ഞങ്ങളുടെ നാട്ടിലെ ഓണക്കളികള്‍

ഓണം വന്നാല്‍ പുതിയ വസ്ത്രം ഉടുത്തു  പരിപ്പും പായസവും ഉപ്പേരിയും ഉപ്പിലിട്ടതും ആയി സദ്യ ഉണ്ട് കഴിയുമ്പോള്‍ എന്തെങ്കിലും കളിക്കാതെ വയ്യ. ഓരോരുത്തരുടെയും പ്രായത്തിനനുസരിച്ച് ഞങ്ങളുടെ നാട്ടില്‍ (കുട്ടനാട്ടില്‍) വിവിധ തരം കളികള്‍ ഉണ്ട്. ഇപ്പോള്‍ ഇതില്‍ പലതും അന്യം നിന്ന് പോയി പലതും പണം വച്ചും അല്ലാതെയും ഉള്ള ചീട്ടുകളിയില്‍ ഒതുങ്ങി വരുന്നു എന്നത് സംകടം ഉണ്ടാക്കുന്നു.

1. ചതുരംഗം

രണ്ടു പേര്‍ക്ക് മാത്രം നിശബ്ദമായി എവിടെയെങ്കിലും മൂലയ്ക്ക് ഇരുന്നു കളിക്കാന്‍ പറ്റിയ കളി. ഇങ്ങ്ലീഷ്‌ ചെസ്സ് പോലെതന്നെ. പക്ഷെ പ്രധാനമായ വ്യത്യാസങ്ങള്‍
കരുക്കളും ചലനവും (coins and movements)  :
കാലാള്‍പ്പട(Pawns): വ്യത്യാസമില്ല
കുതിര (Knight)  : വ്യത്യാസമില്ല.
രാജാവ്(King)   : വ്യതാസമില്ല.
തേര്(Rookh)     : വ്യത്യാസമില്ല.
രാജ്ഞി(Queen)   : കോണില്‍ ഒരു കളം മാത്രം മുമ്പോട്ടോ പുറകോട്ടോ.
ആന(Bishop)     : കോണില്‍ ഒന്നിട വിട്ടു കളം മാത്രം മുമ്പോട്ടോ പുറകോട്ടോ.
കാലാള്‍ ശത്രുവിന്റെ ആദ്യത്തെ നിരയില്‍ എത്തിയാല്‍ മന്ത്രിയാകുന്നു, മറ്റൊന്നും ആകാന്‍ പാടില്ല.
സാധാരണ വാഴത്തട കൊണ്ടു കരുക്കള്‍ ചെത്തി എടുക്കുകയാണ് പതിവ്. സ്ഥിരം കളിക്കാര്‍ മരത്തില്‍ കരുക്കളും  നീളത്തിലും വീതിയിലും എട്ടു വീതം കളം വരച്ച ചതുരപ്പലകയും ഉണ്ടാക്കി വെക്കുന്നു.  ഇങ്ങ്ലീഷ്‌ ചെസ്സില്‍ ഉള്ള കാസിലിംഗ്(Castling : change of position between Rookh and King), ആണ്ഗ് പസ്സാന്ത് (En Passant: Movement of two steps by a pawn in the first step allowed when opponents pawn can cut come to the first square )  ഇവ ഇല്ല.
ചലനങ്ങള്‍ ഇങ്ങ്ലീഷ്‌ ചെസ്സുമായി നോക്കുമ്പോള്‍ വളരെ പരിമിതം ആയതുകൊണ്ട് കൂടുതല്‍ ശ്രദ്ധാപൂര്‍വ്വം കളിക്കണം. സമയം കൂടുതല്‍ എടുക്കും.

2.പകിടകളി

ഞങ്ങളുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ കളിച്ചുകൊണ്ടിരുന്ന കളി ആണ് പകിട കളി. രണ്ടു പേര്‍ മുതല്‍ 6 പേര്‍ക്ക് വരെ കളിക്കാം മൂന്നു പേരുള്ള രണ്ട് ടീമായി. അഞ്ചു, ഏഴു, ഒമ്പത് കളങ്ങള്‍ വരച്ചു കളിക്കാം. കളങ്ങള്‍ കാണുക.
രണ്ടു പേര്‍ക്ക് കളിക്കാന്‍ സാധാരണ  5 X 5   നാല് പേര്‍ക്ക്  ചതുരവും   7 X 7      ചതുരവും ആറുപേര്‍ക്ക്      9 X 9 ചതുരവുമാണ്. നാല് പേര്‍ ഇരിക്കുമ്പോള്‍ കൂട്ടുകാര്‍ പരസ്പരം അഭിമുഖീകരിച്ചു രണ്ടു വശത്തും ഇരിക്കം. ആറുപേര്‍ ആകുമ്പോള്‍ ഒരു വശത്ത് രണ്ടുപേരും എതിര്‍വശത്ത് ഒരാളും (സാധാരണ മൂന്നുപേരില്‍ കൂടുതല്‍ കേമന്‍) ഇരിക്കുന്നു. ഓരോ ടീമിമും നാല് കരുക്കള്‍ ഉണ്ടാവും. ഓരോ കരുവും കളത്തില്‍ കയറാന്‍ ഒറ്റ  അക്കം വീഴണം. നാല് കരുക്കളെയും കളത്തിന്റെ കേന്ദ്രത്തില്‍ ഉള്ള ചതുരത്തില്‍ എത്തിച്ചു പുറകോട്ടിറങ്ങി തിരികെ ആരംഭസ്ഥാനത്തെത്തി പുറത്തു വരുമ്പോള്‍ ഒരാളിന്റെ കളി ജയിച്ചതായി കണക്കാക്കുന്നു. ആദ്യം രണ്ടു പേരും ജയിക്കുന്ന ടീമാണ് വിജയിക്കുന്ന ടീം. ഒരാള്‍ ജയിച്ചു കഴിഞ്ഞാല്‍ അയാള്‍ പകിടയുരുട്ടി കിട്ടുന്ന എണ്ണം ഉപയോഗിച്ച് ടീമിലുള്ള മറ്റെയാളിനു  മുന്നോട്ട്‌ നീങ്ങാം. അങ്ങനെ  അയാള്‍ക്ക് കൂടെയുള്ള അംഗത്തെ സഹായിക്കാം, അതായതു ഒരാള്‍ക്ക്‌ പകരം രണ്ടുപേര്‍ കളിക്കുന്നതിന്റെ പ്രയോജനം കിട്ടും. അതുകൊണ്ടു ആദ്യം കേന്ദ്രത്തില്‍ എത്തുകയാണ് ലക്‌ഷ്യം. മൂന്നു പേര്‍ കളിക്കുമ്പോള്‍ ഒരു വശത്തുള്ള രണ്ടു പേര്‍ക്കും കൂടി ഒരു സെറ്റ് കരുക്കള്‍ മാത്രമേ ഉള്ളൂ. അവരുടെ കരു നാലും കേന്ദ്രത്തിലെത്തി തിരിച്ചു പുറത്തു വന്നാല്‍ അവര്‍ക്ക് കൂട്ടുകാരനെ സഹായിക്കാം.

പകിട ഏതാനും ഇഞ്ച് നീളമുള്ള നാല് വശമുള്ള ഒരു ചതുര കോലാണ്. നാല് വശവും അല്പം മിനുസപ്പെടുത്തി അഗ്രങ്ങളിലേക്ക് വണ്ണം കുറച്ചു രണ്ടറ്റത്തും ഭംഗിയായി വെച്ചിട്ടുണ്ടാവും. ഓടു കൊണ്ടും മരത്തിലും പകിട ഉണ്ടാക്കാം. ഓരോ വശത്തെയും അക്കങ്ങള്‍ മരത്തില്‍ കാരീയം കൊണ്ടു കുഴിയില്‍ ഇറക്കിയാണ് ഉറപ്പിക്കുക. ഓട്ടുപകിടയില്‍ വ്യക്തമായി അടയാളം ഉണ്ടാക്കിയിരിക്കും.  . വിപരീത വശങ്ങളില്‍ 1,6  എന്നും 3,5 എന്നും എഴുതിയിട്ടുണ്ടാവും. സാധാരണ രണ്ടു പകിട ഒരുമിച്ചാണ് ഒരുട്ടുക. രണ്ടു പകിടകളിലും ഒരേ നമ്പര്‍ വന്നാല്‍ അതെ ആളിന് വീണ്ടും കളിക്കാം. ഉദാഹരണത്തിന് രണ്ടു പകിടയിലും 6  മുകളില്‍ വന്നാല്‍, 12  കളങ്ങള്‍ മുന്നോട്ടു പ്രദക്ഷിണ വഴിയില്‍ നീങ്ങാം. വീണ്ടും കളിച്ചാല്‍ കിട്ടുന്ന  രണ്ടു പകിടകളില്‍ വീഴുന്ന എണ്ണവും മുന്നോട്ടു നീങ്ങാം. എതിരാളിയുടെ  കരു  ഇരിക്കുന്ന കളത്തില്‍ കയറാന്‍ കഴിഞ്ഞാല്‍ എതിരാളിയുടെ കരുവിനെ, വെട്ടി പുറത്താക്കാം ഇങ്ങനെ പരസ്പരം യുദ്ധം ചെയ്തു മുന്നേറണം. ആദ്യം കേന്ദ്രതിലെത്തിക്കഴിഞ്ഞാല്‍ കിട്ടുന്ന സംഖ്യ അനുസരിച്ച് പുറകോട്ടിറങ്ങണം.  തിരിച്ചു തുടങ്ങിയ കളത്തിലെത്തി പുറത്തായാല്‍ അയാള്‍ കളി ജയിച്ചു. ടീമിലുള്ളവര്‍ എല്ലാവരും ആദ്യം കേന്ദ്രത്തിലെത്തി തിരിച്ചിറങ്ങി പുറത്തു വരുന്നത് ആ ടീമാണ് ജയിക്കുക. പന്തയം വെക്കുന്നത് എന്താണെങ്കിലും അവര്‍ക്ക് കിട്ടും. സാധാരണ പണമാണ് പന്തയം. കാണികളും വാതു വെക്കാറണ്ട്. ആര് ജയിക്കുമെന്നും മറ്റും അല്ലാതെ ഒരാള്‍ കളിച്ചാല്‍ രണ്ടു പകിടകളിലും കൂടി എത്ര സംഖ്യ വരുമെന്ന് വരെ ( ക്രിക്കറ്റില്‍ ഒരു ബാളില്‍ എത്ര രന്‍സ് എടുക്കുമെന്ന് വാതു വെക്കുന്നത് പോലെ)  വളരെ ആവേശം ഉണ്ടാക്കുന്ന കളിയാണ്, പലപ്പോഴും വാശി മൂത്ത് തല്ലില്‍ അവസാനിക്കാന്‍ സാദ്ധ്യത ഇല്ലാതില്ല.  ഒരു കളിയില്‍ എതിരാളിയുടെ കരു വെട്ടാനും മറ്റും വേണ്ട കൃത്യമായ എണ്ണം കളിക്കുക ശ്രമകരമാണ്, ചാന്സാനെങ്കിലും ചിലര്‍ മന്ത്രവിദ്യ പോലെ പകിടയെ പറയുന്ന നമ്പരില്‍ എത്തിക്കും. ഇതിലാണ് കഴിവ്. കാണികളുടെ ആര്‍പ്പും വിളിയും ആവേശം കൂട്ടും.

