷയം. സംവിധാനവും തിരക്കഥയും ജോണ് പാട്രിക് ഷാന്‍ലി, നിര്‍മാതാവ്
സ്കോട്ട് റൂബിന്‍. ഇതേ പേരിലുള്ള ഒരു പുസ്തകത്തെ അടിസ്ഥാനമാക്കി നിര്‍മിച്ചതാണ്
പടം. പ്രധാന അഭിനേതാക്കള്‍ മെറില്‍ സ്ട്രീപ്, ഫിലിപ്പ് സെയ്മാര്‍ ഹോഫ്മാന്‍, അമി
ആദംസ്, വയോല ഡേവിസ്, ജോസഫ് ഫോസ്റ്റെര്‍.
2008 ഡിസംബറില്‍ റിലീസ് ചെയ്ത ഈ ചിത്രത്തിലെ അഭിനയത്തിന് അഭിനേതാക്കള്‍ നാലുപേരും
മുക്തകണ്ഠമായ അഭിനന്ദനത്തിനു പാത്രമായി, നാല് പേര്‍ക്കും ഓസ്കാര്‍ നോമിനേഷന്‍ കിട്ടുകയും
ചെയ്തു.
കഥാസാരം
ന്യൂ യോര്‍ക്കിലെ ഒരു കത്തോലിക്കന്‍
പള്ളിയാണ് സംഭവസ്ഥലം. കാലം 1964. സരസനായ പള്ളി വികാരി ഫാദര്‍ ഫ്ലിന്നിന്റെ ‘സംശയം’ എന്ന
വിഷയത്തെപ്പറ്റിയുള്ള പ്രസംഗത്തോടെയാണ് ചിത്രം തുടങ്ങുന്നത്. വിശ്വാസം പോലെ
സംശയവും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു സ്വഭാവവിശേഷം ആകാം എന്ന് സ്ഥാപിക്കുന്നു.
അടുത്ത ദിവസം പള്ളി വക സ്കൂളിലെ കര്‍ക്കശക്കാരിയായ പ്രിന്‍സിപലും മദര്‍
സുപീരിയരുമായ സിസ്റര്‍ അലോഷ്യസ് ബോവിയര്‍ ഈ പ്രസംഗം മറ്റുള്ള സിസ്റ്റര്മാരുമായി
ചര്‍ച്ച ചെയ്യുന്നു. ഇത്തരം ഒരു പ്രസംഗത്തിന് കാരണമായേക്കാവുന്ന എന്തെങ്കിലും
പ്രവര്‍ത്തി ആരുടെയെങ്കിലും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ എന്നാരായുന്നു. ഏതായാലും
എല്ലാവരും ഭാവിയില്‍ കൂടുതല്‍ ശ്രദ്ധയോടെ ഇരിക്കണം എന്ന് പറയുന്നു.
സിസ്റ്റര്‍ ജെയിംസ് ചെറുപ്പക്കാരിയും മിടുക്കിയുമായ ആയ ഒരു
അദ്ധ്യാപികയാണ്. അവര്‍ ക്ലാസ്സിലെ ഒരേ ഒരു കറുത്ത വര്‍ഗക്കാരനായ കുട്ടിയും അള്‍ത്താര
സഹായിയും ആയ ഡേവിഡ് മില്ലറും വികാരി ഫ്ലിന്നുമായുള്ള അടുപ്പത്തില്‍ സംശയം
പ്രകടിപ്പിക്കുന്നു. ഒരു ദിവസം ക്ലാസ് സമയത്ത് ഈ കുട്ടിയെ പള്ളിയിലേക്ക് ഫാദര്‍
വിളിപ്പിച്ചതും അവന്‍ തിരിച്ചു വന്നപ്പോള്‍ അവന്റെ മുഖഭാവത്തില്‍ കണ്ട വ്യത്യാസവും
അവര്‍ ശ്രദ്ധിക്കുന്നു, അടുത്തു ചെന്നപ്പോള്‍ മദ്യത്തിന്റെ മണവും അവര്‍
ശ്രദ്ധിക്കുന്നു. കുറച്ചു കഴിഞ്ഞു കുട്ടികള്‍ നൃത്തം പഠിക്കുമ്പോള്‍ ഫാദര്‍ ഫ്ലിന്‍
ഒരു വെള്ള ഷര്‍ട്ട് ഡേവിഡ്ന്റെ ലോക്കറില്‍ വയ്ക്കുന്നതും സിസ്റ്റര്‍ ജെയിംസ്
കാണുന്നു. അവര്‍ ഈ വിവരങ്ങള്‍ സിസ്റ്റര്‍
അലോഷ്യസിനോട് പറയുന്നു.
