എനിക്ക് വയസ്സായി

എനിക്ക് വയസായി, എനിക്ക് എന്നോടു തന്നെ കൂടുതല്‍ ദയയും സ്നേഹവും തോന്നുന്നു, പണ്ടത്തെപ്പോലെ ഞാന്‍ ഇപ്പോള്‍ സ്വയം വിമര്‍ശിക്കുന്നതു വളരെ കുറച്ചിരിക്കുന്നു. ഞാന്‍ എന്റെ തന്നെ നല്ല സുഹൃത്തായി മാറിയിരിക്കുന്നു.


എന്റെ ഒരുപാടു സുഹൃത്തുക്കള്‍ ഈ ലോകത്തില്‍ നിന്ന് വിട പറഞ്ഞുപോയി. എന്നെപ്പോലെ പ്രായം ആകുന്നതിന്റെ സ്വാതന്ത്ര്യം അനുഭവിക്കാതെ തന്നെ.


പുലര്‍ച്ചെ നാല് മണിവരെ കമ്പൂട്ടരില്‍ കളിച്ചതിനു ശേഷം ഉച്ച വരെ കിടന്നുറങ്ങുന്നതില്‍ നിന്ന് ആരാണ് എന്നോട് ചോദിക്കാന്‍? അറുപതുകളിലെയും എഴുപതുകളിലെയും പഴയ പാട്ടുകള്‍ കേട്ടു തുള്ളിച്ചാടാനും   അതേ സമയം പണ്ടത്തെ നഷ്ടപ്പെട്ട പ്രണയത്തെപ്പറ്റി കരയാനും തോന്നിയാല്‍ ഞാന്‍ മടികൂടാതെ ചെയ്യും. ആരുണ്ട് എന്നെ ഇതില്‍ നിന്ന് എന്നെ തടസ്സപ്പെടുത്താന്‍?. 


എന്റെ മോശമല്ലാത്ത കുടവയറിന്റെ മുകളില്‍ ഒരു സ്വിമ്മിംഗ് സൂട്ടും ഇട്ടു ഞാന്‍ കടപ്പുറത്തൊക്കെ കറങ്ങി നടക്കും, തോന്നിയാല്‍ പൊങ്ങിവരുന്ന തിരകളിലേക്ക് ചാടും ഒന്നും നോക്കാതെ, കാറ്റ് കൊള്ളാനും സൊറ പറയാനും മാത്രം വരുന്ന ചെക്കന്മാരും ( മൊഞ്ചത്തികളും ) എന്നെ നോക്കി ചിരിക്കും, കമന്റടിക്കും. ഞാന്‍ ഇതൊന്നും ശ്രദ്ധിക്കാറില്ല. അവര്‍ക്കും പ്രായമാകുമെന്നവര്‍ അറിയുന്നില്ല.   

എനിക്ക് ചിലപ്പോള്‍ നല്ല മറവി ഉണ്ട് എന്നെനിക്കറിയാം, എന്നാലും ചിലപ്പോള്‍ മറവി നല്ലതല്ലേ ? ജീവിതത്തില്‍ പലതും മറക്കേണ്ടി വരും, എന്നാലല്ലേ പ്രധാനപ്പെട്ടവ ഓര്‍മിക്കാന്‍ കഴിയൂ.

കഴിഞ്ഞ പല വര്‍ഷങ്ങളായി എന്റെ ഹൃദയം നുറുങ്ങിക്കൊണ്ടിരിക്കുകയാണ്, എങ്ങനെ ആണ്  അത് സംഭവിക്കാതിരിക്കുക, നമ്മുടെ പ്രിയപ്പെട്ടവര്‍ വേര്‍പെട്ടു പോകുമ്പോള്‍, അല്ലെങ്കില്‍ ഒരു കുഞ്ഞു വേദനിക്കുമ്പോള്‍, എന്തിനു ആരുടെയെങ്കിലും നല്ലൊരു വളര്‍ത്തുനായ  വണ്ടി കയറി ചതഞ്ഞരഞ്ഞു ചാകുമ്പോള്‍ പോലും. നുറുങ്ങിയ ഹൃദയങ്ങളാണ് നമ്മുടെ ശക്തി., നമുക്ക് മറ്റുള്ളവരോടു അനുകമ്പയും സ്നേഹവും ഉണ്ടാവുന്നതപ്പോള്‍ മാത്രം ആണ്. ഒരിക്കലും വേദനിക്കാത്ത ഹൃദയം പാറ പോല്രെയാണ്, ഊഷരമാണ്, അതിനു ഒരിക്കലും  അപൂര്‍ണതയുടെ ആസ്വാദ്യത അനുഭവിക്കാന്‍ കഴിയില്ല.

മുടിയില്‍ ഇത്രയധികം വെള്ളി കെട്ടുന്നത് വരെ ജീവിക്കാന്‍ കഴിഞ്ഞ ഞാന്‍ അനുഗ്രഹീതന്‍ ആണ് . എന്റെ യുവത്വത്തിന്റെ പുഞ്ചിരി എന്റെ മുഖത്തിന്റെ വടിവുകളില്‍ ആഴ്ന്നു പാടുകള്‍  ഉണ്ടാക്കിയതില്‍ എനിക്ക് സന്തോഷമേ ഉള്ളൂ., എത്രയോ പേര്‍ ഒരിക്കല്‍ പോലും ചിരിക്കാന്‍ കഴിയാഞ്ഞവര്‍, എത്രയോ പേര്‍ അവരുടെ മുടിയില്‍ വെള്ളി വിരിയുന്നതിനു മുമ്പേ മരിക്കുന്നു. 

നമുക്ക് പ്രായം ആകുമ്പോള്‍ കൂടുതല്‍ പ്രസാദാത്മകരാവാന്‍ കഴിയും, മറ്റുള്ളവര്‍ നമ്മെ പറ്റി എന്ത് ചിന്തിക്കുന്നു എന്ന് നമ്മള്‍ തീരെ ബോധവാന്മാര്‍ ആകുന്നില്ല. ഞാന്‍ എന്നെ കൂടുതല്‍ ചോദ്യം ചെയ്യാറില്ല. ഇഷ്ടം പോലെ തെറ്റ് ചെയ്യാനുള്ള അവകാശം പോലും ഞാന്‍ നേടി കഴിഞ്ഞു.  

അതുകൊണ്ടു എനിക്ക് പ്രായമായതില്‍ എനിക്ക് സന്തോഷമേ ഉള്ളൂ. എനിക്ക് അത് സ്വാതന്ത്ര്യം തന്നു. ഞാന്‍ ഇങ്ങനെ ആയതില്‍ അതീവ സന്തോഷിക്കുന്നു. ഞാന്‍ അധിക നാള്‍ ജീവിച്ചിരിക്കുമെന്നെനിക്കുറപ്പില്ല, പക്ഷെ ജീവിക്കുന്നിടത്തോളം ഞാന്‍ സമയം പാഴാക്കാന്‍ ഉദ്ദേശിക്കുന്നില്ല, കഴിഞ്ഞ കാലത്തെ ഓര്‍ത്തു ദു:ഖിച്ച് എന്ത് സംഭവിച്ചു എന്നതിനെയോ നാളെ  എന്ത് സംഭവിക്കാന്‍ പോകുന്നു എന്നതിനെയോ ഓര്‍ത്തു വിഷമിക്കാന്‍ ഞാനില്ല, എനിക്ക് വേണമെന്നു തോന്നിയാല്‍ എന്നും ഞാന്‍ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കും, ഇന്‍സുലിന്‍ കുത്തിവക്കുന്നുണ്ട് എന്കിലും ഭക്ഷണശേഷം അല്പം മധുരം കഴിക്കും, സദ്യക്ക് പോയാല്‍ പ്രഥമന്‍ എല്ലാം കുടിക്കും.

ഞാന്‍ പെന്‍ഷന്‍ പറ്റി വീട്ടില്‍ എത്തിയപ്പോള്‍ എന്റെ കുട്ടികളോട്‌ ഞാന്‍ ചോദിച്ചു, “ ഞാന്‍ ഇനി എന്ത് ചെയ്യണം ? നിങ്ങളുടെ അഭിപ്രായം എന്താണ്?” ഉടന്‍ എന്റെ മകന്‍ പറഞ്ഞു “ അച്ഛാ , അച്ഛന്‍ ഇതുവരെ എന്തോക്കെ ചെയ്യണമെന്നു ആഗ്രഹിച്ചിരുന്നോ അതില്‍ ചെയ്യാന്‍ കഴിയാത്തത് എന്തുണ്ടോ അതെല്ലാം  ചെയ്യുക, ഇനിയെങ്കിലും”.

ഞാന്‍ അക്ഷരം പ്രതി അതനുസരിക്കാന്‍ ശ്രമിക്കുന്നു.

നമ്മുടെ സൗഹൃദം ഒരിക്കലും നഷ്ടപ്പെടാതിരിക്കട്ടെ, പ്രത്യേകിച്ചും അത് ഹൃദയത്തില്‍ നിന്നും ഉള്ളതാകുംപോള്‍.

( Motivation: An email with similar ideas from an old  friend )

Comments

വീകെ said…
വയസ്സാവുമ്പോൾ സ്വാതന്ത്ര്യം കിട്ടുമോ...? അങ്ങനെ ഒരാളായി താങ്കൾ ഉണ്ടെങ്കിൽ ഭാഗ്യവാൻ എന്നു ഞാൻ വിളിക്കും. പ്രായമായാൽ പിന്നെ മക്കളുടെ ചൊൽ‌പ്പടിക്ക് നിന്നില്ലെങ്കിൽ ആട്ടിപ്പുറത്താക്കാൻ അല്ലെങ്കിൽ എവിടേയെങ്കിലുമൊക്കെ കൊണ്ടു പോയി തള്ളാൻ സാദ്ധ്യത വളരെ കൂടുതലാണ് ഇക്കാലത്ത്. ഒരു വിധം തലക്കനമൊക്കെ ഉള്ള കൂട്ടത്തിലാണെങ്കിൽ അല്ലെങ്കിൽ സ്വന്തം ഭൂസ്വത്തൊക്കെ ഉണ്ടെങ്കിൽ ഒരു വലിയ വീട്ടിൽ ഒറ്റക്ക് ശിഷ്ടകാലം കഴിയേണ്ടിയും വരും. ഇതൊക്കെയാണ് പൊതുവെ കണ്ടു വരുന്നത്.
ആശംസകൾ...
Mohandas K P said…
This comment has been removed by the author.