3. കക്കാ കളി.

പകിടയ്ക്ക് പകരം ഒരുപോലെയുള്ള നാലൊ ആറോ കക്ക കുലുക്കി ഒരുമിച്ചു മുകളിലേക്ക് എറിയുന്നു. താഴെയെത്തുമ്പോള്‍  ചില കക്കകള്‍ മലന്നും ചിലത് കമിഴ്ന്നും വീഴുമല്ലോ. അതില്‍ മലന്നു വീഴുന്ന കക്കകളുടെ എണ്ണം നോക്കിയാണ് കളങ്ങള്‍  നീക്കാം. ഇവിടെയും രണ്ടു പേര്‍ മുതല്‍ ആറുപേര്‍ വരെ വരെ കളിക്കാം.  5 X 5  കളമാണ് എങ്കില്‍ രണ്ടു പേര്‍ക്ക് കളിക്കാം, നാല് പേര്‍ക്ക് 7 X 7    ഒ   ആറു പേര്‍ക്ക് 9 X 9  ചതുരങ്ങളാണ്. എല്ലാ കാക്കയും മലര്‍ന്നു വീണാല്‍ 12 കമഴ്ന്നു വീണാല്‍  16 ഉം ആകും അക്കം.  രന്റിനും ഒരിക്കല്‍ കൂടി കളിക്കാം. ബാക്കി നിയമങ്ങള്‍ പകിട കളി പോലെ തന്നെ. പകിടയെക്കാള്‍ കിട്ടാന്‍ സാദ്ധ്യതയുണ്ട്  കക്കയ്ക്ക്, പ്രത്യേകിച്ച്  മാംസത്തിനു വേണ്ടി കക്കാ മുങ്ങി വാരുന്നയിടങ്ങളില്‍.

4. സ്ത്രീകള്‍ക്ക് തിരുവാതിര കളി.

ധനു മാസത്തിലെ തിരുവാതിര നാളില്‍ രാത്രിയാണ് തിരുവാതിര കളിക്കുന്നതെങ്കില്‍  ഓണത്തിന് പകല്‍ തിരുവാതിര ഉച്ചക്ക് ശേഷം കളിക്കുന്നു. അതില്‍ മത്സരമൊന്നും ഉള്ളതായി അറിവില്ല.

5. പച്ച കളി
കബഡി കളിയുടെ മിക്കവാറും നിയമങ്ങള്‍ തന്നെയാണ് പച്ച കളിയിലും. ഇതിന്റെ തന്നെ മറ്റൊരു വക ഭേദം ആണ് കിളിത്തട്ടു കളി. രണ്ടും ടീം ആയി കളിക്കുന്നു.

.നിര കളി, .അക്കു കളി എന്നിവയും ഉണ്ട്. അവയെപറ്റി പിന്നീട്.


 

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

മധ്യമ വ്യായോഗം -

കീചക വധം കഥകളി