കൃസ്തുമസ് ഘോഷയാത്രയുടെ വിവരം ചര്‍ച്ച ചെയ്യാനെന്ന വ്യാജേന
ഫാദര്‍ ഫ്ലിന്നിനെയും സിസ്റ്റര്‍ ജെയിംസിനെയും സിസ്റ്റര്‍ അലോഷ്യസ് തന്റെ മുറിയിലേക്ക്
വിളിപ്പിക്കുന്നു. സിസ്റര്‍ ജെയിംസും അലോഷ്യസും ഫാദര്‍ ഫ്ലിന്നിന്റെ ഡേവിഡ്
മില്ലര്‍ എന്ന കുട്ടിയുമായുള്ള പെരുമാറ്റത്തില്‍ സംശയം പ്രകടിപ്പിക്കുന്നു. ഫാദര്‍
ഫ്ലിന്‍ വെറുതെ ആരോപണം ഉന്നയിക്കരുത് തനിക്കു ഒറ്റപ്പെട്ടവനായ ആ കറുത്തവര്‍ഗക്കാരനായ
കുട്ടിയോട് അല്പം സ്നേഹക്കൂടുതല്‍ ഉണ്ടെന്നത് സത്യമാണെന്ന് മാത്രം പറയുന്നു. അവര്‍
തമ്മില്‍ ഉള്ള ബന്ധം വ്യക്തിപരമായ കാര്യമായി കണക്കാക്കണമെന്നും ആവശ്യപ്പെടുന്നു. പള്ളിയില്‍
നിന്ന് തിരിച്ചുവന്ന കുട്ടിയുടെ മുഖഭാവവും കുട്ടി മദ്യപിച്ചിരുന്നു എന്നതിനും
കാരണമായി അവസാനം സമ്മര്‍ദം സഹിക്കാതെ ആ കുട്ടി അല്ത്താരയില്‍ വച്ചിരുന്ന വീഞ്ഞ് മോഷ്ടിച്ച് കുടിച്ചു എന്ന സത്യം വികാരി
പറയുന്നു, ഇത് മറ്റാരോടും പറയുകയില്ല എന്ന് അവനു വാക്ക് കൊടുത്തിരുന്നു എങ്കിലും വാഗ്ദാനം
തെറ്റിച്ചു ഇത് പരസ്യമായതു കൊണ്ടു ഡേവിഡിനെ അള്‍ത്താര സഹായി സ്ഥാനത്തുനിന്നും മാറ്റെണ്ടി
വരും എന്നും പറയുന്നു. ഈ കാര്യം കൈകാര്യം ചെയ്ത രീതിയില്‍ തന്റെ പ്രതിഷേധം
രേഖപ്പെടുത്തി ഫാദര്‍ ഫ്ലിന്‍ തിരിച്ചു പോകുന്നു.
അടുത്ത ദിവസം ഫാദര്‍ ഫ്ലിന്നിന്റെ പ്രഭാഷണം ‘സംശയം’ എന്ന
വിഷയത്തെ പറ്റി ആയിരുന്നു. സംശയരോഗം എങ്ങനെ പെട്ടെന്ന് മറ്റുള്ളവരിലേക്ക് പടരുന്നു എന്നും
വിശദീകരിക്കുന്നു.സിസ്റ്റര്‍ ജെയിംസ് ഫാദര്‍ ഫ്ലിന്നിന്റെ വിശദീകരണത്തില്‍
തൃപ്തയായി തന്റെ സംശയം അസ്ഥാനത്താണെന്ന് മനസിലാക്കുന്നു. എന്നാല്‍ സിസ്റര്‍ അലോഷ്യസ്
ഫാദര്‍ ഫ്ലിന്നും ഡേവിഡ് മില്ലറും തമ്മില്‍ എന്തോ അവിഹിത ബന്ധം ഉണ്ടെന്നു തന്നെ
വിശ്വസിക്കുന്നു. സിസ്റ്റര്‍ ജെയിംസ് ഫാദര്‍ ഫ്ലിന്നിനോടു കുട്ടികളുടെ ലോക്കറില്‍ ഷര്‍ട്ട്
കൊണ്ടു വെച്ചതെന്തിനു ചോദിക്കുന്നു.ഫാദര്‍ തൃപ്തികരമായ വിശദീകരണം നല്‍കുന്നതോടു
കൂടി സിസ്റ്റര്‍ ജെയിംസിന്റെ സംശയം പൂര്‍ണമായും മാറുന്നു. എന്നാല്‍ സിസ്റ്റര്‍ അലോഷ്യസ്
തന്റെ നിലപാടില്‍ ഉറച്ചു നില്കുന്നു. അവര്‍ ഡേവിഡിന്റെ അമ്മ ശ്രീമതി മില്ലറെ വിളിച്ചു
വരുത്തി അവന്റെ സ്വഭാവത്തില്‍ എന്തെങ്കിലും വ്യത്യാസം അടുത്തകാലത്ത് കാണുന്നുണ്ടോ
എന്ന് ചോദിക്കുന്നു. അവന്റെ സ്വഭാവം ശരിയല്ല പ്രത്യേകിച്ചും ഫാദര്‍
ഫ്ലിന്നുമായുള്ള അടുപ്പം സ്വവര്‍ഗരതിയൊ മറ്റോ ആണോ എന്നും അവര്‍ ആരോപിക്കുന്നു എന്നാല്‍
ശ്രീമതി മില്ലര്‍ ഫാദര്‍ അവനോടു മറ്റുള്ളവര്‍ കാണിക്കാത്ത സ്നേഹവും സഹാനുഭൂതിയും കാണിക്കുന്നതില്‍ കൂടുതലായി ഒന്നുമില്ലെന്നും അവന്റെ പ്രൈമറി വിദ്യാഭ്യാസം തീരുന്ന ജൂണ്‍ വരെ കൂടുതല്‍ പ്രശ്നം
ഉണ്ടാക്കരുതെന്നും അപേക്ഷിക്കുന്നു. അവന്റെ അച്ഛന്‍ ഒരു പ്രത്യേക സ്വഭാവക്കാരനായാതുകൊണ്ടായിരിക്കും
ഇങ്ങനെ വന്നതെന്നും അവര്‍ ഏറ്റു പറയുന്നു. തന്റെ കുട്ടിയുടെ ഭാവി അപകടപ്പെടുത്തരുതെന്നും
അവന്‍ പ്രൈമറി ക്ലാസ് കഴിഞ്ഞാല്‍ നല്ല ഒരു സ്കൂളിലേക്ക് മാറ്റിക്കൊള്ളാം എന്നും
അവര്‍ ഉറപ്പുകൊടുക്കുന്നു. ഇത്രയൊക്കെ പറഞ്ഞിട്ടും സിസ്റര്‍ അലോഷ്യസ് കാര്യം
മനസിലാക്കാന്‍ ശ്രമിക്കുന്നില്ല എന്ന്. കണ്ടു
അവര്‍ സിസ്റ്ററിനോടു ദ്വേഷ്യപ്പെടുന്നു. ചെയ്യാത്ത കാര്യത്തിനു തന്റെ കുട്ടി
ശിക്ഷിക്കപ്പെടാന്‍ പോകുകയാനെന്നോര്‍ത്തു ആ സ്ത്രീ വിഷമിക്കുന്നു.
വ്യക്തമായ തെളിവുകള്‍
ഒന്നുമില്ലെങ്കിലും സിസ്റ്റര്‍ അലോഷ്യസ് ഫാദര്‍ ഫ്ലിന്നിനെ വീണ്ടും വിളിച്ചു
വരുത്തി സത്യം പറഞ്ഞില്ലെങ്കില്‍ ബിഷപ്പിന്റെ അടുത്ത് പരാതിപ്പെടുമെന്നു
ഭീഷണിപ്പെടുത്തുന്നു. തെറ്റായ യാതൊരു ബന്ധവും അവര്‍ തമ്മില്‍ ഇല്ല എന്ന് ഫാദര്‍
കൊടുക്കുന്ന ഉറപ്പു സിസ്റ്റര്‍ കണക്കാക്കുന്നില്ല. താന്‍ താങ്കളുടെ പൂര്‍വ കാലം
അന്വേഷിച്ചെന്നും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ മൂന്നു ഇടവക മാറിയ താങ്കളുടെ
ചരിത്രം അത്ര നല്ലതല്ല എന്നറിയുന്നു എന്ന് പറയുന്നു. ഒരു കന്യാസ്ത്രീയില്‍ നിന്നും
താങ്കളെപറ്റി മോശമായ അഭിപ്രായം കിട്ടിയെന്നും അവര്‍ പറയുന്നു. തന്റെ സ്വഭാവത്തെ പറ്റി
സാധാരണ ചെയ്യുന്നതുപോലെ പള്ളി വികാരിയോടന്വേഷിക്കുന്നതിനു പകരം കന്യാസ്ത്രീയോടു
ചോദിച്ചതില്‍ ഫാദര്‍ കുപിതനാകുന്നു. ഇതും ഫാദര്‍ കുറ്റം ചെയ്തതിനു തെളിവായി അവര്‍
കണക്കാക്കുന്നു, ഫാദര്‍ വെള്ളക്കുപ്പായത്തിനു അര്‍ഹനല്ലെന്നും വൈദികകര്‍മം
ഉപേക്ഷിക്കണമെന്നും അവര്‍ പറയുന്നു. അവരുടെ കഠിനമായ നിര്‍ബന്ധത്തിനോടു
അദ്ദേഹത്തിന് വഴങ്ങേണ്ടി വരുന്നു.
