അപരാജിതോ – പരാജയം അറിയാത്തവന്‍


സത്യജിത് റെയുടെ  ചലച്ചിത്രത്രയത്തിലെ രണ്ടാമത്തെ ചിത്രമാണ് അപരാജിതോ. കാലം 1920. നാട്ടിന്‍പുറത്ത് നിന്നു ജീവിക്കാന്‍ മാര്‍ഗം തേടി ബെനാറസില്‍ എത്തുന്ന   ഹരിഹര്‍ റായിയും ഭാര്യ സരബ്ജയയും പത്തു വയസ്സായ മകന്‍ അപുവും. അവര്‍ ഗംഗാനദിയുടെ തീരത്തുള്ള ബനാറസില്‍ ജീവിതം കഴിക്കാന്‍ തുടങ്ങുന്നു. മതഗ്രന്ഥങ്ങള്‍ മറ്റുള്ളവരെ വായിച്ചു കേള്‍പ്പിച്ചു സംഭാവനയായി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടു ഒരു വിധം കഴിഞ്ഞു കൂടുന്നു. ചിത്രം തുടങ്ങുന്നത് അപു താന്‍ കണ്ട പുതിയ നഗരത്തിലെ കാഴ്ചകള്‍ കണ്ടു ചുറ്റി നടക്കുന്നതാണ്. ഒരു ചെറിയ ഇടവഴിയിലെ മൂന്നു നിലയിലുള്ള ഒരു പൊട്ടിപൊളിഞ്ഞ മാളികയുടെ താഴത്തെ നിലയിലാണ് അവരുടെ താമസം, ചുറ്റുപാടും  താമസിക്കുന്നവര്‍ ഇവരെപോലെ തന്നെ പാവപ്പെട്ടവര്‍ മുകളില്‍ താമസിക്കുന്ന നന്ദബാബു തനിച്ചാണ്, അയാള്‍ സരബ് ജയയെ വൃത്തികെട്ട കണ്ണുകൊണ്ടു ശ്രദ്ധിക്കുന്നു.

1920 ലെ ബനാറസ് 


അപു താഴെ നടക്കുന്നതു നോക്കുന്നു.               
കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടു അവര്‍ മൂന്നുപേരും സന്തോഷമായി    കഴിയുന്നു, പക്ഷെ വിധി അവരെ വെറുതെ വിടുന്നില്ല. ഹരിഹര്‍ റോയ്  പനി പിടിച്ചു കിടപ്പിലാവുന്നു. ശരീരസുഖം ഇല്ലെങ്കിലും തന്റെ കുടുംബത്തെ പോറ്റാന്‍ വേണ്ടി നദിയുടെ തീരത്തെത്തി അസംഖ്യം കല്‍പടവുകള്‍ കയറി വന്ന റായ് പടവുകളില്‍ ബോധം കെട്ടു നിലംപതിക്കുന്നു. ഓടി കൂടിയ ആള്‍ക്കാര്‍ അയാളെ വീട്ടില്‍ എത്തിക്കുന്നു.  തനിക്കറിയാവുന്ന മരുന്നുകള്‍ കഴിച്ചു അസുഖം മാറ്റാന്‍ കഴിയാതെ റായിയുടെ അസുഖം വര്‍ദ്ധിക്കുന്നു. ഒരു ദിവസം വെളുപ്പിനു സരബ് ജയ അപുവിനെ വിളിച്ചുണര്‍ത്തി  അച്ഛനു കുടിക്കാന്‍ ഗംഗാ ജലം നദിയില്‍  നിന്ന് കൊണ്ടു വരാന്‍ വിടുന്നു. ഉറക്കം തൂങ്ങി ജലവുമായി വന്നു അച്ഛന്റെ വായില്‍ രണ്ടിറ്റു വെള്ളം ഒഴിച്ചുകൊടുക്കുന്നതിനിടയില്‍ റായ് മരിക്കുന്നു. അമ്മയും മകനും തനിച്ചായി, ജീവിതം വഴിമുട്ടി നില്കുന്നു.

