ല്യൂവേ മ്യൂസിയതിലേക്കുള്ള പ്രവേശന കവാടം

ലൂവ്രേ  മ്യൂസിയത്തിന്റെ പ്രവേശന ഭാഗത്തുള്ള കൂറ്റന്‍ പിരമിഡ് നിര്‍മ്മിച്ചത്‌ 1981ല്‍ ആണ്. ഫ്രെഞ്ച്പ്രെസിഡണ്ട് ഫ്രാന്‍സിസ് മിത്തെരാണ്ടിന്റെ ഭരണകാലത്ത് മ്യുസിയം ആധുനികവത്കരി ക്കുന്നതിന്റെ ഭാഗമായി നിര്‍മിച്ചതാണിത്. 1970 മുതല്‍  തന്നെ മ്യൂസിയത്തിലെ വര്‍ദ്ധിച്ചുവന്ന തിരക്ക് നിയന്ത്രിക്കാന്‍ വളരെ വിഷമം അനുഭവച്ചിരുന്നു പ്രവേശനദ്വാരം വളരെ ചെറുതായിരുന്നു, ഓരോ ഭാഗത്തേക്കും വേറെ വേറെ വാതിലുകള്‍   ആയിരുന്നു , പലപ്പോഴും സന്ദര്‍ശകര്‍ അകത്തേക്കും പുറത്തേക്കും പോകാന്‍ ബുദ്ധിമുട്ടിയിരുന്നു. മ്യൂസിയത്തിന്റെ ഒരു ഭാഗത്ത്‌ പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാര്‍  ധനവകുപ്പിന്റെ പ്രവര്‍ത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി ലൂവ്രേ കെട്ടിടത്തിന്റെ മുഴുവന്‍ ഭാഗവും മ്യൂസിയതിനു വിട്ടു കൊടുക്കുവാന്‍   പ്രസിഡണ്ട് തീരുമാനിച്ചു .  
ലൂവ്രേ പ്രവേശന കവാടം പിരമിഡ്

 മത്സര ടെണ്ടര്‍ വിളിച്ചു ജോലി ഏല്പിക്കുന്നത് വേണ്ടെന്നു വച്ച്  ചൈനയില്‍ ജനിച്ചു അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഇയൊ മിന്‍ പെയ് ( Ieoh Ming Pei ) 
എന്നശില്പിയെ മ്യുസിയത്തിന്റെ  ആധുനിക വത്കരണവും വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള ഏകോപനവും  ചെയ്യാനുള്ള ഉള്ള പണി  ഏല്പിച്ചു. പെയുടെ  നിര്‍ദേശം അനുസരിച്ച് പഴയ കെട്ടിടത്തിന്റെ മുന്‍ ഭാഗത്തുണ്ടായിരുന്ന നെപോളിയന്‍ കവാടം പൊളിച്ചു ഭൂമി കുഴിച്ചു ഒരു അന്തര്‍ ഭൌമപ്രവേശനഹാളും മൂന്നു വിങ്ങുകളിലേക്ക് പ്രത്യേകം കവാടങ്ങളും, കടകള്‍ക്കും റെസ്റ്റോറന്റിനും മറ്റു സൌകര്യങ്ങള്‍ക്കും സ്ഥലം കണ്ടെത്താനും  കഴിഞ്ഞു.
                ലൂവ്രേ  പ്രവേശന കവാടം പിരമിഡ്  - രാത്രിയില്‍ 