ഫാദര്‍ ഫ്ലിന്‍ തന്റെ
അവസാനത്തെ പള്ളി പ്രഭാഷണത്തില്‍ മറ്റുള്ളവരോടുള്ള അസഹിഷ്ണുതയെ പറ്റി സംസാരിക്കുന്നു.
അതിനു ശേഷം എല്ലാവരോടും കൈ പിടിച്ചു യാത്ര
അപേക്ഷിക്കുന്നു. വേദനയോടെ തന്നോടു സ്നേഹവും സഹതാപവും കാണിച്ച ഒരേ ഒരാളിന്റെ വേര്‍പാടില്‍
ദു:ഖിച്ചു ഡേവിഡ് അത് നോക്കി ഇരിക്കുന്നു.
കുറച്ചു നാള്‍ക്കു ശേഷം
തനിച്ചിരിക്കുന്ന സിസ്റ്റര്‍ അലോഷ്യസ് അടുത്തു സിസ്റ്റര്‍ ജെയിംസ് ക്ഷേമാന്വേഷണം
നടത്തി എത്തുന്നു. അസുഖം ബാധിച്ച തന്റെ സഹോദരനെ കാണാന്‍ കുറച്ചുനാള്‍ മുമ്പ്
പോയിരുന്ന സിസ്റ്റര്‍ ജെയിമ്സിനോടു ഫാദര്‍ ഫ്ലിന്‍ സ്ഥലം മാറിപോയ വിവരം പറയുന്നു. ഫാദറിനെ
കുറേക്കൂടി വലിയ ഒരു പള്ളിയുടെ വികാരി ആയി പ്രൊമോഷന്‍ കൊടുത്ത വിവരം പറയുന്നു,
സിസ്റ്റര്‍ അലോഷ്യസ് ഫാദര്‍ ഫ്ലിന്നിനെ പറ്റി കന്യാസ്ത്രീ മോശമായി പറഞ്ഞു എന്ന
വിവരം ഒരു നുണയായിരുന്നു എന്നും അങ്ങനെയാണ് അയാളെ പള്ളിയില്‍ നിന്നും ഓടിച്ചത് എന്നും
ഏറ്റു പറയുന്നു. ഫാദര്‍ കുറ്റവാളിയല്ല
എങ്കില്‍ അദ്ദേഹം തോല്‍വി സമ്മതിക്കുകയില്ലായിരുന്നു എന്നും അവര്‍ പറയുന്നു. “തെറ്റായ
കാര്യങ്ങള്‍ ചെയ്യുന്നവര്‍ ദൈവത്തില്‍ നിന്നും ഒരു പടി അകലത്തായിരിക്കും” എന്ന
വചനം ഓര്‍മ്മിക്കുന്നു. ഒരു തെറ്റ് കണ്ടു പിടിക്കുന്നതിനു നമ്മളും വില
കൊടുക്കേണ്ടി വരുന്നു എന്നും തനിക്കും ഇപ്പോള്‍ താന്‍ ചെയ്തത് ശരിയാണോ എന്ന് സംശയം
ഉള്ളതായി തോന്നുന്നു എന്ന് പറഞ്ഞു തേങ്ങി
കരയുന്നു. സിസ്റ്റര്‍ ജെയിംസ് അലോഷ്യസിനെ സമാധാനിപ്പിക്കുന്നതോടു കൂടി ചിത്രം അവസാനിക്കുന്നു.
അഭിനേതാക്കള്‍
മെറില്‍ സ്ട്രീപ് :
സിസ്റ്റര്‍ അലോഷ്യസ്
ഫിലിപ്പ് സ്യ്മോര്‍
ഹോഫ്മാന്‍ : ഫാദര്‍ ഫ്ലിന്‍
അമി ആദംസ് : സിസ്റ്റര്‍ ജെയിംസ്
വയോല ഡേവിസ് : ശ്രീമതി
മില്ലര്‍
ജോസഫ് ഫോസ്റ്റെര്‍ : ഡോനാള്‍ഡ
മില്ലര്‍
ആലിസ് ദദ്രുംമോന്ദ് : സിസ്റ്റര്‍ വെരോനിക
Comments