അമ്മയും മോനും 

                                                                    ഇടവഴില്‍ കളിച്ചു നടക്കുന്ന അപു
           പൂജ ചെയ്യുന്ന അപു
നിസ്സഹായരായ അവരെ സഹായിക്കാന്‍ സരബ്ജയയുടെ അകന്ന ഒരു അമ്മാവന്‍ മുന്നോട്ടു വരുന്നു. എല്ലാ വര്‍ഷവും പതിവായി ബെനാരസില്‍ വന്നു കൊണ്ടിരുന്ന അയാള്‍ അമ്മയെയും മകനെയും തന്റെ ഗ്രാമത്തിലേക്ക് ക്ഷണിക്കുന്നു. അമ്മാവന്റെ കുടുംബത്തില്‍ ഭക്ഷണം പാചകം ചെയത് സഹായിച്ചാല്‍ ഭക്ഷണകാര്യം നടക്കുമല്ലോ എന്ന് കരുതി അവര്‍ രണ്ടുപേരും അമ്മാവനോടൊപ്പം ഗ്രാമത്തിലേക്ക് പോകുന്നു. അവിടെ വച്ച് അപുവിനെ അമ്മാവന്‍ പൂജാകര്‍മങ്ങള്‍ ചെയ്യാന്‍ പഠിപ്പിക്കുന്നു. പ്രായമായ അയാള്‍ക്ക് വേണ്ടി കുട്ടി പൂജ ചെയ്യുന്നു. ഗ്രാമത്തിലെ സ്കൂളില്‍ ചേര്‍ന്ന് പഠിക്കാന്‍ അതിയായി ആഗ്രഹിക്കുന്ന അപുവിനെ അമ്മ സഹായിക്കുന്നു. രാവിലെ പൂജ ചെയ്തതിനു ശേഷം അവന്‍ സ്കൂളില്‍ പോകുന്നു. ബുദ്ധി സാമര്‍ത്ഥ്യം കൊണ്ടും പരിശ്രമം കൊണ്ടും അവന്‍ അദ്ധ്യാപകരുടെ കണ്ണിലുണ്ണിയാവുന്നു. പ്രധാനാധ്യാപകന്‍ അവനു വായിക്കാന്‍ പ്രാത്യേകം കൊടുത്ത പുസ്തകങ്ങള്‍, ശാസ്ത്രവും ,മഹാന്മാരുടെ ജീവചരിത്രവും എല്ലാം വായിച്ചു അപു വിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം ജീവിതത്തില്‍ എന്തെങ്കിലും ആവണമെന്നു ആഗ്രഹിക്കുകയും ചെയ്യുന്നു.  സ്കൂളില്‍ നിന്ന് രണ്ടാമനായി പരീക്ഷ ജയിക്കുന്നു. കൊല്ക്കത്തായിലെ നല്ല ഒരു കോളേജില്‍ പഠനം തുടരാന്‍ അവനു സ്കോളര്‍ഷിപ്പ്‌ കിട്ടുന്നു, പ്രധാനാധ്യാപകന്‍ തന്‍റെ ഒരു സുഹൃത്തിന്റെ  സഹായത്താല്‍ താമസ സൌകര്യവും ഉണ്ടാക്കി കൊടുക്കാമെന്നു ഏല്കുന്നു. എന്നാല്‍ അമ്മയ്ക്ക് അവനെ ഇത്ര ദൂരത്തയക്കുന്നതില്‍ വിഷമം ഉണ്ട്ട്. എങ്കിലും മനസ്സില്ലാ മനസ്സോടെ തന്റെ അമ്മയുടെ ആകെ സമ്പാദ്യമായ 30 രൂപയുമായി അപു കൊല്ക്കത്തായിലേക്ക് പഠിക്കാന്‍ പോകുന്നു.
കൊല്കതായില്‍ ആദ്യം എത്തിയ അപു

                                                               മകനെ ഓര്‍ത്തു സങ്കടപ്പെടുന്ന അമ്മ 
കൊല്ക്കത്തായില്‍ തന്റെ അദ്ധ്യാപകന്റെ സുഹൃത്ത്‌ ഒരു അച്ചടിപ്രസ് നടത്തുകയാണ്. പ്രസില്‍ രാത്രി ജോലി ചെയ്യാമെങ്കില്‍ വാടക കൊടുക്കാതെ താമസ സൗകര്യം തരമാക്കാമെന്നു അയാള്‍ പറയുന്നു. അപു പകല്‍ സമയം കോളേജിലും രാത്രി വൈകും വരെ പ്രസ്സിലും ജോലി ചെയ്യുന്നു. ഒരു ദിവസം ക്ലാസ്സില്‍ ഇരുന്നു ഉറക്കം തൂങ്ങിയ അപുവിനെ അദ്ധ്യാപകന്‍ പുറത്താക്കുന്നു. കൂട്ടുകാരനുമായി ചുറ്റി നടക്കുന്ന അപു  കുറ്റബോധം കൊണ്ടു വീര്‍പ്പുമുട്ടുന്നു. കോളജ് അവധിയായപ്പോള്‍ അമ്മയുടെ അടുത്തേക്ക് എത്തുന്ന മകനെ അമ്മ വാരി പുണരുന്നു, എന്നാല്‍ അവനില്‍ നിന്നും  കോളേജിലെ വിശേഷങ്ങള്‍ കേള്‍ക്കാന്‍ കൊതിച്ചിരുന്ന അവള്‍ക്കു, അപു  തന്റെ വിഷമങ്ങള്‍ പോലും കേള്‍ക്കാന്‍ തയാറാവാത്തതില്‍ ദു:ഖിക്കുന്നു. പല ദിവസവും ശാരീരികമായ ക്ഷീണവും വൈകുന്നേരം പനിയുമായി ബുദ്ധിമുട്ടുന്ന അവള്‍ ഈ കാര്യങ്ങള്‍ മകനോട് പറയുമ്പോള്‍ അവന്‍ശ്രദ്ധിക്കുന്നത് പോലും ഇല്ല. ബോറടിച്ചിട്ടു അവധി തീരുന്നതിനു മുമ്പേ കള്ളം പറഞ്ഞു തിരിച്ചു കൊല്ക്കത്തായിലേക്ക് പുറപ്പെടുന്ന മകനെ അവര്‍ സങ്കടത്തോടെ യാത്രയാക്കുന്നു, എന്നാല്‍ തന്റെ അമ്മയുടെ മുഖഭാവം ഓര്‍മിച്ച അവന്‍ തിരിച്ചു പോരുന്നു, കോളേജു തുറക്കുമ്പോള്‍ വീണ്ടും കൊല്ക്കത്തായില്‍ എത്തിയ അപു നല്ല രീതിയില്‍ പഠിക്കുന്നു. അമ്മയ്ക് പതിവായി എഴുതിയിരുന്ന കത്തുകള്‍ പോലും എഴുതുന്നില്ല  സരബ്ജയ ശാരീരിക അസ്വസ്ഥതയ്യ്ക്ക് പുറമേ മകന്റെ മാനസികമായി അകല്‍ച്ചയും കൂടി കാണുമ്പോള്‍ ഒരു വിഷാദരോഗത്തിലേക്ക് വഴുതി വീഴുന്നു. അപുവിന്റെ അവസാന പരീക്ഷ തുടങ്ങുന്നതിനു ഏതാനും ദിവസം മുമ്പ് തന്റെ അമ്മയുടെ അയല്കാരിയും സുഹൃത്തും ആയ നിരുപമയുടെ  കത്തില്‍ നിന്നും അമ്മയുടെ അസുഖം കൂടുതലാ ണെന്നറിഞ്ഞ അപു വീട്ടില്‍ എത്തുമ്പോള്‍ അമ്മ മരിച്ചു കഴിഞ്ഞിരുന്നു. അവരുടെ മൃത ശരീരം  പോലും കാണാന്‍ കഴിയാതെ അവന്‍ തേങ്ങി കരയുന്നു.  അമ്മയുടെ മരണാനന്തര കര്‍മങ്ങള്‍ അവിടെ താമസിച്ചു ചെയ്യുവാന്‍  നിര്‍ബന്ധിക്കുന്ന അമ്മാവനോട്  താന്‍ അത് കൊല്കതായില്‍ വെച്ച് ചെയ്തുകൊള്ളാം തന്റെ അവസാന  പരീക്ഷ ഉടനെ തുടങ്ങുകയായി എന്നും പറഞ്ഞു തിരിച്ചു കൊല്കതായിലേക്ക് തന്നെ പോരുന്നു.   

ചിത്രീകരണത്തിലെ ചില പ്രത്യേകതകള്‍ 

ഒന്നാമതായി ഹരിഹര്‍ റായിയുടെ മരണം. പുലര്‍ച്ചെ ഗംഗാജലത്തിനു വേണ്ടിയുള്ള അയാളുടെ ആഗ്രഹവും അപു ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നു ഗംഗാജലം കൊണ്ടു വരുന്നതും അത് രണ്ടു തുള്ളി വായില്‍ വീഴ്ത്തി അയാള്‍ മരിക്കുന്നതും.

രണ്ടാമതെത് അമ്മയുടെ മരണം. മകനെ ഓര്‍ത്തു ഒരു വൃക്ഷത്തിന്റെ താഴെ വിഷമിച്ചിരിക്കുന്ന സരബ്ജയ പെട്ടെന്ന് ഒരു ട്രെയിനിന്റെ ശബ്ദം  കേള്‍ക്കുന്നു, മകനെ കാണാന്‍ അതിയായ ആഗ്രഹം ഉണ്ടെങ്കിലും  അവന്‍ അതില്‍ ഉണ്ടാവുകയില്ല എന്ന് ഉറപുള്ള അവര്‍വീട്ടിലേക്കു വേയ്ച്ചു വെയ്ച്ചു കയറുന്നു. പെട്ടുന്നു അപുവിന്റെ ശബ്ദം കേട്ടതായി അവര്‍ക്ക് തോന്നുന്നു. എന്നാല്‍ അത് ശ്രദ്ധിച്ച അവര്‍ക്ക് കാണാന്‍ കഴിയുന്നത്‌ കുറ്റിരുട്ടില്‍ പറക്കുന്ന മിന്നാമിനുങ്ങുകളുടെ അരണ്ട വെളിച്ചം മാത്രമാണ്, നൃത്തം ചെയ്യുന്ന മിന്നാമിനുങ്ങുകളുടെ ചിത്രീകരണത്തില്‍ അന്നത്തെ ക്യാമെറാകളില്‍  സാധ്യമല്ലാതിരുന്നത് കൊണ്ടു, രാത്രിയില്‍ കയ്യില്‍ തെളിയിച്ച ടോര്‍ച്ചു ലൈറ്റുകളും ആയി കുറെ ആള്‍ക്കാരെ നൃത്തം ചെയ്യിച്ചാണ് ഈ രംഗം ചിത്രീകരിച്ചത്.   

നടീ നടന്മാര്‍ :
ഹരിഹര്‍ റായ് , അച്ഛന്‍ : കാനു ബാനെര്‍ജി 
സരബ് ജയ , അമ്മ : കരുണ ബാനെര്‍ജി  
അപു, ബാലന്‍ : പിനാകി സെന്‍ ഗുപ്ത 
അപു, യുവാവ് :  സ്മരന്‍ ഘോസല്‍ 
ബാബ  തരന്‍, അമ്മാവന്‍ :രമണി സെന്‍ ഗുപ്ത   
നന്ദന്‍ ബാബു :ചര പ്രകാശ്‌ ഘോഷ്     
പ്രധാനാദ്ധ്യാപകന്‍ : സുബോധ്   ഗാംഗുലി 

പിന്നണിയില്‍

നിര്‍മാതാവ് :എപിക് ഫിലിംസ്  ( സത്യജിത് റായ്)
തിരക്കഥ, സംവിധാനം : സത്യജിത് റായ്  ( ബിഭൂതി ഭൂഷന്‍ ബാനെജിയുടെ അപരാജിതോ എന്ന നോവലിനെ അടിസ്ഥാനമാക്കി )
സിനിമാട്ടോഗ്രാഫി :  സുബ്രതാ മിത്ര
എഡിറ്റിംഗ് : ദുലാല്‍ മിത്ര
കലാ സംവിധാനം:  ബന്സി ചന്ദ്രഗുപത.
ശബദം: ദുര്ഗാദാസ് മിത്ര
സംഗീതം :   പണ്ഡിറ്റ്‌ രവി ശങ്കര്‍

Comments

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി