പ്രണാമം ഗുരു വര്യരെ

അദ്ധ്യാപനം ഒരു വെറും തൊഴില്‍ എന്നതിലുപരി അത് തന്നെ ജീവിതമാക്കിയ അദ്ധ്യാപകരെ ഒര്മിക്കാതെ വയ്യ. ചിന്തകനും നമ്മുടെ രാഷ്ട്രപതിയുമായിരുന്ന ഡോ സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനം ആണ് ഇന്ന്, അദ്ധ്യാപക ദിനം ആയി കൊണ്ടാടുന്നത്.

എന്റെ സ്കൂളില്‍( Avitam Thirunal High School Monkompu)  പഠിപ്പിച്ച അദ്ധ്യാപകരില്‍ പ്രധാനാധ്യാപകനും അല്പം മുന്കോപിയും ആയിരുന്ന എ പി സാറിനെ ( A P Neelakanta Pillai) മറക്കാന്‍ കഴിയില്ല. പ്രധാന അദ്ധ്യാപകന്റെ തിരക്കിലും ഇങ്ങ്ലീഷ്‌ പഠിപ്പിക്കാന്‍ സാര്‍ വരുമായിരുന്നു. ഇന്ഗ്ലീഷ് വ്യാകരണം എന്താണെന്നും എങ്ങനെ പഠിക്കാം എന്നും എ പി സാറാണ് ഞങ്ങളെ പഠിപ്പിച്ചത്. നല്ല ഉച്ചാരണം നല്ല സ്പെല്ലിംഗ് ഇതിന്റെ പ്രാധാന്യവും അദ്ദേഹം ഞങ്ങള്‍ക്ക് മനസിലാക്കി തന്നു. തെറ്റ് ചെയ്താല്‍ നല്ല ചൂരല്‍ കൊണ്ടു അടി പത്താം ക്ലാസില്‍ പോലും. പക്ഷെ നല്ല സരസമായി  ജീവിത കഥകള്‍ ഇടയ്ക്ക് പറയും, ക്ലാസിലെ മടിയന്മാരെ മൂക്കില്‍ പൊടി വാങ്ങാന്‍ അയക്കും, നല്ല കുട്ടികള്‍  വെയിലത്തിരുന്നു ഗോട്ടികളിച്ചാല്‍ പോലും ചീത്ത പറയും ( ചുണ്ടുകള്‍ക്കിടയില്‍ ശബ്ദം ഇല്ലാതെ പുളിച്ച തെറി തന്നെ )  ഇന്നും സാറിന്റെ ക്ലാസിലെ past perfect, present perfect tense ഓര്മ വരുന്നു. ഗംഭീരമായ ശബ്ദം, സ്ഥിരമായി സാര്‍ അഭിനയിക്കുന്ന വേലുത്തമ്പി ദളവായുടെ മുഴക്കം ഉള്ള ശബ്ദം)

മറ്റൊരാള്‍ ടി ആര് (T R Kesava Pillai) സാറാണ്.എട്ടാം ക്ലാസില്‍ കണക്കും മലയാളവും ആണ് സാറിന്റെ വിഷയം. മൂന്നാമത്തെ പീര്യടാണ് കണക്കു. ക്ലാസില്‍ താമസിച്ചു വരുന്നരില്‍ നിന്നും ഫൈന്‍ ഈടാക്കി ( അഞ്ചു പൈസ മുതല്‍)  മോണിട്ടര്‍ സൂക്ഷിക്കും, കണക്കു ഇട്ടു തന്നു ആദ്യം ശരിയായി ചെയ്യുന്ന പത്തു പേര്‍ക്ക് പത്തു പൈസ സമ്മാനം. അങ്ങനെ പലപ്പോഴും മിട്ടായി കാശ് ഉണ്ടാക്കിയതോര്‍മ വരുന്നു. എല്ലാവര്ക്കും പേടിസ്വപ്നം ആയിരുന്ന കണക്കില്‍ താല്പര്യം ഉണ്ടാക്കിയ ടി ആര്‍ സാര്‍.  മടിയന്മാരെ സ്വാമിയുടെ വീട്ടില്‍ നിന്നും മോര് വാങ്ങി വീട്ടില്‍ കൊടുക്കാന്‍ ടി ആര്‍ സാറും വിടുമായിരുന്നു. എന്റെ ഒരു ബന്ധു സ്ഥിരമായി ഈ ജോലി ചെയ്തിരുന്നു.