ഒരു അന്തര്‍ ഭൌമറെയില്‍വേ സ്റ്റേഷന്റെ  രൂപം ഉണ്ടാകരുതെന്നു പെയ്ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. ഒരു സാധാരണ കോണ്ക്രീറ്റ് കെട്ടിടം പോരാ എന്ന് തോന്നിയാണു ഒരു പിരമിഡിന്‍റെ  രൂപകല്പന ചെയ്തത്. പക്ഷെ ഇത് അറിഞ്ഞപ്പോള്‍  കലാകാരന്മാര്‍  പലരും ഇതിനെ എതിര്ത്തു. പാരീസിന്റെ സൌന്ദര്യം നഷ്ടപ്പെടുത്തുന്ന ചില നിര്‍മാണങ്ങള്‍ അടുത്തു നടന്നിരുന്നത് കൊണ്ടു എതിര്‍പ്പ്  ശക്തമായിരുന്നു. എന്നാല്‍ ഒരു സാധാരണ പിരമിഡ് രൂപം  അല്ല നിര്‍മിക്കുന്നത് എന്നു  വ്യക്തമായതോടു കൂടി എതിര്‍പ്പ് കുറഞ്ഞു. ലൂവ്രേ കെട്ടിടത്തിന്റെ കാഴ്ചയ്ക്ക് ഒരു മങ്ങലും വരാതെ സ്ഫടികത്തിലാണ്  ഈ പിരമിഡിന്റെ മേല്‍കൂര. 1989ല്‍   ഇതിന്റെ പണി തീര്‍ന്നപ്പോള്‍ അതിന്റെ ഭംഗി കണ്ടപ്പോള്‍ എല്ലാവര്‍ക്കും സ്വീകാര്യമായി.
                                 ലൂവ്രേ  മ്യൂസിയം  രാത്രിയില്‍ 
ചുറ്റുപാടുമുള്ള കൊട്ടാരത്തിന്റെ വലിപ്പവുമായി താരതമ്യം ചെയ്യുമ്പോള്‍ പിരമിഡ്‌ അത്ര വലുതൊന്നും അല്ല, ഉയരം വെറും 22 മീറ്ററും ആധാരം  35 മീറ്ററും മാത്രമാണ്. ഇതിന്റെ രണ്ടു വശത്തും ആയി ചെറിയ മൂന്നു  പിരമിഡൂകള്‍ കൂടി ഉണ്ട്, മുമ്പില്‍ പ്രതിഫലനം സൃഷ്ടിക്കുന്ന ഒരു  കുളവും നിര്‍മിച്ചിരിക്കുന്നു.  പിരമിഡ്‌ പരമാവധി സുതാര്യം ആക്കാന്‍ ശ്രമിച്ചിരുന്നു, ഡയമണ്ട് ആകൃതിയിലുള്ള 675 ഉം  , ത്രികോണാകൃതിയില്‍ ഉള്ള 118  ഉം സ്ഫടിക പാനലുകള്‍ പ്രത്യേകം നിര്‍മിച്ചു ഇതിനു വേണ്ടി. 128 ഉരുക്ക് തുലാമുകളും ഇവയെ കൂട്ടി ഘടിപ്പിക്കുന്ന  16 ഉരുക്ക് കമ്പികളും പ്രത്യേക രീതിയില്‍ നിര്മിച്ചാണ് ഇത് സാധിച്ചത്. കപ്പല്‍ നിര്‍മാണത്തില്‍ ഉപയോഗിക്കുന്ന സാംകേതിക രീതികള്‍ പലതും ഇതില്‍ ഉപയോഗിച്ചിരുന്നു.  
                            ലൂവ്രേ  മ്യൂസിയം  പകല്‍ സമയം 

1993ല്‍ ഭൂമിക്കടിയിലുള്ള ഭാഗം വികസിപ്പിച്ചു ഒരു ആധുനിക ഷോപ്പിംഗ്‌ മാളും വിശാലമായ  റെസ്റ്റൊറന്റും ഉണ്ടാക്കി. വലിയ പിരമിഡിനു  പൂരകമായ മറ്റൊരു തല തിരിഞ്ഞ (inverted ) പിരമിഡും ഉണ്ടാക്കി. ഇതിന്റെ രൂപകല്‍പന അമേരിക്കന്‍ പേ കോബ് ഫ്രീഡ് എന്ന കമ്പനിയാണ് ചെയ്തത്.    പേയുടെ പിരമിഡിന്റെ ചെറിയ ഒരു മാതൃക കല്ലില്‍ ഉണ്ടാക്കിയ മറ്റൊരു  ചെറിയ പിരമിഡിന്റെടെ തൊട്ടു  മുകളില്‍ വരത്തക്ക വിധം മുകളില്‍  നിന്ന് തൂക്കി  ഇട്ടിരിക്കുകയാണ്.  
              ലൂവ്രേ മ്യൂസിയം  - തല തിരിഞ്ഞ  പിരമിഡ് 

 References (including a few images) :       http://www.louvre.fr/en/history-louvre


Comments

നല്ല പോസ്റ്റ്,
നല്ല അറിവ്

Popular posts from this blog

നായന്മാരുടെ കഥ – 7 കേരളത്തിലെ നായന്മാരിലെ വിഭാഗങ്ങള്‍

കീചക വധം കഥകളി

നളചരിതം മൂന്നാം ദിവസം കഥകളി