സമുദ്ര ജന്തുക്കളുടെ ലോകം – സാന്‍ ഡീഗോ
സാന്‍ ദീഗോയിലെ രണ്ടാം ദിവസം.
ഹോട്ടല്‍ റൂമിലെ അടുക്കളയില്‍
വച്ച പാല്‍പൊടിയും പഞ്ചസാരയും കാപ്പിപ്പൊടിയും ഉപയോഗിച്ച് രാവിലത്തെ ചായ കാപ്പിയോടെ
തുടങ്ങി. ആദ്യത്തെ ദിവസം കരയിലെ ജന്തുക്കളെയാണ് കണ്ടതെങ്കില്‍ ഇന്ന് കടല്‍
ജീവികളുടെ പാര്‍ക്കായ സീ വേള്‍ഡ് കാണാമെന്നു എല്ലാവരും കൂടി തീരുമാനിച്ചു.
കിടക്കയും പ്രാതലും നല്‍കുന്ന ഹോട്ടെല്‍ (Bed and breakfast) ആയതു കൊണ്ടു സമൃദ്ധമായി പ്രാതല്‍ കഴിച്ചു പുറപ്പെട്ടു.
ഉച്ചക്ക് എവിടെ നിന്നാണോ എപ്പോഴാണോ ഭക്ഷണം
വാങ്ങാന്‍ കഴിയുന്നതെന്ന് ഉറപ്പില്ലാത്ത്തത് കൊണ്ടു പ്രാതല്‍ ഒട്ടും കുറച്ചില്ല. സാന്‍
ഡീഗോ പട്ടണത്തില്‍ നിന്ന് കുറച്ചു ദൂരം യാത്ര ഉണ്ടെങ്കിലും നമ്മുടെ തിരുവനന്തപുരം
പോലെയുള്ള നഗരം താണ്ടി സീ വേള്‍ഡ് എന്ന
കടല്ജീവികളുടെ പാര്‍ക്കില്‍ എത്തി. കാറുകളുടെ ഒരു സമുദ്രം തന്നെ ഉണ്ടവിടെ. ഒരു
വിധം കാര്‍ പാര്‍ക്ക് ചെയ്തു ടിക്കറ്റ് പരിശോധിക്കുന്ന ക്യുവില്‍ എത്തി. സാന്‍ ഡീഗോ
നഗരത്തിലെ മിക്കവാറും എല്ലാ മ്യൂസിയങ്ങളും മറ്റു കാഴ്ചകളും കാണാന്‍ ഒരുമിച്ചു ഓണ്‍ ലൈനില്‍
ടിക്കറ്റ് വാങ്ങിയിരുന്നത് കൊണ്ടു അധികം താമസിക്കാതെ അകത്തു കടന്നു.
കാലിഫോര്‍ണിയ യൂനീവെര്സിറ്റിയില്‍ നിന്ന് ബിരുദം നേടിയ നാല്
വിദ്യാര്‍ഥികള്‍ 1964 ല്‍ സ്ഥാപിച്ചതാണ് ഇന്നത്തെ നിലയിലേക്ക് വളര്‍ന്ന സീ വേള്‍ഡ്.
അവരുടെ ആദ്യത്തെ പരിപാടി ഒരു അന്തര്‍ സമുദ്രറെസ്റ്റൊരണ്ട് ഉണ്ടാക്കാന്‍ ആയിരുന്നുവെങ്കിലും
ഇന്ന് 22 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന സമുദ്രജീവികളുടെ ഒരു പാര്‍ക്കായി
സാന്‍ ദീഗോയിലെ മിഷന്‍ ബേ എന്ന ഉള്‍കടല്‍ പ്രദേശത്ത് ആ സംരംഭം വളര്‍ന്നു. ഒന്നര
മില്ല്യന്‍ ഡോളര്‍ ചിലവാക്കിയാണ് ഇത് നിര്‍മ്മിച്ചത്. ആദ്യകാലത്ത് വെറും 45 തൊഴിലാളികളും കുറച്ചു
ഡോള്‍ഫിന്‍ , കടല്‍ സിംഹം എന്നിവയുമായി ഒരു അക്വേറിയം ആയി തുടങ്ങിയ ഈ സ്ഥാപനം ആദ്യത്തെ
വര്ഷം തന്നെ നാല് ലക്ഷം ആള്‍ക്കാര്‍ സന്ദര്‍ശിച്ചു.
ഒരു പ്രൈവറ്റ് കമ്പനിയായി തുടങ്ങിയ ഈ സ്ഥാപനം 1968 ല്‍ പബ്ലിക് കമ്പനിയായി. ഇതുപോലെയുള്ള പാര്‍ക്കുകള്‍ ഓഹിയോ(Sea world Ohio 1970), ഓര്‍ലന്‍ഡോ(Seaworld Orlando- 1973) സാന്‍ അന്റോണിയോ( Seaworld San Antoniyo- 1988) എന്നീ സ്ഥലങ്ങളിലും
പ്രവര്‍ത്തനം തുടങ്ങി. ഇതില്‍ ചിലവ മറ്റു സ്ഥാപനങ്ങള്‍ക്ക് വിട്ടു പോയെങ്കിലും
എല്ലാം നല്ല നിലയില്‍ ഇന്നും പ്രവര്‍ത്തിക്കുന്നു.
ഇവിടത്തെ പ്രധാന കാഴ്ചകള്‍
1. ആകാശ യാത്ര
വെറും ആറു മിനുട്ട് കൊണ്ടു 282 മീറ്റര്‍ ഉയരം ഉള്ള ചുറ്റുന്ന ടവറില്‍ കൂടി ഇവിടെയുള്ള പ്രധാന
കാഴ്ച്ചകളുടെ ഒരു ഏകദേശ രൂപം നമുക്ക് കിട്ടുന്നു. കമന്ടറിയും ഉണ്ട്, വിശദമായ
മാപ്പ് നോക്കി ഓരോ സ്ഥലത്തും പ്രത്യേകം ഷോ ഉള്ള സമയം നോക്കി വൈകുന്നേരം വരെയുള്ള
പരിപാടി ആസൂത്രണം ചെയ്തു.
2. അറ്റ്ലാന്‍ടിസിലെക്കുള്ള
യാത്ര.
ഇത് ഒരു റോളര്‍ കോസ്റ്റര്‍ യാത്രയാണ്, ധൈര്യം ഉള്ളവര്‍
മാത്രം കയറിയാല്‍ മതി. ഒരിക്കല്‍ സിംഗപ്പൂരില്‍ വച്ചുണ്ടായ അനുഭവം മതി എന്ന്
തീരുമാനിച്ചു ഞാനും ശ്രീമതിയും ഒഴിഞ്ഞു. കൊച്ചു മകളും അച്ഛനും കൂടി അമ്മയും കൂടി അതില്‍
കയറി വന്നു, മകളുടെ സാഹസികത കുറെയൊക്കെ കൊച്ചുമോള്‍ക്കും
കിട്ടിയിട്ടുണ്ട്, കൂളായി അവള്‍ ചിരിച്ചുകൊണ്ട് തിരിച്ചു വന്നു.