പ്രൈമറി സ്കൂളില്‍ ഉള്ള ഒന്ന് രണ്ടു പേരെ ഓര്മ വരുന്നു, നല്ലതിനേക്കാള്‍ ചീത്ത ആണ് ഓര്മ വരുന്നത് , എക്കന്‍ ( യെജ്ഞ നാരായണ അയ്യര്‍) മണി അയ്യര്‍( പൂട മണിയന്‍ സാര്‍) ഇവര്‍ ശരിക്കും ഭീകരര്‍ തന്നെ ആയിരുന്നു.

പാലക്കാട്ട് വിക്ടോറിയ കോളേജില്‍ പ്രി യൂണിവേര്സിറ്റിക്കു മലയാളം പഠിച്ചതുകൊണ്ട് ഗുപ്തന്‍നായര്‍  ലീലാവതിടീച്ചര്‍, കുശലന്‍ മാസ്റ്റര്‍, ഇവരുടെ മലയാളം ക്ലാസില്‍ ഇരിക്കാന്‍ കഴിഞ്ഞു. ഓര്മ വരുന്നത്. ഗുപ്തന്‍ നായര്‍ സാറിന്റെ കവിത ചൊല്ലുന്ന രീതിയും സാഹിത്യ വിമര്‍ശനവും ലീലാവതി ടീച്ചരുടെ പ്രസംഗ സ്റ്റൈലില്‍ ഉള്ള ക്ലാസും, കൂട്ടത്തില്‍ എന്റെ ജ്യേഷ്ടന്‍ കെ പി ശശിധരന്റെ ഇങ്ങ്ലീഷ്‌ ക്ലാസും  ഇന്നും ഓര്‍മയില്‍ നില്‍ക്കുന്നു.

കൊല്ലത്തു തങ്ങള്‍ കുഞ്ഞു മുസലിയാര്‍ കോളേജില്‍ നിന്നും ഹരിഹരന്‍ സാറിനെയും മധുസൂദനന്‍ സാറിനെയും ( സംഗീത സംവിധായകന്‍ ജയചന്ദ്രന്റെ പിതാവ്) മറക്കാന്‍ വയ്യ. രണ്ടു പേരും ഡെപ്യൂട്ടേഷനില്‍ വന്നവര്‍ തിരുവനന്തപുരം എഞ്ചി കോളേജില്‍ നിന്ന് ഹരിഹരന്‍ സാറും, ഇല. ബോര്‍ഡില്‍ നിന്ന് മധുസൂദനന്‍ സാറും. ഹരിഹരന്‍ സാറിന്റെ ക്ലാസ്സാണ് മാതൃകാക്ലാസ്. ക്ലാസ്സിലെ ഏറ്റവും ബുദ്ധിയില്ലാത്ത ആള്‍ക്കും മനസിലാകുന്ന ഒരേ ഒരു വിഷയം സാര്‍ പഠിപ്പിക്കുന്നതായിരുന്നു. ഒരു കാര്യം ആദ്യം പറയുകയും ബോര്‍ഡില്‍ എഴുതുകയും പിന്നീട് ഒരിക്കല്‍ കൂടി വിശദീകരിക്കുകയും ചെയ്യുമായിരുന്നു സാര്‍. ഞങ്ങളില്‍ ചിലര്‍ക്ക് ബോറടിക്കുമെങ്കിലും ഒരു അദ്ധ്യാപകന്റെ ചുമതല എന്താണു എന്നു സാര്‍ കാണിച്ചു തന്നു. മധുസൂദനന്‍ സാറിന്റെ ചില വിഷയങ്ങളെപ്പറ്റി ഉള്ള വിശദീകരണങ്ങള്‍  ഇന്നും ഓര്മ വരുന്നു. കുറച്ചു മാത്രം ബോര്‍ഡില്‍ എഴുതും, പതിനഞ്ചു മിനുട്ട് ക്ലാസ് കഴിഞ്ഞാല്‍ “ നിങ്ങള്ക്ക് മനസിലായത് എഴുതി വക്കാന്‍ “ പറഞ്ഞു, പുറത്തു പോയി മൂക്കില്‍ പൊടിവലിച്ചു ഷര്‍ട്ടില്‍ തേച്ചു വരുന്ന രീതി മറക്കാന്‍ ഇടയില്ല ആരും, വ്യക്തിപരമായി എനിക്ക് ഒരുപാടു കടപ്പാടുള്ള സാറും ആയിരുന്നു മധു സാര്‍. മൂളിപ്പാട്ടും പാടി കുലുങ്ങി കുലുങ്ങി ക്ലാസിലേക്ക് സാര്‍ വരുന്നത് തന്നെ സംഗീതാത്മകമായായിരുന്നു. സാറിനെ ഒരു നാടകത്തില്‍ അനുകരിക്കാന്‍  നാല് പ്രാവശ്യം എനിക്ക് റിഹെര്സല്‍  തന്നു സാര്‍.

