നോതൃഡാം പള്ളി – പാരീസ്

നോതൃഡാം പള്ളിയെപ്പറ്റി  പലരും അറിയുന്നത്   വിക്തോര്‍  യൂഗോയുടെ   അനശ്വര കഥാപാത്രങ്ങള്‍ ആയ കൂനന്‍  ക്വാസിമോദോയുടെയും നാടോടി എസ്മേരാല്‍ഡായുടെയും  പ്രേമ കഥയില്‍ കൂടിയാണ്. ശില്പ ചാതുരിയും  കലാസംവിധാനമികവും ഒരു ആരാധനാലയത്തില്‍ എങ്ങനെ സമന്വയിപ്പിക്കാം എന്നതിന് ഏറ്റവും നല്ല ഉദാഹരണം ആണ് ഈ പള്ളി. 850 ആം  വാര്‍ഷികം ആഘോഷിക്കുന്ന ഈ വര്ഷം തന്നെ അത് കാണാന്‍ കഴിഞ്ഞു എന്നത് വളരെ സന്തോഷകരം തന്നെ.

പൂര്‍ണ ചിത്രം , സീന്‍ നദിയില്‍ നിന്ന് 
'പാരീസിലെ നമ്മുടെ മാതാവ് ' ( ‘Notre Dame of Paris - Our Lady of Paris)  എന്നറിയപ്പെടുന്ന ഈ  ദേവാലയം ഒരു റോമന്‍ കത്തോലിക്കാ പള്ളി ആണ് .  സന്ദര്‍ശകരേ അനുവദിക്കുന്നതിനോടോപ്പം തന്നെ അവിടെ  കുര്‍ബാനയും നടക്കുന്നു. ഭാഷ ലാറ്റിന്‍ ആണെന്ന് തോന്നുന്നു. വിശ്വാസികള്‍ക്ക് പ്രാര്‍ഥനയില്‍ ചേരാം.    അല്ലാത്തവര്‍ക്ക്  കാഴ്ചകള്‍ കാണുകയും ഫോട്ടോ എടുക്കുകയോ (ഫ്ലാഷ് ഇല്ലാതെ) വിഡിയോ എടുക്കുകയോ ആവാം, ഇഷ്ടം പോലെ. പാരീസ് ആര്‍ച് ബിഷപ്പിന്റെ കീഴില്‍ ഉള്ള  ദേവാലയമാണ് ഇത്. ഫ്രഞ്ച് ഗോതിക്  ശില്പകലയുടെ ഇന്ന് നിലനില്കുന്ന ഏറ്റവും നല്ല ഉദാഹരണങ്ങളില്‍ ഒന്നും, അറിയപ്പെടുന്ന കൃസ്ത്യന്‍ ദേവാലയങ്ങളില്‍ ഏറ്റവും വലുതും ഇതാണെന്ന് പറയുന്നു. 


പ്രവേശന കവാടം 
1160ല്‍    പാരീസിലെ പള്ളിയിലെ ബിഷപ്‌ ആയ മോറീഷ് ഡി സള്ളി ആണ് നാലാം നൂറ്റാണ്ടില്‍ ഉണ്ടാക്കിയ പഴയ പള്ളി പൊളിച്ചു പുതിയതൊന്നു നിര്മിക്കാന്‍ തീരുമാനിച്ചത്. പഴയ പള്ളിയുടെ പേര്‍ തന്നെ ‘യൂറോപ്പിലെ രാജാക്കന്മാരുടെ പാരീസിലെ പള്ളി’ എന്നായിരുന്നു.  അതിന്റെ പേര്‍ തന്നെ മാറ്റി  പാരീസിന്റെ ബിഷപ്പായി അദ്ദേഹം സ്വയം അവരോധിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. പഴയ പള്ളി പൊളിക്കേണ്ട നിലയിലേക്ക്  മോശമായിരുന്നോ എന്ന് സംശയിക്കാമെങ്കിലും ബിഷപ്‌ സള്ളിയുടെ സംകല്പം അനുസരിച്ചാണ് ഈ പുതിയ പളളി  പഴയ പള്ളിയുടെ സമീപം തന്നെ നിര്‍മ്മിച്ചത്‌ .
കവാടത്തിന്റെ മുകള്‍ ഭാഗം 
പള്ളിയുടെ പണിക്കു വേണ്ടി അവിടെ ഉണ്ടായിരുന്ന കുറെയേറെ വീടുകള്‍ നശിപ്പിക്കുകയും  നിര്‍മാണ സാമഗ്രികള്‍ കൊണ്ടു വരാന്‍ ഒരു പുതിയ റോഡ്‌ തന്നെ ഉണ്ടാക്കുകയും ചെയ്തു. ലൂയി ഏഴാമന്റെ ഭരണകാലത്ത് 1163ല്‍ ആണ് നിര്‍മാണം തുടങ്ങിയത്. ബിഷപ്‌ സള്ളിയാണോ പോപ്‌ അലക്സാണ്ടര്‍ രണ്ടാമനാണോ ഈ പള്ളിയുടെ തറക്കല്ലിട്ടത് എന്നതിലും സംശയം നിലനില്‍കുന്നു, രണ്ടു പേരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു എന്ന്  ഉറപ്പുണ്ട്. തന്റെ ജീവിതകാലം മുഴുവനും തന്റെ സമ്പാദ്യവും ഈ പള്ളിയുടെ നിര്മാണത്തിനുപയോഗിച്ചു ബിഷപ്‌ സള്ളി. 1163 -1177 കാലത്തില്‍ ആണ് പള്ളിയില്‍  സംഗീതജ്ഞര്‍ക്കുള്ള പ്രത്യേക സ്ഥലവും (Choir) അല്‍ ത്താരയും  നിര്‍മ്മിച്ചത്‌... അള്‍ത്താര 1182ല്‍  വെഞ്ചരിക്കപ്പെട്ടു.   അന്നത്തെ രീതിയനുസരിച്ച് പള്ളിയുടെ കിഴക്കേ ഭാഗം ആണ് ആദ്യം നിര്‍മ്മിച്ചത്‌. അള്‍ത്താരയ്ക്ക് കുറച്ചു മുമ്പില്‍ ഒരു താല്‍കാലിക ഭിത്തി ഉണ്ടാക്കി ബാക്കി ഭാഗം നിര്‍മിച്ചു കൊണ്ടിരുന്നപ്പോള്‍ തന്നെ പതിവായി പ്രാര്‍ത്ഥന തുടങ്ങിയിരുന്നു.  1196ല്‍ ആര്‍ച് ബിഷപ്‌ സള്ളിയുടെ  മരണശേഷം  ബിഷപ്പായി  വന്ന യുഡ്സ് ഡി സള്ളി ബാക്കി ഭാഗം പണി തീര്‍ക്കാന്‍ പരമാവധി ശ്രമിച്ചു എങ്കിലും അദ്ദേഹത്തിന്റെയും മരണ ശേഷം 1240 ആയപ്പോഴാണ് പടിഞ്ഞാറു ഭാഗത്തെ ഭിത്തിയും  പ്രവേശന കവാടവും പൂര്‍ത്തിയായത്.   


ഉള്ളിലെ ചില ഗ്ലാസ് ചിത്രപ്പണികള്‍ 


ഈ പള്ളിയുടെ നിര്‍മാണത്തില്‍ ആണ് ആദ്യമായി ആര്‍ച്ച് രൂപത്തില്‍ ഉള്ള ബാഹ്യ ആധാരങ്ങള്‍ (flying buttress, or arched exterior supports) ഉപയോഗിച്ചത്. ആദ്യം ഇത്തരം നിര്‍മാണം ഉദ്ദേശിച്ചിരുന്നില്ലെങ്കിലും,  കനം കുറഞ്ഞ ബാഹ്യ ഭിത്തികളില്‍  ചെറിയ വിള്ളലുകള്‍ കണ്ടതോടുകൂടി ഭിത്തി ഉറപ്പാക്കാന്‍ വേണ്ടി ആണ് ഇങ്ങനെ കൂടുതല്‍ ആധാരങ്ങള്‍ ബാഹ്യഭിത്തിയില്‍ നിര്‍മ്മിച്ചത്‌. ഇതിനു പുറമേ തൂണുകള്‍ക്കു ഉറപ്പു വര്‍ദ്ധിപ്പിക്കുവാനും ജലധാരകള്‍ ഉണ്ടാക്കുവാനും  ഉതകുന്ന വിധം  ചെറിയ പ്രതിമകളും സ്ഥാപിച്ചു.  ബാഹ്യഭാഗത്തുള്ള പ്രതിമകള്‍ക്ക് ആണ് നിറം കൊടുത്തത്. ആദ്യം കൊടുത്ത നിറങ്ങള്‍ മാഞ്ഞു പോയെങ്കിലും ചാരനിറത്തിലുള്ള കല്ലുകളില്‍ കൂടുതല്‍ നിറങ്ങള്‍ കൊടുത്തു ഭംഗിയാക്കി. 1345ല്‍ ആണ് പള്ളിയുടെ പണി പൂര്‍ണമായത്‌. സര്‍പ്പിളാകൃതിയില്‍ നിര്‍മിച്ച കോണിയില്‍ 387  പടികളുണ്ട്. ഈ കോണികള്‍ കയറിയാല്‍ നോതൃഡാമിലെ പ്രസിദ്ധമായ പള്ളിമണിയും അടുത്തു കാണാം. ഇതിനും ഉയരത്തില്‍ കയറിയാല്‍ പാരീസ് നഗരത്തിന്റെ വിഹഗമായ കാഴ്ചയും കാണാം.  ആസ്ട്രെലിയായിലുണ്ടാക്കിയ സെയിന്റ് പീറ്റെര്സ് പള്ളി  നോതൃഡാം പള്ളിയുടെ മാതൃകയില്‍ ആണ് ഉണ്ടാക്കിയിരിക്കുന്നത്.  1323 ല്‍ തന്നെ ഈ പള്ളി പാരീസിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു കെട്ടിടങ്ങളില്‍ ഒന്നായി തീര്‍ന്നിരുന്നു.
മേരിയും യേശുവും 
നിര്‍മാണത്തിലെ വിവിധ ഘട്ടങ്ങള്‍
1160   പഴയ പള്ളി പൊളിച്ചു പുതിയത് പണിയാന്‍ ബിഷപ്‌     
          സള്ളി  നിര്‍ദേശം കൊടുക്കുന്നു..
1163   നോത്രേ ഡാം പള്ളിയുടെ ശിലാസ്ഥാപനം,
          നിര്‍മാണം തുടങ്ങുന്നു..
1182   അല്താരയും കൊയറും പൂര്‍ത്തിയാകുന്നു..
1196   ബിഷപ്‌ സള്ളി നിര്യാതനാകുന്നു. .
1200   പടിഞ്ഞാറെ മുഖപ്പിന്റെ നിര്‍മാണം തുടങ്ങുന്നു..
1208   ബിഷപ്‌ യൂഡ്സ്  ഡി  സള്ളി  നിര്യാതനായി. മുകളിലെ 
          ആര്‍ച്ചുകള്‍ പൂര്‍ത്തിയായി
1225   പടിഞ്ഞാറെ മുഖപ്പു പൂര്‍ത്തിയായി..
1250   പടിഞ്ഞാറു ഭാഗത്തെ ഗോപുരങ്ങളും വടക്ക് ഭാഗത്തെ 
          റോസ് ജനാലകളും പൂര്‍ത്തിയായി. .
 1245–1260s  മുകള്‍ ഭാഗത്ത്‌ ചെറിയ വ്യതിയാനങ്ങള്‍ ജീന്‍ 
          ഡി ഷെലിസ്, പിയര്‍ ഡി മോന്ത്രാലി എന്നീ 
          ശില്പികളുടെ നേതൃത്വത്തില്‍.
 1250–1345   ബാക്കി ഭാഗങ്ങള്‍ പൂര്‍ത്തിയായി.



നോതൃഡാമിലെ കൂനന്റെ കഥ
കഥ തുടങ്ങുന്നത് 1482 ജനുവരി ആറിനു, പാരീസിലെ മണ്ടന്മാരുടെ  പോപ്പിനെ തിരഞ്ഞെടുക്കുന്ന മത്സരം നടക്കുന്നതോടു കൂടിയാണ്. ആരൊക്കെയോ കൂടി കാഴ്ചക്കാരനായി വന്ന കൂനന്‍ ക്വാസിമോദോ എന്ന നോത്രേഡാം പള്ളിയിലെ മണിയടിക്കുന്ന കപ്പിയാരെ മത്സരവേദിയിലെക്കയക്കുന്നു. ക്വാസിമോദോ മണ്ടന്മാരുടെ പോപ്പായി തെരഞ്ഞെടുക്കപ്പെടുന്നു.കിരീടധാരണം നടക്കുന്നു. കാണികളില്‍ ഒരാളായിരുന്നു എസ്മെരാല്‍ഡാ എന്ന ജിപ്സി . സുന്ദരിയും ദയാമനസ്കയുമായ അവളെ പലരും ശ്രദ്ധിക്കുന്നു, ക്യാപ്ടന്‍ ഫീബസ്, ഒരു തെരുവ് കവിയായ പിയര്‍ ഗിങ്ങോയര്‍ ഇവര്‍ പ്രത്യേകിച്ചും അവളെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചു. ഇതിനെല്ലാമുപരി പള്ളിയിലെ ഡീക്കനും ക്വാസിമോദോയുടെ വളര്തച്ഛനുമായ ക്ലോഡ ഫ്രോള്ളോയും തന്റെ വികാരിയുടെ ഉത്തരവാദിത്വത്തിനും ജിപ്സിപെണ്ണിനോടുള്ള ഉഗ്രപ്രേമത്തിനും ഇടയില്‍ വിഷമിക്കുന്നു.   വികാരി,  ക്വാസിമോദോയോടു  അവളെ  ഒളിച്ചുകടത്താന്‍ ആജ്ഞാപിക്കുന്നു. എന്നാല്‍ ക്യാപ്ടന്‍ ഫീബസും അനുചരന്മാരും അവളെ രക്ഷിക്കുന്നു. ക്വാസിമോദോയെ ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ചാട്ടവാറിനടിക്കുവാനും അതിനു ശേഷം പരസ്യമായി പ്രദര്സിപ്പിക്കാനും ശിക്ഷിക്കുന്നു.  ഈ ശിക്ഷക്കിടയില്‍ ഒരിറ്റുവെള്ളത്തിന്‌ വേണ്ടി യാചിക്കുന്ന ക്വാസിമോദോയ്ക്ക് എസ്മെരാല്‍ഡാ കുടിക്കാന്‍ തുള്ളി വെള്ളം കൊടുക്കുന്നു, അയാളെ രക്ഷിക്കുന്നു. അങ്ങനെ അവള്‍ ക്വാസോമോദോയുടെ ഹൃദയത്തില്‍ കയറി പറ്റുന്നു.  എസ്മെരാല്‍ഡായെ വശീകരിക്കാന്‍  ശ്രമിച്ച ഫീബസിനെ കൊല്ലാന്‍ അസൂയയില്‍ വികാരി ഫ്രോള്ളോ ശ്രമിക്കുന്നു. എന്നാല്‍ എസ്മെരാല്‍ഡാ യാണ് ഫീബസിനെ കൊല്ലാന്‍ ശ്രമിച്ച കുറ്റത്തിന് ജെയിലില്‍ അടയ്ക്കപ്പെടുന്നതു.ഈ കുറ്റത്തിനു അവളെ ചാട്ടവാറിനടിച്ചതിന് ശേഷം  തൂക്കി  കൊല്ലാന്‍ വിധിക്കുന്നു. എസ്മെരാല്ടായെ തൂക്കുമരത്തിലേക്ക് കൊണ്ടു പോകുന്നവഴി ക്വാസിമോദോ പള്ളിമണിയുടെ കയറില്‍ തൂങ്ങി താഴെ വന്നു അവളെ വാരിയെടുത്തുകൊണ്ടു പള്ളിയിലേക്ക് കൊണ്ടു പോയി അവിടെ അഭയം കൊടുക്കുന്നു. എന്നാല്‍ അവള്‍ക്കു പള്ളിയില്‍ അഭയം തേടാന്‍ അവകാശം ഇല്ലെന്നു കോടതി തീരുമാനിച്ചതായി ഗിങ്ങോയര്‍ ഫ്രോള്ളോയെ അറിയിക്കുന്നു. അവളെ പള്ളിയില്‍ നിന്നും പിടിച്ചുകൊണ്ടു പോയി ശിക്ഷ നടപ്പാക്കാന്‍ തീരുമാനം ആവുന്നു. എന്നാല്‍ ഈ വിവരം അറിഞ്ഞ ക്ലോപ്പിന്‍ എന്ന തെരുവ് കലാകാരന്‍ തെരുവ് ഗുണ്ടകളെ  സംഘടിപ്പിച്ചു എസ്മെരാല്‍ഡായെ പള്ളിയില്‍ നിന്ന് മോചിപ്പിക്കാന്‍ ബലം പ്രയോഗിച്ചു കടക്കുന്നു. ഇത് കണ്ടു  ക്വാസിമോദോ അവര്‍ വരുന്നത് എസ്മെരാല്‍ഡായെ ഉപദ്രവിക്കാന്‍ ആണെന്ന് കരുതി അവരെ വിരട്ടി ഓടിക്കുന്നു. രാജഭ്രുത്യന്മാര്‍ അവളെ രക്ഷിക്കാന്‍ തുടങ്ങുന്നു എന്ന് കരുതി അവളെ കാട്ടിക്കൊടുക്കുന്നു. വികാരി ഫ്രോള്ലോ അവളെ രാജഭ്രുത്യന്മാരില്‍ നിന്നും ഗ്രിങ്ങോയര്‍ എന്ന കള്ളഭര്‍ത്താവില്‍ നിന്നും മോചിപ്പിക്കുന്നു. അവളോടു പ്രേമാഭ്യ്രതന നടത്തി ഒരിക്കല്‍ കൂടി പരാജയപ്പെട്ട വികാരി ഇവളെ അവസാനം പട്ടാളക്കാര്‍ക്ക് തന്നെ വിട്ടു കൊടുക്കുന്നു, അവളെ തൂക്കിലേറ്റുന്നത് കാണാന്‍ പള്ളിയുടെ മുകള്‍ത്തട്ടില്‍ ചിരിച്ചുകൊണ്ട് വികാരി കാത്തിരിക്കുന്നത് കണ്ട ക്വാസിമോദോ വികാരിയച്ചനെ പള്ളിയുടെ മുകള്‍ത്തട്ടില്‍ നിന്ന് തള്ളി താഴെയിട്ടു കൊല്ലുന്നു.. അതിനു ശേഷം അയാള്‍ തൂക്കുമരത്തില്‍ നിന്ന് താഴെയിറക്കി തുറന്ന ശവകുടീരത്തില്‍ തള്ളിയ എസ്മെരാല്‍ഡായുടെ മൃതശരീരത്തിന്റെ അടുത്തു ചെന്നു  കിടക്കുന്നു.  അവിടെ കിടന്നു അയാള്‍ പട്ടിണി കിടന്നു മരിക്കുന്നു. പതിനെട്ടുമാസം കഴിഞ്ഞു ആ ശവകുടീരം തുറന്നപ്പോള്‍, കണ്ടത് കെട്ടിപ്പിടിച്ചു  കിടക്കുന്ന രണ്ടസ്ഥികൂടങ്ങളാണ്, ഒന്ന് നട്ടെല്ല് വളഞ്ഞത് മറ്റൊന്ന്, ചെറിയതും ഒരു സ്ത്രീയുടെതെന്നു തോന്നിക്കുന്നതും ആരോ അവ തമ്മില്‍ വേര്‍പെടുത്താന്‍ ശ്രമിച്ചപ്പോള്‍ പുരുഷ  അസ്ഥികൂടം പൊട്ടി പൊടിയായി താഴെ വീണു.  .   

                             ഗോപുരവും ചിത്രപ്പണികളും 


Reference: Wikipedia and notes from the pamphlets circulated at Notre Dame Church

Photos taken by : Mohandas (kp.mohandas62@gmail.com)


Comments

വീകെ said…
വിലയേറിയ ഈ വിവരങ്ങൾ പകർന്നു തന്നതിന് നന്ദിയുണ്ട്. നോതൃഡാമിലെ കൂനന്റെ കഥ എവിടെയോ കേട്ടു മറന്ന ഒരു ഓർമ്മയുണ്ട്.
ആശംസകൾ...

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

മധ്യമ വ്യായോഗം -

കീചക വധം കഥകളി