3.. ഡോള്‍ഫിന്‍
ഷോ
ഡോള്ഫിന്‍സ് മനുഷ്യനുമായി നല്ല വണ്ണം മെരുങ്ങുന്ന ഒരു ജല
ജീവിയാണല്ലോ. ഇവിടെ ഉള്ള ഡോള്‍ഫിനുകളുമായി ഇടപഴകാന്‍ സന്ദര്‍ശകര്‍ക്കും അനുവാദം
ഉണ്ട്. അവയ്ക്ക് തീറ്റ കൊടുക്കാനും കൈ കൊണ്ടു തഴുകാനും മറ്റും സൗകര്യം
ചെയ്തിട്ടുണ്ട്. അവയുടെ പ്രദര്‍ശനം വളരെ ഹൃദ്യമായിരുന്നു, ഒറ്റക്കും കൂട്ടമായും
നൃത്തം ചെയ്തും വെള്ളത്തില്‍ നിന്ന് പൊങ്ങി ചാടിയും പന്ത് മൂക്കില്‍ വച്ച്
നീങ്ങിയും മറ്റും അവ അര മണിക്കൂറോളം എല്ലാവരെയും ആനന്ദിപ്പിച്ചു. വായുവില്‍ ഉയര്‍ന്നു
ചാടി ചുറ്റി തിരിഞ്ഞാണ് ഇവ താഴെ എത്തുന്നത്. ഇതോടൊപ്പം പക്ഷികളെപ്പോലെ കയറില്‍ തൂങ്ങി
പരിശീലകര്‍ ചില അഭ്യാസങ്ങളും കാണിക്കുന്നുണ്ടായിരുന്നു, അത് കൊണ്ടു ഷോയുടെ ദൈര്‍ഘ്യം
അല്പം കൂടിയോ എന്ന് സംശയം. അഞ്ചു തരം ഡോള്ഫിനുകളാണ് ഇവിടെ ഉള്ളത്, അട്ട്ലാന്റിക്കിലും
ശാന്തസമുദ്രത്തിലും കാണുന്ന കുപ്പിമൂക്കുള്ള തരം, ശാന്തസമുദ്രത്തില്‍ കാണപ്പെടുന്ന
കുറിയ ചിറകുകള്‍ ഉള്ള പൈലറ്റ് വെയില്‍സ് , എന്നിങ്ങനെ പല തരം.
4. കില്ലര്‍ തിമിംഗലങ്ങളുടെ (ഓര്‍ക്കാ) പ്രദര്‍ശനം
മനുഷ്യരെ ആക്രമിക്കുന്ന തരം ഓര്‍ക്കാ തിമിംഗലങ്ങളുടെ പ്രദര്‍ശനമാണ്
ഇവിടത്തെ ഒരു പ്രധാന ആകര്‍ഷണം. ഇവിടെ 1965 ല്‍ ആദ്യം കൊണ്ടു വന്ന
ശാമു എന്ന തിമിംഗലത്തിന്റെ പേരില്‍ ‘ശാമു ഷോ’ എന്ന് പേര് കൊടുത്തിരിക്കുന്നു.
ഇവിടെ ഇപ്പോള്‍ പത്തു തിമിംഗലങ്ങളുന്ടു. ‘ഒറ്റ
സമുദ്രം’ (One Ocean )എന്ന ഈ പ്രദര്‍ശനത്തിനു ശാമു ഷോ
എന്ന് പേര് കൊടുത്തിരിക്കുന്നത്. പ്രദര്‍ശനം
നടക്കുന്ന സ്റ്റെഡിയത്തിനു ഷാമു സ്റ്റെഡിയം എന്ന് പേരിട്ടിരിക്കുന്ന ഈ പൂളില്‍ 30 മില്ല്യന്‍ ലിറ്റര്‍ വെള്ളം ഉണ്ടാവും, തിമിംഗലങ്ങളുടെ
പേരുകള്‍ കോര്‍ക്കി, ഷൌക, ഓര്‍കിഡ് , കാളിയ, കസാട്ക, യുലീസിസ്, കീറ്റ്, ,നകായ്, ഇകൈക,
മകാനി എന്നിവയാണ്, ഇതില്‍ ആദ്യം പറഞ്ഞ അഞ്ചു പേര്‍ സ്ത്രീകളും ബാക്കി പുരുഷന്മാരുമാണ്.മറ്റു തിമിംഗലങ്ങളെ അപേക്ഷിച്ച് കാണാന്‍ വളരെ ഭംഗിയുള്ളതാണ്
കില്ലര്‍ തിമിംഗലങ്ങള്‍.
ഒര്കാസ് എന്ന പേരില്‍ അറിയപ്പെടുന്ന കില്ലര്‍ തിമിംഗലങ്ങള്‍
ഡോള്‍ഫിന്‍ വര്‍ഗത്തില്‍ പെട്ട ഏറ്റവും വലിയ ജീവിയാണ്. ലോകത്തിലെ ഏറ്റവും
ശക്തിയുള്ള ഇര പിടിക്കുന്ന ജന്തുവാണിത്. മറ്റു സമുദ്ര ജീവികളായ സീല്‍, കടല്‍
സിംഹങ്ങള്‍, എന്തിനു ചെറിയ തിമീംഗലങ്ങളെപ്പോലും മൂര്‍ച്ചയേറിയ പല്ല് കൊണ്ടു
കടിച്ചു തിന്നാന്‍ ഇവക്കു കഴിയും. പത്തു സെ മീ വരെ നീളമുള്ളതാണ് ഇവയുടെ പല്ല്. മഞ്ഞുകട്ടയുടെ
മുകളില്‍ ഇരിക്കുന്ന സീലിനെ പോലും പിടിച്ചു തിന്നാന്‍ ഇവക്കു അസാമാന്യമായ സാമാര്ത്യം
ഉണ്ട്. പൊതുവേ തണുത്ത ജലത്തില്‍ ജീവിക്കുന്ന ഇവയെ
ധ്രുവപ്രദേശങ്ങളിലും ഭൂമധ്യരേഖാ പ്രദേശങ്ങളിലും കാണുന്നുണ്ട്. നാല്‍പതോളം
പേര്‍ ചേര്‍ന്ന സംഘങ്ങള്‍ ആയിട്ടാണ് ഇവ നീങ്ങുക. ഇവയില്‍ ഒരിനം ഒരേ സ്ഥലത്ത്
താമസിക്കുന്നവയും മറ്റൊരിനം വിവിധ
സ്ഥലങ്ങളില്‍ ആയി നടക്കുന്നവയും ഉണ്ട്. ഇവയില്‍ സ്ഥിരമായി ഒരിടത്തു താമസിക്കുന്നവ പൊതുവേ മത്സ്യം ആഹാരമാക്കുംപോള്‍, സഞ്ചാരികള്‍ മറ്റു സസ്തന ജീവികളെയാണ്
ഭക്ഷിക്കുക. ഇവ പരസ്പരം ആശയ വിനിമയത്തിന് പ്രത്യേക ശബ്ദം ഉണ്ടാക്കുന്നു,
ഇതുപയോഗിച്ച് സമുദ്രത്തിനടിയില്‍ പോലും വളരെ ദൂരം വരെ അവയ്ക്ക് വിവരങ്ങള്‍
കൈമാറാന്‍ കഴിയുന്നു. ഇത്തരം തിമിംഗലങ്ങളെ വേട്ടയാടാന്‍ മനുഷ്യര്‍ ഇതുവരെ
ശ്രമിച്ചിട്ടില്ല.
‘ഫ്രീ വില്ലി’(Free Willy) എന്ന സിനിമയില്‍
ഇത്തരം ഒരു തിമിംഗലമാണ് നായകന്‍. ചെറിയ ഒരു കുട്ടിയുടെ ചങ്ങാതിയായ ഫ്രീ വില്ലിയെ ആ കുട്ടി രക്ഷിക്കുന്ന കഥ വല്യവര്‍ക്കും കുട്ടികള്‍ക്കും ഇഷ്ടപ്പെടും,
തീര്‍ച്ച.
5.ആമകളുടെ ലോകം
ഭീമാകാരന്മാരായ ആമകളെയാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.
അറുപതോളം കടലാമകളെ സൂക്ഷിച്ചിരിക്കുന്നു. മറ്റു മത്സ്യങ്ങളോടൊപ്പം അവ ഒഴുകി ഒഴുകി നടക്കുന്നത്
ഭംഗിയുള്ള കാഴ്ച തന്നെ.
6. ആര്‍ട്ടിക്കിലെ
ഹെലികൊപ്ട്ടര്‍ യാത്ര
ഒരു സിമുലേറ്റര്‍ യാത്രയാണിത്. ഒരു ചെറിയ ആഡിറ്റോറിയത്തില്‍ ഇളകുന്ന കസേരയില്‍
ഇരുന്നാല്‍ ഹെലികോപ്ടറില്‍ ആര്‍ട്ടിക്ക് ധ്രുവ പ്രദേശത്ത് കൂടി യാത്ര ചെയ്യുന്ന
പ്രതീതി ഉണ്ടാക്കുന്നു. ഹിമക്കരടികളും റെയിന്‍ ഡീയരുകളും. ഉടഞ്ഞുരുകുന്ന മഞ്ഞു
പാളികളും, ചുറ്റും കാണാം മഞ്ഞുമലകളുടെ ഇടക്ക് കൂടി ഹെലികോപ്ടര്‍ കടന്നു പോകുമ്പോള്‍
അല്പം ധൈര്യം ഇല്ലാത്തവര്‍ വിഷമിക്കും, ഹൃദയ സംബന്ധമായ രോഗം ഉള്ളവരും ഗര്‍ഭിണികളും
45 സെ മീ എങ്കിലും ഉയരം ഇല്ലാത്ത കുട്ടികള്‍ക്കും പ്രവേശനം
ഇല്ല. എന്ന് പുറത്തെഴുതി വച്ചതിന്റെ കാരണം ഇപ്പോഴാണ് മനസിലായത്.
7. ബലുഗാ തിമിംഗലങ്ങള്‍
ഹിമക്കരടികള്‍,
ആര്‍ട്ടിക് സമുദ്രത്തില്‍ സ്ഥിര താമസക്കാരായ തിമിംഗലങ്ങളാണ്
വെള്ളതിമിംഗലങ്ങള്‍, ഇവയെ ബലുഗ തിമിംഗലങ്ങള്‍ എന്നറിയപ്പെടുന്നു. ഇവയുടെ കുട്ടികള്‍
ജനിക്കുമ്പോള്‍ ചാരനിറത്തിലായിരിക്കും എങ്കിലും ക്രമേണ പ്രായ പൂര്‍ത്തിയാകുമ്പോള്‍ അഥവാ അഞ്ചു വയസാകുമ്പോള്‍
അവയ്ക്കും വെള്ള നിറം കിട്ടുന്നു. താരതമ്യേന ചെറിയതരം ആണ് ഈ തിമിംഗലങ്ങള്‍. നീളം 4 മുതല്‍ 6.1 മീറ്റര്‍ വരെ. ഗോളാക്രുതിയിലുള്ള
നെറ്റിയും കള്‍ ഭാഗത്തുള്ള ചിറകു (Dorsal fin) ഇല്ല എന്നതും ഇവയുടെ
പ്രത്യേകതകള് ആണ്. വെള്ള തിമിംഗലങ്ങള്‍
ചെറിയ സംഘമായാണ് ജീവിക്കുന്നത്, ഇവയ്ക്കും തമ്മില്‍ ആശയ വിനിമയത്തിന് വിസില്‍
പോലെയും ക്ലിക്ക് ക്ലാന്ഗ് എന്നിങ്ങനെയുള്ള ശബ്ദങ്ങള്‍ ഉപയോഗിക്കുന്നു. ആര്‍ട്ടിക്
സമുദ്രത്തിലെ ആഴം കുറഞ്ഞ ഭാഗങ്ങളിലാണ് ഇവയെ ധാരാളമായി കാണാറുള്ളത്. ആര്‍ട്ടിക് സമുദ്രം നത്ത്
തണുത്തു ഉറയുമ്പോള്‍ ഇവയില്‍ ചിലത് കുടുങ്ങിപോകുന്നു. ഇങ്ങനെ ചത്ത് പോകുന്ന
തിമിംഗലങ്ങള്‍ പലപ്പോഴും ഹിമക്കരടികള്‍ക്കും
കില്ലര്‍ തിമിംഗലങ്ങള്‍ക്കും ധ്രുവത്തില്‍
ജീവിക്കുന്ന മനുഷ്യര്‍ക്കും ഭക്ഷണം ആയി തീരുന്നു. മത്സ്യങ്ങളും പുഴുക്കളും
മറ്റുമാണ് ഇവയുടെ ഭക്ഷണം.
ഇവിടെ ഇവയെ വലിയ ഒരു സ്ഫടിക പൂളില്‍ യഥേഷ്ടം കളിക്കാന്‍
വിട്ടിരിക്കുന്നു. കാണികളെ രസിപ്പിക്കാനെന്നോണം മുങ്ങിയും പൊങ്ങിയും സ്ഫടിക
ഭിത്തിയില്‍ മുട്ടി അടുത്ത് വന്നും നമ്മെ
അവ സന്തോഷിപ്പിക്കുന്നു. കില്ലര്‍ തിമിംഗലത്തിന്റത്ര ഭീകരത ഇവയ്കില്ല എന്നത്
ആശ്വാസം തന്നെ.
8. കുത്തുന്ന തിരണ്ടികള്‍
(Sting Rays)
മറ്റൊരു പൂളില്‍ അനേകം വലിയ തരം തിരണ്ടികള്‍ പാറിപ്പറന്നു
നടക്കുന്നു. ഇത്തരം തിരണ്ടികളുടെ വാലിന്റെ അറ്റം വളരെ കൂര്തതാണ്, അവ വളച്ചടിച്ചാണ്
ഇവ ശത്രുക്കളെ തുരത്തുന്നത്. ഇവിടെ ഉള്ളവയുടെ വാലിന്റെ അഗ്രം മുറിച്ചു കൂടുതല്‍
അക്രമം നടത്താത്ത വിധം ആക്കിയിട്ടുണ്ട്. പൂളിന്റെ അരുകില്‍ കാഴ്ച്ചകാരുടെ അടുത്ത്
വന്നു പോകുമ്പോള്‍ അവയുടെ തെന്നുന്ന പുറത്തു ആള്‍ക്കാര്‍ക് തഴുകാം, പ്രത്യേകം
തയാറാക്കിയ ഭക്ഷണം ചെറിയ തുക കൊടുത്തു വാങ്ങി ഭക്ഷണം കൊടുക്കുകയും ആവാം. പൂളില്‍
കയ്യിട്ടാല്‍ സോപ്പുപയോഗിച്ചു കൈ കഴുകണം എന്ന നിര്‍ദേശം ഉണ്ട്, സോപ്പും വെള്ളവും സൂക്ഷിച്ചിട്ടും ഉണ്ട്.
മറ്റു ഭക്ഷണം നിരോധിച്ചിരിക്കുന്നു.
9. കടല്‍ സിംഹങ്ങള്‍
(Sea lions)
കടല്‍ സിംഹങ്ങള്‍ അത്ര കാണാന്‍ ഭംഗിയുള്ള ജന്തുക്കളല്ല
എങ്കിലും അവയ്ക്കും ചിലതൊക്കെ കാണിക്കാന്‍ കഴിയും,. ഇവിടെ ഞങ്ങള്‍ക്ക് ആദ്യം
അവയ്ക്ക് തീറ്റ കൊടുക്കുന്നതും പിന്നീട് അവയുടെ പ്രകടനവും കാണാന്‍ കഴിഞ്ഞു.
ഭക്ഷണത്തിനുള്ള അവയുടെ ആര്‍ത്തി കാണേണ്ടത് തന്നെ.
പാരകളും മറ്റുമുള്ള ഒരു ചെറിയ പ്പൂളില്‍ ആരെഴെന്നന്‍ കിടക്കുന്നു.
ആരെങ്കിലും ഭക്ഷണവുമായി വന്നാല്‍ ‘എനിക്ക്
താ’ ‘എനികൂ താ’ എന്ന് നിലവിളിക്കുന്ന്നതുപോലെ നമ്മുടെ അടുത്തേക്ക് പാഞ്ഞു വരുന്നു.
വികൃതമായ ഒരു ശബ്ദം പുറപ്പെടുവിച്ചുകൊണ്ട്. അവിടെ ചെറിയ തുക കൊടുത്താല്‍ ഭക്ഷണം
കിട്ടും, മതിയോ ചൂടയോ പോലുള്ള മത്സ്യം. അത് താഴോട്ടിടുമ്പോള്‍ അവ തമ്മില്‍ ഉള്ള
വഴക്കും എല്ലാം രസകരം തന്നെ. ഇല നക്കി നായുടെ ചിരി നക്കി നാ എന്നാ പോലെ ഇവക്കു
കൊടുക്കുന്ന മീന്‍ താഴെ വീഴുന്നത് തിന്നാന്‍ കുറെ വെള്ള കൊക്കുകളും.
കടല്‍ സിംഹത്തിന്റെ ഷോ തുടങ്ങിയപ്പോള്‍ സ്റ്റേഡിയത്തില്‍ അസഹ്യമായ
വെയില്‍. എങ്കിലും പരിശീലകന്‍ പറയുന്നതെല്ലാം അവയുടെ കഴിവനുസരിച്ച് കാണിക്കുന്നുണ്ട്.
വളരെ മൃദുലവും മാംസളവുമായ അതിന്റെ ശരീരവുമായി കുണുങ്ങി കുണുങ്ങിയുള്ള അവയുടെ നടപ്പ് തന്നെ രസകരമാണ്, കുഞ്ഞുങ്ങള്‍ക്ക് വളരെ
സന്തോഷമായി, അവയ്ക്ക് തീറ്റ കൊടുത്തതും, പ്രദര്‍ശനവും.
10. വാടര്‍ പാര്‍ക്ക്
നമ്മുടെ വീഗാലാണ്ടു പോലെ വെള്ളത്തില്‍ കളിക്കേണ്ടവര്‍ക്ക്
ഒരു വാടര്‍ തീം പാര്‍ക്കും സജ്ജമാക്കിയിട്ടുണ്ട്. ഉയര്‍ന്ന സ്ഥലത്ത് നിന്ന്
വെള്ളത്തില്‍ കൂടി താഴോട്ടു പതിക്കുന്ന തരത്തില്‍ ഉള്ള വാട്ടര്‍ സ്ലൈഡ് എല്ലാവര്‍ക്കും
ഇഷ്ടമാവും, പക്ഷെ സ്വിമ്മിംഗ് സ്യുട്ടും മറ്റും ധരിച്ചു തയാറാവണം. ഞങ്ങള്‍ക്ക് അത്തരം തയാറെടുപ്പൊന്നും ഇല്ലാതിരുന്നത് കൊണ്ടും
സമയക്കുറവു കൊണ്ടും അവിടെ കയറിയില്ല.
ചുരുക്കത്തില്‍ സമുദ്ര ജീവികളുടെ ഒരു അത്ഭുത ലോകം തന്നെ ഒരു
ദിവസം മുഴുവന്‍ കാണാന്‍ കഴിഞ്ഞ സംതൃപ്തിയോടെ ഞങ്ങള്‍ വൈകുന്നേരത്തെ ഭക്ഷണം
അന്വേഷിച്ചു നീങ്ങി. വീണ്ടും ഇന്ത്യന്‍ ഭക്ഷണശാല തിരഞ്ഞപ്പോള്‍ കണ്ടത് ‘ശിവ’ എന്ന
പേരില്‍ ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്ന് അധികം ദൂരത്തല്ലാത്ത ഒരു റെസ്റ്റൊരന്റില്‍
എത്തി. ഇവിടെയും തിരക്കൊന്നും ഇല്ല,
സിലിക്കന്‍ വാലിയിലെ രണ്ടു ഇന്ത്യന്‍ വംശജരായ ഐ ടി ക്കാര്‍ തുടങ്ങിയതാണ് ഈ
ശ്രുംഖല. നല്ല കടലക്കറിയും ചിക്കനും ഫ്രൈഡ് റൈസും എല്ലാം പതിനഞ്ചു മിനുട്ടുകള്‍ക്കകം
തയ്യാര്‍. നല്ല ഭക്ഷണത്തിനു നന്ദി പറഞ്ഞു കുട്ടികള്‍ക്ക് ആവശ്യമുള്ള ഭക്ഷണം പാകം
ചെയ്യാന്‍ വേണ്ടതും പാലും പഞ്ചസാരയും വാങ്ങി രണ്ടാം ദിവസവും കഴിഞ്ഞു.
References
.
Comments