മദിരാശി ഐ ഐ ടി യില്‍ നല്ല അദ്ധ്യാപകരായി പ്രൊ. വി ജി കെ മൂര്തിയെയും ഡോ അച്യുതനെയും ഓര്മ വരുന്നു. എന്റെ ഗൈഡ് മനോഹര്‍ ( G T Manohar)  നല്ല അദ്ധ്യാപകന്‍ ആയിരുന്നു. ബാക്കി മിക്കവരും  ഇങ്ങനെയല്ല പഠിപ്പിക്കേണ്ടത് എന്ന് കാണിക്കുന്നവര്‍.

ഡല്‍ഹി ഐ ഐ ടി യില്‍ എന്റെ വന്ദ്യ ഗൈഡ്മാര്‍ പ്രൊ.മഹലനാബിസും ( A K Mahalananis) സുരേന്ദ്ര പ്രസാദും  (Dr Surendra Prasad) ആയിരുന്നു. മഹാലനാബിസ് ഒരു ഗൈഡ് എങ്ങനെ ആയിരിക്കണം എന്നതിന് മാതൃക ആയിരുന്നു. എത്ര തിരക്കായാലും തന്റെ  വിദ്യാര്‍ഥികള്‍ ആരെങ്കിലും രണ്ടു ദിവസം തുടര്‍ച്ചയായി ഷേവ് ച്യ്യാതെ വന്നാല്‍ എന്താ പ്രശ്നം എന്ന് ചോദിക്കുന്ന സ്നേഹസ്വരൂപന്‍. ശനിയാഴ്ച ഉച്ചക്കോ ഞായറാഴ്ചയോ ഇരുന്നു പ്രശ്നം ചര്‍ച്ച ചെയ്യുന്ന ആള്‍. മടിയന്മാര്‍ക്ക് എല്ലാം  പറഞ്ഞു കൊടുക്കും വല്ലതും സ്വയം ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കും, അങ്ങനെ. പ്രസാദ് എന്നെക്കാള്‍ പ്രായം കുറഞ്ഞ ആള്‍, അതുകൊണ്ടു അദ്ധ്യാപകനെക്കാള്‍ കൂട്ടുകാരന്‍ പിന്നെ ദൂരെ നിന്ന് മാത്രം കാണാന്‍ കഴിഞ്ഞ പ്രൊ. ദത്താറോയ്  അങ്ങനെ ചിലര്‍.

ചുരുക്കത്തില്‍ എന്റെ അദ്ധ്യാപന ജീവിതത്തില്‍ ശരിക്കും മാതൃക ആക്കാന്‍ പറ്റിയ ചിലരൊക്കെ ഇവരാണ്, ഇവരുടെ മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കുന്നു. ഗുരു സാക്ഷാല്‍ പര ബ്രഹ്മം, തസ്മൈ ശ്രീ ഗുരവേ നമ:


Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി